Sunday, February 28, 2010

മുഖാമുഖം | Face to Face



ഇത് മറ്റൊരു ലൈറ്റ് പെയിന്റിംഗ് പരീക്ഷണം. പൊട്ടക്കണ്ണന്റെ മാവേട്ടേറു പോലെ ഒത്താല്‍ ഒത്തു എന്ന് നടത്തിയ ഒന്നാണ്. അല്ലാതെ എനിക്കിതേ പറ്റി ഒരു വിവരവും ഇല്ല കേട്ടോ.

ഇതെങ്ങനെ ഒപ്പിച്ചു:

കുറെ നാളായി ഒരു LED ലൈറ്റ്(ഒറ്റ LED ഉള്ളത്) അന്വേഷിച്ചു നടക്കുന്നു. ഒരാവശ്യവും ഇല്ലാത്ത കാലത്ത് വഴിയരികിലും ട്രാഫിക് ബ്ലോക്കുകളിലും ഒക്കെ വഴിവാണിഭക്കാര്‍ കീ ചെയിനിലും മറ്റുമായി ഇത് കൊണ്ട് എന്റെ മുന്‍പില്‍ കൂടി നടന്നു പോകുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഒരാവശ്യത്തിന് അന്വേഷിച്ചപ്പോള്‍ ഇത് ലോകത്ത് നിന്നേ അപ്രത്യക്ഷമായിരിക്കുന്നു. കുറെ വഴികളിലും മാര്‍കേറ്റ്കളിലും ഒക്കെ അന്വേഷിച്ചു. രക്ഷയില്ല. ആള് പോകേണ്ട ദേശങ്ങളില്‍ ആളുകളെയും ഓല പോകേണ്ട ദേശങ്ങളില്‍ ഓലയും അയച്ചു. നഹി നഹി. എന്നാല്‍ പിന്നെ ഒരു circuit assemble ചെയ്തു നമുക്ക് തന്നെ ഒന്നുണ്ടാക്കി കളയാം എന്ന് വിചാരിച്ചിരിക്കുംപോളാണ് സുന്ദര്‍ വിളിച്ചു പറഞ്ഞത്.. ദോ... അവിടെയുണ്ടെന്ന്. അണ്ടര്‍ ഗ്രൌണ്ടിലെ സബ് വേയിലെ വഴിവാണിഭക്കാരുടെ കയ്യില്‍. അവിടെ ചെന്നപ്പോളാണ് രസം, ആടും ഇല്ല ആടു കിടന്നെടത്തു പൂട പോലും ഇല്ല. ഏതോ MLA പുംഗവന്‍ ആ വഴി പോകുന്നത് കൊണ്ട്, എല്ലാവരെയും ഓടിച്ചു വിട്ടു കുറെ പോലീസുകാര്‍ നില്‍പ്പുണ്ട്. നമ്മുടെ നാട്ടില്‍ വഴിവാണിഭാകാരെ ഇല്ലല്ലോ MLA വന്നു നോക്കുമ്പോള്‍. നമ്മുടെ നാട്ടുകാര്‍ എല്ലാം പ്രബുദ്ധരും കൊടീശ്വരന്മാരും ആയിപ്പോയില്ലേ . ഈ നാറിയ പോലീസുകാര്‍ ഈ പാവങ്ങളുടെ കീശയില്‍ കയ്യിട്ടു, പിച്ച കാശ് പിടിച്ചു പറിച്ചു കൊണ്ട് പോകുന്നത് ആ പാവങ്ങളും ഞാനും പലവട്ടം കണ്ടിട്ടുണ്ട്. സകല പോലീസുകാരെയും രാഷ്ടീയക്കാരെയും മനസ്സാ തെറി വിളിച്ചു കൊണ്ട് നടക്കുമ്പോള്‍ ഒരു ഇട വഴിയില്‍ ഒരു നുറുങ്ങു വെട്ടം. ദൈവം, ചപ്ര തലമുടിയും, മുഷിഞ്ഞ വസ്ത്രങ്ങളും ഉള്ളൊരു കൊച്ചു മാലാഖയുടെ കയ്യില്‍ അത് കൊടുത്ത് വിട്ടിരിക്കുന്നു. അവനതു പോക്കറ്റിലും കയ്യിലും ഒക്കെ പിടിച്ചു പോലീസിനെ ഭയന്ന് ഒളിച്ചു നില്‍ക്കയാണ്‌. വാച്ച് പോലെ കയ്യില്‍ കെട്ടാവുന്ന രണ്ടു നിറങ്ങളില്‍ മിന്നുന്ന LED ലൈറ്റ്. ഞാന്‍ അവനെ നോക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ അവന്‍ പ്രതീക്ഷയോടെ ഓടി എന്റെ അരികത്തു വന്നു. "ബച്ചോം കോ കേല്നെ കേലിയെ ബഹുത് അച്ഛാ ഹേ ഭയ്യാ" എന്നും പറഞ്ഞ്. രണ്ടെണ്ണം ഞാന്‍ വാങ്ങാന്‍ കയ്യില്‍ എടുത്തു. അപ്പോള്‍ ഒരു മധ്യവയസ്കന്‍ കച്ചവടക്കാരന്‍ വന്നിരിക്കുന്നു. അയാള്‍ക്കും ഇതേ ബിസിനസ്‌ ആണ്. അത് അയാളുടെ സ്ഥലം ആണത്രേ. അവനെ അയാള്‍ ചീത്ത വിളിക്കുകയാണ്‌. ഞാനാ കൊച്ചനെയും കൂട്ടി അപ്പുറത്തേയ്ക്ക് പോയി അവന്‍ ചോദിച്ച കാശിനു അത് വാങ്ങി. അവനോടു വല്ലപ്പോളുമാവും വില പേശാതെ ഒരാള്‍ സാധനം വാങ്ങുന്നത്. ഇതേ സാധനം വല്ല ഷോപ്പിംഗ്‌ മാളിലും ആണെങ്കില്‍ അതില്‍ എഴുതി വച്ച വില പഞ്ച പുച്ചമടക്കി credit card ല്‍ കൊടുത്ത് നമ്മള്‍ വാങ്ങും. അര്‍ദ്ധ പട്ടിണിക്കാരനായ വഴിവക്കിലെ കുരുന്നുകളോട് നമ്മള്‍ ഒരു രൂപയ്ക്ക് വില പേശും. നമ്മുടെ ഓരോരോ കാര്യങ്ങളെ. എന്തായാലും സാധനം കിട്ടി. ഇനി പരീക്ഷണ ശാലയിലെയ്ക്ക്.

ഞാനിതില്‍ ഒന്നെടുത്ത് ഒരു നൂലില്‍ കെട്ടി ഫാനില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ടു. LED താഴെയ്കായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ട് ക്യാമറ ഒരു മൂലയില്‍ കൊണ്ട് പോയി manul ഫോക്കസ് f/8 ചെയ്തു വച്ചു. പരീക്ഷണ ശാലയില്‍ ഞാന്‍ ഒറ്റയ്കായത് കൊണ്ടും, ക്യാമറ ഒരിടത്തും ഫാനിന്റെ സ്വിച്ച് മറ്റൊരിടത്തും ആയതു കൊണ്ട് പതിവ് Bulb mode നു പകരം Aperture priority mode ല്‍ ആണ് സെറ്റ് ചെയ്തത്. LED ഓണ്‍ ആക്കി, ലൈറ്റ് ഓഫാക്കി ഓടിപ്പോയി ക്യാമറ ഓണ്‍ ചെയ്തു. തിരിച്ചു ഓടി വന്നു ഫാന്‍ തീരെ ചെറിയ സ്പീഡില്‍ ഓണ്‍ ആക്കി. LED ലൈറ്റ് കറങ്ങി കറങ്ങി വൃത്തം വരച്ചു കൊളളും. വൃത്തം പൂര്‍ത്തിയാകുംപോള്‍ ഫാന്‍ ഓഫാക്കുക. അപ്പോള്‍ വൃത്തം തിരിച്ചു വരയ്ക്കപ്പെടുന്നു. LED രണ്ടു നിറങ്ങളില്‍ മിന്നുന്നത് കൊണ്ടാണ് ഇടവിട്ട്‌ രണ്ടു കളറുകള്‍ വരയ്ക്കപ്പെടുന്നത്. അങ്ങിനെ ഒരു 25 ഓളം സ്നാപ്സ്‌ ഞാന്‍ എടുത്തു. RAW picture ആണ് ഉപയോഗിച്ചത്. പിന്നെ പോസ്റ്റ്‌ പ്രോസിസ്സിങ്ങില്‍ brightness, contrast എന്നിവ കുറച്ചു അഡ്ജസ്റ്റ് ചെയ്തു. ഫോട്ടോയ്ക്ക് ഒരു ബാലന്‍സിംഗ് കിട്ടാനായി anti clockwise 90 degree rotate chethu, oru mirror copy കൂടി ഉണ്ടാക്കി. പിന്നെ resizing, water mark തുടങ്ങിയ പതിവ് കിടുപിടികളും. Thats all your owner.

പരീക്ഷിക്കാന്‍ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:
മുറിയില്‍ ഒരല്പം വെളിച്ചം ഉണ്ടായിരുന്നാല്‍ കൊള്ളാം. അല്ലെങ്കില്‍ ഓട്ടത്തിനിടയില്‍ മൂക്കും കുത്തി വീഴാന്‍ സാധ്യതയുണ്ട്. ക്ഷ, ത്ര, ജ്ഞ ഒക്കെ വരയ്ക്കുന്ന മൂക്കായത് കൊണ്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ക്യാമറയുടെ കാര്യം അങ്ങനെ ആവണം എന്നില്ല. ഇപ്പോളാണ് ഈ ക്യാമറ റിമോട്ടിന്റെ ആവശ്യം മനസ്സിലാകുന്നത്‌. ഇനി അതിനു കാശ് മുടക്കണം. ചെലവു വരുന്ന ഓരോരോ വഴികളെ?

സമര്‍പ്പണം: LED ലൈറ്റ് കിട്ടുന്ന "രഹസ്യ കേന്ദ്രം" കണ്ടെത്തി അറിയിച്ച സുന്ദറിനു. ഒപ്പം ഇപ്പോളും എന്റെ കണ്ണില്‍ നിന്നും മായാത്ത, ദയനീയ മുഖമുള്ള ആ പാവം കുഞ്ഞുമാലാഖയ്ക്കും.
Share/Bookmark

4 comments:

  1. ചിത്രത്തേക്കാളേറെ വിവരണം ഇഷ്ട്ടായി
    പടം നന്നായിട്ടുണ്ട്.. :)

    ReplyDelete
  2. anwshanavum..., vasanam aa kandethalum...ellam nannayittundu....!!!

    vink

    ReplyDelete
  3. is it possible to cut the starting point ?... it will be nice..or u just want to show it as from light source?..
    can you try the other option?

    ReplyDelete
  4. ഞാനിത് ഇപ്പോഴാണു കണ്ടത്. വളരെ ഇഷ്ടമായി.

    ReplyDelete

LinkWithin

Related Posts with Thumbnails