Saturday, December 11, 2010

2010 - എന്റെ സിനിമ അന്വേഷണങ്ങള്‍

അങ്ങിനെ ഞാന്‍ പോലും അറിയാതെ ഒരു വര്‍ഷം കടന്നു പോകുന്നു. ഇത്ര വേഗത്തില്‍ ഒരു വര്‍ഷവും കടന്നു പോയിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു അവസാന സുഹൃത്തും വിട പറഞ്ഞു പോയി ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. പിന്നെ എന്നത്തെയും പോലെ പുസ്തകങ്ങളുടെയും സിനിമകളുടെയും ലോകത്തില്‍... വായിക്കുന്ന ഓരോ പുസ്തകവും കാണുന്ന ഓരോ നല്ല സിനിമയും ഞാന്‍ ജീവിച്ചു തീര്‍ക്കുന്ന ഓരോ ജീവിതങ്ങള്‍ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്.മറ്റാരുടെയോ അനുഭവങ്ങള്‍ നമ്മുടേത്‌ കൂടിയാവുന്നു മറ്റാരുടെയോ സ്വപ്‌നങ്ങള്‍ നാം കൂടി കാണുന്നു. ദിവസവും ഓരോ സിനിമ വീതം കണ്ടു തീര്‍ത്ത ആഴ്ചകള്‍ ഉണ്ടായിരുന്നു. വാരാന്ത്യങ്ങളില്‍ അത് മൂന്ന് വരെ പോയ ദിനങ്ങളും ഉണ്ടായിരുന്നു. കണ്ടു തീര്‍ത്ത ഒരു നല്ല സിനിമയെ പറ്റിയോ വായിക്കുന്ന ഒരു പുസ്തകത്തെ പറ്റിയോ ഉറക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നും, എപ്പോളും. പക്ഷെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരു ചെവിയോ, കേട്ടാലും ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറുള്ള ഒരാളെ കണ്ടെത്തുക വളരെ പ്രയാസമാകുന്നു. മറ്റുള്ളവര്‍ക്ക് താല്പര്യമില്ലത്തെ കാര്യങ്ങള്‍ സംസാരിച്ചു ഒരു ബോറന്റെ വേഷം അണിഞ്ഞു വിഡ്ഢിയാവുന്നതിലും നല്ലത് മൌനം തന്നെയാകുന്നു. എങ്കിലും ബ്ലോഗ്‌ എന്നാ ഈ മാധ്യമം ഒരു പരിധി വരെ ആശ്വാസമാകുന്നു. ഇരുന്നെഴുതാന്‍ സമയമില്ല എന്നത് തന്നെയാകുന്നു പ്രശ്നം.

നല്ല സിനിമകള്‍ കാണുവാന്‍ ദൂരെ ദൂരേയ്ക്ക് യാത്ര ചെയ്തിരുന്ന, കാത്തു കാത്തിരുന്ന കാലങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്പ്. ഒപ്പം ചില കിറുക്കന്‍ സുഹൃത്തുക്കളും. ഇന്നിപ്പോള്‍ ലോക സിനിമകളുടെ ഒരു വംബന്‍ ശേകരം തന്നെയുണ്ട് എന്റെ കയ്യില്‍. പലതും ഇനിയും കണ്ടു തീരാത്തവ. നല്ല സിനിമകളെ കുറിച്ചുള്ള അന്വേഷണത്തിനു എന്നെ എപ്പോളും സഹായിച്ചിട്ടുള്ളത് ചലച്ചിത്ര ബ്ലോഗുകളില്‍ ഞാന്‍ കണ്ടിട്ടുള്ള ലിസ്റ്റുകളും, സിനിമ സംബന്ധിയായ സൈറ്റുകളും ആണ്. അങ്ങിനെയാണ് കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ചില നല്ല സിനിമകളെ കുറിച്ച് എന്തെങ്കിലും എഴുതണം എന്നാ ആഗ്രഹം ഉണ്ടായത്. ഈ ലിസ്റ്റ് ആര്കെങ്കിലും പ്രയോജനപ്പെട്ടേക്കാം. ഇത് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളുടെ ലിസ്റ്റ് അല്ല ഞാന്‍ കണ്ട നല്ല സിനിമകളുടെ ലിസ്റ്റ് മാത്രമാണ്. അല്ലെങ്കിലും നല്ല സിനിമകള്‍ കാലാതീതം ആണല്ലോ.

1) The Double Life of Véronique (French),1991, Krzysztof Kieślowski

ഒരേ രൂപവും മാനസിക തലവുമുള്ള രണ്ടു പേര്‍, അവര്‍ ഒരിക്കല്‍ മാത്രമേ വളരെ ഹ്രസ്വമായി കണ്ടു മുട്ടുന്നും ഉള്ളു അതും കടന്നു പോകുന്ന ഒരു ബസ്സിലെ ഏതോ ഒരു യാത്രക്കാരിയായി. എങ്കിലും അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന, അജ്ഞാതമായ വേദനകളിലൂടെ കൊണ്ട് പോകുന്ന എന്തോ ഒന്ന്. മികച്ച സംവിധാനം, ചായാഗ്രഹണം, സുന്ദരിയായ നായികയുടെ സുന്ദരമായ അഭിനയം, സംഗീതം.


2) Exils
(French), 2004, Tony Gatlif

തന്റെ പൂര്‍വികരുടെ ജന്മ ദേശം കാണുവാനുള്ള കാമുകന്റെ ആഗ്രഹത്തെ തുടര്‍ന്നുള്ള രണ്ടു ബോഹിമിയന്‍ പ്രണയികളുടെ യാത്ര. Tony Gatlif ന്റെ സിനിമകള്‍ മിക്കതും യാത്ര എന്ന പ്രമേയത്തെ( എന്റെ ഇഷ്ട വിഷയവും) അടിസ്ഥാനമാക്കിയുള്ളതാണ്. നാടന്‍ സംഗീതം മുതല്‍ ഇലക്ട്രോണിക് സംഗീതം വരെയുള്ളവയുടെ മികച്ച വിന്യാസവും. Romain Duris എന്ന അസാമാന്യ അഭിനയ പ്രതിഭയെ കുറിച്ചുള്ള അന്വേഷണം ആണ് എന്നെ ഈ ചിത്രത്തില്‍ എത്തിച്ചത്.

3) Nuovo Cinema Paradiso(Italy), 1988, Giuseppe Tornatore

കുറെ കാലമായി ഈ സിനിമയുടെ പേര് എവിടൊക്കെയോ കേള്‍ക്കാരുണ്ടെങ്കിലും പഴയ ഏതോ ബ്ലാക്ക്‌ & വൈറ്റ് സിനിമയാണ് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. സൌഹൃദത്തെ, സിനിമയെ ഇത്രമാത്രം ആഘോഷിക്കുന്ന ഒരു സിനിമയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആ കുഞ്ഞും സിനിമ ഒപ്പരെട്ടരും തമ്മിലുള്ള നിഷ്കളങ്ക സൌഹൃദം എന്നും ഒരു നനുത്ത ഓര്‍മ്മയായി നമ്മെ പിന്തുടരുന്നു.

4) Malèna(Italy), 2000, Giuseppe Tornatore

ഒരു കൌമാരക്കാരന്റെ മലേന എന്ന സ്ത്രീയോടുള്ള ലൈംഗിക ആകര്‍ഷണം അവനെ ഒരു ഒളിഞ്ഞു നോട്ടക്കാരനാക്കുന്നു. അവന്റെ കണ്ണുകളിലൂടെ മലെനയുടെ ജീവിതം, സാമൂഹിക അവസ്ഥകള്‍, സമൂഹത്തിന്റെ മാന്യത എന്ന മൂടുപടം ഒക്കെയും നാം കാണുന്നു. അതി മനോഹരമായ ക്ലൈമാക്സും കഥ പറച്ചിലിന്റെ രീതിയുമാണ് എനിക്കിത് പ്രിയങ്കരമാക്കിയത്.

5) Run Lola Run(German), 1998, Tom Tykwer

വ്യത്യസ്തമായ ഏതു ചിന്തയും സിനിമ പരീക്ഷണവും എനിക്കിഷ്ടമാണ്. ഇത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു സിനിമയാണ്. തന്റെ കാമുകനെ രക്ഷിക്കാനായി ലോല നടത്തുന്ന ഓട്ടത്തിന്റെ കഥ. മൂന്ന് ഓട്ടങ്ങള്‍ അവള്‍ നടത്തുന്നു. ഒരേ കഥാ പാത്രങ്ങള്‍, ഒരേ സ്ഥലങ്ങള്‍, ഒരേ സാഹചര്യങ്ങള്‍ പക്ഷെ മൂന്ന് സാധ്യതകള്‍, മൂന്ന് പരിണിത ഫലങ്ങള്‍.

6) Caché (French), 2005, Michael Haneke

അവരുടെ ദൈനം ദിന ജീവിതത്തിന്റെ, അവരറിയാതെ ഷൂട്ട്‌ ചെയ്ത വീഡിയോ ടേപ്പ്കള്‍ എത്തുന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങള്‍. ചലച്ചിത്രം നമ്മുടെ മുന്‍പില്‍ ഉന്നയിക്കുന്ന വ്യക്തമായ ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

7) Life of others(German), 2006, Florian Henckel von Donnersmarck

1984 ബെര്‍ലിനില്‍ ഒരു എഴുത്തുകാരന്റെയും കാമുകിയുടെയും ജീവിതം നിരീക്ഷിക്കാന്‍ വിനിയോഗിക്കപ്പെട്ട രഹസ്യ പോലീസ് ഉധ്യോഗസ്ഥന്‍. അവരുടെ ജീവിതം അയാളില്‍ ചെലുത്തുന്ന സ്വാധീനം. പിന്നെ അതിന്റെ പരിണിത ഫലങ്ങള്‍. ജര്‍മ്മന്‍ രാഷ്ട്രീയം സാഹിത്യം പിന്നെ ജീവിതങ്ങളും അവയുടെ ഉത്തരമില്ലാത്ത പരിണിതികളും.

8) Gegen die Wand(German), 2004, Fatih Akın

സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും വേണ്ടി അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന കഥാപാത്രങ്ങള്‍. അവര്‍ കണ്ടു മുട്ടുന്നത് തന്നെ പരാജയപ്പെടുന്ന ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആണ്. പിന്നെ പ്രണയം, കാത്തിരുപ്പ്, പ്രവചനാതീതമായ ജീവിതം. (ലക്ഷ്യവും ജീവിക്കാന്‍ ഒരിടവും നഷ്ടപ്പെട്ട പരദേശിയായി, അഭയാര്‍ഥിയായി അലഞ്ഞു നടന്ന കാലത്താണ് ഞാനിത് കണ്ടത്. അതാവാം ഓര്‍മ്മകളില്‍ ഇന്നുമീത് ഇത്ര സജീവം. ജീവിക്കാന്‍ ഒരിടം തന്ന വേണു, നിനക്ക് നന്ദി. )

9)Tess, 1979, Roman Polanski

തോമസ്‌ ഹാര്‍ഡിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ. ഹാര്‍ഡിയുടെ നോവലുകള്‍ പോലെ തന്നെ നീണ്ട ഒരു സിനിമ. 19 നൂറ്റാണ്ടിലെ England, ടെസ്സിന്റെ നിസ്സഹായമായ ജിവിതം. മനോഹരമായ കഥ പറച്ചില്‍.

10) The reader, 2008, Stephen Daldry

Bernhard Schlink ന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയ ചിത്രം. ജീവിതത്തില്‍ നാം ചിലരെ കണ്ടു മുട്ടുന്നു, വല്ലാതെ അടുക്കുന്നു പിന്നെ എവിടെയ്കെന്നറിയാതെ നാം അവ നഷ്ടപ്പെടുത്തുന്നു. പിന്നെയും എവിടെയോ വെച്ച ഓര്‍ക്കാപ്പുറത്ത് കണ്ടെത്തുന്നു. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു സ്ത്രീയുടെയും അവരുടെ ജീവിതത്തില്‍ എത്തിപ്പെടുന്ന ഒരു കൌമാരക്കരന്റെയും കഥ. അവരുടെ ജീവിതത്തിലെ പല കാലങ്ങളിലൂടെ. പിന്നെ ആര്‍ക്കുമാരിയാത്ത ചില രഹസ്യങ്ങളുടെയും. ആ രഹസ്യത്തിന് ആ സ്ത്രീ പകരം വയ്ക്കുന്നത് അവരുടെ ജീവിതം തന്നെയാണ്.

11) A good year, 2006, Ridley Scott

ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടായപ്പോള്‍ ആണ് അയാള്‍ അറിഞ്ഞത് തനിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്താണെന്ന്. തിരക്കുകളില്‍ കിടന്നു നട്ടം തിരിയുന്ന ഞാന്‍ വെറുതെ മോഹിക്കുന്നു ആ മുന്തിരി തോട്ടങ്ങളും നാട്ടിന്‍ പുറങ്ങളും ഒഴിഞ്ഞ മണ്ണ് റോഡുകളും.


12) The Wrestler, 2008, Darren Aronofsky

റിട്ടയര്‍ ചെയ്യേണ്ട കാലം കഴിഞ്ഞിട്ടും, ആരോഗ്യം നശിച്ചിട്ടും തന്റെ സ്വത്വത്തിന്റെ ഭാഗമായി പോയ wrestling നോട് വിട പറയാനാവാതെ ഉഴറുന്ന മനുഷ്യന്‍. സ്നേഹവും കരുതലും ആഗ്രഹിക്കുംപോലും അതിനോന്നിനും ആകാതെ ഒറ്റപ്പെട്ടു പോകുന്ന അയാള്‍. Wrestling ഒരിക്കലും എനിക്ക് പ്രിയപ്പെട്ടതല്ല. അതിനാല്‍ തന്നെ ഇത് കാണാതെ ഒരുപാട് കാലം മാറ്റി വെച്ചതുമാണ്. എങ്കിലും ഈ Wrestler ഉടെ ജീവിതം എവിടൊക്കെയോ എന്നെ നോവിക്കുന്നു.

13) Transylvania(French), 2006, Tony Gatlif

വീണ്ടും ഒരു യാത്രയുടെ കഥ. തന്റെ കൂട്ടുകാരിയോടൊപ്പം Transylvania യില്‍ എത്തുന്ന നായികയ്ക്ക് അതൊരു വെറും യാത്രയല്ല, തന്റെ നഷ്ട കാമുകനെ കണ്ടെത്തുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. ദയനീയമായി കാമുകനാല്‍ വീണ്ടു ഉപേക്ഷിക്കപ്പെടുന്ന അവള്‍ തെരുവില്‍ കണ്ട ഒരു കുട്ടിയോടൊപ്പം മറ്റൊരു യാത്ര തുടങ്ങുന്നു.



14) Les poupées russes(French), 2005, Cédric Klapisch

Spanish Apartment എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. ഒന്നാം ഭാഗത്തേക്കാള്‍ എനിക്കിഷ്ടമായത് ഇതാണ്. Xavier എന്ന യുവാവിന്റെ ചിന്താ കുഴപ്പങ്ങള്‍ കുറെയൊക്കെ എന്റേത് കൂടി ആയതു കൊണ്ടാവാം ഈ ഇഷ്ടം. നഷ്ടപ്പെടുത്താനും വയ്യാതെ സ്വീകരിക്കാനും ആകാതെ ബന്ധങ്ങളുടെ കുരുക്കുകളില്‍ ഉഴറുന്നു അയാള്‍.( Romain Duris എന്റെ ഈ വര്‍ഷത്തെ കണ്ടെത്തല്‍ ആയിരുന്നു)


15) Time crimes(Spanish), 2007, Nacho Vigalondo

സയന്‍സ് ഫിക്ഷന്‍ സിനിമയാണിത്. എന്നാല്‍ ഹോളിവുഡ് സിനിമകളിലെ പോലെ ഗിമ്മിക്കുകള്‍ കാണിച്ചല്ല ഇവിടെ കഥ പറയുന്നത്. ഒരു സാധാരണ മനുഷ്യന്‍ സമയത്തില്‍ ഒരു മണിക്കൂര്‍ പുറകോട്ടു സഞ്ചരിക്കുന്നു, ഒരു ഗവേഷകന്റെ സഹായത്തോടെ. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങള്‍ ഒരു ത്രില്ലെറിന്റെ ചടുലതയോടെ. അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍. ഒഴിവാക്കാന്‍ ആവാത്ത ചില കുറ്റകൃത്യങ്ങള്‍.

16) The beat that my heart skipped(French), 2005, Jacques Audiard


എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നത്തിന്റെയും, എപ്പോഴും പിന്നിലേയ്ക്ക് പിടിച്ചു വലിക്കുന്ന യാഥാര്‍ത്യങ്ങളുടെയും ഇടയില്‍ കിടന്നു പിടയുന്ന ടോമിന്റെ കഥ. റിയല്‍ എസ്റ്റിന്റെ ചെളിക്കുണ്ടുകളില്‍ ജീവിക്കുന്ന അയാളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പിയാനിസ്റ്റ്‌ ആവുക എന്നത് പക്ഷെ അയാളുടെ പിതാവും സാഹചര്യങ്ങളും അയാളെ പിന്തിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അയാളുടെ സ്വപ്നം സഫലമാകുമോ?






ലിസ്റ്റ് പൂര്‍ണ്ണമല്ല. ഓര്‍മ്മയില്‍ വന്ന ചിലത് എഴുതി എന്ന് മാത്രം. വീണ്ടും എഴുതണം. ഈ ലിസ്റ്റില്‍ ചില പേരുകളും ഭാഷയും ആവര്‍ത്തിച്ചു വരുന്നുണ്ട്. അതെന്റെ അന്വേഷണത്തിന്റെ രീതി കൊണ്ട് കൂടിയാണ്. ഒരു സിനിമ കാണുന്നു. അതിന്റെ സംവിധായകന്റെയോ, അഭിനെതാക്കളുടെയോ, ഭാഷയുടെയോ, പ്രമേയത്തിന്റെയോ പുറകെ പോകുന്നു. അങ്ങിനെ എന്റെ സിനിമ കാഴ്ചകള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നു. ഇല്ലാത്ത സമയം ഉണ്ടാക്കി കാണുന്നതാണിവ. അതിനാല്‍ തന്നെ വെറുതെ ചില ചവറുകള്‍ കണ്ടു സമയം കളയാന്‍ വയ്യ.
മറ്റാര്‍ക്കെങ്കിലും ഇവ പ്രയോജനം ആയേക്കും എന്ന വിശ്വാസത്തോടെ.

Share/Bookmark

LinkWithin

Related Posts with Thumbnails