ജീവിതത്തെ എന്നും എല്ലാം കണ്ട്, ഒന്നിലും ഇടപെടാനാകാതെ കടന്നു പോകുന്നൊരു സഞ്ചാരിയെപ്പോലെ, കടലിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നൊരു കുഞ്ഞിനെ പോലെ, കണ്ട് പോകുന്ന ഒരുവനാണ് ഞാന്‍.
ഒഴുക്കില്‍ പെട്ട ഒരില പോലെ കാലം എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നു. ഏതോ തീരങ്ങളില്‍ ചെന്നടിഞ്ഞെക്കാം എന്ന പ്രതീക്ഷ ജീവിക്കുവാന്‍ കാരണവുമാകുന്നു.
ഇതുപോലൊരു മാര്‍ച്ച് മാസത്തില്‍ ഓഫീസിലെ തണുപ്പിലിരുന്നു ചെഗുവേരയുടെ ചൂടന്‍ ജീവിതം വായിക്കുകയായിരുന്നു ഞാന്‍. പുതിയ സ്ഥലം, പരിചയം ഇല്ലാത്ത ആളുകള്‍. ചുറ്റും തിരക്ക്, പുകയുന്ന തലകള്‍. പിന്നില്‍ ഒരു മുഴങ്ങുന്ന ശബ്ദം:
"What are you reading man?"
"About Che"
"Do you like Che?"
"I am a communist, I like Che. But I hate the dirty politics happening in the name of Communism"
"Give a hand buddy"
അതൊരു പരിചയത്തിന്റെ തുടക്കം ആയിരുന്നു. വംശി. ആന്ധ്രാക്കാരന്‍. നക്സലിസത്തെ ഇപ്പോളും ആരധിക്കുന്നവന്‍, ചെഗുവേരയെ പൂജിക്കുന്നവന്‍. സിസ്ടെത്തിന്റെയും മോബൈലിന്റെയും വാള്‍പേപ്പര്‍ ചെ. ഇഷ്ട സിനിമ, 'Motorcycle diaries', Che part 1 & 2. ഇഷ്ട വെബ് സൈറ്റ് teambhp.com ഞാന്‍ ആയിരുന്നു Soderberg ന്റെ Che അയാള്‍ക്ക് കൊടുത്തത്. ഒരു ദിനം രാത്രി 1:30 നു, ഞാന്‍ ഉറങ്ങിയിരുന്നില്ല, ഒരു ഫോണ്‍ വിളി.
"എഡോ, Che part 2 വിന്റെ subtitles sync ആകുന്നില്ല. തപ്പീട്ടു കിട്ടുന്നുമില്ല. ഒന്ന് തപ്പിയ്ക്കെ."
അയാളുടെ ആവേശം എനിക്കറിയാം. കണ്ട് പിടിച്ചു കൊടുത്തു.
ഒരു ദിനം, On site Singapore പോയി വന്ന ബാലാജി വംശിയ്ക്ക് ഒരു സമ്മാനം കൊണ്ട് കൊടുത്തു. ചെയുടെ പോസ്ടറും, ചെയുടെ പടം ഉള്ളൊരു ടി ഷര്‍ട്ടും. ആ പോസ്റ്റര്‍ ഇപ്പോളും അയാളുടെ ബോര്‍ഡില്‍ പിന്‍ ചെയ്തിരിപ്പുണ്ട്. കാണുന്നവര്‍ ചോദിച്ചിരുന്നു. ഇതെന്തോന്ന് പാര്‍ടി ഓഫീസോ? പോടേ കെഴങ്ങന്മാരെ, നിങ്ങള്ക്ക് എന്തറിയാം എന്ന ഭാവം, പരമ പുച്ഛം. ചോദിക്കുന്നവര്‍ മടുത്തു പരിപാടി നിര്‍ത്തി.
അങ്ങിനെയൊരു കാലത്ത്, ഒരു നാള്‍ ലിഫ്റ്റില്‍ വെച്ചൊരു ഞെട്ടിക്കുന്ന രഹസ്യം വംശി വെളിപ്പെടുത്തി. ഞാനൊരു കല്യാണം കഴിച്ചേക്കാം എന്ന് വെച്ചു.
ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെയൊക്കെയാണ് മാറി മറിയുക എന്ന് ഞാന്‍ അറിയാതെ നോക്കി കാണുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകളില്‍ ഞങ്ങള്‍ സ്ഥിരമായി ഒരു പഞ്ജാബി ധാബയില്‍ പോകാറുണ്ട്. അങ്ങിനെ ഒരു വെള്ളിയാഴ്ചയാണ് വംശി താനൊരു അച്ഛനാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങള്‍ എന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു.പിന്നെ ഒരുക്കങ്ങളുടെ കാലം. ചെക്കപ്പുകളുടെ കാലം. പുതിയൊരു കാര്‍ വാങ്ങി. കുഞ്ഞിനേയും കൊണ്ട് സഞ്ചരിക്കാന്‍.
ഒരു വെള്ളിയാഴ്ച. "വംശി, നാളെയൊന്നു വരണം. കുറച്ചു പണിയുണ്ട്. "
"നാളെയാണ് അവര്‍ ഡേറ്റ് പറയുക. ചെക്കപ്പ് കഴിഞ്ഞു ഞാനൊരു 11 ആകുമ്പോള്‍ എത്തിക്കോളാം."
ശനിയാഴ്ച:
11 മണിക്കൊരു ഫോണ്‍ വന്നു. ശബ്ദം തളര്‍ന്നിരിക്കുന്നു.
"എന്താണ് വംശി?"
"അത്... കുഞ്ഞിന്റെ ഹൃദയത്തിനു എന്തോ പ്രശ്നമുണ്ട്, രക്ഷപ്പെടാന്‍ പ്രയാസം ആണ് എന്നാണു പറയുന്നത്. ഞാന്‍ ഇപ്പൊ എന്താ ചെയ്യുക?"
ജീവിതം മുന്നില്‍ നിന്നിങ്ങനെ നമുക്ക് മനസ്സിലാകാത്ത വേലകള്‍ കാട്ടുംപോള്‍, എന്ത് പറയും?
"ധൈര്യമായിരിക്കൂ..എല്ലാം ശരിയാകും"
"എനിക്കവനെ വേണം. ഞാന്‍ മോഹിച്ചു പോയതാണ്..."
കുഞ്ഞിനു Ebstein's Anomaly ആണത്രേ.
" എന്ത് വന്നാലും സാരമില്ല, ഞാന്‍ അവനെ വളര്‍ത്താന്‍ പോകയാണ്. മറ്റു കുഞ്ഞുങ്ങളെ പോലെ അല്ലായിരിക്കാം അവന്‍. അവനെ എനിക്ക് വേണം" വാശിയായിരുന്നു അയാള്‍ക്ക്.
അന്നൊരിക്കല്‍ ധാബയുടെ മൂലയില്‍, ഞങ്ങളുടെ സ്ഥിരം മേശയില്‍, നീണ്ട താടിയും, ഉറക്കൊഴിഞ്ഞ കണ്ണുകളും ആയി ആശുപത്രിക്കും, വീടിനും, ഓഫീസിനും ഇടയിലെ ഒട്ടങ്ങള്‍ക്ക് ഇടയില്‍ തളര്‍ന്ന അയാള്‍ പറഞ്ഞു:
"വീട്ടില്‍ എല്ലാവരും കരയുന്നു. ദൈവത്തോട് പരാതി പറയുന്നു. എല്ലായിടത്തും കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ സന്തോഷമാണ്. എനിക്കെന്തോ ഇങ്ങനെ...ഞാന്‍ എന്റെ മകനെ കണ്ടത് ഉണ്ടായി നാലാം പക്കമാണ്. അതുവരെ അവന്‍ ഇന്കുബെട്ടറില്‍ ആയിരുന്നു. എനിക്കൊന്നു കരയാന്‍ പോലും ആകുന്നില്ല. സഹിക്കാന്‍ പറ്റാതെ ആകുമ്പോള്‍ ബാത്രൂമിലെ ടാപ്പ് ഓണ്‍ ചെയ്തിട്ട് ആരുമറിയാതെ ഞാന്‍ കരഞ്ഞു തീര്‍ക്കുന്നു."
"നമുക്കൊരു കാര്യം ചെയ്യാം. ഒരു യാത്ര പോകാം. ഒരുപാട് ദൂരെയ്കൊന്നും വേണ്ട. വെളുപ്പിനെ പോയി വൈകുന്നേരത്തിനു മുന്പ് തിരിച്ചെത്തുന്ന ഒരു സ്ഥലം."
അങ്ങിനെ ദീപാവലി പിറ്റേന്ന് വെളുപ്പിന് ഞങ്ങള്‍ ഒരു യാത്ര പോയി. ഹോഗേനക്കല്‍. വഴി നീളെ വംശി കുഞ്ഞിന്റെ അസുഖത്തെക്കുറിച്ച് അതിന്റെ പല പല വശങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു ഒപറെഷനുകള്‍ വേണം. അത് കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകു. വഴിയരികിലെ ഏതോ ഒരു ഓല മേഞ്ഞ കടയില്‍ നിന്നും വയറു നിറയെ ഞങ്ങള്‍ ഇഡ്ഡലിയും ദോശയും കഴിച്ചു. ഒരു വെട്ടു ഗ്ലാസ് നിറയെ ചായ കുടിച്ചു. നല്ല രുചി.
ഹോഗേനക്കല്‍`: വെള്ളച്ചാട്ടം, തിരക്ക്, തിരുമ്മല് കാരുടെയും, പരിസല്‍ എന്ന് തമിഴന്മാര്‍ വിളിക്കുന്ന വട്ടത്തിലുള്ള വള്ളങ്ങളുടെയും സ്ഥലം. മീന്‍ പിടിച്ചു വറുത്തു വില്‍ക്കുന്നവരുണ്ട്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒരു പാറയിടുക്കില്‍ ഞങ്ങള്‍ പോയി വെയില്‍ മൂക്കുന്നത് വരെ സംസാരിച്ചിരുന്നു.
തിരിച്ചു പോകുമ്പോള്‍ അയാളുടെ മടുപ്പിനൊരു കുറവ് വന്ന പോലെ തോന്നി. അന്ന് വൈകിട്ടാണ് വംശി, ഞാന്‍ നിന്റെ മകനെ കണ്ടത്. അവനെന്നെ നോക്കി മോണ കാട്ടി ചിരിച്ചു. വംശി പറഞ്ഞു : "അവന്‍ അറിയുന്നുണ്ടോ, അപ്പനേം അമ്മേനേം ഇട്ടു അവന്‍ എന്തുമാത്രം കഷ്ടപെടുത്തുന്നുന്ടെന്നു?"
പിന്നെ ഓപറേഷനുകള്‍, കാശുണ്ടാക്കാനായുള്ള നെട്ടോട്ടങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വീട്ടില്‍ പോകാന്‍ സമയം ഇല്ലാതെ അയാള്‍ പല ദിവസവും കാറില്‍ കിടന്നാണ് ഉറങ്ങിയിരുന്നത് എന്ന് വൈകിയാണ് അറിഞ്ഞത്. കുഞ്ഞിനൊപ്പം അമ്മയെ മാത്രമേ അനുവദിക്കുകയുള്ളുവത്രേ.
ഒരു ദിനം കുഞ്ഞിനു വേണ്ടി ചോര കൊടുക്കാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു:
"എനിക്കിപ്പോള്‍ ഒരു വിഷമവും തോന്നുന്നില്ല. നമ്മുടെ കഷ്ടപ്പാടുകള്‍ ഒന്നുമല്ല. ദേ.. ആ വാര്‍ഡില്‍ പന്ത്രണ്ടോളം കുഞ്ഞുങ്ങളുണ്ട്, പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരെ. ഒരു ഗതിയും ഇല്ലാത്തവര്‍, ചെലവാക്കാന്‍ ഒറ്റ പൈസ പോലും ഇല്ലാത്തവര്‍. കൂട്ടത്തില്‍ റോഡ് പണിക്കാരും, പാനിപൂരി വില്‍ക്കുന്നവരുടെയും മക്കള്‍ വരെയുണ്ട്. അതും വളരെ മോശം അവസ്ഥയില്‍ ഉള്ള കുഞ്ഞുങ്ങളും ആയി. ഞാന്‍ ദൈവത്തെ ചീത്ത പറഞ്ഞിട്ടുണ്ട്. എന്തിനു എനിക്ക് മാത്രമീ അവസ്ഥ തന്നു എന്ന്. ഇപ്പോളെനിക്ക് മനസ്സിലാകുന്നു നമ്മള്‍ ഒന്നും അറിയുന്നില്ല,ഒന്നുമൊന്നും"
ഇന്ന്, ആറു മാസങ്ങള്‍ക്ക് ശേഷം, കുഞ്ഞു ആരോഗ്യവാനായിരിക്കുന്നു. ദിവസം രണ്ടു പായ്കറ്റ് സിഗരറ്റ് വലിച്ചിരുന്ന ഒരാള്‍ സിഗരറ്റ് വലി പാടെ ഉപേക്ഷിച്ചു. ഒരു കോഴിയെ മുഴുവനെ വിഴുങ്ങിയിരുന്ന ഒരാള്‍ വെജിടെറിയാനായിരിക്കുന്നു. എല്ലാം ആ കുഞ്ഞിനു വേണ്ടി. ലോകത്തെങ്ങുമുള്ള Ebstein's Anomaly ബാധിച്ച കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ ചേര്‍ന്ന് ഒരു online community site ഉണ്ടാക്കിയിട്ടുണ്ട്. http://www.ebsteins.org/ അതിലെ ഓരോരുത്തരുടെയും അനുഭവ കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ഒരു താങ്ങും ആശ്വാസവും ആകുന്നു.
"വംശി, നാളെ എങ്ങോട്ട് എങ്കിലും പോയാലോ?"
"ഇല്ലില്ല, തിരക്കാണ് "
"എന്ത് തിരക്ക്? "
"എനിക്ക് മോന്റെ കൂടെ കളിക്കണം. You nonsense bachelors won't understand that"
ശരിയാണ് വംശി. എനിക്കെന്തു മനസ്സിലാകാന്‍?
ജനിക്കും മുന്‍പേ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ ഉള്ള ഈ ലോകത്ത് എനിക്കവനെ വേണം എന്ന് വാശി പിടിച്ചു ജീവിതത്തിലേയ്ക്ക് അവനെ കൊണ്ട് വന്ന വംശി, ജ്യോത്സ്ന നിങ്ങളെ ഞാന്‍ നമിക്കുന്നു. നിങ്ങള്‍ക്കിത് വായിക്കാന്‍ ആവില്ല. എങ്കിലും ഞാന്‍ ഇത് എന്തിനെഴുതി എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

ഈ പോസ്റ്റ് ആരെങ്കിലും ഒക്കെ കണ്ടാല്‍ ഇവന് വേണ്ടി ഒന്ന് പ്രാര്‍ഥിക്കുക, ചിലപ്പോള്‍ നമ്മുടെയൊക്കെ പ്രാര്‍ത്ഥനകളാകാം ഈ ഭൂമിയില്‍ ഇനിയും അവശേഷിക്കുന്ന നന്മകള്‍ക്ക് കാരണം.
സമര്‍പ്പണം:
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവനവന്റെ സുഖങ്ങളും ജീവിതങ്ങളും ബലിയര്‍പ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്ക്കും.

ഒന്നാം ചിത്രം ഹോഗേനക്കല്‍ ആണ്, ഞങ്ങള്‍ ഇരുന്ന സ്ഥലത്ത് നിന്നും കാണാമായിരുന്ന കാഴ്ച. ദൂരെ കാണുന്ന ആ കാടുകളില്‍ ആണത്രേ വീരപ്പന്‍ ഒരു കാലത്ത് മേഞ്ഞു നടന്നത്. വെറുതെ പഴയ ചിത്രങ്ങളില്‍പരതി നടന്നപ്പോള്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നു. അങ്ങിനെ എഴുതിയതാണ്.
ReplyDeleteറിഷീ,
ReplyDeleteചിരന്തന്റെ ആയുസ്സിന് വേണ്ടി പ്രർത്ഥിക്കുന്നതോടോപ്പം, അവന്റെ അഛനും അമ്മയ്ക്കും കൂപ്പുകൈ.
പുറമേ ശാന്തമെങ്കിലും...
കറുപ്പില്‍ വെളുത്ത അക്ഷരങ്ങല്‍ എന്നെ വായനയില്‍ നിന്ന് പിന്തിരിപ്പിച്ചു, ഇവ വായിക്കാന്‍ ഒത്തിരി പ്രയാസം ഉണ്ടാക്കുന്നു.
ReplyDeletetouching!
ReplyDeleteനന്ദി, സുല്‍ത്താന്‍, ഹാഷിം, പുണ്യാള.
ReplyDeleteഹാഷിം ഞാന്‍ കൂടുതലായും ഫോട്ടോകളാണ് പോസ്റ്റുന്നത് എന്നതിനാലാണ് ബ്ലാക്ക് ബാക്ക് ഗ്രൌണ്ട് ഉപയോഗിക്കുന്നത്. ഫോണ്ടിന്റെ വലുപ്പം കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ വായിക്കാന്‍ വലിയ പ്രയാസം കാണില്ല എന്ന് വിശ്വസിക്കുന്നു. തുടര്‍ന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.
Really nice Rishy,
ReplyDeleteമനസ്സു മുഷിഞ്ഞപ്പോഴാണ് പഴയ കുളിര്‍മയേറിയ ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ കയറിയത്. പക്ഷേ കണ്ണില്‍ തടഞ്ഞതാവട്ടേ ഇതും. വെറുതേ ഒരു വിഷമം അച്ഛനെ വീടിനെ ഒക്കെ ഓര്‍ത്തപ്പോള്‍.....
Any way hats of U frnd
And for Vamshi also
നന്ദി സിജി.
ReplyDeleteRishi,
ReplyDeleteമനസ്സിൽ കൊണ്ടു.
നാനാകോടി മനുഷ്യർ വസിക്കുന്ന ഈലോകത്ത് നാമാരാണെന്നും, നാമെവിടെയാണെന്നുമുള്ള തിരിച്ചറിവുണ്ടാവുമ്പോഴാണ് നാം ജീവിതത്തെ അറിയുന്നത്...
ReplyDeleteനല്ല പോസ്റ്റ് ആണ്...
ചിത്രങ്ങളെക്കാൾ അക്ഷരങ്ങളാണ് കൈക്കിണങ്ങുകയെന്ന് തോന്നുന്നു....