Saturday, December 11, 2010

2010 - എന്റെ സിനിമ അന്വേഷണങ്ങള്‍

അങ്ങിനെ ഞാന്‍ പോലും അറിയാതെ ഒരു വര്‍ഷം കടന്നു പോകുന്നു. ഇത്ര വേഗത്തില്‍ ഒരു വര്‍ഷവും കടന്നു പോയിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു അവസാന സുഹൃത്തും വിട പറഞ്ഞു പോയി ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. പിന്നെ എന്നത്തെയും പോലെ പുസ്തകങ്ങളുടെയും സിനിമകളുടെയും ലോകത്തില്‍... വായിക്കുന്ന ഓരോ പുസ്തകവും കാണുന്ന ഓരോ നല്ല സിനിമയും ഞാന്‍ ജീവിച്ചു തീര്‍ക്കുന്ന ഓരോ ജീവിതങ്ങള്‍ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്.മറ്റാരുടെയോ അനുഭവങ്ങള്‍ നമ്മുടേത്‌ കൂടിയാവുന്നു മറ്റാരുടെയോ സ്വപ്‌നങ്ങള്‍ നാം കൂടി കാണുന്നു. ദിവസവും ഓരോ സിനിമ വീതം കണ്ടു തീര്‍ത്ത ആഴ്ചകള്‍ ഉണ്ടായിരുന്നു. വാരാന്ത്യങ്ങളില്‍ അത് മൂന്ന് വരെ പോയ ദിനങ്ങളും ഉണ്ടായിരുന്നു. കണ്ടു തീര്‍ത്ത ഒരു നല്ല സിനിമയെ പറ്റിയോ വായിക്കുന്ന ഒരു പുസ്തകത്തെ പറ്റിയോ ഉറക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നും, എപ്പോളും. പക്ഷെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരു ചെവിയോ, കേട്ടാലും ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറുള്ള ഒരാളെ കണ്ടെത്തുക വളരെ പ്രയാസമാകുന്നു. മറ്റുള്ളവര്‍ക്ക് താല്പര്യമില്ലത്തെ കാര്യങ്ങള്‍ സംസാരിച്ചു ഒരു ബോറന്റെ വേഷം അണിഞ്ഞു വിഡ്ഢിയാവുന്നതിലും നല്ലത് മൌനം തന്നെയാകുന്നു. എങ്കിലും ബ്ലോഗ്‌ എന്നാ ഈ മാധ്യമം ഒരു പരിധി വരെ ആശ്വാസമാകുന്നു. ഇരുന്നെഴുതാന്‍ സമയമില്ല എന്നത് തന്നെയാകുന്നു പ്രശ്നം.

നല്ല സിനിമകള്‍ കാണുവാന്‍ ദൂരെ ദൂരേയ്ക്ക് യാത്ര ചെയ്തിരുന്ന, കാത്തു കാത്തിരുന്ന കാലങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്പ്. ഒപ്പം ചില കിറുക്കന്‍ സുഹൃത്തുക്കളും. ഇന്നിപ്പോള്‍ ലോക സിനിമകളുടെ ഒരു വംബന്‍ ശേകരം തന്നെയുണ്ട് എന്റെ കയ്യില്‍. പലതും ഇനിയും കണ്ടു തീരാത്തവ. നല്ല സിനിമകളെ കുറിച്ചുള്ള അന്വേഷണത്തിനു എന്നെ എപ്പോളും സഹായിച്ചിട്ടുള്ളത് ചലച്ചിത്ര ബ്ലോഗുകളില്‍ ഞാന്‍ കണ്ടിട്ടുള്ള ലിസ്റ്റുകളും, സിനിമ സംബന്ധിയായ സൈറ്റുകളും ആണ്. അങ്ങിനെയാണ് കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ചില നല്ല സിനിമകളെ കുറിച്ച് എന്തെങ്കിലും എഴുതണം എന്നാ ആഗ്രഹം ഉണ്ടായത്. ഈ ലിസ്റ്റ് ആര്കെങ്കിലും പ്രയോജനപ്പെട്ടേക്കാം. ഇത് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളുടെ ലിസ്റ്റ് അല്ല ഞാന്‍ കണ്ട നല്ല സിനിമകളുടെ ലിസ്റ്റ് മാത്രമാണ്. അല്ലെങ്കിലും നല്ല സിനിമകള്‍ കാലാതീതം ആണല്ലോ.

1) The Double Life of Véronique (French),1991, Krzysztof Kieślowski

ഒരേ രൂപവും മാനസിക തലവുമുള്ള രണ്ടു പേര്‍, അവര്‍ ഒരിക്കല്‍ മാത്രമേ വളരെ ഹ്രസ്വമായി കണ്ടു മുട്ടുന്നും ഉള്ളു അതും കടന്നു പോകുന്ന ഒരു ബസ്സിലെ ഏതോ ഒരു യാത്രക്കാരിയായി. എങ്കിലും അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന, അജ്ഞാതമായ വേദനകളിലൂടെ കൊണ്ട് പോകുന്ന എന്തോ ഒന്ന്. മികച്ച സംവിധാനം, ചായാഗ്രഹണം, സുന്ദരിയായ നായികയുടെ സുന്ദരമായ അഭിനയം, സംഗീതം.


2) Exils
(French), 2004, Tony Gatlif

തന്റെ പൂര്‍വികരുടെ ജന്മ ദേശം കാണുവാനുള്ള കാമുകന്റെ ആഗ്രഹത്തെ തുടര്‍ന്നുള്ള രണ്ടു ബോഹിമിയന്‍ പ്രണയികളുടെ യാത്ര. Tony Gatlif ന്റെ സിനിമകള്‍ മിക്കതും യാത്ര എന്ന പ്രമേയത്തെ( എന്റെ ഇഷ്ട വിഷയവും) അടിസ്ഥാനമാക്കിയുള്ളതാണ്. നാടന്‍ സംഗീതം മുതല്‍ ഇലക്ട്രോണിക് സംഗീതം വരെയുള്ളവയുടെ മികച്ച വിന്യാസവും. Romain Duris എന്ന അസാമാന്യ അഭിനയ പ്രതിഭയെ കുറിച്ചുള്ള അന്വേഷണം ആണ് എന്നെ ഈ ചിത്രത്തില്‍ എത്തിച്ചത്.

3) Nuovo Cinema Paradiso(Italy), 1988, Giuseppe Tornatore

കുറെ കാലമായി ഈ സിനിമയുടെ പേര് എവിടൊക്കെയോ കേള്‍ക്കാരുണ്ടെങ്കിലും പഴയ ഏതോ ബ്ലാക്ക്‌ & വൈറ്റ് സിനിമയാണ് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. സൌഹൃദത്തെ, സിനിമയെ ഇത്രമാത്രം ആഘോഷിക്കുന്ന ഒരു സിനിമയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആ കുഞ്ഞും സിനിമ ഒപ്പരെട്ടരും തമ്മിലുള്ള നിഷ്കളങ്ക സൌഹൃദം എന്നും ഒരു നനുത്ത ഓര്‍മ്മയായി നമ്മെ പിന്തുടരുന്നു.

4) Malèna(Italy), 2000, Giuseppe Tornatore

ഒരു കൌമാരക്കാരന്റെ മലേന എന്ന സ്ത്രീയോടുള്ള ലൈംഗിക ആകര്‍ഷണം അവനെ ഒരു ഒളിഞ്ഞു നോട്ടക്കാരനാക്കുന്നു. അവന്റെ കണ്ണുകളിലൂടെ മലെനയുടെ ജീവിതം, സാമൂഹിക അവസ്ഥകള്‍, സമൂഹത്തിന്റെ മാന്യത എന്ന മൂടുപടം ഒക്കെയും നാം കാണുന്നു. അതി മനോഹരമായ ക്ലൈമാക്സും കഥ പറച്ചിലിന്റെ രീതിയുമാണ് എനിക്കിത് പ്രിയങ്കരമാക്കിയത്.

5) Run Lola Run(German), 1998, Tom Tykwer

വ്യത്യസ്തമായ ഏതു ചിന്തയും സിനിമ പരീക്ഷണവും എനിക്കിഷ്ടമാണ്. ഇത് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു സിനിമയാണ്. തന്റെ കാമുകനെ രക്ഷിക്കാനായി ലോല നടത്തുന്ന ഓട്ടത്തിന്റെ കഥ. മൂന്ന് ഓട്ടങ്ങള്‍ അവള്‍ നടത്തുന്നു. ഒരേ കഥാ പാത്രങ്ങള്‍, ഒരേ സ്ഥലങ്ങള്‍, ഒരേ സാഹചര്യങ്ങള്‍ പക്ഷെ മൂന്ന് സാധ്യതകള്‍, മൂന്ന് പരിണിത ഫലങ്ങള്‍.

6) Caché (French), 2005, Michael Haneke

അവരുടെ ദൈനം ദിന ജീവിതത്തിന്റെ, അവരറിയാതെ ഷൂട്ട്‌ ചെയ്ത വീഡിയോ ടേപ്പ്കള്‍ എത്തുന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങള്‍. ചലച്ചിത്രം നമ്മുടെ മുന്‍പില്‍ ഉന്നയിക്കുന്ന വ്യക്തമായ ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

7) Life of others(German), 2006, Florian Henckel von Donnersmarck

1984 ബെര്‍ലിനില്‍ ഒരു എഴുത്തുകാരന്റെയും കാമുകിയുടെയും ജീവിതം നിരീക്ഷിക്കാന്‍ വിനിയോഗിക്കപ്പെട്ട രഹസ്യ പോലീസ് ഉധ്യോഗസ്ഥന്‍. അവരുടെ ജീവിതം അയാളില്‍ ചെലുത്തുന്ന സ്വാധീനം. പിന്നെ അതിന്റെ പരിണിത ഫലങ്ങള്‍. ജര്‍മ്മന്‍ രാഷ്ട്രീയം സാഹിത്യം പിന്നെ ജീവിതങ്ങളും അവയുടെ ഉത്തരമില്ലാത്ത പരിണിതികളും.

8) Gegen die Wand(German), 2004, Fatih Akın

സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും വേണ്ടി അന്വേഷിച്ചു കൊണ്ടേയിരിക്കുന്ന കഥാപാത്രങ്ങള്‍. അവര്‍ കണ്ടു മുട്ടുന്നത് തന്നെ പരാജയപ്പെടുന്ന ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആണ്. പിന്നെ പ്രണയം, കാത്തിരുപ്പ്, പ്രവചനാതീതമായ ജീവിതം. (ലക്ഷ്യവും ജീവിക്കാന്‍ ഒരിടവും നഷ്ടപ്പെട്ട പരദേശിയായി, അഭയാര്‍ഥിയായി അലഞ്ഞു നടന്ന കാലത്താണ് ഞാനിത് കണ്ടത്. അതാവാം ഓര്‍മ്മകളില്‍ ഇന്നുമീത് ഇത്ര സജീവം. ജീവിക്കാന്‍ ഒരിടം തന്ന വേണു, നിനക്ക് നന്ദി. )

9)Tess, 1979, Roman Polanski

തോമസ്‌ ഹാര്‍ഡിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ. ഹാര്‍ഡിയുടെ നോവലുകള്‍ പോലെ തന്നെ നീണ്ട ഒരു സിനിമ. 19 നൂറ്റാണ്ടിലെ England, ടെസ്സിന്റെ നിസ്സഹായമായ ജിവിതം. മനോഹരമായ കഥ പറച്ചില്‍.

10) The reader, 2008, Stephen Daldry

Bernhard Schlink ന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയ ചിത്രം. ജീവിതത്തില്‍ നാം ചിലരെ കണ്ടു മുട്ടുന്നു, വല്ലാതെ അടുക്കുന്നു പിന്നെ എവിടെയ്കെന്നറിയാതെ നാം അവ നഷ്ടപ്പെടുത്തുന്നു. പിന്നെയും എവിടെയോ വെച്ച ഓര്‍ക്കാപ്പുറത്ത് കണ്ടെത്തുന്നു. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു സ്ത്രീയുടെയും അവരുടെ ജീവിതത്തില്‍ എത്തിപ്പെടുന്ന ഒരു കൌമാരക്കരന്റെയും കഥ. അവരുടെ ജീവിതത്തിലെ പല കാലങ്ങളിലൂടെ. പിന്നെ ആര്‍ക്കുമാരിയാത്ത ചില രഹസ്യങ്ങളുടെയും. ആ രഹസ്യത്തിന് ആ സ്ത്രീ പകരം വയ്ക്കുന്നത് അവരുടെ ജീവിതം തന്നെയാണ്.

11) A good year, 2006, Ridley Scott

ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടായപ്പോള്‍ ആണ് അയാള്‍ അറിഞ്ഞത് തനിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്താണെന്ന്. തിരക്കുകളില്‍ കിടന്നു നട്ടം തിരിയുന്ന ഞാന്‍ വെറുതെ മോഹിക്കുന്നു ആ മുന്തിരി തോട്ടങ്ങളും നാട്ടിന്‍ പുറങ്ങളും ഒഴിഞ്ഞ മണ്ണ് റോഡുകളും.


12) The Wrestler, 2008, Darren Aronofsky

റിട്ടയര്‍ ചെയ്യേണ്ട കാലം കഴിഞ്ഞിട്ടും, ആരോഗ്യം നശിച്ചിട്ടും തന്റെ സ്വത്വത്തിന്റെ ഭാഗമായി പോയ wrestling നോട് വിട പറയാനാവാതെ ഉഴറുന്ന മനുഷ്യന്‍. സ്നേഹവും കരുതലും ആഗ്രഹിക്കുംപോലും അതിനോന്നിനും ആകാതെ ഒറ്റപ്പെട്ടു പോകുന്ന അയാള്‍. Wrestling ഒരിക്കലും എനിക്ക് പ്രിയപ്പെട്ടതല്ല. അതിനാല്‍ തന്നെ ഇത് കാണാതെ ഒരുപാട് കാലം മാറ്റി വെച്ചതുമാണ്. എങ്കിലും ഈ Wrestler ഉടെ ജീവിതം എവിടൊക്കെയോ എന്നെ നോവിക്കുന്നു.

13) Transylvania(French), 2006, Tony Gatlif

വീണ്ടും ഒരു യാത്രയുടെ കഥ. തന്റെ കൂട്ടുകാരിയോടൊപ്പം Transylvania യില്‍ എത്തുന്ന നായികയ്ക്ക് അതൊരു വെറും യാത്രയല്ല, തന്റെ നഷ്ട കാമുകനെ കണ്ടെത്തുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. ദയനീയമായി കാമുകനാല്‍ വീണ്ടു ഉപേക്ഷിക്കപ്പെടുന്ന അവള്‍ തെരുവില്‍ കണ്ട ഒരു കുട്ടിയോടൊപ്പം മറ്റൊരു യാത്ര തുടങ്ങുന്നു.14) Les poupées russes(French), 2005, Cédric Klapisch

Spanish Apartment എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. ഒന്നാം ഭാഗത്തേക്കാള്‍ എനിക്കിഷ്ടമായത് ഇതാണ്. Xavier എന്ന യുവാവിന്റെ ചിന്താ കുഴപ്പങ്ങള്‍ കുറെയൊക്കെ എന്റേത് കൂടി ആയതു കൊണ്ടാവാം ഈ ഇഷ്ടം. നഷ്ടപ്പെടുത്താനും വയ്യാതെ സ്വീകരിക്കാനും ആകാതെ ബന്ധങ്ങളുടെ കുരുക്കുകളില്‍ ഉഴറുന്നു അയാള്‍.( Romain Duris എന്റെ ഈ വര്‍ഷത്തെ കണ്ടെത്തല്‍ ആയിരുന്നു)


15) Time crimes(Spanish), 2007, Nacho Vigalondo

സയന്‍സ് ഫിക്ഷന്‍ സിനിമയാണിത്. എന്നാല്‍ ഹോളിവുഡ് സിനിമകളിലെ പോലെ ഗിമ്മിക്കുകള്‍ കാണിച്ചല്ല ഇവിടെ കഥ പറയുന്നത്. ഒരു സാധാരണ മനുഷ്യന്‍ സമയത്തില്‍ ഒരു മണിക്കൂര്‍ പുറകോട്ടു സഞ്ചരിക്കുന്നു, ഒരു ഗവേഷകന്റെ സഹായത്തോടെ. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങള്‍ ഒരു ത്രില്ലെറിന്റെ ചടുലതയോടെ. അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍. ഒഴിവാക്കാന്‍ ആവാത്ത ചില കുറ്റകൃത്യങ്ങള്‍.

16) The beat that my heart skipped(French), 2005, Jacques Audiard


എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നത്തിന്റെയും, എപ്പോഴും പിന്നിലേയ്ക്ക് പിടിച്ചു വലിക്കുന്ന യാഥാര്‍ത്യങ്ങളുടെയും ഇടയില്‍ കിടന്നു പിടയുന്ന ടോമിന്റെ കഥ. റിയല്‍ എസ്റ്റിന്റെ ചെളിക്കുണ്ടുകളില്‍ ജീവിക്കുന്ന അയാളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പിയാനിസ്റ്റ്‌ ആവുക എന്നത് പക്ഷെ അയാളുടെ പിതാവും സാഹചര്യങ്ങളും അയാളെ പിന്തിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അയാളുടെ സ്വപ്നം സഫലമാകുമോ?


ലിസ്റ്റ് പൂര്‍ണ്ണമല്ല. ഓര്‍മ്മയില്‍ വന്ന ചിലത് എഴുതി എന്ന് മാത്രം. വീണ്ടും എഴുതണം. ഈ ലിസ്റ്റില്‍ ചില പേരുകളും ഭാഷയും ആവര്‍ത്തിച്ചു വരുന്നുണ്ട്. അതെന്റെ അന്വേഷണത്തിന്റെ രീതി കൊണ്ട് കൂടിയാണ്. ഒരു സിനിമ കാണുന്നു. അതിന്റെ സംവിധായകന്റെയോ, അഭിനെതാക്കളുടെയോ, ഭാഷയുടെയോ, പ്രമേയത്തിന്റെയോ പുറകെ പോകുന്നു. അങ്ങിനെ എന്റെ സിനിമ കാഴ്ചകള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നു. ഇല്ലാത്ത സമയം ഉണ്ടാക്കി കാണുന്നതാണിവ. അതിനാല്‍ തന്നെ വെറുതെ ചില ചവറുകള്‍ കണ്ടു സമയം കളയാന്‍ വയ്യ.
മറ്റാര്‍ക്കെങ്കിലും ഇവ പ്രയോജനം ആയേക്കും എന്ന വിശ്വാസത്തോടെ.

Share/Bookmark

Sunday, November 21, 2010

ഇരുളായിരുന്നു ഏറെ കാലം
എങ്കിലും എങ്ങോ ഒരു വെളിച്ചം കണ്ടേക്കാം എന്ന പ്രതീക്ഷയില്‍...
Share/Bookmark

Saturday, June 12, 2010

വഴികള്‍ നഷ്ടമാകുന്ന വഴികള്‍

രാത്രിയുടെ ഏതോ യാമത്തില്‍ മനസ്സ് സ്വപ്നങ്ങളുടെ തീരത്ത് കൂടി അലഞ്ഞു നടക്കുകയായിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തില്‍ വാതിലില്‍ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഞരങ്ങുന്ന കട്ടിലില്‍ ചെവിയോര്‍ത്തു കിടന്നു. ഇല്ല അനക്കം ഒന്നുമില്ല. ക്ലോക്കിന്റെ ശബ്ദം മാത്രം. പുറത്തെ ഇരുട്ടില്‍ എന്ത് അജ്ഞാത ശബ്ദം ആണാവോ എന്നെ ഉണര്‍ത്തിയത്? അങ്ങിനെ ഓര്‍ത്ത്‌ കിടന്നപ്പോള്‍ വീണ്ടും വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടു. ഞാന്‍ പതുക്കെ എഴുന്നേറ്റു. ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയതിന്റെ പരാതി പോലെ കട്ടില്‍ കിടന്നു ഞരങ്ങി. ഞാന്‍ വാതില്‍ തുറന്നു. വാതിക്കല്‍ ജൊസഫ്. ആ തണുപ്പിലും അയാള്‍ നിന്ന് വിയര്‍ത്തു. ആകാശത്തിലെ പോലെ ഭൂമിയിലും നക്ഷത്ത്രങ്ങള്‍ പിറക്കുന്ന കാലമായിരുന്നു അത്.

വീടിനു മുന്‍പിലെ പച്ച നക്ഷത്രത്തിന്റെ വെളിച്ചം വിയര്‍പ്പു ചാലുകള്‍ക്കൊപ്പം ജോസഫിന്റെ കഴുത്തില്‍ കൂടി താഴേയ്ക്ക് ഒലിച്ചിറങ്ങി. ആകെ തകര്‍ന്നു, നിരാശയുടെ നരകത്തില്‍ വീണു പോയവനെ പോലെ അയാള്‍ നിന്നു.
"നീയെന്താ ഈ പാതിരാത്രിയില്‍? "

ഒന്നുമേ മിണ്ടാതെ അയാള്‍ നിന്നു കരഞ്ഞു. അപ്പോളാണ് മഞ്ഞു പെയ്യുന്ന രാത്രിയിലാണ് അയാള്‍ നില്‍ക്കുന്നത് എന്നാ ബോധം എനിക്കുണ്ടായത്. ഞാന്‍ അയാളെയും കൂട്ടി അകത്തേയ്ക്ക് നടന്നു. കസേരയില്‍ ചാരിയിരുന്നു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ മുഖം പൊത്തി കരഞ്ഞു.
"എന്ത് പറ്റി? കരയാതെ കാര്യം പറ"

കണ്ണീരടക്കാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു അയാള്‍ പറഞ്ഞു:
"എന്റെ വീടും അങ്ങോട്ടുള്ള വഴിയും ഒന്നും കാണാനില്ല. ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ അന്വേഷിക്കുന്നതാണ്. അന്വേഷിക്കുന്നവ ഒഴികെ ബാക്കിയെല്ലാം അത് പോലുണ്ട്. പക്ഷെ അവിടുത്തെ ആളുകള്‍ എല്ലാം മാറിയിരിക്കുന്നു. രാവിലെ ഞാന്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരൊന്നും അവിടെയില്ല. ഇപ്പോള്‍ ഉള്ളവരെ ഒന്നും ഞാന്‍ അറിയില്ല. അവര്‍ക്ക് എന്നെയും. ഞാന്‍ വഴി ചോദിച്ചവര്‍ എല്ലാം ഒരു ഭ്രാന്തനെ പോലെ എന്നെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോയി. എനിക്ക് വയ്യ. "
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആകാതെ അയാള്‍ വിതുമ്പി.

എല്ലാം കേട്ട് ഞാന്‍ ചോദിച്ചു:
"ജൊസഫ്, നീ കുടിച്ചിട്ടുണ്ടോ? വഴിയോ വീടോ ആളുകളോ ഒന്നും കാണാതെ ആയതായിരിക്കില്ല. നീ അന്വേഷിച്ചത് മറ്റെവിടെയെങ്കിലും ആയിരിക്കും. എല്ലാം ആ പഴയ സ്ഥലത്ത് തന്നെ കാണും. വേറെ എവിടെങ്കിലും അന്വേഷിച്ചിട്ട് വെറുതെ... "
"നീയും എന്നെ വിശ്വസിക്കുന്നില്ലേ?" ആകെ തകര്‍ന്നു അയാള്‍ പറഞ്ഞു. "നീയും വാ നമുക്കിപ്പോള്‍ തന്നെ പോയി അന്വേഷിക്കാം അപ്പോള്‍ നിനക്ക് വിശ്വാസമാകും"

ഓരോരോ ശല്യങ്ങള്‍. അവന്റെ നിര്‍ബന്ധം സഹിക്കാതെ ഉടുപ്പെടുത്തിട്ടു മഞ്ഞു നിറഞ്ഞ തണുത്ത രാത്രിയിലൂടെ ഞാന്‍ അയാള്‍ക്കൊപ്പം ഇറങ്ങി നടന്നു. രണ്ടു പേരും ഒന്നും മിണ്ടിയില്ല.

വഴി വിളക്കുകളുടെ മഞ്ഞ വെളിച്ചത്തില്‍ ആരെയോ കാത്തെന്നെ പോലെ വഴികള്‍ അവസാനമില്ലാതെ കിടന്നു. വഴിക്കിരുപുറത്തെയും മരങ്ങളും കെട്ടിടങ്ങളും ഉറക്കം തൂങ്ങി നിന്നു. കെട്ടിടങ്ങള്‍ക്ക് മുന്നിലെ കൃത്രിമ നക്ഷത്രങ്ങള്‍ എന്തിന്റെയോ സ്മരണയും പേറി കാലത്തെ പോലെ കണ്മിഴിച്ചു നിന്നു.

എന്റെ മനസ്സ് അപ്പോള്‍ മറെതോ വഴിയിലൂടെ നടക്കുകയായിരുന്നു. ഞാനിങ്ങനെ ജീവിതം മുഴുക്കെ എന്തോ തിരഞ്ഞു നടക്കുയായിരുന്നു. ഇപ്പോഴിതാ കാണാതെ പോയി എന്ന് പറയപ്പെടുന്ന ഒരു വഴിയും വീടുമാന്വേഷിച്ചു ഈ രാത്രിയിലുംതെരച്ചില്‍ തുടരുന്നു. എല്ലാവരും അന്വേഷണങ്ങള്‍ താല്‍കാലികമായി നിര്‍ത്തി ഉറങ്ങുംപോളും പലരും നടന്ന ഇനിയും നടക്കാനുള്ള വഴികളിലൂടെ ഞാന്‍ എന്റെ അന്വേഷണം തുടരുന്നു. മനുഷ്യര്‍ മുഴുക്കെ ഒരു വലിയ യാത്രയിലാനെന്നെനിക്ക് തോന്നി. ഭൂരിപക്ഷവും ആരോ സൃഷ്ടിച്ച, പലരും നടന്നു ഉറച്ചു പോയ വഴികളിലൂടെ യാത്ര ചെയ്യുന്നു. എന്നാല്‍ ചിലര്‍ പുതിയ വഴികളുണ്ടാക്കി അവയിലൂടെ നടക്കുന്നു. അവരെയും പിന്തുടര്‍ന്ന് ആരൊക്കെയോ. വഴികളും കാലവും ഒരുപോലാണ്. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ. മനുഷ്യന്‍ ആദ്യമേ കണ്ടെത്തുന്നത് വഴികളാണ്. മനസ്സിന്റെ, ശരീരത്തിന്റെ, യുക്തിയുടെ അങ്ങിനെ പലതിന്റെയും വഴികള്‍. പിന്നെ ആ വഴികളിലൂടെ മുന്നോട്ടു പോകാനുള്ള പരാക്രമങ്ങള്‍. ലക്‌ഷ്യം അറിയാതെ എങ്ങോട്ടോ ഉള്ള യാത്രകള്‍. യാത്ര തുടരുമ്പോള്‍ കണ്മുന്നില്‍ വന്നു പെടുന്നവ എല്ലാം തടസ്സങ്ങളാണ്. ഒപ്പം നടക്കുന്നവരെ മുന്‍പേ പോയവരെ ഒന്നുമറിയാതെ ഓര്‍ക്കാന്‍ സമയമില്ലാതെ അലച്ചിലുകള്‍. വ്യക്തിയുടെ നിലനില്‍പ്പിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന സമൂഹങ്ങള്‍. താല്‍കാലിക ഒത്തു തീര്‍പ്പുകള്‍.

ചിന്തകള്‍ അങ്ങിനെ പിടിവിട്ടു പറക്കുമ്പോള്‍ ആണ് എന്നെ യാഥാര്ത്യത്തിലേക്ക് ഉണര്‍ത്തി ഒരു ലോറി ഇരുട്ടിനെയും നിശ്ശബ്ധതയെയും കീറിമുറിച്ചു കടന്നു പോയത്. നടക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഒപ്പം നടന്നിരുന്ന ജോസഫിനെ ഞാന്‍ തിരിഞ്ഞു നോക്കി. ഞെട്ടിപ്പോയി, അയാളെ കാണാനില്ല. എവിടെ വെച്ചാണ് അയാള്‍ എന്നെ പിരിഞ്ഞത്? അതോ അയാള്‍ കൂടെയുണ്ടായിരുന്നു എന്നത് ഒരു തോന്നല്‍ മാത്രം ആയിരുന്നുവോ? ഞാന്‍ വഴിയരികിലെ ഒരു വിലക്ക് കാലിന്‍ ചുവട്ടില്‍ നിന്നു.

എന്തിനായിരുന്നു മരം കോച്ചുന്ന ഈ തണുപ്പത്ത്, ഈ രാത്രിയില്‍ ഞാന്‍ ഇറങ്ങി നടന്നത്? ഇറങ്ങിയത്‌ ജോസഫിന്റെ ഒപ്പം ആയിരുന്നു. അല്ലെങ്കില്‍ അവനാണ് എന്നെ ഇറക്കിയത്. അവന്റെ കാണാതെ പോയ വീടും വഴിയും കണ്ടു പിടിക്കാന്‍. എന്നിട്ട് അയാളെ തന്നെയും കാണാതെ പോയിരിക്കുന്നു. അതോ എല്ലാമെന്റെ തോന്നലുകള്‍ മാത്രമോ?
എന്തായാലും ജോസഫിന്റെ വീടന്വേഷിച്ച്‌ പോകുക തന്നെ. നടന്നു നടന്നു അയാളുടെ വീടിലെയ്ക്കുള്ള വഴി അടുക്കാറായി. രണ്ടു വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു അത്. കെട്ടിടങ്ങള്‍ മരവിച്ചു നില്‍ക്കുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു. പക്ഷെ അവിടെ എത്തിയപ്പോളാണ് ഞാന്‍ കണ്ടത്, ആ വഴിയിലേയ്ക്കുള്ള തിരിവ് അവിടെയില്ല. ആ കെട്ടിടങ്ങള്‍ക്ക് തമ്മില്‍ ഇടയെയില്ല. ജോസഫിന്റെ വീട്ടിലേയ്ക്കുള്ള വഴിയും അതിനപ്പുറവും ഒന്നുമില്ല. ഞാന്‍ അന്വേഷിച്ചു വന്നവ ഒഴികെ ബാക്കിയെല്ലാം അങ്ങിനെ തന്നെയുണ്ട്. ഞാന്‍ ഞെട്ടി തരിച്ചു നിന്നു. അയാള്‍ പറഞ്ഞത് സത്യമാണ്. ചോദിക്കുവാന്‍ ആണെങ്കില്‍ ആരെയും കാണുവാനുമില്ല, കെട്ടിടങ്ങള്‍ ഉപേക്ഷിച്ച ചവറു കൂനകള്‍ക്കിടയില്‍ പരതുന്ന തെരുവ് നായകള്‍ ഒഴികെ.

ഒന്നിനുമാകാതെ തളര്‍ന്നു നിന്ന ഞാന്‍ എങ്ങു നിന്നോ സംഭരിച്ച ഊര്‍ജ്ജവുമായി തിരിച്ചു നടന്നു. വേഗത്തില്‍ നീട്ടി വെച്ച കാല്‍ വയ്പ്പുകളോടെ. ചുറ്റും ഉള്ളവയെ ഞാന്‍ അറിഞ്ഞില്ല. എന്റെ ഇന്ദ്രിയങ്ങള്‍ മരവിച്ചു പോയിരിക്കുന്നു. കാലുകള്‍ മാത്രം വേഗത്തില്‍ ചലിച്ചു. നടത്തം ഓട്ടമായി. ഒരു ഭ്രാന്തനെ പോലെ ഞാന്‍ ഓടി. നഷ്ട്ടപെട്ടതെന്തോ തിരിച്ചെടുക്കാന്‍ എന്ന പോലെ. വേഗം എത്തിയില്ലെങ്കില്‍ അത് എന്നേയ്ക്കുമായി നഷ്ടമാകും എന്ന പോലെ.

ഞാന്‍ വൈകിപ്പോയിരുന്നു. വഴിയില്‍ എങ്ങും ഞാന്‍ ജോസഫിനെ കണ്ടില്ല. ഓടിയോടെ ഞാന്‍ വീടിലെയ്ക്കുള്ള തിരിവില്‍ എത്തി. കുറച്ചു മുന്‍പ് ഞാന്‍ കടന്നു പോയ വഴി ശൂന്യതയില്‍ എന്ന പോലെ അപ്രത്യക്ഷം ആയിരിക്കുന്നു. അവിടെ നിറയെ കെട്ടിടങ്ങള്‍. വഴിയുമില്ല വീടുമില്ല. ഞാന്‍ തളര്‍ന്നു വഴിയരികില്‍ കുത്തിയിരുന്നു, ജോസഫിനെ ശപിച്ചു കൊണ്ട്. ഞാന്‍ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നു മറ്റൊരു സ്വപ്നത്തിലേയ്ക്കു നടക്കുകയായിരുന്നു.പക്ഷെ തിരിച്ചു വരാനാകാത്ത വിധം യാധാര്ത്യത്തില്‍ അലിഞ്ഞു സ്വപ്നം ഇല്ലാതെ ആയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ അവിടെ ഇരുന്നു ഞാന്‍ തളര്‍ന്നു ഉറങ്ങിപ്പോയി, ഉറങ്ങരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും.

വിളക്ക് കാലുകളിലെയും നക്ഷത്ര വിളക്കുകളിലെയും വെളിച്ചം അണഞ്ഞു. ഞാന്‍ ഞെട്ടിയുണര്‍ന്നു. വഴിയിലൂടെ ആളുകളും വാഹനങ്ങളും തങ്ങളുടെ ഭ്രാന്തന്‍ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു. അതിലെ നടന്നു വന്ന ഒരാളോട് ഞാന്‍ ഇന്നലെ രാത്രിയില്‍ അവിടെ ഉണ്ടായിരുന്ന ഒരു വഴിയും അതിലെ പോയാല്‍ എത്തുമായിരുന്ന എന്റെ വീടിനെയും കുറിച്ച് അന്വേഷിച്ചു. അയാള്‍ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട്‌ കടന്നു പോയി. ഞാന്‍ മുന്നില്‍ കണ്ടവരോടൊക്കെ ചോദ്യം ആവര്‍ത്തിച്ചു, ചിലര്‍ ചിരിച്ചു കൊണ്ടും പലരും എന്നെ സംശയത്തോടെ നോക്കിക്കൊണ്ടും കടന്നു പോയി. അവരില്‍ ഒരാള്‍ എന്നോട് ചോദിച്ചു:
"ആരാണ് ഹേ നിങ്ങള്‍? നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ?"

ഞാന്‍ ഞെട്ടി തരിച്ചു ഒന്നും മിണ്ടാന്‍ ആകാതെ നിന്നു. അയാളും കടന്നു പോയി. പലതരം ഐഡന്റിറ്റികള്‍ ഉണ്ടായിരുന്ന അവയില്‍ ചിലതിനെ ഊട്ടിയുറപ്പിക്കാനും മറ്റു ചിലതിനെ ഒഴിവാക്കാനും കഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ ആരാണ്? എനിക്ക് പുതിയൊരു ഐഡന്റിറ്റി ലഭിക്കാന്‍ പോകുന്നു. ഒരര്‍ത്ഥത്തില്‍ അത് കിട്ടി കഴിഞ്ഞിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ അവശേഷിക്കുക അത് മാത്രമാകാന്‍ പോകുന്നു. അതൊഴിവാക്കാന്‍ മറ്റെല്ലാം മറന്നു ഒരാളോടും ഒന്നും മിണ്ടാതെ, ഒരു ലക്ഷ്യവും ഇല്ലാതെ മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
Share/Bookmark

Sunday, June 6, 2010

അകത്താര് പുറത്താര്?
Share/Bookmark

Friday, May 28, 2010

ഓടിത്തളര്‍ന്ന്...


ഒരു പഴയ വയനാടന്‍ യാത്രയുടെ ഓര്‍മ്മ...
Share/Bookmark

Monday, May 24, 2010

ഈ തണലില്‍, ഈ തണുപ്പില്‍ ഒരല്പ നേരം


Share/Bookmark

Sunday, May 23, 2010

നിഴല്‍ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്...


Share/Bookmark

Saturday, May 22, 2010

Real estate


Share/Bookmark

Friday, May 14, 2010

സര്‍വജ്ഞ പീഠം

എത്രയെത്ര കഥകളാവും ഇവിടുത്തെ സന്ധ്യകള്‍ക്ക് പറയാനുണ്ടാവുക?
Share/Bookmark

Monday, May 10, 2010

ചില യാത്രകള്‍


മനസ്സ് നിയന്ത്രണം വിട്ടു പായുമ്പോള്‍, ഒന്നിലും മനസ്സുറയ്കാതെ വരുമ്പോള്‍ പോകുന്ന ചില യാത്രകളുണ്ട്. ഒരു ലക്ഷ്യവുമില്ലാതെ, സമയവും കാലവും ഒന്നും കാര്യമാക്കാതെ എങ്ങോട്ടേയ്ക്കും അല്ലാതെ എങ്ങോട്ടോ ഉള്ള യാത്ര. കുറെ പോകുമ്പോള്‍ നാമറിയുന്നു ഓരോ യാത്രയും ഒരു തുടക്കമാണെന്ന്.

Venu, for you...
Share/Bookmark

Friday, May 7, 2010

വെറുതെയാണെങ്കിലും...

പറിച്ചെറിയപ്പെടും വരെ നിന്നില്‍ പടരാന്‍ നിന്നിലലിയാന്‍
Share/Bookmark

Wednesday, May 5, 2010

മഴ മേഘങ്ങളെ തൊടാം, തൊട്ടു നനയാം


Share/Bookmark

Monday, May 3, 2010

ദൂരെ ഒരു തീരമുണ്ടാകും

തീരത്ത് എന്നെയും കാത്തു ആരൊക്കെയോ ഉണ്ടാകും...

Dedicated to Sunil Nair


To get the full value of joy You must have someone to divide it with.

MARK TWAIN

Share/Bookmark

Saturday, May 1, 2010

മെയ്‌ ദിനം | May Day

Workers of the world unite; you have nothing to lose but your chains.
Karl Marx
Share/Bookmark

Thursday, April 29, 2010

പിന്നെ ഞാനാ ഇരവില്‍ സ്വപ്‌നങ്ങള്‍ കണ്ടു...


ഇത് സ്വപ്നങ്ങളുടെ ഇരവാണ്. സ്വര്‍ഗം കയ്യെത്തും ദൂരെ വെളിച്ചം വിതറി നില്‍ക്കുമ്പോള്‍ ഉറങ്ങുന്നതെങ്ങിനെ?
Share/Bookmark

Tuesday, April 27, 2010

മുന്‍പേ പോയവരുടെ വഴികള്‍

വരുന്നുണ്ട് ഞങ്ങളും, ആ വളവിനും അപ്പുറത്താവാം ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുക, ആ ബോധി മരച്ചുവട്ടില്‍
Share/Bookmark

Monday, April 26, 2010

മടിക്കേരി

ഓടു മേഞ്ഞ ഇത്രമാത്രം മേല്കൂരകളെ ഞാന്‍ ഒന്നിച്ചു കണ്ടത് ഇവിടെ മാത്രമാണ്. മടിക്കേരി കോട്ടയില്‍ നിന്നുമുള്ള ഒരു വിഹഗ വീക്ഷണം.
Share/Bookmark

Saturday, April 24, 2010

കൂടണയാന്‍ കഴിയാതെ പോയ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്‌


അവസാനമില്ലാത്ത ഇടനാഴിയിലെ ശബ്ദങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്ത് കിടന്നു. നീങ്ങാത്ത സമയവും ഒടുങ്ങാത്ത നിശബ്ദതയുമായി ഏതോ ഒരു മുറിയില്‍ ഏതോ ഒരു കാലത്തില്‍. വിളക്കുകള്‍ എല്ലാമണച്ച്, ഒറ്റയ്ക്ക്, ഇരുള്‍ മാത്രം കൂട്ടായി, ഒറ്റയ്ക്ക്...
ഭാവിയെ വിലയ്ക്ക് വാങ്ങുവാന്‍ ഞാന്‍ എന്റെ ഇന്നലെകളെയും സ്വപ്നങ്ങളെയും വിറ്റു തുലച്ച്...ഈ ഇടനാഴിയില്‍ ഒറ്റയ്ക്ക്...


Mike Enslin:
Hotels are a naturally creepy place... Just think, how many people have slept in that bed before you? How many of them were sick? How many... died? -1408
Share/Bookmark

Thursday, April 22, 2010

അവധിക്കാലം

അദ്ഭുതം തോന്നുന്നു പണ്ടൊക്കെ രണ്ടു മാസം നീളുന്ന അവധിക്കാലം ഉണ്ടായിരുന്നു എന്ന്. ആ കാലം മുഴുക്കെ, ഒരു ആവലാതിയും ഇല്ലാതെ കളിച്ചു തിമിര്‍ത്തു നടക്കുകയായിരുന്നു എന്ന്. ഇഷ്ടം പോലെ കിടന്നുറങ്ങിയും, മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചും, തൊടിയിലും പറമ്പിലും തോട്ടിലും ഒക്കെയായി കാണാതെ കിടന്നതൊക്കെയും കണ്ടും അറിഞ്ഞും നടന്ന കാലം. മണ്ണില്‍ ചവുട്ടി, കാറ്റില്‍ പറന്ന്, വെള്ളത്തില്‍ അലിഞ്ഞു നടന്ന കാലം. ഇരുട്ടുമ്പോളും കളിച്ചു കൊതി തീരാതെ അമ്മയുടെ വഴക്കിനെ പേടിച്ചു പതുങ്ങി വന്നിരുന്നതും, പിന്നെ രാവേറെ പുസ്തകങ്ങള്‍ വായിച്ചിരുന്നതും, വായിച്ചവയൊക്കെയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്നതും...
വീണ്ടുമാ കാലത്തില്‍ പോയി ജീവിക്കുവാന്‍ മോഹം. അതിയായ മോഹം.
Share/Bookmark

Tuesday, April 20, 2010

മുന്തിരി വള്ളികള്‍ പൂത്തു തളിര്‍ത്തുവോ?


നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും

സമര്‍പ്പണം: ഉത്തമ ഗീതങ്ങളിലെ കവിത കാട്ടി തന്ന പത്മരാജന്‍ എന്ന ഗന്ധര്‍വന്...
പിന്നെ ഫ്ലാറ്റില്‍ മുന്തിരി വളര്‍ത്തണം എന്ന മോഹവുമായി അറിയാ വഴികളിലൂടെ മുന്തിരി തോട്ടങ്ങളിലെയ്ക്ക് വണ്ടിയോടിച്ചു പോയ അഫ്സലിനും കുഞ്ചുവിനും.
Share/Bookmark

Sunday, April 18, 2010

വേനല്‍ മഴ ബാക്കി വെച്ചത്

വീടിന്റെ ഉമ്മറത്തിരുന്നു മഴ കണ്ടു, വേനല്‍ മഴ. ഇറയത്തു നിന്നും ഊര്‍ന്നിറങ്ങിയ മഴനൂലുകളെ തൊട്ടു തലോടി, ആ കുളിരിനെ ഹൃദയത്തോളം പടര്‍ത്തി, പുതു മഴയുടെ പ്രണയം ഏറ്റു വാങ്ങുന്ന മണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്ന്, മിന്നലുകളുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി, മേഘങ്ങളുടെഗര്‍ജനത്തില്‍ ഭയന്ന്...

മഴയൊഴിഞ്ഞു പോയിട്ടും കുറെ നേരം കൂടി മരം പെയ്തു, എന്നിട്ടും പെയ്തൊഴിയാന്‍ കൂട്ടാക്കാതെ മനസ്സിപ്പോളും...
Share/Bookmark

Friday, April 16, 2010

പുലരി


താഴ്വാരങ്ങളില്‍ മഞ്ഞുരുകി തുടങ്ങുന്നു, ഇനി വെയില്‍ മൂക്കും മുമ്പ് കാട് കടന്നു അപ്പുറത്തെത്തണം, ബസ്സ് വരും മുമ്പ് . വഴിക്ക് വെച്ച് തങ്കപ്പേട്ടന്റെ ചായക്കടയില്‍ നിന്നും പുട്ടും കടലയും ചായയും കഴിക്കണം. പിന്നെ വീണ്ടും ആ തിരക്കിലേയ്ക്ക്. സമയം മെല്ലെ മെല്ല നീങ്ങട്ടെ . എനിക്ക് പോകാന്‍ മനസ്സില്ല പക്ഷെ... വരണം വീണ്ടും വരണം. തിരികെ വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. വരണം നിന്നെയും കൂട്ടി ഒരിക്കല്‍ വരണം. അന്ന് ഇത് പോലൊരു പുലരിയില്‍ കിഴക്കേ ചക്രവാളത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ തല നീട്ടുമ്പോള്‍ നിന്റെ നെറുകയില്‍ എനിക്കൊരു മുത്തം തരണം, ഈ മലകളെയും താഴ്വാരങ്ങളെയും പ്രപഞ്ചത്തെയും സാക്ഷി നിര്‍ത്തി. അന്ന് വരെ വിരഹത്തിന്റെ തീയില്‍ വെന്തു ശുദ്ധീകരിക്കപ്പെട്ടു അത് നിനക്കായി കാത്തിരിക്കുന്നു.
Share/Bookmark

Wednesday, April 14, 2010

അന്നൊരു സന്ധ്യക്ക്...

Are you two looking for work?
No, we aren't looking for work.
No?... Then why are you traveling?
We travel just to travel.
Bless you... Blessed be your travels.

-From Motor cycle diaries
Share/Bookmark

Monday, April 12, 2010

നമ്മുടെയാ പഴയ വഴികള്‍...

എത്ര പുലരികള്‍, എത്ര സ്വപ്‌നങ്ങള്‍, എത്ര കണ്ണുനീര്‍ ഈ വഴിയില്‍. ഒടുവില്‍...
കാത്തിരിക്കയാവാം...അല്ലാതെ മറ്റെന്തു ചെയ്‌വാന്‍?
Share/Bookmark

Sunday, April 11, 2010

ഇരയെ കാത്ത്


Share/Bookmark

Thursday, April 8, 2010

പൂവിന്റെ കണ്ണീരോ? മഴയുടെ സ്നേഹമോ?


Share/Bookmark

Multiple choice


Share/Bookmark

Monday, April 5, 2010

ചുവന്ന ഒരു തറ, നിഴലുകള്‍ വീണത്ഒറ്റയ്ക്കായിപ്പോയ അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ ഈ തറയില്‍ വീണു പടരുന്നത് ഒരു ഒന്‍പതു വയസ്സുകാരന്‍ ആ ജനാലകള്‍ക്കപ്പുറത്തു നിസ്സഹായനായി നിന്ന് കണ്ടിരുന്നു, അന്നായിരുന്നു അവന്‍ അറിഞ്ഞത് ഈ തറയ്ക്കിത്ര ചുവപ്പാണെന്ന്.
Share/Bookmark

Sunday, April 4, 2010

മഴയ്ക് മുന്‍പേ വന്നു പോയവന്‍


ഈസ്ടര്‍ തലേന്ന് പുതുമഴയ്ക്ക് മുന്‍പേ ഒരു മാത്ര വന്നു പോയവന്‍. ഇപ്പോള്‍ ഇതു കല്ലെടുക്കുകയാണാവോ? അതോ നനുത്ത വെയിലത്ത്‌ ആകാശങ്ങളില്‍ പാറിപ്പറക്കയോ?
Share/Bookmark

Saturday, March 27, 2010

പുറമേ ശാന്തമായൊഴുകുന്നവ


ജീവിതത്തെ എന്നും എല്ലാം കണ്ട്, ഒന്നിലും ഇടപെടാനാകാതെ കടന്നു പോകുന്നൊരു സഞ്ചാരിയെപ്പോലെ, കടലിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നൊരു കുഞ്ഞിനെ പോലെ, കണ്ട് പോകുന്ന ഒരുവനാണ് ഞാന്‍.

ഒഴുക്കില്‍ പെട്ട ഒരില പോലെ കാലം എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നു. ഏതോ തീരങ്ങളില്‍ ചെന്നടിഞ്ഞെക്കാം എന്ന പ്രതീക്ഷ ജീവിക്കുവാന്‍ കാരണവുമാകുന്നു.

ഇതുപോലൊരു മാര്‍ച്ച് മാസത്തില്‍ ഓഫീസിലെ തണുപ്പിലിരുന്നു ചെഗുവേരയുടെ ചൂടന്‍ ജീവിതം വായിക്കുകയായിരുന്നു ഞാന്‍. പുതിയ സ്ഥലം, പരിചയം ഇല്ലാത്ത ആളുകള്‍. ചുറ്റും തിരക്ക്, പുകയുന്ന തലകള്‍. പിന്നില്‍ ഒരു മുഴങ്ങുന്ന ശബ്ദം:
"What are you reading man?"
"About Che"
"Do you like Che?"
"I am a communist, I like Che. But I hate the dirty politics happening in the name of Communism"
"Give a hand buddy"

അതൊരു പരിചയത്തിന്റെ തുടക്കം ആയിരുന്നു. വംശി. ആന്ധ്രാക്കാരന്‍. നക്സലിസത്തെ ഇപ്പോളും ആരധിക്കുന്നവന്‍, ചെഗുവേരയെ പൂജിക്കുന്നവന്‍. സിസ്ടെത്തിന്റെയും മോബൈലിന്റെയും വാള്‍പേപ്പര്‍ ചെ. ഇഷ്ട സിനിമ, 'Motorcycle diaries', Che part 1 & 2. ഇഷ്ട വെബ്‌ സൈറ്റ് teambhp.com ഞാന്‍ ആയിരുന്നു Soderberg ന്റെ Che അയാള്‍ക്ക്‌ കൊടുത്തത്. ഒരു ദിനം രാത്രി 1:30 നു, ഞാന്‍ ഉറങ്ങിയിരുന്നില്ല, ഒരു ഫോണ്‍ വിളി.
"എഡോ, Che part 2 വിന്റെ subtitles sync ആകുന്നില്ല. തപ്പീട്ടു കിട്ടുന്നുമില്ല. ഒന്ന് തപ്പിയ്ക്കെ."
അയാളുടെ ആവേശം എനിക്കറിയാം. കണ്ട് പിടിച്ചു കൊടുത്തു.
ഒരു ദിനം, On site Singapore പോയി വന്ന ബാലാജി വംശിയ്ക്ക് ഒരു സമ്മാനം കൊണ്ട് കൊടുത്തു. ചെയുടെ പോസ്ടറും, ചെയുടെ പടം ഉള്ളൊരു ടി ഷര്‍ട്ടും. ആ പോസ്റ്റര്‍ ഇപ്പോളും അയാളുടെ ബോര്‍ഡില്‍ പിന്‍ ചെയ്തിരിപ്പുണ്ട്. കാണുന്നവര്‍ ചോദിച്ചിരുന്നു. ഇതെന്തോന്ന് പാര്‍ടി ഓഫീസോ? പോടേ കെഴങ്ങന്മാരെ, നിങ്ങള്ക്ക് എന്തറിയാം എന്ന ഭാവം, പരമ പുച്ഛം. ചോദിക്കുന്നവര്‍ മടുത്തു പരിപാടി നിര്‍ത്തി.

അങ്ങിനെയൊരു കാലത്ത്, ഒരു നാള്‍ ലിഫ്റ്റില്‍ വെച്ചൊരു ഞെട്ടിക്കുന്ന രഹസ്യം വംശി വെളിപ്പെടുത്തി. ഞാനൊരു കല്യാണം കഴിച്ചേക്കാം എന്ന് വെച്ചു.

ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെയൊക്കെയാണ് മാറി മറിയുക എന്ന് ഞാന്‍ അറിയാതെ നോക്കി കാണുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകളില്‍ ഞങ്ങള്‍ സ്ഥിരമായി ഒരു പഞ്ജാബി ധാബയില്‍ പോകാറുണ്ട്. അങ്ങിനെ ഒരു വെള്ളിയാഴ്ചയാണ് വംശി താനൊരു അച്ഛനാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങള്‍ എന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു.പിന്നെ ഒരുക്കങ്ങളുടെ കാലം. ചെക്കപ്പുകളുടെ കാലം. പുതിയൊരു കാര്‍ വാങ്ങി. കുഞ്ഞിനേയും കൊണ്ട് സഞ്ചരിക്കാന്‍.

ഒരു വെള്ളിയാഴ്ച. "വംശി, നാളെയൊന്നു വരണം. കുറച്ചു പണിയുണ്ട്. "
"നാളെയാണ് അവര്‍ ഡേറ്റ് പറയുക. ചെക്കപ്പ് കഴിഞ്ഞു ഞാനൊരു 11 ആകുമ്പോള്‍ എത്തിക്കോളാം."

ശനിയാഴ്ച:
11 മണിക്കൊരു ഫോണ്‍ വന്നു. ശബ്ദം തളര്‍ന്നിരിക്കുന്നു.
"എന്താണ് വംശി?"
"അത്... കുഞ്ഞിന്റെ ഹൃദയത്തിനു എന്തോ പ്രശ്നമുണ്ട്, രക്ഷപ്പെടാന്‍ പ്രയാസം ആണ് എന്നാണു പറയുന്നത്. ഞാന്‍ ഇപ്പൊ എന്താ ചെയ്യുക?"

ജീവിതം മുന്നില്‍ നിന്നിങ്ങനെ നമുക്ക് മനസ്സിലാകാത്ത വേലകള്‍ കാട്ടുംപോള്‍, എന്ത് പറയും?
"ധൈര്യമായിരിക്കൂ..എല്ലാം ശരിയാകും"
"എനിക്കവനെ വേണം. ഞാന്‍ മോഹിച്ചു പോയതാണ്..."

കുഞ്ഞിനു Ebstein's Anomaly ആണത്രേ.
" എന്ത് വന്നാലും സാരമില്ല, ഞാന്‍ അവനെ വളര്‍ത്താന്‍ പോകയാണ്. മറ്റു കുഞ്ഞുങ്ങളെ പോലെ അല്ലായിരിക്കാം അവന്‍. അവനെ എനിക്ക് വേണം" വാശിയായിരുന്നു അയാള്‍ക്ക്‌.

അന്നൊരിക്കല്‍ ധാബയുടെ മൂലയില്‍, ഞങ്ങളുടെ സ്ഥിരം മേശയില്‍, നീണ്ട താടിയും, ഉറക്കൊഴിഞ്ഞ കണ്ണുകളും ആയി ആശുപത്രിക്കും, വീടിനും, ഓഫീസിനും ഇടയിലെ ഒട്ടങ്ങള്‍ക്ക് ഇടയില്‍ തളര്‍ന്ന അയാള്‍ പറഞ്ഞു:
"വീട്ടില്‍ എല്ലാവരും കരയുന്നു. ദൈവത്തോട് പരാതി പറയുന്നു. എല്ലായിടത്തും കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ സന്തോഷമാണ്. എനിക്കെന്തോ ഇങ്ങനെ...ഞാന്‍ എന്റെ മകനെ കണ്ടത് ഉണ്ടായി നാലാം പക്കമാണ്. അതുവരെ അവന്‍ ഇന്കുബെട്ടറില്‍ ആയിരുന്നു. എനിക്കൊന്നു കരയാന്‍ പോലും ആകുന്നില്ല. സഹിക്കാന്‍ പറ്റാതെ ആകുമ്പോള്‍ ബാത്രൂമിലെ ടാപ്പ് ഓണ്‍ ചെയ്തിട്ട് ആരുമറിയാതെ ഞാന്‍ കരഞ്ഞു തീര്‍ക്കുന്നു."

"നമുക്കൊരു കാര്യം ചെയ്യാം. ഒരു യാത്ര പോകാം. ഒരുപാട് ദൂരെയ്കൊന്നും വേണ്ട. വെളുപ്പിനെ പോയി വൈകുന്നേരത്തിനു മുന്പ് തിരിച്ചെത്തുന്ന ഒരു സ്ഥലം."

അങ്ങിനെ ദീപാവലി പിറ്റേന്ന് വെളുപ്പിന് ഞങ്ങള്‍ ഒരു യാത്ര പോയി. ഹോഗേനക്കല്‍. വഴി നീളെ വംശി കുഞ്ഞിന്റെ അസുഖത്തെക്കുറിച്ച് അതിന്റെ പല പല വശങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു ഒപറെഷനുകള്‍ വേണം. അത് കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകു. വഴിയരികിലെ ഏതോ ഒരു ഓല മേഞ്ഞ കടയില്‍ നിന്നും വയറു നിറയെ ഞങ്ങള്‍ ഇഡ്ഡലിയും ദോശയും കഴിച്ചു. ഒരു വെട്ടു ഗ്ലാസ് നിറയെ ചായ കുടിച്ചു. നല്ല രുചി.

ഹോഗേനക്കല്‍`: വെള്ളച്ചാട്ടം, തിരക്ക്, തിരുമ്മല് കാരുടെയും, പരിസല്‍ എന്ന് തമിഴന്മാര്‍ വിളിക്കുന്ന വട്ടത്തിലുള്ള വള്ളങ്ങളുടെയും സ്ഥലം. മീന്‍ പിടിച്ചു വറുത്തു വില്‍ക്കുന്നവരുണ്ട്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒരു പാറയിടുക്കില്‍ ഞങ്ങള്‍ പോയി വെയില്‍ മൂക്കുന്നത് വരെ സംസാരിച്ചിരുന്നു.

തിരിച്ചു പോകുമ്പോള്‍ അയാളുടെ മടുപ്പിനൊരു കുറവ് വന്ന പോലെ തോന്നി. അന്ന് വൈകിട്ടാണ് വംശി, ഞാന്‍ നിന്റെ മകനെ കണ്ടത്. അവനെന്നെ നോക്കി മോണ കാട്ടി ചിരിച്ചു. വംശി പറഞ്ഞു : "അവന്‍ അറിയുന്നുണ്ടോ, അപ്പനേം അമ്മേനേം ഇട്ടു അവന്‍ എന്തുമാത്രം കഷ്ടപെടുത്തുന്നുന്ടെന്നു?"

പിന്നെ ഓപറേഷനുകള്‍‍, കാശുണ്ടാക്കാനായുള്ള നെട്ടോട്ടങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വീട്ടില്‍ പോകാന്‍ സമയം ഇല്ലാതെ അയാള്‍ പല ദിവസവും കാറില്‍ കിടന്നാണ് ഉറങ്ങിയിരുന്നത് എന്ന് വൈകിയാണ് അറിഞ്ഞത്. കുഞ്ഞിനൊപ്പം അമ്മയെ മാത്രമേ അനുവദിക്കുകയുള്ളുവത്രേ.

ഒരു ദിനം കുഞ്ഞിനു വേണ്ടി ചോര കൊടുക്കാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു:
"എനിക്കിപ്പോള്‍ ഒരു വിഷമവും തോന്നുന്നില്ല. നമ്മുടെ കഷ്ടപ്പാടുകള്‍ ഒന്നുമല്ല. ദേ.. ആ വാര്‍ഡില്‍ പന്ത്രണ്ടോളം കുഞ്ഞുങ്ങളുണ്ട്, പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരെ. ഒരു ഗതിയും ഇല്ലാത്തവര്‍, ചെലവാക്കാന്‍ ഒറ്റ പൈസ പോലും ഇല്ലാത്തവര്‍. കൂട്ടത്തില്‍ റോഡ്‌ പണിക്കാരും, പാനിപൂരി വില്‍ക്കുന്നവരുടെയും മക്കള്‍ വരെയുണ്ട്. അതും വളരെ മോശം അവസ്ഥയില്‍ ഉള്ള കുഞ്ഞുങ്ങളും ആയി. ഞാന്‍ ദൈവത്തെ ചീത്ത പറഞ്ഞിട്ടുണ്ട്. എന്തിനു എനിക്ക് മാത്രമീ അവസ്ഥ തന്നു എന്ന്. ഇപ്പോളെനിക്ക് മനസ്സിലാകുന്നു നമ്മള്‍ ഒന്നും അറിയുന്നില്ല,ഒന്നുമൊന്നും"

ഇന്ന്, ആറു മാസങ്ങള്‍ക്ക് ശേഷം, കുഞ്ഞു ആരോഗ്യവാനായിരിക്കുന്നു. ദിവസം രണ്ടു പായ്കറ്റ് സിഗരറ്റ് വലിച്ചിരുന്ന ഒരാള്‍ സിഗരറ്റ് വലി പാടെ ഉപേക്ഷിച്ചു. ഒരു കോഴിയെ മുഴുവനെ വിഴുങ്ങിയിരുന്ന ഒരാള്‍ വെജിടെറിയാനായിരിക്കുന്നു. എല്ലാം ആ കുഞ്ഞിനു വേണ്ടി. ലോകത്തെങ്ങുമുള്ള Ebstein's Anomaly ബാധിച്ച കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ ചേര്‍ന്ന് ഒരു online community site ഉണ്ടാക്കിയിട്ടുണ്ട്. http://www.ebsteins.org/ അതിലെ ഓരോരുത്തരുടെയും അനുഭവ കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ഒരു താങ്ങും ആശ്വാസവും ആകുന്നു.

"വംശി, നാളെ എങ്ങോട്ട് എങ്കിലും പോയാലോ?"
"ഇല്ലില്ല, തിരക്കാണ് "
"എന്ത് തിരക്ക്? "
"എനിക്ക് മോന്റെ കൂടെ കളിക്കണം. You nonsense bachelors won't understand that"
ശരിയാണ് വംശി. എനിക്കെന്തു മനസ്സിലാകാന്‍?

ജനിക്കും മുന്‍പേ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ ഉള്ള ഈ ലോകത്ത് എനിക്കവനെ വേണം എന്ന് വാശി പിടിച്ചു ജീവിതത്തിലേയ്ക്ക് അവനെ കൊണ്ട് വന്ന വംശി, ജ്യോത്സ്ന നിങ്ങളെ ഞാന്‍ നമിക്കുന്നു. നിങ്ങള്‍ക്കിത് വായിക്കാന്‍ ആവില്ല. എങ്കിലും ഞാന്‍ ഇത് എന്തിനെഴുതി എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

[ഇവനാണാ പുലിക്കുട്ടി. പേര് ചിരന്തന്‍. ഈ ഫോട്ടോ വംശി തന്റെ മൊബൈലില്‍ എടുത്തതാണ്. ഇത് ഈ ബ്ലോഗില്‍ ഇട്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സന്തോഷത്തോടെ എനിക്ക് തന്നു.]

ഈ പോസ്റ്റ്‌ ആരെങ്കിലും ഒക്കെ കണ്ടാല്‍ ഇവന് വേണ്ടി ഒന്ന് പ്രാര്‍ഥിക്കുക, ചിലപ്പോള്‍ നമ്മുടെയൊക്കെ പ്രാര്‍ത്ഥനകളാകാം ഈ ഭൂമിയില്‍ ഇനിയും അവശേഷിക്കുന്ന നന്മകള്‍ക്ക് കാരണം.

സമര്‍പ്പണം:
സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവനവന്റെ സുഖങ്ങളും ജീവിതങ്ങളും ബലിയര്‍പ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്ക്കും.
Share/Bookmark

വെടിവട്ടങ്ങളുടെ സന്ധ്യകള്‍എത്രയോ കാലം അകലെയാണവ...

രണ്ടു രൂപയുടെ നാരങ്ങ വെള്ളത്തിനു ബെറ്റു വെച്ച് നമ്മള്‍ തകര്‍പ്പന്‍ വോളിബോളും, ബാഡ്മിന്റനും, ക്രിക്കറ്റും, കബഡിയും കളിച്ചിരുന്ന, സന്ധ്യ മയങ്ങുമ്ബോള്‍ വെടിവട്ടങ്ങളും പരദൂഷണങ്ങളും തമാശകളും കൊണ്ട് ഉത്സവമാക്കിയിരുന്ന സന്ധ്യകള്‍. നാരകത്തരയുടെ പറംബിലെ വോളിബാള്‍ കോര്‍ട്ടും, മൂട്ടില്‍ കുഞ്ഞിരാമന്റെ പറംബിലെ ക്രിക്കെറ്റ് പിച്ചും, നംബീശന്റെ പറംബിലെ ബാഡ്മിന്റൊന്‍ കോര്‍ട്ടും, നംബീശന്റെയും ജോയിചെട്ടന്റെയും കോട്ടയം ബാബുവിന്റെയും കടകളും ശശിയുടെ മാടക്കടയും, സഹൃദയ വായനശാലയും ഒക്കെ ഓര്‍മ്മകള്‍. അന്നൊക്കെ നമുക്ക് എന്ത് മാത്രം വിഷയങ്ങളായിരുന്നു, രസങ്ങളായിരുന്നു.

പിന്നെ അനന്തം അജ്ഞാതം അവര്‍ണ്ണനീയമായ യാത്രകള്‍. വിശപ്പറിയാതെ, ദാഹമറിയാതെ, കയ്യില്‍ ഒറ്റ പൈസ പോലുമില്ലാതെ കാതങ്ങള്‍ നടന്നു താണ്ടിയിരുന്ന കാലങ്ങള്‍. വെയിലും മഴയും ഒക്കെ നമുക്ക് കൂട്ടായിരുന്നു. കടലു കാണാന്‍, മുക്കുവരുടെ വെളുപ്പാന്‍ കാലങ്ങളെ കണ്ടറിയാന്‍, വെളുപ്പിന് നമ്മള്‍ കടപ്പുറങ്ങളില്‍ പോയിരുന്നിട്ടുണ്ട്. വെറുതെ. പിന്നെ പാതിരാവു വരെ ഫിലിം സൊസൈറ്റിയിലെ സിനിമകള്‍ കണ്ടിരുന്നു കൊടും മഴയത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ നിറം ആവാഹിച്ചു പെയ്യുന്ന മഴ നൂലിഴകളിലൂടെ കുളിരണിഞ്ഞു നാം നടന്നിട്ടുണ്ട്.

അന്ന് ബേക്കല്‍ കോട്ടയും അതിന്റെ രഹസ്യ വഴികളും ഉള്ളം കൈ പോലെ നമുക്കറിയാമായിരുന്നു. എത്രയെത്ര സന്ധ്യകള്‍ ആരോരുമില്ലാത്ത അന്നത്തെ കോട്ടയില്‍ പിരിവിട്ടു വാങ്ങിയ കള്ളും ബീറുമായി നമ്മള്‍ സന്ധ്യ മയങ്ങുന്നത്‌ കണ്ടവിടെ ഇരുന്നിട്ടുണ്ട്. എനിക്കെന്നും വീട്ടില്‍ എത്തണമായിരുന്നു. അമ്മയുടെ ചോറും അച്ഛന്റെ സ്നേഹവും വയറു നിറച്ചു ഉണ്ണാതെ എനിക്കുറങ്ങാനാവില്ലായിരുന്നു. നിങ്ങള്‍ അവിടെ കടലലകളുടെ താരാട്ടും, നിലാവിന്റെയും നക്ഷത്രങ്ങളുടെയും മായാജാലവും കണ്ടിരിക്കുന്നതോര്‍ക്കുമ്പോള്‍ എനിക്കസൂയയായിരുന്നു. അന്നെത്ര കവിതകള്‍, കഥകള്‍, സിനിമകള്‍, സംഗീതം, വിപ്ലവങ്ങള്‍, ജീവിതം, യാത്രകള്‍. ഉച്ചതിരിഞ്ഞ് ക്ലാസില്‍ ഇരുന്നതിലും കൂടുതല്‍ നാമാ കോട്ടയില്‍ ഇരുന്നിട്ടുണ്ട്. കോട്ട മതിലിനു മുകളിലൂടെ മത്സരിചോടിയിട്ടുണ്ട്. താഴെ നിന്നും ആരോ വിളിച്ചു പറഞ്ഞു: "മക്കളെ, അഡ്രസ്‌ എഴുതി പോക്കറ്റില്‍ ഇട്ടോണ്ടോടിക്കോ, വീട്ടില്‍ അറിയിച്ചേക്കാം"

സന്ധ്യ, എന്നുമെന്നും മോഹിപ്പിക്കുന്ന സന്ധ്യ. വിരഹവും ദുഖവും നിറയ്ക്കുന്ന സന്ധ്യ.

ഇപ്പോള്‍ സന്ധ്യകള്‍ ഉണ്ടോ? വെടിവട്ടങ്ങള്‍ ഉണ്ടോ?

ഉണ്ട്. ഞാനീ പറഞ്ഞ ഇടങ്ങളോക്കെയും പുതിയ കെട്ടിടങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. ഇപ്പോളത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ സമയമില്ല പോലും. പിന്നെ അവര്‍ക്ക് വീഡിയോ ഗൈമുകളും ഇന്റര്‍നെറ്റും ഒക്കെയാണത്രെ ഇഷ്ടം.

EMI, tax savings, loan, planning, hike, client call, dead line, shopping mall അങ്ങനെ എന്തൊക്കെയോ എന്റെ സന്ധ്യാ വെടിവട്ടങ്ങളെ തിന്നു തീര്‍ക്കുന്നു. അപ്പോള്‍ ഒക്കെയും ഞാന്‍ മനസ്സില്‍ ഓര്‍ക്കും, ഈ കൊപ്പോക്കെയും ഇട്ടെറിഞ്ഞു പോകണം. ഒരു ലക്ഷ്യവും ഇല്ലാതെ കറങ്ങി നടക്കണം. ഒരു ശല്യവുമില്ലാതെ ഒരു ദുഖവും അലട്ടാതെ ഒരു സന്ധ്യ മയങ്ങുന്നത്‌ കാണണം. ഒരിക്കലും നടക്കാത്ത സ്വപ്നം. തിരിച്ചു വിളിക്കുന്ന സ്നേഹങ്ങള്‍, പറിചെറിയാനാവാത്ത കടപ്പാടുകള്‍, ഉത്തരവാദിത്തങ്ങള്‍. എങ്കിലും സന്ധ്യകള്‍ ഉണ്ട്. ആര്‍ക്കും വേണ്ടെങ്കിലും, ആര്‍ക്കൊക്കെ തിരക്കാണെങ്കിലും ആരെയോ കാത്തെന്ന പോലെ ദിനവും ഓരോ ചമയങ്ങള്‍ അണിഞ്ഞു അവള്‍ വന്നു പോകുന്നു.
Share/Bookmark

Friday, March 26, 2010

പ്രതീക്ഷകളുടെ നിറം

വെന്തെരിയുന്ന വേനലും ഈയൊരു നിറപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കയാവാം. [ പഴയൊരു പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ ചിത്രം.]
Share/Bookmark

Wednesday, March 24, 2010

ഹ, വെറുപ്പിക്കാണ്ട് പോ കൂവേ


Share/Bookmark

Monday, March 22, 2010

വെയില്‍ പടരുന്ന ഇടങ്ങള്‍


ഇരുണ്ട ചെറിയ കോണുകളില്‍ എന്തോ ഒന്നുള്ളത് പോലെ. ഉണ്ണിക്കു ആ കോണുകളില്‍ പോയി ഇരിക്കാന്‍ തോന്നും. ഒരു ഉറുംബിനെ പോലെ കുഞ്ഞായിട്ടു ആ കോണുകളുടെയും കോണില്‍ പോയിരിക്കണം. ആ ഇരുണ്ട രഹസ്യം നിറഞ്ഞ കോണുകളെ എനിക്കറിയാം. നന്നായിട്ടറിയാം. എന്റെ ആ മനസ്സില്‍ കോണുകളും മൂലകളും ഉള്ളത് പോലെ. അവിടെ പോയിരിക്കാന്‍ പറ്റുന്നില്ല. - സക്കറിയയുടെ ആദ്യ കഥയായ 'ഉണ്ണി എന്ന കുട്ടി' യില്‍നിന്നും.
Share/Bookmark

Saturday, March 20, 2010

എങ്ങോട്ടെന്നറിയാതെ...

വഴിയറിയാതെ, ചോദിക്കുവാന്‍ ആരുമേ ഇല്ലാതെ, മുന്‍പില്‍ തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെ, എവിടെ എത്തുമെന്ന് യാതൊരു അറിവുമില്ലാതെ നടത്തിയ ഒരു കുടജാദ്രി യാത്രയുടെ ഓര്‍മ്മയ്ക്ക്‌...
Share/Bookmark

LinkWithin

Related Posts with Thumbnails