Monday, January 31, 2011

2010 - എന്‍റെ വായനാനുഭവങ്ങള്‍

2010 എന്‍റെ വായനയെ സംബന്ധിച്ചിടത്തോളം ഒരു മോശം വര്‍ഷമായിരുന്നു, മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുംബോള്‍ .

എങ്കിലും വായിച്ച പുസ്തകങ്ങളെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് തോന്നി. എന്നായിരുന്നു വായന ഒരു ആവേശമായി എന്നില്‍ ആവേശിച്ചത് എന്നെനിക്കു ഓര്‍മ്മയില്ല. ഏകാന്തമായ, മറ്റൊന്നും ചെയ്യുവാനില്ലാത്ത, ഉറക്കമില്ലാത്ത ബാല്യ കൌമാരങ്ങള്‍ എനിക്കുണ്ടായിരുന്നു. അന്നെവിടെയോ ആവണം ഒരിക്കലും വിട്ടു പിരിയാത്ത കൂട്ടുകാരായി എനിക്ക് പുസ്തകങ്ങളെ കിട്ടിയത്. അങ്ങിനെയാവണം ഒരു കുഞ്ഞു വെളിച്ചത്തിന്റെ ചുവട്ടില്‍ ഇരുന്നു ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്ഥലങ്ങളിലൂടെയും ജീവിതങ്ങളിലൂടെയും മനസ്സിന്റെ ആഴങ്ങളിലൂടെയും സഞ്ചരിച്ചു തുടങ്ങിയത്. രാവേറെ ചെന്നതറിയാതെ പുലരും വരെ വായിച്ചിരുന്നു നനുത്ത തണുപ്പിലൂടെ ഏതോ ലോകത്തേയ്ക്ക് ഇറങ്ങി നടന്നിരുന്ന കാലങ്ങള്‍ .

ഐടി മേഖലയിലെ 'നോണ്‍ ടെക്നിക്കല്‍ ' വായന എന്നത് എങ്ങനെ മറ്റുള്ളവരെ ചവിട്ടി താഴ്ത്തി വിജയിയാകാം എന്നും, എങ്ങിനെ മികച്ചൊരു അഭിനെതാവാകാം എന്നും, പിന്നെ നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന് മറ്റാരോ പറഞ്ഞു തരുന്ന പുസ്തകങ്ങളും ആണ്. ഒരിക്കല്‍ പോലും ഇവ വായിക്കണമെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. അത് വായിക്കുന്നവരോട് എനിക്കുള്ള അതെ പുച്ഛം തന്നെയാണ് അവര്‍ക്ക് എന്നോടും ഉള്ളത് എന്നറിയുകയും ചെയ്യാം.

കഴിഞ്ഞൊരു ദിവസം ഒരു മഹതി എന്നെ ഉപദേശിച്ചത് പോലെ 'Don't waste your time and money for books. Reading books is an utter waste of time. Go out with some girls. Be a party animal. Your attitude towards life will change'. മഹതീ, ഓരോരുത്തര്‍ക്കും അവരവരുടെ ശരികള്‍ . പാര്‍ട്ടി എന്ന പേരില്‍ വെളിവില്ലാതെ തുണിയഴിച്ച് തുള്ളുന്നതില്‍ നിങ്ങള്‍ക്ക് ആനന്ദം എനിക്ക് മറ്റു എന്തിലോക്കെയോ... തന്റേതു മാത്രമാണ് ശരി എന്ന് പറയുന്നിടത്താണ് നമ്മള്‍ തമ്മില്‍ തെറ്റുന്നത്. നിങ്ങളും ഞാനും ഒന്നിച്ചു ഈ ലോകത്തില്‍ വെള്ളം കയറാത്ത കള്ളികളില്‍ ആയിരിക്കുംപോളും ചില കൊടുക്കല്‍ വാങ്ങലുകളും ആയി ജീവിക്കേണ്ടി വരുന്നതിനാല്‍ നാം സാമൂഹിക ജീവികള്‍ എന്നറിയപ്പെടുന്നു. ഇവറ്റകളോട് തര്‍ക്കിച്ചു സമയം കളയുന്നതിലും നല്ലത് മൂട്ടില്‍ കുഞ്ഞിരാമന്റെ പശു, തന്റെ പുറത്തിരിക്കുന്ന കൊക്കിനെ ഇത്തിരിപ്പോന്ന വാലു കൊണ്ട് ഓടിച്ചു കളയാന്‍ ശ്രമിക്കുന്നത് നോക്കിയിരിക്കുന്നത് ആണെന്ന് അറിയാവുന്നത് കൊണ്ടും ഞാന്‍ സ്ഥലം വിട്ടു.

സ്വന്തം കുഞ്ഞു കരയുന്നത് ഒരു ശല്യമായത് കൊണ്ട് ear plug വെച്ച് കിടന്നുറങ്ങുന്ന, ear plug ന്റെ കഷണം ചെവിയില്‍ ഇരിക്കുന്നത് അറിയാതെ കേള്‍വിക്കുറവിന്റെ പേരില്‍ ഡോക്ടറെ കാണാന്‍ പോകുകയും ചെയ്യുന്ന ഇവര്‍ എങ്ങിനെയാണാവോ സമയം ഫലപ്രദമായി വിനിയോഗിക്കുന്നത് ?

വെള്ളരിക്കുണ്ട് എന്ന എന്‍റെ ഗ്രാമത്തില്‍ ഒരു പഴയ വായന ശാല ഉണ്ട്. സഹൃദയ വായനശാല. പണ്ട് പണ്ടവിടെ ഒറ്റയ്ക്ക് നടന്നു പോകാന്‍ പേടിയായിരുന്നു. നിറയെ കാട് പിടിച്ചു മരങ്ങളും. ചീവീടിന്റെ ശബ്ദവും. പിന്നെ എന്‍റെ കൌമാരത്തില്‍ എങ്ങോ വെച്ച് എന്‍റെ ഏറ്റം പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായി മാറി അവിടം. എല്ലാ വായനശാലകളെയും പോലെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരുടെ സമ്മേളന സ്ഥലമായി നാട്ടുകാര്‍ കണ്ടിരുന്ന അവിടം. ഞായര്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ ആയിരുന്നു അത് തുറന്നിരുന്നത്. രെണ്ടും മൂന്നും പുസ്തകങ്ങള്‍ എടുത്തു കൊണ്ട് പോയി വായിച്ചു തീര്‍ന്നു ഈ ദിനങ്ങള്‍ വരുവാനായി കാത്തിരുന്ന കാലങ്ങള്‍ . നാട് വിട്ടപ്പോളാണ് ഞാന്‍ അറിയുന്നത് മലയാളത്തില്‍ വായിക്കണം എന്ന് കൊതിച്ചിരുന്ന പുസ്തകങ്ങള്‍ മിക്കതും ഞാന്‍ വായിച്ചു തീര്‍ന്നിരിക്കുന്നു എന്ന്. പിന്നെയാണ് English വായനയിലേയ്ക്ക് കടന്നത്‌. പിന്നെ കയ്യില്‍ അല്പം കാശുണ്ടായപ്പോള്‍ പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങിച്ചു തുടങ്ങി. സ്വന്തമായി വാങ്ങിക്കുന്ന പുസ്തകങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ അലമാരയില്‍ ഭംഗിയായി ഇരിക്കും, നമ്മുടെ തന്നെയാണല്ലോ എപ്പോള്‍ വേണമെങ്കിലും വായിക്കാമല്ലോ എന്ന്. അതെ സമയം കടം വാങ്ങിച്ചൊരു പുസ്തകം അയാള്‍ ഇന്ന് തന്നെ തിരിച്ചു ചോദിക്കാം എന്ന പേടിയോടെ നിങ്ങള്‍ വായിച്ചു തീര്‍ക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം വീട് മാറേണ്ടി വന്നപ്പോളാണ്‌ ഞാന്‍ അറിഞ്ഞത് ഏറ്റവും കൂടുതല്‍ പെട്ടികള്‍ ഉണ്ടായിരുന്നത് പുസ്തകങ്ങള്‍ക്ക് ആണെന്ന്.

പഠിക്കാനായി ഹോസ്റെലുകളില്‍ താമസിച്ചിരുന്ന കാലങ്ങളില്‍ പഠിക്കാനുള്ള പുസ്തകങ്ങളെക്കാലും ഞാന്‍ വായിച്ചത് സാഹിത്യവും ആധ്യാത്മികവും ആയിരുന്നു. അന്ന് ഞങ്ങള്‍ പറയാറുള്ള ഒരു ഫലിതം ഉണ്ടായിരുന്നു. ഒരു പക്ഷെ സാഹിത്യം ആയിരുന്നു പാട്യ വിഷയം എങ്കില്‍ നമ്മള്‍ വല്ല C, C++ ബുക്കൊക്കെ വായിചേനെ എന്ന്.

ഇനി കഴിഞ്ഞ വര്‍ഷത്തെ വായനയിലേയ്ക്ക്:

1) Zorba the greek - Nikos Kazantzakis

പുസ്തകങ്ങള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്ന ഒരു ബുദ്ധിജീവിയാണ്‌ കഥ പറയുന്നത്. കഥാകൃത്ത്‌ തന്നെയാണ് അത്. തന്റെ യാത്രകള്‍ക്കിടയില്‍ വച്ച് അയാള്‍ക്കൊരു സഹയാത്രികനെ കിട്ടുന്നു. ജീവിതത്തെ അതിനെ എല്ലാ സൌന്ദര്യത്തോടും നുകര്‍ന്ന് ജീവിക്കുന്ന ഇന്നലകളെ കുറിച്ച് ശങ്കിക്കാത്ത നാളെയെക്കുറിച്ചു ആകുലപ്പെടാത്ത Zorba. Zorba കഥാകൃത്തിനോട് പറയുന്നുണ്ട്,
'I haven't the time to write. Sometimes its war, sometimes women, sometimes wine, sometimes the santuri: where would I find the time to drive a miserable pen? That's how the business fall into the hands of the pen-pushers! Al those who actually live the mysteries of life haven't the time to write and all those who have the time don't live them'

സുദീര്‍ക്കമായ യാത്രകളിലൂടെ അവര്‍ കടന്നു പോകുന്നു. ഒടുവില്‍ ഒന്നും പറയാതെ ഒന്നും പ്രതീക്ഷിക്കാതെ പതിവുപോലെ Zorba അയാളെ വിട്ടു പോകുന്നു. നോവലിന്റെ അവസാനം ജീവിതത്തിന്റെ സകല സമസ്യകളോടും തുറന്നു ചിരിച്ചു Zorba നനുത്തൊരു ഓര്‍മ്മയായി നമ്മില്‍ ബാക്കിയാകുന്നു. പിന്നില്‍ അപ്പോള്‍ Zorba യുടെ santuri യുടെ സംഗീതം കേള്‍ക്കുന്നു. നല്ലൊരു വായനാനുഭവം സമ്മാനിച്ച പുസ്തകം. എങ്കിലും ഞാന്‍ ഏറെ പ്രതീക്ഷിച്ചത് കൊണ്ടോ എന്തോ ഇടയില്‍ എവിടോ വെച്ച് സോര്‍ബ അല്പം ബോറടിപ്പിച്ചിരുന്നു. പക്ഷെ അവസാനം മുകളില്‍ പറഞ്ഞത് പോലെ അയാള്‍ നമ്മുടെ കൂടി സുഹൃത്താകുന്നു.

2) Unbearable lightness of being - Milan Kundera

ആധുനിക ജീവിതത്തെ മനുഷ്യന്റെ സാമൂഹികവും ആധ്യാത്മികവുമായ സിദ്ധാന്തങ്ങളെ കറുത്ത ഫലിതത്തിലൂടെ ചോദ്യം ചെയ്യുന്നവയാണ് Kunderayude നോവലുകള്‍ . Tomas ആണ് കഥാ നായകന്‍. സര്‍ജന്‍ , ബുദ്ധിജീവി, സര്‍വോപരി സ്ത്രീലംബടന്‍ . അയാളും അയാളുടെ ജീവിതത്തിലൂടെ വന്നു പോകുന്ന സ്ത്രീകളുമാണ് കഥ കൊണ്ട് പോകുന്നത്. ശാന്തമായ സാമൂഹികമായ കാഴ്ചയില്‍ എല്ലാ സുഖങ്ങളോടും ജീവിച്ചു പോരുന്ന Tomas ഒരു പത്രാധിപര്‍ക്ക് കത്ത് എഴുതിയതിന്റെ പേരില്‍ ഒരു ഒളിച്ചോട്ടത്തിന് നിര്‍ബന്ധിതന്‍ ആകേണ്ടി വരുന്നു. രാജ്യം വിട്ടു പോകുന്ന അയാള്‍ ഒരു 'window washer' ആയി ശിഷ്ട കാലം ജീവിച്ചു തീര്‍ക്കുന്നു. Friedrich Nietzsche യുടെ 'eternal recurrence' എന്ന സിദ്ധാന്തത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. നീഷേയുടെ സിദ്ധാന്തത്തെ നോവലില്‍ പലയിടത്തും കുന്ദേര ചോദ്യം ചെയ്യുന്നുമുണ്ട്. നോവലിന്റെ ഒടുവിലത്തെ അധ്യായത്തില്‍ തോമസ് തെരെസയോടു പറയുന്നുണ്ട്:
'Missions are stupid, Tereza. I have no mission. No one has. And it is a terrific relief to realize that you are free, free of all missions'

അത് തന്നെയാണീ നോവലിന്റെ വായനാനുഭവം സമ്മാനിക്കുന്നതും. ആധുനിക കാലത്തിലെ ജീവികളായ നമ്മള്‍ ജീവിക്കുന്ന കാലത്തെ കുറിച്ച്, നമ്മള്‍ സമൂഹം എന്ന് പറയുന്ന സങ്കല്പത്തെ കുറിച്ച്, അതിലെയ്കായി നാം കാണിച്ചു കൂട്ടുന്ന കേട്ട് കാഴ്ചകളെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം. ആഴത്തിലുള്ള ചിന്തകള്‍ക്കും ഇട നല്‍കുന്നുണ്ട് പുസ്തകം. നാം തന്നെ ജീവിതത്തെ ഒരു കറുത്ത ഫലിതമായി കണ്ടു പോകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ . പലപ്പോളും കുന്ദേരയുടെ എഴുത്ത് എന്നെ അതിശയിപ്പിച്ചു. ഇത് വരെ കാണാത്ത ചില സങ്കേതങ്ങള്‍ കുന്ദേര എഴുത്തിലേയ്ക്കു കൊണ്ട് വരുന്നുണ്ട്.

3) The name of the Rose - Umberto Eco

Umberto Eco യെ വായനയിലൂടെ ഞാന്‍ അറിയുന്നത് ആധുനിക ബുദ്ധിജീവി, സൈധാന്തികന്‍, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളിലാണ്. ബുക്ക്‌ സ്ടാളിലുകളിലെ എന്‍റെ പതിവ് അന്വേഷണത്തിനു ഇടയ്ക്കാണ് Eco യുടെ നോവല്‍ കണ്ണില്‍ പെട്ടത്. അത് ഒരു murder mystery, എന്നാല്‍ അന്താണ് എന്നറിയാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഞാനിത് വാങ്ങി വായിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഞാന്‍ വായിച്ചവയില്‍ ഏറ്റവും മികച്ചത്. സൈദ്ധാന്തികത ഒരു നോവലിന്റെ ഭാഗമായി അതിലെ സംഭാഷണത്തിന്റെയും കഥാപാത്രങ്ങളുടെ ചിന്തയുടെയും ഭാഗമായി വരുന്നത് കൊണ്ട് നമ്മെ ഒരിടത്തും മുഷിപ്പിക്കുന്നുമില്ല. 1327 ല്‍ ഇറ്റലിയിലെ ഒരു Benedictine സന്യാസി മഠത്തില്‍ ഒരു കൊലപാതകം നടക്കുന്നു. അത് അന്വേഷിക്കാനായി എത്തുന്ന ഫ്രാന്‍സിസ്കാന്‍ സന്യാസിയും അയാളുടെ സഹായിയും. സഹായിയായി വരുന്ന Adso വര്‍ഷങ്ങള്‍ക്കു ശേഷം എഴുതുന്ന ചില കുറിപ്പുകളാണ് നാം നോവലായി വായിക്കുന്നത്. അവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ അവര്‍ കണ്ടെത്തുന്ന രഹസ്യങ്ങള്‍ . അപ്പോളും കൊലപാതകങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഒരു ഉഗ്രന്‍ ക്രൈം നോവലിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് Eco തന്റെ കഥ പറയുന്നത്. 13 ആം നൂറ്റാണ്ടിലെ സന്യാസി മടങ്ങളിലെ ജീവിതം, രഹസ്യങ്ങള്‍ , അറിവ് എന്ന മഹാത്ഭുതം ചിലര്‍ എങ്ങിനെ കുത്തകയാക്കി വെച്ചിരുന്നു, അന്തി ക്രിസ്തു, ക്രിസ്തീയ സഭകള്‍ , ആദ്യ കാലങ്ങളിലെ സഭാ പീഡനങ്ങള്‍ പിന്നെ, സഭകള്‍ ക്രിസ്ത്യാനികള്‍ അല്ലാത്തവരെ പെഗനുകള്‍ എന്ന് മുദ്ര കുത്തി പീടിപ്പിചിരുന്നത് എന്നിങ്ങനെ പല വിഷയങ്ങളിലൂടെ നോവല്‍ കടന്നു പോകുന്നു. പ്രധാന കഥാ പാത്രത്തിന്റെ പേരില്‍ തന്നെയുണ്ട് ഒരു ഷെര്‍ലോക് ഹോംസ് സ്പര്‍ശം. William of Baskerville. അത് പോലെ തന്നെ നോവലിന്റെ പേരും വിചിത്രം. 'Name of the rose'. തികച്ചും ന്യൂട്രല്‍ ആയൊരു പേര് വേണം എന്ന ഉധേശ്യത്തോടെയാണത്രെ Eco ഈ പേര് നല്‍കിയത്. അതായത് പേരില്‍ തന്നെ ഒരു സസ്പെന്‍സ്.
എനിക്ക് വളരെ പരിചയം ഉള്ളൊരു ബെനെടിക്ടന്‍ സന്യാസി മഠം ഉണ്ട്. എന്‍റെ മനസ്സും സങ്കല്‍പ്പങ്ങളും കഥ നടത്തിയത് അവിടെയായിരുന്നു. കഥ നടക്കുന്ന സന്യാസി മഠത്തിന്റെ വിശദമായ ഭൂപടം നോവലിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും.
1986 ല്‍ ഈ നോവലിനെ ആധാരമാക്കി ഇതേ പേരില്‍ Jean-Jacques Annaud ഒരു സിനിമ പുറത്തിറക്കി. നോവല്‍ വായനയ്ക്ക് ശേഷം അത് കാണാന്‍ ഞാന്‍ ഒരുങ്ങിയതായിരുന്നു. Sean Connery, Christian Slater എന്നിങ്ങനെ വമ്പന്‍ താരങ്ങളും ഉണ്ടായിരുന്നു. പക്ഷെ കണ്ടു തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ ഞാനത് മതിയാക്കി. പുസ്തകം എവിടെ, അതെന്നില്‍ സൃഷ്ടിച്ച ലോകങ്ങള്‍ എവിടെ, ഈ ചലച്ചിത്രം എവിടെ? സാഹിത്യ വാരഫലം കൃഷ്ണന്‍നായര്‍ പരയാരുണ്ടായിരുന്നത് പോലെ ആകാശത്തിലെ നക്ഷത്രങ്ങളെയും പുല്‍ക്കൊടിയെയും താരതമ്യം ചെയ്യുന്നതെന്തിന്? അന്നാ വാക്കുകളുടെ അര്‍ത്ഥം അത്രയ്ക്കങ്ങ് മനസ്സിലായിരുന്നില്ല. ഒരബദ്ധം അറിഞ്ഞും കൊണ്ട് ഒരിക്കലെ സംഭവിക്കാവൂ.

4) Brida - Paulo Coelho

Paulo Coelho യുടെതായി ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പുസ്തകം. വഴിവാണിഭക്കാരുടെ ഇഷ്ട എഴുത്തുകാരനാണ്‌ paulo. ഞാനും ഈ പുസ്തകം വഴിവക്കില്‍ നിന്നും വാങ്ങിയതാണ്. എന്തിനിത് വായിച്ചു സമയം കളഞ്ഞു എന്നെനിക്കറിയില്ല. ഒരു പെണ്‍കുട്ടിയുടെ ആത്മീയ യാത്ര എന്നതാണ് പുസ്തകത്തിലെ പിന്‍ കുറിപ്പില്‍ നിന്നും മനസ്സിലായത്. ആത്മീയത, ആത്മീയത അന്വേഷിച്ചുള്ള യാത്രകള്‍ എല്ലാം ആണുങ്ങളുടെ കുത്തക ആണല്ലോ. അപ്പോള്‍ വ്യത്യസ്തമായ എന്തോ ഒന്ന് പ്രമേയത്തില്‍ തന്നെ ഉണ്ടെന്നു തോന്നി. പക്ഷെ ആ പുറം ചട്ട പൊട്ടിച് ഒരിക്കലും നോവലിനോ കഥാ പാത്രത്തിനോ പുറത്തു കടക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് പ്രതീക്ഷിച്ചു പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടും ഒന്നുമേ വന്നതില്ല. പുനര്‍ ജന്മം, tarot card, witch craft എന്നിങ്ങനെ പല വിഷയങ്ങള്‍ പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. പക്ഷെ ഉപരിപ്ളവങ്ങളായ ചില പരാമര്‍ശ്ങ്ങള്‍ക്കപ്പുറാം എങ്ങുമെത്താതെ പോകുന്ന വിഷയങ്ങള്‍ . പുസ്തകത്തിന്റെ തുടക്കത്തില്‍ കൊയ്ലോ പറയുന്നുണ്ട് ഈ പുസ്തകത്തില്‍ പറയുന്നത് മുഴുക്കെ ബ്രൈഡ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഞാനൊരു കൂട്ടിചേര്‍ക്കലും നടത്തിയിട്ടില്ല എന്ന്. എങ്കില്‍ പിന്നെ താങ്കള്‍ എന്തിനിത് എഴുതി? എനിക്ക് തോന്നുന്നത് തുടക്കത്തില്‍ തന്ന അദ്ദേഹം ഒരു 'excuse' എടുത്തതാവണം. പല ഐടി വംപന്മാരുടെയും ഇഷ്ട എഴുത്തുകാരനാണ്‌ Paulo Coelho. വെറുതെ നുണഞ്ഞു മറന്നു കളയാവുന്ന പഞ്ചാര മിട്ടായികള്‍ തരുന്നത് കൊണ്ടാവണം.

5) The Davinci code - Dan brown

ആത്മഹത്യ ചെയ്തൊരു സുഹൃത്ത് പണ്ടൊരു ദീപാവലി സമ്മാനമായി തന്നതായിരുന്നു ഈ പുസ്തകം. അതും Special illustrated edition. ഒരുപാട് നാളുകള്‍ക്കു ശേഷം ലളിതമായ എന്തെങ്കിലും വയ്ക്കണം എന്ന തോന്നലിനെ തുടര്‍ന്നാണ്‌ ഇത് വായിച്ചു തുടങ്ങിയത്. നല്ലൊരു ത്രില്ലെര്‍ .ആദ്യാവസാനം അത് നില നിര്‍ത്തുന്നും ഉണ്ട്. മനുഷ്യ കുലം കണ്ടത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ കഥകളും മിത്തുകളും ഉള്ളത് ക്രിസ്തുവിനെ കുറിച്ചാണ്. അതില്‍ ഒന്നിനെ വളരെ രസകരമായി കൈകാര്യം ചെയ്യുന്നുണ്ട് പുസ്തകം. അത് പറയുവാനായി ഒരുക്കി കൊണ്ട് വരുന്ന പ്ളോട്ടിലാണ് കഥയുടെ രസച്ചരടിരിക്കുന്നത്. അടുത്ത കാലങ്ങളില്‍ ഏറ്റവും വേഗത്തില്‍ വായിച്ചു തീര്‍ന്നൊരു പുസ്തകം. Name of the Rose ല്‍ പരാമര്‍ശിക്കപ്പെടുന്ന പലതും ഇതിലും കടന്നു വരുന്നു. പക്ഷെ ചര്‍ച്ചകളും ചിന്തകളും മറ്റൊരു തലത്തിലാണെന്ന് മാത്രം. 'Secret of the holy grail' വളരെ നന്നായി അവതരിപ്പിക്കുന്നു. പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പല കാര്യങ്ങളെ കുറിച്ചും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള വഴി തുറന്നു തരുവാനും പുസ്തകം സഹായിച്ചു.

ഇനി അബദ്ധത്തെ കുറിച്ച്. പുസ്തകം കയ്യില്‍ ഉള്ളതിനാല്‍ അത് വായിച്ചിട്ട് സിനിമ കണ്ടാല്‍ മതി എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. വായിച്ച തീര്‍ന്ന ആവേശം വിടാതെ സിനിമ കണ്ടു. എന്‍റെ രണ്ടു മണിക്കൂര്‍ വെറുതെ പോയി. വീണ്ടും പുസ്തകം എവിടെ സിനിമ എവിടെ? അത് കൊണ്ട് Name of the Rose ല്‍ ഇ അബദ്ധം ആവര്‍ത്തിക്കാതെ ഞാന്‍ ശ്രദ്ധിച്ചു.

6) On the Road - Jack Kerouac

യാത്ര, അത് ജീവിതത്തില്‍ ആകട്ടെ, പുസ്തകത്തില്‍ ആകട്ടെ, സിനിമയില്‍ ആകട്ടെ എന്നും എന്‍റെ ഇഷ്ട വിഷയമാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഈ പുസ്തകം മുഴുക്കെ യാത്രയാണ്. റോഡ്‌ യാത്ര. Jack Kerouac നടത്തിയ, അല്ലെങ്കില്‍ അയാള്‍ ജീവിച്ച ജീവിതം തന്നെയാണീ യാത്രകള്‍ . പേരുകള്‍ മാറ്റി ചില സംഭവങ്ങള്‍ ചെറുതായി മാറ്റി അതെ പടി അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് നടത്തിയ ഒരു നീണ്ട ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഞാനിത് വായിച്ചു തുടങ്ങിയത്. പിന്നെ നീണ്ട തിരക്കുകള്‍ക്കിടയില്‍ ഒരുപാട് സമയം എടുത്താണ് വായിച്ചു തീര്‍ത്തത്. ഈ നോവലിന്റെ ആദ്യ പ്രതി മൂന്ന് ആഴ്ചകള്‍ കൊണ്ട് 120 അടി നീളമുള്ള ഒറ്റ ടെലി ടൈപ്പ് പപരില്‍ ആണ് ടൈപ്പ് ചെയ്തത്. ചിന്തകള്‍ക്കും ടൈപിങ്ങിനും തടസ്സം ഉണ്ടാകാതിരിക്കാന്‍ ആണത്രേ Jack ഇങ്ങനെ ചെയ്തത്. 1940-50 കാലഘട്ടങ്ങളില്‍ അമേരിക്കന്‍ യുവത്വത്തിന്റെ ജീവിത രേഖകലാണീ നോവല്‍. 'Beat generation' എന്നറിയപ്പെട്ടിരുന്ന അരാജകത്വവും മയക്കു മരുന്നുകളും ലൈംഗികതയും നിറഞ്ഞു വാണിരുന്ന ഒരു കാലം. യാതൊരു ലക്ഷ്യങ്ങളും ഇല്ലാതെ അവര്‍ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. അഥവാ യാത്ര തന്നെയാകുന്നു അവരുടെ ലക്ഷ്യവും. ഇടയ്ക്ക് പണമില്ലാതെ വരുന്നു. എന്ത് ജോലിയും ചെയ്യുവാന്‍ തയ്യാറായി അവര്‍ .യാത്ര അവരെ പലപ്പോളും മിസ്ടിക്കുകള്‍ ആക്കുന്നു. ഒരിടത്ത് അവര്‍ പറയുന്നു:
'the one thing that we yearn for in our living days, that makes us sigh and groan and undergo sweet nauseas of all kinds, is the remembrance of some lost bliss that was probably experienced in the womb and can only be reproduced (though we hate to admit it) in death '
പുറത്തിറങ്ങിയപ്പോള്‍ വലിയ ശ്രദ്ധ കിട്ടിയില്ലെങ്കിലും പതിയെ മോഡേണ്‍ ക്ലാസ്സിക് എന്ന നിലയിലെയ്ക്കുയര്‍ന്ന പുസ്തകം. ഒരു നീണ്ട യാത്രയുടെ അനുഭവമായിരുന്നു എനിക്കീ പുസ്തകം.
ഞാന്‍ കണ്ട മികച്ച യാത്രാ സിനിമകളില്‍ ഒന്നായിരുന്നു 'Motorcycle diaries'. ചെഗുവേരയുടെ ഡയറിയെ ആധാരമാക്കി എടുത്തത്. Walter Salles ആയിരുന്നു സംവിധായകന്‍ . അദ്ദേഹത്തിന്റെ പുതിയ ചിത്രം 'On the road - based on the book by Jack Kerouac'. Hmm, I am hopping something good.

7) The Shack - William Young

ബുക്ക്‌ സ്ടാളുകളിലെ അന്വേഷനങ്ങള്‍ക്കിടയില്‍ എപ്പോളും പുതിയത് ഇത് വരെ കേട്ടിട്ടില്ലാത്ത എന്തെങ്കിലും, അല്ലെങ്കില്‍ പുതിയ എഴുത്തുകാര്‍ എന്തെഴുതുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്നൊക്കെ ഞാന്‍ അന്വേഷിച്ചു നടക്കാറുണ്ട്. ഈ പുസ്തകം 'The #1 new york times best seller, over one million copies in print' എന്നാണു കണ്ടത്. പിന്കുറിപ്പ് വായിച്ചപ്പോള്‍ ഒരു thriller cum religious psychological journey എന്നാണു തോന്നിയത്. ആധുനിക കാലത്തെ പോസ്റ്റ്‌ മോഡേണ്‍ ആത്മീയത എങ്ങിനെ ഉണ്ടാകാം എന്നറിയാനുള്ള ആഗ്രഹം കൊണ്ട് വായിച്ചു തുടങ്ങി. തുടക്കം ഗംഭീരമായിരുന്നു. ഒരു വിനോദ യാത്രയ്ക്കിടയില്‍ ഒരച്ഛനു തന്റെ ഇളയ മകളെ നഷ്ടപ്പെടുന്നു. അവളെ പിന്നീടു വനാന്തരങ്ങളിലുള്ള ഒരു ചെറിയ വീട്ടില്‍ (Shack) വെച്ച് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. അതോടെ അയാള്‍ ആകെ തകര്‍ന്നു ദൈവ വിശ്വാസം മുഴുക്കെ നഷ്ടപ്പെട്ട് ആര്‍ക്കൊക്കെയോ വേണ്ടി ജീവിതം തള്ളി നീക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്ധ്യക്ക്‌ അയാള്‍ക്കൊരു കുറിപ്പ് കിട്ടുന്നു. വീണ്ടും ആ Shack ലേയ്ക്ക് ക്ഷണിച്ചു കൊണ്ട്. ഒരുപക്ഷെ അത് ആ കൊലപാതകി ആയിരിക്കാം അല്ലെങ്കില്‍ ദൈവം ആയിരിക്കാം. അയാള്‍ ഒരു തണുത്ത വൈകുന്നേരം തന്റെ ഭീകര സ്വപ്നങ്ങളുടെ ആ വനാന്തരത്തിലെയ്ക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു. ഒറ്റയ്ക്ക്. അവിടം വരെ നോവല്‍ വളരെ നന്നായി തോന്നി. ആ കാട്ടില്‍ വെച്ച്, തന്റെ മകള്‍ കൊല്ലപ്പെട്ട ആ വീട്ടില്‍ വെച്ച്, അയാള്‍ ദൈവത്തെ കണ്ടു മുട്ടുന്നു. ദൈവം എന്ന് പറഞ്ഞാല്‍ പോസ്റ്റ്‌ മോഡേന്‍ യുഗത്തിലെ ത്രിത്വം. ഒരു ആഫ്രിക്കകാരി സ്ത്രീയായി പിതാവും, ജീന്‍സ് ഇട്ട പുത്രനും സുന്ദരിയായ യുവതിയായി പരിശുദ്ധ ആത്മാവും. അവിടം മുതല്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി ഈ നോവല്‍ . ആശുപത്രി കിടക്കയില്‍ ശരീരത്തിലൂടെ കിനിഞ്ഞിറങ്ങുന്ന ഗ്ളൂക്കോസുമായി കിടന്നാണ് ഞാന്‍ Mack എന്ന കഥാനായകനും ദൈവവുമായുള്ള തര്‍ക്കങ്ങള്‍ കേട്ടു നിന്നത്. എന്നെ സംബന്ധിച്ചിടത്തോളം എങ്ങുമെത്താതെ പോയ ചര്‍ച്ചകള്‍ . Mack അതോടെ മാനസാന്തരപ്പെട്ടു. ഒരുപാട് പേരുടെ ജീവിതത്തില്‍ ഈ പുസ്തകം മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് എഴുതിക്കണ്ടു. എന്‍റെ മാനസാന്തരത്തിനും മാറ്റത്തിനും കുറേക്കൂടി തീവ്രമായ ദൈവവും തര്‍ക്കങ്ങളും വേണമെന്ന് തോന്നുന്നു.

8) Urban shots - Edited by Paritosh Uttam

ഇന്ത്യന്‍ നഗര ജീവിതത്തെ കുറിച്ചുള്ള, 13 നവയുഗ എഴുത്തുകാരുടെ 29 കഥകള്‍ . പുസ്തകത്തിനു 145 രൂപ മാത്രമേ വിലയുള്ളൂ. അതായിരുന്നു എന്നെ ആകര്‍ഷിച്ച ആദ്യ ഘടകം. മുംബൈ, ഡല്‍ഹി, പൂനെ, ഹൈദേരബാദ്, ചെന്നൈ, ബാങ്കളൂര്‍ എന്നിങ്ങനെ എനിക്ക് പരിചയമുള്ള ചില നഗരങ്ങളെ പറ്റിയുള്ള കഥകള്‍ ബന്ധങ്ങള്‍ , പ്രണയം, സൌഹൃദം, കാത്തിരിപ്പ് എന്നിങ്ങനെ കഥകളെ പലതായി വിഭജിച്ചിട്ടും ഉണ്ട്. ഇന്ത്യന്‍ നവ എഴുത്തുകാര്‍ എന്തെഴുതുന്നു എന്നൊക്കെ അറിയുവാനുള്ള ആകാംക്ഷയാണ്‌ ഇത് വായിക്കാന്‍ പ്രേരിപ്പിച്ചത്. നാല് കഥകള്‍ക്കപ്പുറത്തെയ്ക്കു എന്റെ വായന നീങ്ങിയില്ല. കഥകള്‍ കേവലം പൈങ്കിളിയുടെ നിലവാരം വിട്ടു ഉയരുന്നതായി തോന്നിയുമില്ല. ഒരു നാട്ടിന്‍ പുറത്തുകാരന് എത്രയൊക്കെ ആയാലും നഗര ജീവിതം നാട്യം സമൃദ്ധം എന്ന് മാത്രം തോന്നുന്നത് കൊണ്ട് കൂടിയാവാം. ഉറക്കം വരാതെ കിടക്കുമ്പോള്‍ അല്‍പ്പം പൈങ്കിളി വേണം എന്ന് തോന്ന്ന്നവര്‍ക്ക് പരീക്ഷിക്കാം. പിന്നെ നഗര ജീവികള്‍ക്ക് വിശ്വ സാഹിത്യമായി തോന്നുകയും ചെയ്തേക്കാം.


ഇനിയും ചിലതൊക്കെ വായിച്ചിരുന്നു. 'സക്കറിയയുടെ സമ്പൂര്‍ണ കഥകള്‍ '. ഒക്കെയും പണ്ട് വായിച്ചവ എങ്കിലും ഇടയ്ക്ക് അവിടന്നും ഇവിടന്നും ചിലതൊക്കെ. അത് പോലെ കാക്കനാടന്‍ , ചന്ദ്രമതി, ആനന്ദ് തുടങ്ങിയവരുടെ പ്രിയപ്പെട്ട കഥകള്‍ . പിന്നെ പതിവ് പോലെ മറ്റൊന്നും വായിക്കാനും ചെയ്യാനും തോന്നത്തപ്പോള്‍ 'Sherlock Holmes', അല്പം ആത്മീയത വേണമെന്ന് തോന്നുമ്പോള്‍ ഓഷോ.

ഇടയില്‍ 'The brothers Karamazov' ഒരു 118 പേജ്. പിന്നെ അത് പാതി വഴിയില്‍ മാറ്റി വെച്ചു. 'I love you New york' എന്നൊരു സിനിമ ഉണ്ട്. New york സിറ്റിയിലെ പല പ്രണയ കഥകളാണ് പറയുന്നത്. അതിലെ ഒരു കഥയില്‍ ഒരു കാമുകി, സിനിമ സംഗീതജ്ഞനായ കാമുകന് വായനാ ശീലം ഉണ്ടാക്കാന്‍ വേണ്ടി 'The brothers Karamazov' ആണ് സമ്മാനമായി കൊടുക്കുന്നത്. അയാള്‍ കണക്കു കൂട്ടുന്നത് ഇങ്ങനെയോ മറ്റോ ആണ്. ഒരു പേജ് വായിക്കാന്‍ 10 മിനുറ്റ്. 1045 പേജുകള്‍ . അതായത് 10450 മിനുട്ടുകള്‍ 174 മണിക്കൂറുകള്‍ . 'I am not having that much of time' എന്നോ മറ്റോ പറഞ്ഞു അയാള്‍ കാമുകിയുമായി തെറ്റുകയാനെന്നു തോന്നുന്നു. പുസ്തകത്തിന്റെ വലുപ്പം തന്നെയാണ് എന്നെ പിന്തിരിപ്പിക്കുന്നതും. എങ്കിലും ഒരുനാള്‍ മനോബലം ആര്‍ജിച്ചു ഞാന്‍ തിരിച്ചു വരും. അതുവരെ കരമസോവ് സഹോദരന്മാര്‍ക്ക് എന്‍റെ അലമാരയില്‍ വിശ്രമം. എഴുതി വന്നപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. ഇത്രയും പുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ തിരക്കിനിടയില്‍ ഞാന്‍ വായിച്ചിരിക്കുന്നു.


എല്ലാവര്ക്കും ഒരു മികച്ച വായനാ വര്‍ഷം ആശംസിച്ചു കൊണ്ട്.Share/Bookmark

Wednesday, January 26, 2011

നനയാന്‍ കൊതിച്ച്...ഈ മരവും മണ്ണും മനസ്സും...Share/Bookmark

Sunday, January 23, 2011

അപകടത്തിലെയ്ക്കുള്ള സൂചനകള്‍എന്നിട്ടും ജീവിതത്തിന്റെ നിറം നഷ്ടമായ ആരൊക്കെയോ...
തിരിച്ചു വിളിക്കുന്ന ഒരു സ്വരം കൊതിച്ച്...
വീഴാതെ താങ്ങുന്ന ഒരു കരം കൊതിച്ച്...
മുഖം പൂഴ്ത്തി കരയാനൊരു മാറ് കൊതിച്ച്...
താഴേയ്ക്ക്, മരണത്തിന്റെ മഞ്ഞു പുതച്ച ആഴങ്ങളിലേയ്ക്ക് , നനഞ്ഞലിയാന്‍ മുങ്ങിയിറങ്ങാന്‍ . ആര്‍ക്കറിയാം അങ്ങിനെ ചാടിയ എത്ര പേര്‍ ചിറകു മുളച്ചൊരു പറവയായി പറന്നു നടക്കുന്നുണ്ടാവില്ല എന്ന്?
Share/Bookmark

Wednesday, January 19, 2011

I am REDI cried, "Blessed, blessed are the thieves who stole my masks."

Thus I became a madman.

And I have found both freedom and safety in my madness; the freedom of loneliness and
the safety from being understood, for those who understand us enslave something in us.
--KAHLIL GIBRAN
Share/Bookmark

Friday, January 14, 2011

പണ്ടൊരു ജനുവരിയില്‍ എങ്ങോ ഒരിടത്ത്...
Share/Bookmark

Tuesday, January 11, 2011

എഴുതപ്പെടാത്ത ചില കഥകള്‍
തലേന്ന് ഡല്‍ഹിയില്‍ നിന്നും ഒരു വിമാനം പറന്നു പൊങ്ങിയിരുന്നു. വെളുപ്പാന്‍ കാലത്ത് എന്തിനാവാം അയാള്‍ ഉറക്കമില്ലാതെ കിടന്നത്? പതിവില്ലാതെ എന്തിനാവാം അയാളുടെ ഫോണ്‍ ശബ്ദിച്ചത്? വഴിവിളക്കുകള്‍ അന്ന് നേരത്തെ അണഞ്ഞിരുന്നു. നനുത്ത തണുപ്പില്‍ എന്തിനെന്നില്ലാതെ ഇറങ്ങി നടക്കുമ്പോള്‍ തെരുവ് നായ്ക്കളും അലഞ്ഞു തിരിയുന്ന പശുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെയ്തേക്കാം എന്ന മട്ടില്‍ ആകാശം. അന്ന് പക്ഷെ മഴ പെയ്തത് ഭൂമിയിലെയ്ക്കായിരുന്നില്ല, മനസ്സിലെയ്ക്കായിരുന്നു. ഇനിയും പെയ്തു തീരാതെ, മരുഭൂമിയില്‍ പച്ച മുളപ്പിച്ചു ഇപ്പോളും മഴ.
Share/Bookmark

Saturday, January 8, 2011

ഓര്‍മ്മ, മറവി തുടങ്ങിയ ചിലത്
Share/Bookmark

LinkWithin

Related Posts with Thumbnails