Saturday, March 27, 2010

വെടിവട്ടങ്ങളുടെ സന്ധ്യകള്‍



എത്രയോ കാലം അകലെയാണവ...

രണ്ടു രൂപയുടെ നാരങ്ങ വെള്ളത്തിനു ബെറ്റു വെച്ച് നമ്മള്‍ തകര്‍പ്പന്‍ വോളിബോളും, ബാഡ്മിന്റനും, ക്രിക്കറ്റും, കബഡിയും കളിച്ചിരുന്ന, സന്ധ്യ മയങ്ങുമ്ബോള്‍ വെടിവട്ടങ്ങളും പരദൂഷണങ്ങളും തമാശകളും കൊണ്ട് ഉത്സവമാക്കിയിരുന്ന സന്ധ്യകള്‍. നാരകത്തരയുടെ പറംബിലെ വോളിബാള്‍ കോര്‍ട്ടും, മൂട്ടില്‍ കുഞ്ഞിരാമന്റെ പറംബിലെ ക്രിക്കെറ്റ് പിച്ചും, നംബീശന്റെ പറംബിലെ ബാഡ്മിന്റൊന്‍ കോര്‍ട്ടും, നംബീശന്റെയും ജോയിചെട്ടന്റെയും കോട്ടയം ബാബുവിന്റെയും കടകളും ശശിയുടെ മാടക്കടയും, സഹൃദയ വായനശാലയും ഒക്കെ ഓര്‍മ്മകള്‍. അന്നൊക്കെ നമുക്ക് എന്ത് മാത്രം വിഷയങ്ങളായിരുന്നു, രസങ്ങളായിരുന്നു.

പിന്നെ അനന്തം അജ്ഞാതം അവര്‍ണ്ണനീയമായ യാത്രകള്‍. വിശപ്പറിയാതെ, ദാഹമറിയാതെ, കയ്യില്‍ ഒറ്റ പൈസ പോലുമില്ലാതെ കാതങ്ങള്‍ നടന്നു താണ്ടിയിരുന്ന കാലങ്ങള്‍. വെയിലും മഴയും ഒക്കെ നമുക്ക് കൂട്ടായിരുന്നു. കടലു കാണാന്‍, മുക്കുവരുടെ വെളുപ്പാന്‍ കാലങ്ങളെ കണ്ടറിയാന്‍, വെളുപ്പിന് നമ്മള്‍ കടപ്പുറങ്ങളില്‍ പോയിരുന്നിട്ടുണ്ട്. വെറുതെ. പിന്നെ പാതിരാവു വരെ ഫിലിം സൊസൈറ്റിയിലെ സിനിമകള്‍ കണ്ടിരുന്നു കൊടും മഴയത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ നിറം ആവാഹിച്ചു പെയ്യുന്ന മഴ നൂലിഴകളിലൂടെ കുളിരണിഞ്ഞു നാം നടന്നിട്ടുണ്ട്.

അന്ന് ബേക്കല്‍ കോട്ടയും അതിന്റെ രഹസ്യ വഴികളും ഉള്ളം കൈ പോലെ നമുക്കറിയാമായിരുന്നു. എത്രയെത്ര സന്ധ്യകള്‍ ആരോരുമില്ലാത്ത അന്നത്തെ കോട്ടയില്‍ പിരിവിട്ടു വാങ്ങിയ കള്ളും ബീറുമായി നമ്മള്‍ സന്ധ്യ മയങ്ങുന്നത്‌ കണ്ടവിടെ ഇരുന്നിട്ടുണ്ട്. എനിക്കെന്നും വീട്ടില്‍ എത്തണമായിരുന്നു. അമ്മയുടെ ചോറും അച്ഛന്റെ സ്നേഹവും വയറു നിറച്ചു ഉണ്ണാതെ എനിക്കുറങ്ങാനാവില്ലായിരുന്നു. നിങ്ങള്‍ അവിടെ കടലലകളുടെ താരാട്ടും, നിലാവിന്റെയും നക്ഷത്രങ്ങളുടെയും മായാജാലവും കണ്ടിരിക്കുന്നതോര്‍ക്കുമ്പോള്‍ എനിക്കസൂയയായിരുന്നു. അന്നെത്ര കവിതകള്‍, കഥകള്‍, സിനിമകള്‍, സംഗീതം, വിപ്ലവങ്ങള്‍, ജീവിതം, യാത്രകള്‍. ഉച്ചതിരിഞ്ഞ് ക്ലാസില്‍ ഇരുന്നതിലും കൂടുതല്‍ നാമാ കോട്ടയില്‍ ഇരുന്നിട്ടുണ്ട്. കോട്ട മതിലിനു മുകളിലൂടെ മത്സരിചോടിയിട്ടുണ്ട്. താഴെ നിന്നും ആരോ വിളിച്ചു പറഞ്ഞു: "മക്കളെ, അഡ്രസ്‌ എഴുതി പോക്കറ്റില്‍ ഇട്ടോണ്ടോടിക്കോ, വീട്ടില്‍ അറിയിച്ചേക്കാം"

സന്ധ്യ, എന്നുമെന്നും മോഹിപ്പിക്കുന്ന സന്ധ്യ. വിരഹവും ദുഖവും നിറയ്ക്കുന്ന സന്ധ്യ.

ഇപ്പോള്‍ സന്ധ്യകള്‍ ഉണ്ടോ? വെടിവട്ടങ്ങള്‍ ഉണ്ടോ?

ഉണ്ട്. ഞാനീ പറഞ്ഞ ഇടങ്ങളോക്കെയും പുതിയ കെട്ടിടങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. ഇപ്പോളത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ സമയമില്ല പോലും. പിന്നെ അവര്‍ക്ക് വീഡിയോ ഗൈമുകളും ഇന്റര്‍നെറ്റും ഒക്കെയാണത്രെ ഇഷ്ടം.

EMI, tax savings, loan, planning, hike, client call, dead line, shopping mall അങ്ങനെ എന്തൊക്കെയോ എന്റെ സന്ധ്യാ വെടിവട്ടങ്ങളെ തിന്നു തീര്‍ക്കുന്നു. അപ്പോള്‍ ഒക്കെയും ഞാന്‍ മനസ്സില്‍ ഓര്‍ക്കും, ഈ കൊപ്പോക്കെയും ഇട്ടെറിഞ്ഞു പോകണം. ഒരു ലക്ഷ്യവും ഇല്ലാതെ കറങ്ങി നടക്കണം. ഒരു ശല്യവുമില്ലാതെ ഒരു ദുഖവും അലട്ടാതെ ഒരു സന്ധ്യ മയങ്ങുന്നത്‌ കാണണം. ഒരിക്കലും നടക്കാത്ത സ്വപ്നം. തിരിച്ചു വിളിക്കുന്ന സ്നേഹങ്ങള്‍, പറിചെറിയാനാവാത്ത കടപ്പാടുകള്‍, ഉത്തരവാദിത്തങ്ങള്‍. എങ്കിലും സന്ധ്യകള്‍ ഉണ്ട്. ആര്‍ക്കും വേണ്ടെങ്കിലും, ആര്‍ക്കൊക്കെ തിരക്കാണെങ്കിലും ആരെയോ കാത്തെന്ന പോലെ ദിനവും ഓരോ ചമയങ്ങള്‍ അണിഞ്ഞു അവള്‍ വന്നു പോകുന്നു.
Share/Bookmark

4 comments:

  1. Photo is from Sanky tank Bangalore

    ReplyDelete
  2. taking few words from one of my friends
    " njan mounam palikkunnu, vilichu kooviyal theeratha sabdhathinu vida"
    njanum mounam palikkunnu ... paranjariyikkan kazhiyatha vidham ishtappettu!!!!!!!!!!!!!

    ReplyDelete
  3. പുണ്യാളാ, പ്രശാന്ത് വെറുമൊരു തുടക്കകാരനായ എനിക്ക് നിങ്ങളെപ്പോലുള്ള പുപ്പുലികള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി.

    ReplyDelete

LinkWithin

Related Posts with Thumbnails