Saturday, January 30, 2010

La Femme Nikita[1990] [French]


Nikita, അവള്‍ എവിടെ നിന്നും വന്നുവെന്നോ എങ്ങോട്ട് പോയെന്നോ നമുക്കറിയില്ല.

There are two things that have no limit. Feminity and the means of taking advantage of it.

മേല്‍ പറഞ്ഞ വാചകം തന്നെയാണീ ചിത്രത്തിന് ആധാരം. ജീവിതത്തിനും മരണത്തിനുമിടയിലെ തിരഞ്ഞെടുപ്പിനായി തന്റെ വ്യക്തിത്വത്തെ തന്നെ ഉപേക്ഷിക്കേണ്ടി വന്നവളാണ് അവള്‍.
അവളുടെ 20 -ആം വയസ്സില്‍ നാമവളെ കണ്ടു തുടങ്ങുന്നു. അവളുടെ പൂര്‍വ കാലം ചിത്രത്തില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ല. ഒരു കുറ്റകൃത്യത്തെ തുടര്‍ന്ന് 30 വര്‍ഷത്തെ ജീവപര്യന്തം തടവിനു വിധിക്കപ്പെടുന്ന അവളുടെ മുന്‍പിലേയ്ക്ക് ഒരു തെരഞ്ഞെടുപ്പിനുള്ള അവസരംകിട്ടുന്നു.
ഒരു secret agent ആയുള്ള ജീവിതം അല്ലെങ്കില്‍ മരണം. ജീവിതത്തോടുള്ള ആഗ്രഹം കൊണ്ട് അവള്‍ secret agent ആയുള്ള ജീവിതം തെരഞ്ഞെടുക്കുന്നു. തന്റെ സ്വത്വവും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും ഒക്കെ പണയപ്പെടുത്തിക്കൊണ്ട് . ൩ വര്‍ഷത്തെ training നു ശേഷം പുറത്തിറങ്ങുന്ന അവള്‍ ഒരു super market cashier ഒടൊപ്പം ഒരു ജീവിതം തുടങ്ങുകയാണ്. അവളുടെ കാമുകനു മുന്‍പില്‍ ഒരു ഉപാധി മാത്രമേ അവള്‍ വയ്ക്കുന്നുള്ളൂ. പൂര്‍വ കാലത്തെ പറ്റി ചോദ്യങ്ങള്‍ അരുത്. അയാള്‍ക്ക് അവള്‍ Marie Clament എന്ന ഒരു ഹോസ്പിറ്റല്‍ നേഴ്സ് ആണ്. ഒരുപാട് തിരക്കുള്ള ഒരു ജോലി.പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ ജീവിതം. പക്ഷെ അവളുടെ ജീവിതം ഇതു നിമിഷവും വന്നെതിയെക്കാവുന്ന ഒരു ഫോണ്‍ കോളിലാണ് നിശ്ചയിക്കപ്പെടുന്നത്.

ഒരു ഘട്ടത്തില്‍ കാമുകന്‍ അവളോട്‌ ചോദിക്കുന്നു. 6 മാസമായി നാം ഒന്നിച്ചു ജീവിക്കുന്നു. എന്തെ നിന്നെ കാണാന്‍ സുഹൃതുക്കാലോ ബന്ധുക്കളോ ഒന്നുമേ വരാത്തത്?
അവള്‍: "ഞാന്‍ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു. നിന്നെ മാത്രം "

ഒരു സാധാരണ action thriller മാത്രമായി മാറിയേക്കാവുന്ന ഒരു വിഷയത്തെ സംവിധായകന്‍ Luc Besson കൈകാര്യം ചെയ്ത രീതി കൊണ്ടാണ് ചിത്രം മറ്റൊരു തലത്തിലെയ്ക്കുയരുന്നത്. ശ്രദ്ധേയമായി തോന്നിയത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ഒരു ദയാലോഗ് പോലും അനവശ്യമായില്ല. മനോഹരമായ സംഭാഷണങ്ങള്‍. അതും subtitle കളില്‍ കേട്ടിട്ട് പോലും.

തന്റെ നിവൃത്തികേടുകളുടെ സമയത്തെ ഓരോ വ്യക്തിയുടെയും പ്രതികരണങ്ങള്‍ മനോഹരമായി കാണിച്ചു തരുന്നു സംവിധായകന്‍. പ്രത്യേകം എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ചായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ്. New age music നോട് സാമ്യം പുലര്‍ത്തുന്ന തകര്‍പ്പന്‍ സംഗീതമാണ് ചിത്രത്തില്‍ ഉടനീളം. പാരീസിന്റെയും വെനീസിന്റെയും പൌരാണികമായ വംബന്‍ കെട്ടിടങ്ങളുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ കാണിച്ചു തരുന്നു ചിത്രം. Action scene കള്‍ stylish ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1993 -ല്‍ ചിത്രം Warner brothers 'Point of no return' എന്ന പേരില്‍ ഇംഗ്ലീഷില്‍ remake ചെയ്തിരുന്നു. പതിവ് പോലെ original നോട് നീതി പുലര്‍ത്താനാവാതെ പോയി അതിനും.

Anne Parillaud ആണ് Nikita യെ അവതരിപ്പിച്ചിരിക്കുന്നത്. Nikita യുടെ വികാര വിചാരങ്ങളെയും ശരീര ചലനങ്ങളെയും അത്ര തന്മയത്വതോടെയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രമായി മറ്റാരെയും നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. ചിത്രത്തിന്റെ അവസാനത്തില്‍Jean Reno ഒരു രസകരമായ കഥാപാത്രമായി വരുന്നുണ്ട്. കുറച്ചു നേരമേ ഉള്ളുവെങ്കിലും മറക്കാനാവാത്ത കഥാപാത്രം. ഓരോ കഥാപാത്രത്തിനും തനതായ വ്യക്തിത്വമുണ്ട് ചിത്രത്തില്‍. കഥാപാത്രങ്ങള്‍ ദയാദാക്ഷിന്യങ്ങള്‍ ഇല്ലാത്ത violence ന്റെ ലോകത്താണ് ജീവിക്കുന്നതെങ്കിലും അവരുടെ വികാരങ്ങളും ദയനീയമായ നിവൃതികെടുകളും നമുക്ക് മനസ്സിലാകും. നമുക്കവരോട് അനുകമ്പ തോന്നുന്നു. അതാണീ ചിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുന്നതും.
ചിത്രത്തിനെ അവസാനത്തിലെ പരാജയപ്പെടുന്നൊരു ദൌത്യത്തെ തുടര്‍ന്ന് അവള്‍ എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ പോകയാണ്. അതിനു മുന്‍പുള്ള സംഭാഷണം:

"അവര്‍ നിന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു അല്ലെ? ഈ ജോലി നിനക്ക് വളരെ കടുത്തതാണ്. നിന്റെ ഈ കുഞ്ഞു കൈകള്‍ നോക്കു. അവയ്ക്ക് സംരക്ഷണം വേണം. അവ പ്രായമാകരുത്. ഒരുപാട് വൈകുന്നതിനു മുന്‍പ് എല്ലാം മതിയാക്കു."
"എന്താണ് അങ്ങിനെ പറഞ്ഞത്?"
"എല്ലാം എനിക്കറിയാം Marie. ആ hospital ല്‍ ഒരിക്കലും ഒരു Marie Clament ഉണ്ടായിരുന്നില്ല. എല്ലാം എനിക്കറിയാം."
"എന്തുകൊണ്ടിത്‌ നേരത്തെ പറഞ്ഞില്ല?"
"കാരണം ഞാന്‍ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു. നിന്നെ മാത്രം."

[Nikita യുടെ ജീവിതത്തിലെ ഫോണ്‍ കോളുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം നമ്മുടെയൊക്കെ ജീവിതം ഓര്‍ത്തു പോയി. നമ്മുടെ ജീവിതവും സമാധാനവും നിര്‍ണ്ണയിക്കുന്നത് ഇത്തരം ഫോണ്‍ കോളുകള്‍ ആണല്ലോ. നാം എവിടെയായിരുന്നാലും എന്തെടുക്കുക ആയിരുന്നാലും ആ ഫോണ്‍ കോളുകള്‍ക്ക് അവസാനമില്ലല്ലോ.]


Share/Bookmark

Tuesday, January 26, 2010

When the clouds are in love with hills


















Share/Bookmark

Sunday, January 24, 2010

Buddham Sharanam Gacchami

Pics are from Golden Temple, Namdroling Monastery, Kushaalnagar, Coorg. This one is the 2nd largest Tibetan settlement in India and the only one in the south India.





















Share/Bookmark

Thursday, January 21, 2010

Once I was


Share/Bookmark

Monday, January 18, 2010

ഓര്‍മ്മയുടെ ഓളങ്ങള്‍

ഓര്‍മ്മകള്‍ എപ്പോഴും അങ്ങിനെയാണ്, നമ്മിലുണ്ടെന്നു ഒരു ലാഞ്ചന പോലും തരാതെ കാലങ്ങളോളം ഒളിച്ചിരുന്ന്, ഒരു ദിനം കാഴ്ച്ചയുടെ, ശബ്ദത്തിന്റെ അല്ലെങ്കില്‍ ഗന്ധത്തിന്റെ തോണിയേറി മറവിയുടെ കടലുകള്‍ കടന്നു അവ വന്നു ചേരുന്നു.

ഇന്നലെ ഓര്‍ക്കുട്ടിലൂടെ ഒരു ലക്ഷ്യവുമില്ലാതെ പരതി നടക്കുമ്പോള്‍ ഞാനൊരു ഫോട്ടോ കണ്ടു. അതില്‍ നിന്റെ മകളെയും മടിയിലിരുത്തി നീ പുഞ്ചിരിക്കുന്നു. അപ്പോള്‍ വെറുതെ ഞാനാ പഴയ കാലങ്ങള്‍ ഓര്‍ത്തു പോയി. വെറുതെ.

എന്തായിരുന്നു ജഗന്‍ നമ്മെ അടുപ്പിച്ചത്? എവിടെയായിരുന്നു തുടക്കം? ഉറക്കമില്ലാതെ, ഹോസ്റ്റെലിന്റെ മട്ടുപ്പാവിലും, വെള്ള ടൈല്‍സ് പതിച്ച നീളന്‍ വരാന്തകളിലും അലഞ്ഞു നടന്ന ഏതോ രാത്രി യാമങ്ങളിലാണ് നാം കണ്ടു മുട്ടിയത്‌. പഠനത്തിന്റെയും അസ്സൈന്മെന്റുകളുടെയും പുകയുയരുന്ന ഹോസ്ടല്‍ മുറികളില്‍ ഇതിലോന്നുമേ താല്‍പര്യമില്ലാതെ മറ്റെന്തൊക്കെയോ ചിന്തിച്ചു നടക്കുന്ന രണ്ടു പേര്‍. വഴിതെറ്റി എത്തിയതായിരിക്കാം അവര്‍. അവര്‍ തമ്മിലുള്ള തിരിച്ചറിയല്‍ ആയിരുന്നു ആ കണ്ടുമുട്ടല്‍.

കപട സ്നേഹങ്ങളുടെയും, തൊഴുത്തില്‍ കുത്തുകളുടെയും, ആള്‍ ദൈവങ്ങളുടെയും ആ ഊഷര ഭൂവില്‍ ഒരു മരുപ്പച്ച പോലെ നീയെനിക്ക് ആശ്വാസമായിരുന്നു. എത്രയോ രാത്രികളില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട്, ചര്‍ച്ച ചെയ്തു കൊണ്ട് നാം ഒന്നിച്ചിരുന്നു. സംഗീതവും സിനിമയും നാട്ടു വര്‍ത്തമാനങ്ങളും അങ്ങിയങ്ങിനെ പലതും. അതിലൊരു രാത്രിയില്‍ സ്വപ്നം പോലെ ഒരു സംഭവം നീ എന്നോട് പറഞ്ഞു. എന്തിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ക്കുന്ന നീ അതും അങ്ങിനെയാണ് പറഞ്ഞു തുടങ്ങിയത്:

"കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ? നമ്മളീ ചെയ്യുന്ന പണിക്കെല്ലാം മറുപണി കിട്ടും ഋഷി."

പതിവുപോലെ അതും വെറുമൊരു സംഭവമായി കേട്ട് തുടങ്ങി. പിന്നെ പതിയെ ഞാനറിയുകയായിരുന്നു, അത് നിന്റെ ജീവിതമാണെന്ന്. നിന്റെ ജീവന്‍ തന്നെ ആയിരുന്നെന്നു. ആദ്യം എന്റെ തലയ്ക്കടിയേറ്റ പോലെ തോന്നി. പിന്നെ ഞാന്‍ ഒരു സ്വപ്നം കാണുകയാണെന്ന് തോന്നി. പക്ഷെ അത് നിനക്ക് മാത്രം ജീവിക്കാന്‍ കഴിഞ്ഞ, അതോ കഴിയാതെപോയ ജീവിതമായിരുന്നു. നിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവും അതില്‍ നിന്നിട്ടുന്ന ചോരയും ഞാന്‍ കണ്ടു. അതൊന്നു നേര്‍പ്പിക്കാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും എന്റെ കൈവശം ഇല്ലായിരുന്നു. ഒരു വാക്ക് പോലും എന്റെ വായില്‍ വന്നതുമില്ല. വാക്കുകള്‍ക്കും കണ്ണീരിനും ഇന്ദ്രിയങ്ങള്‍ക്കു തന്നെയും അപ്പുറമുള്ള ലോകമായിരുന്നു അത്. നിറെ കണ്ണുകളില്‍ ഏതോ ലോകത്തിന്റെ താളവട്ടങ്ങള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു. നമുക്കിടയില്‍ ആരോ കടന്നു വന്നു വള കിലുക്കുന്നോ? കൈകൊട്ടി ചിരിക്കുന്നോ? അതോ കണ്ണീര്‍ പൊഴിക്കുന്നോ? ഒന്നറിയാം നമുക്കിടയില്‍ മൂനാമത് ഒരാള്‍ ഉണ്ടായിരുന്നു. ഒരിക്കലും ഉത്തരം കിട്ടാതെ പോയ ഒരു മാനസികാവസ്ഥയെ ഞാന്‍ കണ്ടു. നിശ്ശബ്ദതയുടെ മഹാ പര്‍വങ്ങള്‍ നാമറിഞ്ഞു. നിശ്ശബ്ധത കനക്കുമ്പോള്‍ നീ:

"ഋഷി ഇത് ഒരു കഥയായോ മറ്റോ എഴുതിക്കോ. അതേയ് അച്ഛനൊക്കെ ഭയങ്കര സങ്കടായെ. കാരണം തെരക്ക് പിടിച്ചു അവിവേകം ഒന്നും കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞതാ. പക്ഷെ എന്നാ ചെയ്യാനാ. തെരക്ക് പിടിച്ചു ആരുമറിയാതെ ഞാനാ കൊച്ചിനെ രെജിസ്ടര്‍ കല്യാണം ചെയ്തു. കൊറച്ചു കാത്തിരുന്നാ അവര് തന്നെ നടത്തി തന്നേനേം. മുടിഞ്ഞ ടെന്‍ഷനാരുന്നു ആ കാലത്ത്. അവക്കും പെടിയാരുന്നു ഞാനെങ്ങാനും ഇട്ടേച്ചും പോയാലോന്ന്. ആ പേടി മാറ്റാനാ ഞാന്‍... ഒരു കാര്യമൊണ്ട് ഋഷി, നമ്മുടെതല്ലാത്തപ്പോ ഇതിനു ഭയങ്കര വെലയാന്നു തോന്നും. എപ്പളും ഒരു പേടീം ടെന്‍ഷനുമാ. പോയ്ക്കളയുവോന്നു.. പക്ഷെ ഒണ്ടല്ലോ കയ്യിലോട്ട് കിട്ടിയാപ്പിന്നെ... ഓ...എങ്ങോട്ടിനി പോവാനാന്നു ആകും. പക്ഷെ ഈ പെണ്‍പിള്ളേര് അങ്ങനല്ലാന്നു തോന്നണു. അത് കഴിഞ്ഞേപ്പിന്നെ ചുമ്മാ ചുമ്മാ ഒടക്കുവാരുന്നു. എന്നും..എന്തേലുമൊക്കെ പറഞ്ഞ്. നമ്മള് എപ്പളും വിളിചോണം അന്വേഷിചോണം... ഇതൊക്കെ നമ്മടെ സ്വഭാവത്തിന് ഒക്കുവോ? ഒരു ദെവസം ഫോണീ വിളിച്ചപ്പം എന്തോ പറഞ്ഞ് ഒടക്കി. എന്നോട് പറഞ്ഞ് ഇങ്ങനെ തൊടങ്ങിയാ ചത്തുകളയും കേട്ടോന്നു. ഞാമ്പറഞ്ഞു: ഓ എന്നലങ്ങോട്ടു പോയി ചാക്... "

നിന്റെ മിഴികളില്‍ നനവ്‌ പടരുന്നത്‌ ഞാന്‍ കണ്ടു.

"എന്റെ ഋഷി.. അവളതു ചെയ്തു കളഞ്ഞു. ഒരക്ഷരം എന്നോട് പറയാതെ. എന്നെയിങ്ങനെ കൊല്ലാക്കൊല കൊല്ലാന്‍. ആ വിവരം അറിഞ്ഞപ്പോ എന്റെ വെളിവ് പോയതാ. പിന്നൊരു എട്ടു മാസം എന്റെ ഓര്‍മ്മേലില്ല. "

നീ ചിരിച്ചു. ദുഖങ്ങള്‍ അസഹനീയങ്ങള്‍ ആകുംപോള്‍ മനുഷ്യര്‍ ചിരിച്ചു പോയേക്കാം.

"ഇതൊക്കേം ഓര്‍ക്കാനൊരു കാരണമുണ്ടായി. ഇന്നാ ആശ്രമത്തിന്റെ വാതുക്കെ വെച്ച് അന്നെന്നെ ചികിത്സിച്ച ഡോക്ടറിനേം വൈഫിനേം കണ്ടു. അവരെ കാണാണ്ട് മുങ്ങാന്‍ നോക്കീതാ, ഒത്തില്ല. അവരെന്തോക്കെയോ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ ഏതാണ്ടൊക്കെയോ പറഞ്ഞു. "

"അച്ഛനും അമ്മെമൊക്കെ കൊറേ സഹിച്ചു എന്നേം കൊണ്ട്. എന്നാ ചെയ്യാനാ? അവരെയോര്‍ത്ത ഞാനിങ്ങനെ... എന്നെയൊന്നു നേരെയാക്കാന്‍ അവരൊത്തിരി നോക്കി. എറണാകുളത്തെ ജോലിയൊക്കെ അങ്ങനെ മേടിച്ചു തന്നതാ. പക്ഷെ എന്നാ ചെയ്യാനാ. ഒന്നും ശരിയായില്ല. "

"അതേയ്, ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോ പൊറകീന്നു വിളിക്കണ പോലൊക്കെ തോന്നും. അതാ ഞാനിങ്ങനെ ഉറക്കമില്ലാണ്ട് നിന്റെ അടുത്തൊക്കെ വരണത്. അതീപ്പിന്നെ ഒറ്റ രാത്രി കരയാണ്ട് ഞാന്‍ ഉറങ്ങീട്ടില്ല. എന്റെ കഥ കേക്കണോരു ചോദിക്കണതു അവനിപ്പളും ജീവിച്ചിരിക്കുന്നോ എന്നാണു. അച്ഛനേം അമ്മേനേം ഓര്‍ത്താ.. കൊറേ കഴിയുമ്പോ എന്നെയങ്ങ് തട്ടി കളയണം. "

എന്തായിരുന്നു ആ തട്ടികളയളിലൂടെ നീ ഉദ്ദേശിച്ചത്? ആത്മഹത്യയോ? എനിക്കറിയില്ല. ഞാന്‍ ചോദിച്ചുമില്ല. കാരണം എനിക്കാ രാത്രിയില്‍ വാക്കുകളും ഭാഷയും നഷ്ട്ടപ്പെട്ടു പോയിരുന്നു. നിനക്കെങ്ങനെ കഴിയുന്നു സുഹൃത്തേ ചിരിച്ചു കൊണ്ടും ചിരിപ്പിച്ചു കൊണ്ടും നടക്കാന്‍?

നിന്റെ കയ്യില്‍ കുറെ ഓര്‍മ്മയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ആ നഖ ചിന്തുകളും, മുടിച്ചുരുളും, വളപ്പൊട്ടുകളും നിനക്ക് മറ്റേതോ ലോകത്തെ ഓര്‍മ്മ കുറിപ്പുകളാണ്. ലോകരതിനെ പ്രണയ ചപലത എന്ന് വിളിച്ചു. അവരെ നയിച്ചവരില്‍ ഒരാള്‍ ഞാനുമായിരുന്നു. പക്ഷെ അക്ഷരത്തെറ്റു പോലെ ഒരു മരണം എല്ലാ അര്‍ത്ഥ താളങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് ജീവിതത്തെ കൊണ്ട് ചെന്നെത്തിക്കുന്നു. ഓര്‍മ്മയില്ലയ്മയുടെ എട്ടു മാസങ്ങള്‍ക്കപ്പുറം ആ ജീവിതം മരണത്തിന്റെ തുടര്‍ച്ചയാകുന്നു. യവ്വന കോലാഹലങ്ങള്‍ നിറഞ്ഞ ഒരു ജീവിതോത്സവം ആയി ഞാനുമതിനെ കണ്ടു തുടങ്ങുന്നു. പക്ഷെ ഞാനിപ്പോളറിയുന്നു, ദുക്കങ്ങള്‍ മറച്ചു വയ്ക്കാനുള്ള ഒരു സാഗരത്തിന്റെ സൂത്ര പണികളായിരുന്നു അവയെന്ന്. ഇരുട്ടില്‍ തോരാത്ത കണ്ണീരിന്റെ അലയൊലികള്‍ ഞാന്‍ കേള്‍ക്കുന്നു.

ഇപ്പോളും ഏകാന്തതയില്‍ ആ ജീവിതം നിന്നോട് സംവദിക്കുന്നത് ഞാനറിയുന്നു. പിന്നീടു നാം അവസാനം കണ്ട നാള്‍ ഒരു ഫോട്ടോ നീ കാണിച്ചു തന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും മഞ്ഞയുടെയും ചുളിവുകള്‍ക്കിടയില്‍ അവ്യക്തമായൊരു മുഖം ഞാന്‍ കണ്ടു.ഒരു ഓര്‍മ്മതെറ്റിന്റെ അവസാന സാക്ഷ്യമോ? അപ്പോള്‍ നീ എന്തോ ആരോടോ പിറുപിറുക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുകയായിരിക്കാം, നിനക്കു മാത്രം സംവദിക്കാന്‍ കഴിയുന്ന ആ അദൃശ്യ സ്നേഹത്തോട്. നിന്റെ തന്നെ ഇരുള്‍ മൂടിയ പാതിയോട്. നിശ്ശബ്ദം ഞാനത് തിരിച്ചു നല്‍കി. വാക്കുകള്‍ ഒന്നിനും മതിയാകുന്നില്ല. മൌനം വലിയൊരു ആശ്വാസമാകുന്നു.ശ്വാസം മുട്ടിക്കുന്ന ഒരാശ്വാസം.

അവസാന രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി മട്ടുപ്പാവില്‍ നാം അടുത്തു കിടക്കവേ നീയെന്നോട്‌ പറഞ്ഞു:

"നമ്മുടെ ജീവിതത്തില്‍ അവസാനമായിരിക്കും നമ്മളിങ്ങനെ കെടക്കണത്. "

ഞാന്‍ പറഞ്ഞു, വെറുതെയായിരിക്കാം, എങ്കിലും ആശയോടെ:

"അല്ല, ജെഗന്‍, നമ്മളിനിയും കാണും, ഇനിയുമിങ്ങനെ ആകാശം നോക്കി കിടക്കും."

ആര്‍ക്കറിയാം. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ മനുഷ്യന്‍ എന്തറിയുന്നു?

പിന്നെ കെട്ടുകളുമായി നീ നടന്നകന്നു. ഏറെ ദൂരം ചെന്ന് നീ തിരിഞ്ഞു നോക്കി. ആ നോട്ടവും കാത്തു നിറയുന്ന കണ്ണുകളുമായി ഞാന്‍ നിന്നിരുന്നു. നിറഞ്ഞ സ്നേഹത്തിന്റെ മധുരമേ വിട...

പിന്നെ നാം ഫോണില്‍ കേള്‍ക്കുന്ന ശബ്ദങ്ങളായി. വല്ലപ്പോളും ഫോര്‍വേഡ് ചെയ്യുന്ന മെയിലുകള്‍ മാത്രമായി. പിന്നെ തിരക്കുകളുടെ ഓളങ്ങളില്‍ പെട്ട് ഞാനും നീയും മറവികളുടെ രണ്ടു തീരങ്ങളില്‍ അടിയുന്നു. നിന്റെ വിവാഹം നീ ക്ഷണിച്ചിരുന്നു. പോയില്ല. വഴക്ക് കേള്‍ക്കാന്‍ ശക്തിയില്ലാത്തത് കൊണ്ട് വിളിച്ചുമില്ല. ആശംസകള്‍ ഒരു മെയിലില്‍ ഒതുക്കി. അത് നീ കണ്ടിരുന്നോ എന്നറിയില്ല. പിന്നെ സൌകര്യ പൂര്‍വ്വം ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ഞാനും നിന്നെ മറന്നു. എങ്കിലും ഈ യാന്ത്രികതയില്‍ നിന്റെ ഓര്‍മ്മകള്‍ എനിക്കാശ്വാസമാകുന്നു. എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. സ്നേഹിക്കാനല്ലാതെ. ആ ഓര്‍മ്മകളെ വെറുതെ സ്നേഹിക്കാനല്ലാതെ...
Share/Bookmark

Friday, January 15, 2010

Musical fountain

Below pics are from the musical fountain in Mercara. Thank you Amit and Kunju for giving me the corner.




















Share/Bookmark

Thursday, January 14, 2010

Below the blue blue sky

Pics are from the Kotta betta hills near mercara, Coorg. Thank you Kunju, Amit, Raj and Dhana for the wonderful and eventful journey. Most of all thank you the Sky and Clouds for being there till I reached.
















Share/Bookmark

Tuesday, January 12, 2010

Rooftops


Share/Bookmark

Survival of the fittest






Share/Bookmark

Tuesday, January 5, 2010

അനന്തരം സംഗീതം മൌനമാകുന്നു

രവിയേട്ടന്റെ കടയില്‍ കാശില്ലാഞ്ഞു കടം പറഞ്ഞു കട്ടനും അടിച്ചു നശിച്ചിരിക്കുമ്പോള്‍ ആണ് പൈലി കയറി വന്നത്: "അളിയാ കുറച്ചു സാധനം കിട്ടീട്ടുണ്ട്. പോയാലോ?"
"ഓ! വേണ്ടടാ പൈലീ കാശില്ലാണ്ട്‌ ഗതി മുട്ടി നിക്കുവാ.
"കാശ് പിന്നെ മതിയെടെയ്. താന്‍ വാ "

പൈലിയോടൊപ്പം കോളജിനു പുറകിലെ, കെമിസ്ട്രി ലാബിനുമപ്പുറം അക്വേഷ്യ മരങ്ങള്‍ക്കിടയിലെയ്ക്ക്. ക്ലാസ്സുമുറികളേക്കാള്‍ എനിക്ക് പരിചയം ഇവിടമാണല്ലോ. നടന്നു പോകുമ്പോള്‍ ഏതൊക്കെയോ ക്ലാസ്സുകളില്‍ നിന്നും ആരൊക്കെയോ എന്തൊക്കെയോ പഠിപ്പിക്കുന്നതിന്റെ ശബ്ദം. എന്നാണെനിക്കു ഇതൊക്കെയും അന്യമായത്? അക്വേഷ്യ മരങ്ങള്‍ക്കിടയിലെ തണുത്ത കാറ്റത്ത്‌ വെച്ച് അവന്‍ പൊതി തുറന്നു.കഞ്ചാവ് ബീഡികള്‍ പല്ലിളിച്ചു ചിരിക്കുന്നു. ഈ സാധനത്തിനു എന്തോക്കെയാകാന്‍ പറ്റും? ദൈവം, പിശാചു, മാലാഖ അങ്ങനെയങ്ങനെ എന്തെല്ലാം. പൈലിയും ഞാനും ഒന്നുമേ സംസാരിച്ചില്ല. വാക്കുകള്‍ക്കും അതീതമാണല്ലോ അനുഭവങ്ങള്‍. പുകച്ചുരുലുകള്‍ക്കിടയിലൂടെ നീലാകാശം കണ്ടു ഞാന്‍ മലര്‍ന്നു കിടന്നു.

ഞാനിതാ വെളിവുകെടിന്റെ ലോകത്തെയ്ക് പറന്നു പറന്നു. അതോ ഇതാണോ യഥാര്‍ത്ഥ ലോകം. അല്ലാതെ കാണുന്നതൊക്കെയും, സ്വപ്നം മാത്രമാകുമോ? ദുഖങ്ങളൊക്കെയും അലിഞ്ഞലിഞ്ഞു ഇല്ലാതെയാകുന്നു....

ഹരിപ്രസാദ് ചൌരാസ്യയുടെ പുല്ലാങ്കുഴല്‍ കേട്ട് തുടങ്ങുന്നു. ആത്മാവിന്റെ സംഗീതം. പിന്നെ ഗംഗയുടെ സംഗീതത്തിലേയ്ക്ക് വഴിമാറി. ഇപ്പോള്‍ ബിസ്മില്ലാഖാന്റെ ഷെഹനായി. ആത്മാവിന്റെ ദുഃഖം ഉരുകിയിറങ്ങുന്നു. വര്‍ണപ്രപഞ്ചം. വാനത്തെ മഴവില്ല് എനിക്ക് കുറുകെ നില്‍ക്കുന്നു. ഷെഹനായിയുടെ ദുഃഖം കൂടി വരുന്നു. അപ്പൂപ്പന്‍താടിയെ പോലെ ശരീരത്തിന്റെ കാണാം കുറഞ്ഞു വരുന്നു. ഇങ്ങനെ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പറന്നു നടക്കാന്‍. കാറ്റിന്റെ ഗതിക്കനുസരിച്ച് പറന്നു നീങ്ങാന്‍. ദേശ ദേശാന്ധരങ്ങളില്‍ സഞ്ചാരിയായലയാന്‍. സംഗീതത്തിന്റെ ഓരോ രാഗങ്ങളിലും അലിയാന്‍. പിന്നെ ഗ്വാളിയോറില്‍ മഴ പെയ്യുകയാണ്. മിയാ താന്‍സന്‍ മേഘമാല്‍ഹാറാല്‍ പെയ്യിച്ച കുളിര്‍ മഴ. ആത്മാവിലെയ്ക്ക് പൊഴിഞ്ഞു വീഴുന്ന അമൃത കണം. അമീര്‍ ഖുസ്രു തബലയില്‍ ഇടി മുഴക്കുന്നു. മേഘനാദം. തബലയുടെ കൈവഴികള്‍ അല്ലാ രഖയിലൂടെ സക്കീര്‍ ഹുസൈനിലൂടെ നീണ്ടിറങ്ങുകയാണ്.

ദ്രുതതാളം ഇതു നിമിഷവും മരണത്തിന്റെ മന്ദതാളത്തിലെയ്ക്ക് വഴുതി വീണേക്കാം. പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍. ആരോരുമറിയാതെ. ലക്‌ഷ്യം നഷ്ട്ടപ്പെട്ട ഒരു സഞ്ചാരിയ്ക്ക് കൂട്ട് മരണം മാത്രമാണ്. അതിനു മുന്‍പ് പോകാവുന്നത്ര ദൂരം പോകണം. ഇന്ന് സംഗീതം ഒഴുകുന്ന ദിനമാണ്. സരോദ് കരഞ്ഞു തുടങ്ങുന്നു. അംജദ് അലിഖാന്റെ വിരലുകളാല്‍.

കഴിഞ്ഞ തവണ ഈ സാധനം വലിച്ചു കേറ്റിയപ്പോള്‍ എല്ലാവരോടും ഭയങ്കര സ്നേഹം. സഹിക്കാന്‍ പറ്റാത്ത സ്നേഹം. എല്ലാവരെയും പരിചയപ്പെട്ടു കളയാം എന്ന് തോന്നി. പക്ഷെ കണ്ടവരോക്കെയും ഓടിയകന്നു. ആരുമേ മനസ്സിലാക്കുന്നില്ലല്ലോ. പതിവ് വഴികളൊക്കെയും എനിക്ക് അപരിചിതങ്ങള്‍ ആകുന്നു. അതോ അന്യമായതോ? ഈ വഴിമധ്യേ ധൂര്‍ത്തപുത്രന്റെ ചിരിയുമായി, എല്ലാം നശിച്ച ശേഷമുള്ള കണ്ണീരുമായി ഞാന്‍ വീണതെന്തേ? എണീറ്റ്‌ നടന്നു. എന്നെ കാണുമ്പോള്‍ പിശാചിനെ കണ്ടത് പോലെ ആളുകള്‍ അകലുന്നതെന്ത്? ഞാനിപ്പോള്‍ നടക്കുന്നത് സംഗീതത്തിന്റെ വഴികളിലൂടെയാണ്‌. വഴിക്കിരുവശവും വീണയും, പുല്ലാങ്കുഴലും, സിതാറും, സരോധും നിരന്നു നില്‍ക്കുന്നു. കൂട്ടം കൂടുന്നു. എവിടെയാണീ അപസ്വരം. സംഗീത ചിഹ്നങ്ങള്‍ കൊറിയവഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്. നിറങ്ങളെല്ലാം മഴവില്ലാകുന്നു. കേള്‍ക്കുന്നതെല്ലാം സംഗീതമാകുന്നു. സംഗീത ചിഹ്നങ്ങളില്‍ ഞാന്‍ തട്ടി തടഞ്ഞു കടന്നു പോകുന്നു. വീണ്ടും അപസ്വരം ചിരി. സംഗീതം ഇങ്ങനെയും ആകുമോ? വയലിന്റെ തന്ത്രികള്‍ പൊട്ടിക്കുന്നതാര്? ഞാനിനി എങ്ങോട്ട് പോകാന്‍? ആരുമില്ലാത്തവന്‍ ഒന്നുമല്ലാത്തവന്‍.. ഭൂമിയോട് പോലും ബന്ധം മുറിയുന്നു. പൊക്കിള്‍ക്കൊടി അറ്റ് പോകുന്നതെന്തേ? ഗര്‍ഭാസനത്തിന്റെ സുഖം ഏത് ദൈവത്തിനാണ് അസഹനീയമായത്? ആ പറുദീസയില്‍ നിന്നും പുരന്തള്ളിയതെന്തേ? ആനന്ദ നിര്‍വൃതിയുടെ സംഗീത മഹാ സാഗരത്തിലെയ്ക്ക് എനിക്കിനി തിരിച്ചു പോകണം. ഗര്‍ഭാശയത്തിന്റെ പറുദീസയിലേയ്ക്കു തിരിച്ചു കയറണം. ചുരുണ്ട് കൂടിയിരുന്നു ഉറങ്ങണം. ആരോരുമറിയാതെ. ആരാലും ശല്യപ്പെടുത്തപ്പെടാതെ. പഴയ മുറിവുകള്‍ നക്കിയുണക്കാന്‍.

മുന്നില്‍ അനന്തമഹാസാഗരം ഓളം തല്ലുന്നു. വീണ്ടും ഷെഹനായി. ഗംഗ സമുദ്രത്തില്‍ എത്തിയിരിക്കുന്നു. അന്വേഷണം പൂര്‍ത്തിയായി. വിശ്വപ്രപഞ്ചവും ഒരു അണുവിലെയ്കൊതുങ്ങുന്നു . ജീവാത്മാവിന്റെ അന്വേഷണം പരമാത്മാവിലെയ്ക്കെതുന്നു. ഗംഗയുടെ തിരച്ചില്‍ പൂര്‍ത്തിയാകുന്നു. ഇനി ഞാനില്ല. ആനന്ദത്തിന്റെ പടവുകളിലെയ്ക്ക് എന്നെ ആരാണ് കൊണ്ട് പോകുന്നത്? സ്വപ്നം തുടങ്ങുന്നു. ആരോ എന്നെ വിളിച്ചുവോ? ആരുമില്ലത്തവനെ ആര് വിളിക്കാന്‍. സ്വപ്നത്തിന്റെ ചിപ്പിയ്ക്കുള്ളില്‍ ഞാനിതാ. സാഗര നീലിമ. സംഗീത നീലിമ. എല്ലാത്തിനും നീല നിറം. ആ നിറം എന്നെ പൊതിയുന്നു. മറ്റു വര്‍ണങ്ങള്‍ എല്ലാം അകലുന്നതെന്ത്? സ്വപ്നം തീരുകയാണോ? അന്തകാരം എന്നെ പോതിയുകയാണോ? ഗംഗ സമുദ്രത്തില്‍ അലിഞ്ഞില്ലാതായി. ഷെഹനായി വാദനം നിലച്ചു. ആനന്ദത്തിന്റെ സന്തൂര്‍ വാദനം കാശ്മീരി ഹിമകണമായി പൊഴിയുന്നു. പിന്നെ സമുദ്രത്തിലലിയുന്നു.

പിന്നെ മൂന്നാംപക്കം പൈലി സമുദ്രതീരത്ത് നിന്നും എന്നെ കണ്ടെത്തുന്നു. ഒപ്പം പൂര്‍വാശ്രമത്തിലെ എന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അപ്പോള്‍ സംഗീതം അനാദിയായ മൌനത്തിനു വഴിമാറുകയായിരുന്നു...
Share/Bookmark

Saturday, January 2, 2010

Spoorloos[French] - അപ്രത്യക്ഷമായതിനെ കുറിച്ചുള്ള അന്വേഷണം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍ക്കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


അനന്തരം സന്ധ്യ മാഞ്ഞു ഉഷസ്സായി പുതിയൊരു വര്‍ഷമായി. ഏതു സിനിമയില്‍ തുടങ്ങണം എന്നറിയാതെ... വെടിയും പുകയും കൊലപാതകങ്ങളും യുദ്ധവും ഇല്ലാത്ത എന്തില്‍ നിന്നെങ്കിലും തുടങ്ങണം എന്നുണ്ടായിരുന്നു. എന്താണെന്ന് ഒന്നുമറിയാതെ 'must see' എന്നെവിടെയോ എഴുതിക്കണ്ടൊരു വാക്കില്‍ വിശ്വസിച്ചു കാണാനിരുന്നതാണീ ചിത്രം. പുതുവര്‍ഷത്തിലെ ആദ്യ സിനിമ. ധന്യനായി ഞാന്‍.

"ഞാന്‍ വീണ്ടുമാ സ്വപ്നം കണ്ടു. നീയൊരു സ്വര്‍ണ മുട്ടയ്ക്കകത്തു പെട്ട് പോയിരിക്കുന്നു. പുറത്തു കടക്കാനാവാതെ. പിന്നെ നീ അനന്തതയിലൂടെ ഏകനായി ഒഴുകി നടന്നു."

"
അതെ ഏകാന്തത അസഹനീയമായിരുന്നു.... അല്ല ഇത്തവണ മറ്റൊരു സ്വര്‍ണ മുട്ടയും അനന്തതയിലൂടെ ഒഴുകി നടപ്പുണ്ടായിരുന്നു. നാം തമ്മില്‍ കൂട്ടി മുട്ടിയാല്‍ അനന്തമായ ഈ ഏകാന്തത അവസാനിച്ചേനെ..."

Tim Krabbé യുടെ 'The golden egg' എന്നാ നോവലിനെ ആധാരമാക്കി George Sluizer സംവിധാനം ചെയ്ത ചിത്രം. 'Vanishing' എന്നാ
പേരില്‍ George Sluizer ഒരു ഇംഗ്ലീഷ് സിനിമയും സംവിധാനം ചെയ്തിരുന്നു. അന്വേഷിച്ചപ്പോള്‍ 'Avoid it' എന്നാണു ഗൂഗിള്‍ ഉപദേശിച്ചത്. അങ്ങിനെ sub title- കളെ ആശ്രയിച്ചു original തന്നെ കണ്ടു.

Rex, Saskia എന്ന രണ്ടു പ്രണയിതാക്കള്‍ ഒരു ഉല്ലാസ യാത്ര പോകുകയാണ്. ഒരു ഗ്യാസ് സ്റ്റേഷനില്‍ അവര്‍ വണ്ടി നിര്‍ത്തുന്നു. Saskia കുടിക്കുവാന്‍ എന്തെങ്കിലും വാങ്ങുവാനായി ഒരു കടയിലേയ്ക്ക് പോകുന്നു. പിന്നെ... അവള്‍ അപ്രത്യക്ഷയാകുന്നു. തെളിവുകള്‍ ഒന്നുമേ ശേഷിപ്പിക്കാതെ. Rex അന്വേഷിക്കുന്നു എല്ലാ രീതിയിലും. പക്ഷെ...

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം... ഇപ്പോള്‍ Rex നു പുതിയൊരു കൂട്ടുകാരിയുണ്ട്. പക്ഷെ ഇപ്പോളും അയാള്‍ അന്വേഷണം തുടരുകയാണ്. തന്റെ നഷ്ടത്തെ നികത്താനാവാതെ. നോട്ടീസുകളിലൂടെ, പത്ര പരസ്യങ്ങളിലൂടെ, ടീവി പ്രോഗ്രാമുകളിലൂടെ. അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. താന്‍ അന്വേഷിക്കുന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ.

ഇടയ്കിടയ്ക്ക് Saskia യെ കുറിച്ച് അറിയണമെങ്കില്‍ ഇവിടെ വരൂ അവിടെ വരൂ എന്നും പറഞ്ഞു കിട്ടുന്ന അജ്ഞാതമായ കത്തുകള്‍ അയാളെ നയിച്ച്‌ കൊണ്ടേയിരിക്കുന്നു. അയാളുടെ പുതിയ കൂട്ടുകാരിക്ക് ഈ അന്വേഷണം ഉള്‍ക്കൊള്ളാനാവുന്നില്ല. അവള്‍ അയാളെ വിട്ടു പോകാനൊരുങ്ങുകയാണ്.

അയാള്‍: Saskiya ഇല്ലായിരുന്നുവെങ്കില്‍...
അവള്‍: അതെ Saskia ഇല്ലായിരുന്നുവെങ്കില്‍. പക്ഷെ Saskia ഉണ്ടായിരുന്നു. ഉണ്ടായിരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് നോക്കുംപോള്‍ വെറുതെ താഴേയ്ക്ക് ചാടാന്‍ ഒരു തോന്നല്‍ ഉണ്ടാവാറുണ്ടോ? എല്ലാവര്‍ക്കും അങ്ങിനെ തോന്നാറുണ്ട്. പക്ഷെ അധികം ആരുമങ്ങിനെ ചെയ്യാറില്ല. പക്ഷെ ഒരാള്‍ തന്റെ 16 -ആമത്തെ വയസ്സില്‍ അത് ചെയ്തു. വെറുതെ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെ തീരൂ എന്ന് ഭ്രാന്തമായ ആഗ്രഹമുള്ള ഒരാള്‍. സമൂഹത്തില്‍ അങ്ങേയറ്റം മാന്യമായ ജീവിതം നയിക്കുംപോലും ഒരു പൂര്‍ണ്ണമായ തിന്മ ചെയ്യണമെന്നു അടങ്ങാത്ത ആഗ്രഹമുള്ള അയാള്‍. എന്താണ് ചെയ്യേണ്ടതെന്ന് വളരെ വിശദമായി അയാള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കാലം ഒരിരയെ മുന്‍പില്‍ കൊണ്ടെത്തിക്കുക എന്നത് മാത്രം. ഒടുവില്‍ അയാള്‍ തന്റെ ഇരയെകണ്ടെത്തുന്നു.

ഒടുവില്‍, തന്റെ നീണ്ട അന്വേഷണത്തിനൊടുവില്‍ Rex നു മുന്‍പില്‍ അയാള്‍ തന്റെ ഒളി ജീവിതം മതിയാക്കി വെളിച്ചപ്പെടുന്നു. Rex നു അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു. Saskia ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ?
ഉത്തരം: "എന്റെ ഒപ്പം വരൂ Saskia യ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ കാട്ടിത്തരാം."
അപകടം ആണെന്നറിഞ്ഞിട്ടും ആ ക്ഷണത്തിന്റെ പ്രലോഭനം തടുക്കാനാവാതെ Rex അയാള്‍ക്കൊപ്പം പോകുന്നു.പിന്നീട്...

കുറ്റവാളിയെ കണ്ടു പിടിക്കുന്നതിന്റെ മാര്‍ഗങ്ങളോ അജ്ഞാതനായ കുറ്റവാളിയോ ഒന്നുമല്ല ഈ ചിത്രത്തിലെ ആകാംക്ഷ നിലനിര്‍ത്തുന്ന സൂത്രം. കുറ്റം എന്തെന്നും അയാള്‍ എന്തിനതു ചെയ്തു എന്നതുമാണ്‌. കുറ്റവാളിയെ നമുക്കറിയാം. അയാളുടെ മനോവ്യാപാരങ്ങളെയും.

മോഹിപ്പിക്കുന്ന വിധം മനോഹരമായ ചില ക്യാമറ മൂവ്മെന്റുകള്‍ ഉണ്ടീ ചിത്രത്തില്‍. ഒരു കഥാ പാത്രത്തിന്റെ മുഖത്ത് നിന്നും ആരംഭിച്ചു തറയിലേയ്ക്ക് ഇറങ്ങി നിലം പറ്റെ സഞ്ചരിച്ചു കാറിന്റെ വശങ്ങളിലൂടെ പുറകിലെയ്കു പോയി മുകളിലേയ്ക്ക് നീങ്ങി കാറിന്റെ പിന്നില്‍ വച്ചിരിക്കുന്ന ഒരു പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ അവസാനിക്കുന്ന ഒരു ഒറ്റ ഷോട്ട്. Hats off George Hats off. അങ്ങിനെ പലഷോട്ടുകള്‍.

ഒരാളുടെ മനസ്സിനെ എങ്ങിനെ അമ്മാനമാടാമെന്നു അതി മനോഹരമായി നമ്മെ കാണിച്ചു തരുന്നു വില്ലന്റെ ഓരോ ചെയ്തിയും. പ്രത്യേകിച്ചു ഒരു സിനിമ വിഭാഗത്തിലും പെടുത്താന്‍ ആവാത്ത എന്നാല്‍ എല്ലാ വിഭാഗങ്ങളിലും പെടുന്ന സിനിമയുടെ വ്യാകരണങ്ങളെ കണക്കിലെടുക്കാതെ നീങ്ങുന്നൊരു ചിത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0096163/








നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

LinkWithin

Related Posts with Thumbnails