Showing posts with label മലയാളം കഥ. Show all posts
Showing posts with label മലയാളം കഥ. Show all posts

Saturday, June 12, 2010

വഴികള്‍ നഷ്ടമാകുന്ന വഴികള്‍

രാത്രിയുടെ ഏതോ യാമത്തില്‍ മനസ്സ് സ്വപ്നങ്ങളുടെ തീരത്ത് കൂടി അലഞ്ഞു നടക്കുകയായിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തില്‍ വാതിലില്‍ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഞരങ്ങുന്ന കട്ടിലില്‍ ചെവിയോര്‍ത്തു കിടന്നു. ഇല്ല അനക്കം ഒന്നുമില്ല. ക്ലോക്കിന്റെ ശബ്ദം മാത്രം. പുറത്തെ ഇരുട്ടില്‍ എന്ത് അജ്ഞാത ശബ്ദം ആണാവോ എന്നെ ഉണര്‍ത്തിയത്? അങ്ങിനെ ഓര്‍ത്ത്‌ കിടന്നപ്പോള്‍ വീണ്ടും വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടു. ഞാന്‍ പതുക്കെ എഴുന്നേറ്റു. ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയതിന്റെ പരാതി പോലെ കട്ടില്‍ കിടന്നു ഞരങ്ങി. ഞാന്‍ വാതില്‍ തുറന്നു. വാതിക്കല്‍ ജൊസഫ്. ആ തണുപ്പിലും അയാള്‍ നിന്ന് വിയര്‍ത്തു. ആകാശത്തിലെ പോലെ ഭൂമിയിലും നക്ഷത്ത്രങ്ങള്‍ പിറക്കുന്ന കാലമായിരുന്നു അത്.

വീടിനു മുന്‍പിലെ പച്ച നക്ഷത്രത്തിന്റെ വെളിച്ചം വിയര്‍പ്പു ചാലുകള്‍ക്കൊപ്പം ജോസഫിന്റെ കഴുത്തില്‍ കൂടി താഴേയ്ക്ക് ഒലിച്ചിറങ്ങി. ആകെ തകര്‍ന്നു, നിരാശയുടെ നരകത്തില്‍ വീണു പോയവനെ പോലെ അയാള്‍ നിന്നു.
"നീയെന്താ ഈ പാതിരാത്രിയില്‍? "

ഒന്നുമേ മിണ്ടാതെ അയാള്‍ നിന്നു കരഞ്ഞു. അപ്പോളാണ് മഞ്ഞു പെയ്യുന്ന രാത്രിയിലാണ് അയാള്‍ നില്‍ക്കുന്നത് എന്നാ ബോധം എനിക്കുണ്ടായത്. ഞാന്‍ അയാളെയും കൂട്ടി അകത്തേയ്ക്ക് നടന്നു. കസേരയില്‍ ചാരിയിരുന്നു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ മുഖം പൊത്തി കരഞ്ഞു.
"എന്ത് പറ്റി? കരയാതെ കാര്യം പറ"

കണ്ണീരടക്കാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു അയാള്‍ പറഞ്ഞു:
"എന്റെ വീടും അങ്ങോട്ടുള്ള വഴിയും ഒന്നും കാണാനില്ല. ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ അന്വേഷിക്കുന്നതാണ്. അന്വേഷിക്കുന്നവ ഒഴികെ ബാക്കിയെല്ലാം അത് പോലുണ്ട്. പക്ഷെ അവിടുത്തെ ആളുകള്‍ എല്ലാം മാറിയിരിക്കുന്നു. രാവിലെ ഞാന്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരൊന്നും അവിടെയില്ല. ഇപ്പോള്‍ ഉള്ളവരെ ഒന്നും ഞാന്‍ അറിയില്ല. അവര്‍ക്ക് എന്നെയും. ഞാന്‍ വഴി ചോദിച്ചവര്‍ എല്ലാം ഒരു ഭ്രാന്തനെ പോലെ എന്നെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോയി. എനിക്ക് വയ്യ. "
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആകാതെ അയാള്‍ വിതുമ്പി.

എല്ലാം കേട്ട് ഞാന്‍ ചോദിച്ചു:
"ജൊസഫ്, നീ കുടിച്ചിട്ടുണ്ടോ? വഴിയോ വീടോ ആളുകളോ ഒന്നും കാണാതെ ആയതായിരിക്കില്ല. നീ അന്വേഷിച്ചത് മറ്റെവിടെയെങ്കിലും ആയിരിക്കും. എല്ലാം ആ പഴയ സ്ഥലത്ത് തന്നെ കാണും. വേറെ എവിടെങ്കിലും അന്വേഷിച്ചിട്ട് വെറുതെ... "
"നീയും എന്നെ വിശ്വസിക്കുന്നില്ലേ?" ആകെ തകര്‍ന്നു അയാള്‍ പറഞ്ഞു. "നീയും വാ നമുക്കിപ്പോള്‍ തന്നെ പോയി അന്വേഷിക്കാം അപ്പോള്‍ നിനക്ക് വിശ്വാസമാകും"

ഓരോരോ ശല്യങ്ങള്‍. അവന്റെ നിര്‍ബന്ധം സഹിക്കാതെ ഉടുപ്പെടുത്തിട്ടു മഞ്ഞു നിറഞ്ഞ തണുത്ത രാത്രിയിലൂടെ ഞാന്‍ അയാള്‍ക്കൊപ്പം ഇറങ്ങി നടന്നു. രണ്ടു പേരും ഒന്നും മിണ്ടിയില്ല.

വഴി വിളക്കുകളുടെ മഞ്ഞ വെളിച്ചത്തില്‍ ആരെയോ കാത്തെന്നെ പോലെ വഴികള്‍ അവസാനമില്ലാതെ കിടന്നു. വഴിക്കിരുപുറത്തെയും മരങ്ങളും കെട്ടിടങ്ങളും ഉറക്കം തൂങ്ങി നിന്നു. കെട്ടിടങ്ങള്‍ക്ക് മുന്നിലെ കൃത്രിമ നക്ഷത്രങ്ങള്‍ എന്തിന്റെയോ സ്മരണയും പേറി കാലത്തെ പോലെ കണ്മിഴിച്ചു നിന്നു.

എന്റെ മനസ്സ് അപ്പോള്‍ മറെതോ വഴിയിലൂടെ നടക്കുകയായിരുന്നു. ഞാനിങ്ങനെ ജീവിതം മുഴുക്കെ എന്തോ തിരഞ്ഞു നടക്കുയായിരുന്നു. ഇപ്പോഴിതാ കാണാതെ പോയി എന്ന് പറയപ്പെടുന്ന ഒരു വഴിയും വീടുമാന്വേഷിച്ചു ഈ രാത്രിയിലുംതെരച്ചില്‍ തുടരുന്നു. എല്ലാവരും അന്വേഷണങ്ങള്‍ താല്‍കാലികമായി നിര്‍ത്തി ഉറങ്ങുംപോളും പലരും നടന്ന ഇനിയും നടക്കാനുള്ള വഴികളിലൂടെ ഞാന്‍ എന്റെ അന്വേഷണം തുടരുന്നു. മനുഷ്യര്‍ മുഴുക്കെ ഒരു വലിയ യാത്രയിലാനെന്നെനിക്ക് തോന്നി. ഭൂരിപക്ഷവും ആരോ സൃഷ്ടിച്ച, പലരും നടന്നു ഉറച്ചു പോയ വഴികളിലൂടെ യാത്ര ചെയ്യുന്നു. എന്നാല്‍ ചിലര്‍ പുതിയ വഴികളുണ്ടാക്കി അവയിലൂടെ നടക്കുന്നു. അവരെയും പിന്തുടര്‍ന്ന് ആരൊക്കെയോ. വഴികളും കാലവും ഒരുപോലാണ്. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ. മനുഷ്യന്‍ ആദ്യമേ കണ്ടെത്തുന്നത് വഴികളാണ്. മനസ്സിന്റെ, ശരീരത്തിന്റെ, യുക്തിയുടെ അങ്ങിനെ പലതിന്റെയും വഴികള്‍. പിന്നെ ആ വഴികളിലൂടെ മുന്നോട്ടു പോകാനുള്ള പരാക്രമങ്ങള്‍. ലക്‌ഷ്യം അറിയാതെ എങ്ങോട്ടോ ഉള്ള യാത്രകള്‍. യാത്ര തുടരുമ്പോള്‍ കണ്മുന്നില്‍ വന്നു പെടുന്നവ എല്ലാം തടസ്സങ്ങളാണ്. ഒപ്പം നടക്കുന്നവരെ മുന്‍പേ പോയവരെ ഒന്നുമറിയാതെ ഓര്‍ക്കാന്‍ സമയമില്ലാതെ അലച്ചിലുകള്‍. വ്യക്തിയുടെ നിലനില്‍പ്പിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന സമൂഹങ്ങള്‍. താല്‍കാലിക ഒത്തു തീര്‍പ്പുകള്‍.

ചിന്തകള്‍ അങ്ങിനെ പിടിവിട്ടു പറക്കുമ്പോള്‍ ആണ് എന്നെ യാഥാര്ത്യത്തിലേക്ക് ഉണര്‍ത്തി ഒരു ലോറി ഇരുട്ടിനെയും നിശ്ശബ്ധതയെയും കീറിമുറിച്ചു കടന്നു പോയത്. നടക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഒപ്പം നടന്നിരുന്ന ജോസഫിനെ ഞാന്‍ തിരിഞ്ഞു നോക്കി. ഞെട്ടിപ്പോയി, അയാളെ കാണാനില്ല. എവിടെ വെച്ചാണ് അയാള്‍ എന്നെ പിരിഞ്ഞത്? അതോ അയാള്‍ കൂടെയുണ്ടായിരുന്നു എന്നത് ഒരു തോന്നല്‍ മാത്രം ആയിരുന്നുവോ? ഞാന്‍ വഴിയരികിലെ ഒരു വിലക്ക് കാലിന്‍ ചുവട്ടില്‍ നിന്നു.

എന്തിനായിരുന്നു മരം കോച്ചുന്ന ഈ തണുപ്പത്ത്, ഈ രാത്രിയില്‍ ഞാന്‍ ഇറങ്ങി നടന്നത്? ഇറങ്ങിയത്‌ ജോസഫിന്റെ ഒപ്പം ആയിരുന്നു. അല്ലെങ്കില്‍ അവനാണ് എന്നെ ഇറക്കിയത്. അവന്റെ കാണാതെ പോയ വീടും വഴിയും കണ്ടു പിടിക്കാന്‍. എന്നിട്ട് അയാളെ തന്നെയും കാണാതെ പോയിരിക്കുന്നു. അതോ എല്ലാമെന്റെ തോന്നലുകള്‍ മാത്രമോ?
എന്തായാലും ജോസഫിന്റെ വീടന്വേഷിച്ച്‌ പോകുക തന്നെ. നടന്നു നടന്നു അയാളുടെ വീടിലെയ്ക്കുള്ള വഴി അടുക്കാറായി. രണ്ടു വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു അത്. കെട്ടിടങ്ങള്‍ മരവിച്ചു നില്‍ക്കുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു. പക്ഷെ അവിടെ എത്തിയപ്പോളാണ് ഞാന്‍ കണ്ടത്, ആ വഴിയിലേയ്ക്കുള്ള തിരിവ് അവിടെയില്ല. ആ കെട്ടിടങ്ങള്‍ക്ക് തമ്മില്‍ ഇടയെയില്ല. ജോസഫിന്റെ വീട്ടിലേയ്ക്കുള്ള വഴിയും അതിനപ്പുറവും ഒന്നുമില്ല. ഞാന്‍ അന്വേഷിച്ചു വന്നവ ഒഴികെ ബാക്കിയെല്ലാം അങ്ങിനെ തന്നെയുണ്ട്. ഞാന്‍ ഞെട്ടി തരിച്ചു നിന്നു. അയാള്‍ പറഞ്ഞത് സത്യമാണ്. ചോദിക്കുവാന്‍ ആണെങ്കില്‍ ആരെയും കാണുവാനുമില്ല, കെട്ടിടങ്ങള്‍ ഉപേക്ഷിച്ച ചവറു കൂനകള്‍ക്കിടയില്‍ പരതുന്ന തെരുവ് നായകള്‍ ഒഴികെ.

ഒന്നിനുമാകാതെ തളര്‍ന്നു നിന്ന ഞാന്‍ എങ്ങു നിന്നോ സംഭരിച്ച ഊര്‍ജ്ജവുമായി തിരിച്ചു നടന്നു. വേഗത്തില്‍ നീട്ടി വെച്ച കാല്‍ വയ്പ്പുകളോടെ. ചുറ്റും ഉള്ളവയെ ഞാന്‍ അറിഞ്ഞില്ല. എന്റെ ഇന്ദ്രിയങ്ങള്‍ മരവിച്ചു പോയിരിക്കുന്നു. കാലുകള്‍ മാത്രം വേഗത്തില്‍ ചലിച്ചു. നടത്തം ഓട്ടമായി. ഒരു ഭ്രാന്തനെ പോലെ ഞാന്‍ ഓടി. നഷ്ട്ടപെട്ടതെന്തോ തിരിച്ചെടുക്കാന്‍ എന്ന പോലെ. വേഗം എത്തിയില്ലെങ്കില്‍ അത് എന്നേയ്ക്കുമായി നഷ്ടമാകും എന്ന പോലെ.

ഞാന്‍ വൈകിപ്പോയിരുന്നു. വഴിയില്‍ എങ്ങും ഞാന്‍ ജോസഫിനെ കണ്ടില്ല. ഓടിയോടെ ഞാന്‍ വീടിലെയ്ക്കുള്ള തിരിവില്‍ എത്തി. കുറച്ചു മുന്‍പ് ഞാന്‍ കടന്നു പോയ വഴി ശൂന്യതയില്‍ എന്ന പോലെ അപ്രത്യക്ഷം ആയിരിക്കുന്നു. അവിടെ നിറയെ കെട്ടിടങ്ങള്‍. വഴിയുമില്ല വീടുമില്ല. ഞാന്‍ തളര്‍ന്നു വഴിയരികില്‍ കുത്തിയിരുന്നു, ജോസഫിനെ ശപിച്ചു കൊണ്ട്. ഞാന്‍ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നു മറ്റൊരു സ്വപ്നത്തിലേയ്ക്കു നടക്കുകയായിരുന്നു.പക്ഷെ തിരിച്ചു വരാനാകാത്ത വിധം യാധാര്ത്യത്തില്‍ അലിഞ്ഞു സ്വപ്നം ഇല്ലാതെ ആയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ അവിടെ ഇരുന്നു ഞാന്‍ തളര്‍ന്നു ഉറങ്ങിപ്പോയി, ഉറങ്ങരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും.

വിളക്ക് കാലുകളിലെയും നക്ഷത്ര വിളക്കുകളിലെയും വെളിച്ചം അണഞ്ഞു. ഞാന്‍ ഞെട്ടിയുണര്‍ന്നു. വഴിയിലൂടെ ആളുകളും വാഹനങ്ങളും തങ്ങളുടെ ഭ്രാന്തന്‍ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു. അതിലെ നടന്നു വന്ന ഒരാളോട് ഞാന്‍ ഇന്നലെ രാത്രിയില്‍ അവിടെ ഉണ്ടായിരുന്ന ഒരു വഴിയും അതിലെ പോയാല്‍ എത്തുമായിരുന്ന എന്റെ വീടിനെയും കുറിച്ച് അന്വേഷിച്ചു. അയാള്‍ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട്‌ കടന്നു പോയി. ഞാന്‍ മുന്നില്‍ കണ്ടവരോടൊക്കെ ചോദ്യം ആവര്‍ത്തിച്ചു, ചിലര്‍ ചിരിച്ചു കൊണ്ടും പലരും എന്നെ സംശയത്തോടെ നോക്കിക്കൊണ്ടും കടന്നു പോയി. അവരില്‍ ഒരാള്‍ എന്നോട് ചോദിച്ചു:
"ആരാണ് ഹേ നിങ്ങള്‍? നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ?"

ഞാന്‍ ഞെട്ടി തരിച്ചു ഒന്നും മിണ്ടാന്‍ ആകാതെ നിന്നു. അയാളും കടന്നു പോയി. പലതരം ഐഡന്റിറ്റികള്‍ ഉണ്ടായിരുന്ന അവയില്‍ ചിലതിനെ ഊട്ടിയുറപ്പിക്കാനും മറ്റു ചിലതിനെ ഒഴിവാക്കാനും കഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ ആരാണ്? എനിക്ക് പുതിയൊരു ഐഡന്റിറ്റി ലഭിക്കാന്‍ പോകുന്നു. ഒരര്‍ത്ഥത്തില്‍ അത് കിട്ടി കഴിഞ്ഞിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ അവശേഷിക്കുക അത് മാത്രമാകാന്‍ പോകുന്നു. അതൊഴിവാക്കാന്‍ മറ്റെല്ലാം മറന്നു ഒരാളോടും ഒന്നും മിണ്ടാതെ, ഒരു ലക്ഷ്യവും ഇല്ലാതെ മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
Share/Bookmark

Saturday, February 27, 2010

രഹസ്യ കത്തുകളിലെയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം


സ്നേഹം നിറഞ്ഞ ചില രഹസ്യ കത്തുകള്‍ ഇങ്ങനെ തുടങ്ങുന്നു...


ആദ്യമായി എന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് വരുന്നതിനു നന്ദി. പലവട്ടം പറഞ്ഞു കഴിഞ്ഞതാണീ കാര്യങ്ങള്‍. എന്നിട്ടും പുതിയ രീതികളില്‍ നീയിതു പറഞ്ഞു കൊണ്ടേയിരിക്കുന്നു. നല്ലത്. ഒരു വേദനാ ജനകമായ ജീവിതമാണ് നീ എന്റെകൂടെ നയിക്കുന്നത് എന്ന് നീ പറയുന്നു. എപ്പോഴെങ്കിലും ഞാന്‍ എങ്ങിനെയാണ് നിന്റെ കൂടെ ജീവിക്കുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? നേര് പറയട്ടെ, ഞാന്‍ നിന്റെ കൂടെയുള്ള ജീവിതത്തില്‍ ഒട്ടും സന്തുഷ്ടനല്ല. ഒരുപാട് കാരണങ്ങള്‍ ഉണ്ടതിന്.

നമുക്ക് അതിലേയ്ക്ക് വരാം.

1 ) അടിസ്ഥാന പരമായി നീ ഹോസ്ടലില്‍ ആയിരുന്നതിനാല്‍പാചകം ചെയ്യേണ്ട യാതൊരു ആവശ്യവും നിനക്കുണ്ടായിട്ടില്ല. കൈ കഴുകിയിരുന്നാല്‍ മുന്‍പില്‍ ഭക്ഷണം. അതായിരുന്നു നിന്റെ ശീലം. കുറെ ദിവസത്തേയ്ക്ക് ഞാന്‍ ചിലതൊക്കെ ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, നമ്മള്‍ 'ലക്ഷ്മീ നാരായണ' എന്നാ ഈ വീട്ടിലേയ്ക്ക് മാറിക്കഴിയുമ്പോള്‍ രുചികരമായ നല്ല ഭക്ഷണം നമുക്ക് കഴിക്കാനായെക്കുമെന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നു നീ എനിക്ക് വേണ്ടി പാചകം ചെയ്യുമെന്ന്. നീ എന്നോട് പലവട്ടം പറഞ്ഞിരുന്നു, പുതിയ വീട്ടിലേയ്ക്ക് മാറിയാല്‍ നീ പാചകം ഏറ്റെടുത്തോളാമെന്നു . സമ്മതിച്ചു. ഇനി പറയൂ, പുതിയ വീട്ടില്‍ നീ എനിക്ക് വേണ്ടി എത്ര ദിവസം പാചകം ചെയ്തു?

ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയില്‍ നിന്നും നല്ല ഭക്ഷണം പ്രതീക്ഷിക്കുന്നത് ഒരു കുറ്റമാണോ? നിനക്കറിയാമല്ലോ ഞാനൊരു ഭക്ഷണ പ്രിയനാണെന്ന്. അപ്പോള്‍ എന്റെ ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ അത് സന്തോഷകരമായി സ്വീകരിക്കും? പോട്ടെ, ഇപ്പോള്‍ സമയത്തിനു കുറച്ചു കാലത്തേയ്ക്ക് ഞാന്‍ നിന്നെ പാചകത്തില്‍ സഹായിക്കാം. പക്ഷെ എത്രകാലം? പറയൂ. ഞാനീ പാചകം ഏറ്റെടുത്താല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ അടുക്കളയില്‍ കിടക്കേണ്ടി വരും. നീയാ ഭാഗത്തേയ്ക്ക് വരില്ല എന്നെനിക്കറിയാം.

നിന്റെ മനസ്സിലെ ഏതെങ്കിലും ഒരു കോണില്‍, എന്നാല്‍ പാചകം പഠിച്ചു കളയാം എന്നൊരു ചിന്തയുണ്ടോ? എനിക്ക് പ്രതീക്ഷയില്ല.

2 ) നിനക്കറിയാമോ മുരളി എന്നോട് പല തവണ ഒരു കട്ടില്‍ വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കൊരു അയ്യായിരമോ പതിനായിരമോ അതിനു വേണ്ടി ചെലവു ചെയ്യാന്‍ കഴിയില്ല എന്നാണോ വിചാരിച്ചത്? അതല്ല കാരണം. ആദ്യ രാത്രിയില്‍ തരാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട ആ കട്ടില്‍ വരുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. എന്നിട്ടാ കട്ടില്‍ എവിടെ? ഇന്നും ഞാന്‍ പട്ടിയെ പോലെ നിലത്തു കിടക്കുന്നു. ഇനി പറയൂ ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ എത്ര കാലം കാത്തിരിക്കണം?

3) നിനക്കറിയാം എത്രമാത്രം കഷ്ട്ടപ്പെട്ടു എന്തുമാത്രം സ്നേഹത്തോടെയാണ് നിനക്കൊരു മോതിരം ഞാന്‍ വാങ്ങിയതെന്ന്. കളയാന വീട്ടില്‍ ഞാനും എന്റെ വീട്ടുകാരും ഓടിനടന്നു കഷ്ട്ടപ്പെടുമ്പോള്‍ നീയും നിന്റെ വീട്ടുകാരും പുറത്തു കസേരയും എടുത്തിട്ടു വേദി പറഞ്ഞു രസിക്കയായിരുന്നു. പോട്ടെ, ഞാന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമല്ലേ നിങ്ങള്‍ എനിക്ക് പതിനഞ്ചു ലക്ഷം രൂപ തന്നത്. അല്ലെങ്കില്‍ പത്തോ അഞ്ചോ നക്കാപിച്ച കൊണ്ട് നിങ്ങള്‍ അത് ഒതുക്കിയേനെ. നിന്റെ അച്ഛനോ അമ്മയോ ഇന്നുവരെ എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ?

4 ) ഒക്കെ പോട്ടെ, അതെല്ലാം വിട്ടേക്കു. നീയെന്റെ ഭാര്യയല്ലേ? എനിക്ക് സെക്സ് ഒരുപാടിഷ്ടമാനെന്നു നിനക്കറിയാം എന്ന് വിചാരിക്കുന്നു. ആദ്യരാത്രി മുതല്‍ ഇന്ന് വരെ ഒരിക്കലെങ്കിലും നമുക്ക് മതിയാവോളം അതൊന്നു ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നീയെന്നോടിത് തിരിച്ചു ചോദിച്ചാല്‍... എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി പറയൂ ഞാന്‍ എന്തൊക്കെ സഹിക്കണം?

5 ) നീയെപ്പോലും പറയുന്നുനിനക്കെന്നെ ഒരുപാടിഷ്ടമാണെന്നു. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്ന്. നീ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ ഇഷ്ടമുള്ളത് നിനക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ സ്നേഹം കൊണ്ട് എന്ത് കാര്യം?

ഇനി ഞാന്‍ തുറന്നു പറയാം.
1) നീയെന്റെ കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കണം.
2) എല്ലാ ദിവസവും എല്ലാ നേരത്തെയും ഭക്ഷണം നീയെനിക്ക് വെച്ച് വിളംബി തരണം.
3) എന്റെ വസ്ത്രങ്ങള്‍ നീ അലക്കി തേച്ചു തരണം.
4) എന്നോടോ എന്റെ മാതാപിതാക്കളോടോ നീ വഴക്കുണ്ടാക്കരുത്.(നീയവരോട് കുറച്ചു കൂടി സൌമ്യമായി സംസാരിക്കണം. )

നിനക്ക് ഞാന്‍ നിന്റെ മാതാപിതാക്കളെ ശ്രദ്ധിക്കണം അല്ലെ? തീര്‍ച്ചയായും ഞാന്‍ ചെയ്യാം. പക്ഷെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നീ ചെയ്‌താല്‍ മാത്രം.അല്ലെങ്കില്‍ നിന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു ഒന്നും പ്രതീക്ഷിക്കരുത്. (ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ തന്നെ. ) എനിക്ക് നിന്നോട് സംസാരികാനെ തോന്നുന്നില്ല. ഇന്ന് രാവിലെ അമ്മ എന്നോട് ചോധിച്ചതെയുല്ല് നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. തീരുമാനം നിനക്ക് ഞാന്‍ വിഇടു തന്നിരിക്കുന്നു. എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാം എങ്കില്‍ എല്ലാം നല്ലതിന്. അല്ലെങ്കില്‍ എനിക്ക് നിന്റെ മുഖം പോലും കാണേണ്ട. (കാരണം എന്റെ ഭാര്യ എന്നെ അനുസരിക്കുന്നില്ല.)

ഇനിയും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. മുകളില്‍ പറഞ്ഞവ അനുസരിക്കാം എങ്കില്‍ നമുക്ക് മുന്‍പോട്ടു പോകാം. അല്ലെങ്കില്‍ നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാം.

സ്നേഹപൂര്‍വമുള്ള ചില രഹസ്യ മറുപടികള്‍ ഇങ്ങനെ തുടരുന്നു.

ഞാന്‍ നിങ്ങളോട് ഒരു മറുപടി ആവശ്യപ്പെട്ടോ? ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. നിങ്ങള്‍ ഒരായിരം തവണയായി പറയുന്നു ഞാന്‍ പാചകം ചെയ്യുന്നില്ല എന്ന്. അതെ. ഞാന്‍ ഇങ്ങനെയാണ്. അത്രതന്നെ. ശനിയാഴ്ചത്തെ ഉദാഹരണം എടുക്കൂ. ഞാന്‍ അടുക്കളയിലേയ്ക്ക് വന്നതാണ്. അപ്പോള്‍ നിങ്ങളാണ് ഇങ്ങോട്ട് കേറിപ്പോയെക്കരുത് എന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങള്‍ തന്നെ പറയുന്നു ഞാന്‍ അടുക്കളയില്‍ കയറുന്നില്ല എന്ന്. എന്തെങ്കിലും ചെയ്യാം എന്ന് കരുതി വരുംപോള്‍ നിങ്ങളെന്നെ തല്ലാന്‍ വരുന്നു. നിങ്ങള്‍ എന്താണ് നിങ്ങളെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്?

അടുത്തത്‌ കട്ടില്‍. അവര്‍ നിങ്ങളുടെ അച്ഛനോട് ചോദിച്ചതാണ്, കട്ടില്‍ അശാരിയെക്കൊണ്ട് പണിയിക്കണോ അതോ വാങ്ങിയാല്‍ മതിയോ എന്ന്. അപ്പോള്‍ നിങ്ങളുടെ അച്ഛനാണ് പറഞ്ഞത് ഇതൊക്കെ എന്തിനാണ് കെട്ടിപ്പെറുക്കി കൊണ്ട് പോകുന്നത്, അത് അവര്‍ അവിടെ നിന്നും വാങ്ങിചോളുമെന്നു. ഇത് വരെ എന്നോടീ കാര്യം സംസാരിച്ചിട്ടില്ല. എന്നിട്ട് നിങ്ങള്‍ നാട് നീളെ എന്റെ വീട്ടുകാര്‍ കട്ടില്‍ തന്നില്ല എന്ന് പറഞ്ഞു നടക്കുന്നു. നിങ്ങള്ക്ക് കട്ടിലല്ലേ വേണ്ടത്. ഞാനത് വാങ്ങിച്ചിട്ടോളാം. എന്റെ വീട്ടുകാര്‍ കാരണം നിങ്ങള്‍ പട്ടിയെ പോലെ ആകേണ്ട.

ഇനി പണത്തിന്റെ കാര്യം. നിങ്ങള്‍ പറഞ്ഞു വരുന്നത് ഞാനും എന്റെ ഒന്ന് തന്നില്ല എന്നോ തന്നത് പോര എന്നോ അല്ലെ? നിങ്ങള്‍ക്കറിയാമോ പുതിയ വീടിന്റെ അഡ്വാന്‍സും വാടകയും അടക്കം പതിനഞ്ചു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ ഞാനും എന്റെ വീട്ടുകാരും നിങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പണിയില്ലാതെ എന്റെ പുറകെ നടന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് തന്നതും ചെയ്തതുമൊന്നും ഇതില്‍ പെടുന്നില്ല. നമുക്ക് ഒന്നിച്ചു ജീവിക്കണം എന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാനിതോക്കെയും സഹിച്ചത്. നിങ്ങള്‍ പണിയില്ലാതെ ഇവിടെ ആദ്യമായി വന്നപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടകയും ചെലവും, എന്തിനു വണ്ടിക്കൂലി പോലും എന്റെ വക ആയിരുന്നു. നിങ്ങള്‍ക്ക് ജോലി കിട്ടിയതിന്റെ പേരില്‍ നിങ്ങള്‍ പുന്നാര സുഹൃത്ത് മുരളിക്കും പിന്നെ മറ്റുള്ളവര്‍ക്കും പാര്‍ട്ടി എന്ന പേരില്‍ കുടിച്ചു കൂത്താടാന്‍ ആയിരങ്ങള്‍ തന്നതും ഞാനായിരുന്നു. നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മ കാണില്ല. പോയത് എന്റെ പണമായിരുന്നല്ലോ. എനിക്കൊന്നും ചെയ്യാനാവില്ല.

എനിക്കും നിങ്ങള്‍ക്കുമാരിയാം, എന്റെ അച്ചനാല്‍ കഴിയുന്നതിനും അപ്പുറം അദ്ദേഹം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് അതൊന്നും അറിയേണ്ടല്ലോ. നിങ്ങള്‍ ചോദിച്ച മുഴുവന്‍ തുകയും ഞങ്ങള്‍ തന്നിട്ടുണ്ട്. അതിനു ഞങ്ങള്‍ സഹിച്ച കഷ്ട്ടപാടുകള്‍ നിങ്ങള്‍ക്ക് അറിയേണ്ട. ഈ പരാതി പറച്ചില്‍ മാത്രം നിര്‍ത്തരുത്.

ഇനി നാലാമത്തെ പോയിന്റ്‌. നിങ്ങളുമായി അക്കാര്യത്തില്‍ എനിക്ക് താല്പര്യമില്ല. നിങ്ങളുടെ പെരുമാറ്റം അങ്ങിനെയാണ്.

ഇനി അവസാനത്തെ പോയിന്റ്‌. നിങ്ങള്‍ പറയുന്നു, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നു, പക്ഷെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഒന്നുമേ ചെയ്യുന്നില്ല എന്ന്. ഒരു കൈ മാത്രം വീശിയാല്‍ ശബ്ധമുണ്ടാവില്ല. രണ്ടു കൈകളും കൂട്ടി മുട്ടണം. മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്ക് എപ്പോളും മറ്റുള്ളവര്‍ പറയുന്നതും നിങ്ങളുടെ പുന്നാര സുഹൃത്തുക്കളും ഒക്കെയാണ് കാര്യം. ഞാനും എന്റെ വികാരങ്ങളും ഒന്നും നിങ്ങള്‍ക്ക് കാര്യമല്ല. അതാണ്‌ ഞാന്‍ ഒക്കെയും മതിയാക്കുന്നത്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

1) അവസാനത്തെ പോയിന്റ്‌ തന്നെ.

2) ഇതിനു ഞാന്‍ മറുപടി പരില്ല. കഴിഞ്ഞ ശനിയാഴ്ച നിങ്ങള്‍ എന്നെ വല്ലാതെ നോവിച്ചു.

3) തുണിയെക്കുറിച്ച്, നിങ്ങളോട് പല തവണ ഞാന്‍ പറഞ്ഞതാണ് ലോണ്ട്രിയില്‍ കൊടുത്ത് പണം കളയെണ്ടെന്നു. പുതിയ വീട്ടില്‍ വന്ന ശേഷം എന്നാല്‍ കഴിയുന്നത്ര തുണികള്‍ ഞാന്‍ തേച്ചു വയ്ക്കാറുണ്ട്. നിങ്ങള്‍ക്കറിയാം ഞാന്‍ ഒരു ദിവസം വയ്യാണ്ട് ലീവ് എടുത്തിരുന്നു. എന്നിട്ടും ഉച്ച കഴിഞ്ഞു ഉറക്കം വരാത്തതിനാല്‍ സമയം കളയാതെ നിങ്ങളുടെ തുണികള്‍ ഞാന്‍ തേച്ചു വച്ച്. എന്നിട്ട് കഴിഞ്ഞൊരു ദിവസം തീരെ സമയം ഇല്ലാഞ്ഞു എന്റൊരു ഡ്രസ്സ്‌ തേച്ചു തരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒന്നുമേ കേള്‍ക്കാത്തത് പോലെ ഇരുന്നു. ഞാന്‍ ആരോട് പറയണം? അതുകൊണ്ടാണ് ഞാനും അങ്ങിനെ തന്നെ പെരുമാറാന്‍ തീരുമാനിച്ചത്. മുകളില്‍ പറഞ്ഞ കൈകൊട്ടലിന്റെ ഉദാഹരണം ഇവിടെയും ബാധകം.

4) വഴക്ക്? ഞാന്‍ നിങ്ങളോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, ആ തിരു മോന്ത എപ്പോളും അങ്ങിനെ വീര്‍പ്പിച്ചു വചോണ്ടിരിക്കരുതെന്നു. അത് കണ്ടാല്‍ ആര്‍ക്കാണ് നിങ്ങളോട് സംസാരിക്കാന്‍ തോന്നുക? നിങ്ങളുടെ അച്ഛനും അമ്മയുമായുള്ള വഴക്ക്...അതിനുള്ള കാരണവും അവകാശവും എനിക്കുണ്ട് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

5) ഉറക്കത്തെക്കുറിച്, എന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ദയവു ചെയ്തു മറുപടി അയക്കരുത്. എനിക്കൊന്നും ചര്‍ച്ച ചെയ്യാനില്ല. എനിക്ക് ഓഫീസില്‍ പിടിപ്പതു പണിയുണ്ട്.


ഗുണപാഠം:

1) ഓഫീസില്‍ പോയാല്‍ മര്യാദയ്ക്കിരുന്നു ജോലി ചെയ്യുക.
2) സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓഫിസിലെ മെയില്‍ ഐഡി ഉപയോഗിക്കാതിരിക്കുക.
3) ഓഫീസില്‍ നിന്നും സ്ഥലം/ജോലി വിട്ടു പോകുംബോള്‍, ഓഫീസ് ഐഡിയിലെ inbox, sent items എന്നിവ ഡിലീറ്റ് ചെയ്തിട്ട് പോകുക.അല്ലെങ്കില്‍ വല്ലവനും കേറി എല്ലാം വായിച്ചു കഥ എഴുതിക്കളയും.
Share/Bookmark

Tuesday, February 9, 2010

മോക്ഷവാതില്‍

ആശുപത്രി വരാന്തയിലെ പ്ലാസ്റ്റിക് കസേരയില്‍ ചാരിയിരുന്നു അവള്‍ എതിര്‍ വശത്തെ ഭിത്തിയിലേയ്ക്ക്‌ നോക്കി. വലിയ ശിരസ്സും ചെറിയ ഉടലും വയറ്റില്‍ നിന്നും തൂങ്ങുന്ന പൊക്കിള്‍ കോടികളുമായി നൂറ്റുക്കണക്കിന് ഭ്രൂണങ്ങള്‍ ബക്കറ്റില്‍ നിന്നും നിറഞ്ഞു കവിഞ്ഞു തലകുത്തി താഴെ കിടക്കുന്ന ചിത്രം. അടിക്കുറിപ്പ് അവള്‍ കൂട്ടി വായിച്ചു:"ഭ്രൂണഹത്യ മഹാ പാതകം" അത് വായിച്ചപ്പോള്‍ അവള്‍ വിതുംപി. ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയാതെ. ഏതൊക്കെയോ മാതാപിതാക്കളുടെ മക്കള്‍ ഒന്നിച്ചു കിടക്കുന്നു. ജനിക്കും മുന്‍പേ ശവങ്ങളായി. തങ്ങളുടെ മതമോ വര്‍ഗമോ വര്‍ണമോ അറിയാതെ. നൈമിഷിക സുഖങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഒരായിരം ശവങ്ങള്‍. തന്റെ കുഞ്ഞും ഇതുപോലൊരു ബക്കറ്റില്‍ അകത്തു കിടക്കുന്നു. പക്ഷെ അതോര്‍ത്തപ്പോള്‍ അവള്‍ക്കു ആനന്ദമാണ് തോന്നിയത്. ക്രൂരമായ ആനന്ദം. ഒരു ജീവനെയെങ്കിലും രക്ഷിക്കാനായല്ലോ. വരാനിരിക്കുന്ന മഹാ പീഡനങ്ങളില്‍ നിന്നും. എന്തുകൊണ്ട് അവളിങ്ങനെ ചിന്തിച്ചു എന്നോര്‍ത്ത് നിങ്ങള്ക്ക് ദേഷ്യം വരുന്നുണ്ടാകാം. പക്ഷെ അവളെപ്പോലുള്ളവരുടെ കഥകള്‍ എന്നും വ്യത്യസ്തമായിരുന്നു.

ഭ്രൂണഹത്യയുടെ മഹാപാപത്തില്‍ നിന്നും രക്ഷനേടാന്‍ അവളുടെ അമ്മ പത്തു മാസം ഗര്‍ഭത്തില്‍ അവള്‍ക്കു അഭയം നല്‍കി. കാലം അന്നേ അവളുടെ ഗതി നിര്‍ണ്ണയിച്ചിരിക്കണം . അതറിഞ്ഞിട്ടല്ലെങ്കിലും ഭ്രൂണാസനത്തിലിരുന്ന അവളുടെ കണ്ണീരു വീണു ഗര്‍ഭപാത്ര ഭിത്തികള്‍ പ്രകംബിച്ചു. ഭ്രൂണഹത്യയുടെ മഹാപാതകത്തില്‍ നിന്നും രക്ഷനേടിയ അവളുടെ സൃഷ്ടാക്കള്‍ ഏതോ വഴിവക്കില്‍ അവളെയുപെക്ഷിച്ചു തങ്ങളുടെ പാപങ്ങളില്‍ നിന്നും എന്നേയ്ക്കുമായി രക്ഷ നേടി.

പട്ടികള്‍ ആര്‍ത്തിയോടെ ചുറ്റും കൂടി വച്ച ബഹളം കേട്ട് അവള്‍ ഏതോ മനുഷ്യ കരങ്ങളിലെയ്ക്ക് യാത്രയായി. കാലത്തിന്റെ ഗതിയില്‍ അവള്‍ ചോര വാര്‍ന്നൊഴുകുന്ന ഇരുട്ടറകളുടെ സുരക്ഷയിലെത്തി. ഇരുട്ടറകളുടെ ഉടമസ്ഥര്‍ക്ക് അവള്‍ ഭാവിയുടെ മുതല്‍ക്കൂട്ടായിരുന്നു. അവള്‍ക്കു സ്വപ്നങ്ങളില്ലായിരുന്നു, പ്രതീക്ഷകള്‍ ഇല്ലായിരുന്നു. അവയെന്തെന്നു അവള്‍ ഒരിക്കലും അറിഞ്ഞതേയില്ല.

ഒന്‍പതാം വയസ്സില്‍ അവള്‍ ഉടമസ്ഥര്‍ക്ക് സംബാധ്യങ്ങള്‍ നല്‍കിത്തുടങ്ങി. തന്‍റെ ചുറ്റും തന്റെ അതെ കഥകളുമായി ഒരുപാട് മനുഷ്യ ജന്മങ്ങള്‍ ഇരുട്ടറകളില്‍ ചോര വാര്‍ന്നു കിടന്നു നുരയ്ക്കുന്നതു അവളറിഞ്ഞു. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിക്കില്ല എന്ന മഹാസത്യം അറിയാവുന്ന അവളുടെ ആവശ്യക്കാര്‍ പെരുകി. തുണകളില്ലാത്തവരും , തുണകള്‍ അടുത്തില്ലാത്തവരും, എതിര്‍ വര്‍ഗത്തെ കണ്ടു വികാരം പൂണ്ടവരും എല്ലാം തങ്ങളുടെ സ്വപ്നങ്ങളുടെ പ്രതിരൂപങ്ങളെ അവളില്‍ കണ്ടെത്തി തളര്‍ന്നു വീണു. അവരുടെ തളര്ച്ചകളുടെ ഭാരമേറ്റുവാങ്ങി അവളുടെ സ്വപ്‌നങ്ങള്‍ സുതാര്യങ്ങളായി. ആ സുതാര്യതയിലൂടെ അവള്‍ കാലത്തിന്റെ ഇരുട്ടിനെ കണ്ടെത്തി.

തങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമായി ഒരുക്കി വച്ചിരുന്ന മധുര വാചകങ്ങള്‍ അവരുടെ നാവുകളില്‍ നിന്നും പിടിവിട്ടൊഴുകിയപ്പോള്‍ അവളുടെ മറുചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഒന്നുമേ ഉണ്ടായില്ല. പകല്‍ വെളിച്ചത്തില്‍ മാന്യതയുടെ കടുത്ത ചിഹ്നങ്ങള്‍ക്ക് വൃത്തികെടുകളുടെ അഗ്നി പര്‍വതം ഒളിപ്പിച്ചു സമൂഹം വെളുക്കെ ചിരിച്ചു. ഒരുപാട് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പരോക്ഷയായി രക്ഷകയായിരുന്നിട്ടും രക്ഷകരില്ലാതെ അവശേഷിച്ച അവളെ അവര്‍ വേശ്യയെന്നു വിളിച്ചു. കഥകള്‍ മെനഞ്ഞു വികാരം കൊണ്ടു.

ഉടമസ്ഥര്‍ ആരെന്നറിയാത്ത ജീവന്റെ ആദ്യ തുടിപ്പ് തന്റെ ഉള്ളില്‍ ഉരുവായതറിഞ്ഞു അവള്‍ വിറ പൂണ്ടു.സാമൂഹ്യ വിരുദ്ധന്‍, കൊലപാതകി, വേശ്യ - ലിംഗ ഭേദമില്ലാതെ അവളുടെയുള്ളിലെ ജീവന്റെ അനന്ത സാധ്യതകള്‍ അവള്‍ക്കു മുന്നില്‍ ഇന്ന് പല്ലിളിച്ചു. അവളുടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ മുറവിളി കൂട്ടി. എന്നാല്‍ ജീവിക്കാന്‍ അനുവദിച്ചതുമില്ല. സമൂഹത്തിന്റെ എല്ലാ വിപരീത ചിഹ്നങ്ങളും അവളുടെ ഇനിയും ജനിക്കാത്ത മക്കള്‍ക്കായി കാത്തു കിടന്നു. വിപരീതമായ അനന്ത സാധ്യതകളുടെ കറുത്ത യാധാര്‍ത്യത്തില്‍ നിന്നും ഒരു ജീവനെയെങ്കിലും രക്ഷിക്കണം. പ്രതിരോധങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന സുഖത്തില്‍ നിന്നും ആര്‍ക്കും വേണ്ടാതെ ഉരുവായ സന്തതി അതറിയാതെ തന്റെ ഉറക്കം തുടര്‍ന്നു. കടന്നു വന്ന വഴികളില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ പോകുന്ന ഇഴ ജന്തുക്കളോട് അവള്‍ക്കസൂയ തോന്നി. ആ ഭാഗ്യവും നഷ്ട്ടപ്പെട്ട ഒച്ചുകളെ കുളിമുറിയുടെ പാതിയിരുട്ടില്‍ ഞെരിച്ചു കൊന്നു അവയുടെ ആത്മാക്കള്‍ക്ക് അവള്‍ മോക്ഷം നല്‍കി.

തന്റെ അജ്ഞാത സന്തതിയെയും വായ പിളര്‍ന്ന ബക്കറ്റിന്റെ മോക്ഷം നല്‍കിയതിന്റെ ആലസ്യതയില്‍ അവള്‍ തളര്‍ന്നിരുന്നു. അവളെയും അവളെപ്പോലുള്ളവരുടെയും ഉദരത്തിലെ ശിശുക്കള്‍ക്ക് ഗര്‍ഭപാത്രങ്ങള്‍ ശവപറമ്പുകള്‍ ആയിരുന്നില്ല, മോക്ഷ വാതിലുകള്‍ ആയിരുന്നു. മഹാരോഗത്തിന്റെ കീടങ്ങള്‍ അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങി. അതറിഞ്ഞിട്ടും പ്രശ്നമാക്കാതെ അവളുടെ ആലസ്യം മാറുവാന്‍ കാത്തിരുന്ന മനുഷ്യനായ്ക്കള്‍ വെള്ളമൊലിപ്പിച്ചു ആശുപത്രിക്ക് ചുറ്റും കറങ്ങി നടന്നു.
Share/Bookmark

LinkWithin

Related Posts with Thumbnails