Monday, January 18, 2010

ഓര്‍മ്മയുടെ ഓളങ്ങള്‍

ഓര്‍മ്മകള്‍ എപ്പോഴും അങ്ങിനെയാണ്, നമ്മിലുണ്ടെന്നു ഒരു ലാഞ്ചന പോലും തരാതെ കാലങ്ങളോളം ഒളിച്ചിരുന്ന്, ഒരു ദിനം കാഴ്ച്ചയുടെ, ശബ്ദത്തിന്റെ അല്ലെങ്കില്‍ ഗന്ധത്തിന്റെ തോണിയേറി മറവിയുടെ കടലുകള്‍ കടന്നു അവ വന്നു ചേരുന്നു.

ഇന്നലെ ഓര്‍ക്കുട്ടിലൂടെ ഒരു ലക്ഷ്യവുമില്ലാതെ പരതി നടക്കുമ്പോള്‍ ഞാനൊരു ഫോട്ടോ കണ്ടു. അതില്‍ നിന്റെ മകളെയും മടിയിലിരുത്തി നീ പുഞ്ചിരിക്കുന്നു. അപ്പോള്‍ വെറുതെ ഞാനാ പഴയ കാലങ്ങള്‍ ഓര്‍ത്തു പോയി. വെറുതെ.

എന്തായിരുന്നു ജഗന്‍ നമ്മെ അടുപ്പിച്ചത്? എവിടെയായിരുന്നു തുടക്കം? ഉറക്കമില്ലാതെ, ഹോസ്റ്റെലിന്റെ മട്ടുപ്പാവിലും, വെള്ള ടൈല്‍സ് പതിച്ച നീളന്‍ വരാന്തകളിലും അലഞ്ഞു നടന്ന ഏതോ രാത്രി യാമങ്ങളിലാണ് നാം കണ്ടു മുട്ടിയത്‌. പഠനത്തിന്റെയും അസ്സൈന്മെന്റുകളുടെയും പുകയുയരുന്ന ഹോസ്ടല്‍ മുറികളില്‍ ഇതിലോന്നുമേ താല്‍പര്യമില്ലാതെ മറ്റെന്തൊക്കെയോ ചിന്തിച്ചു നടക്കുന്ന രണ്ടു പേര്‍. വഴിതെറ്റി എത്തിയതായിരിക്കാം അവര്‍. അവര്‍ തമ്മിലുള്ള തിരിച്ചറിയല്‍ ആയിരുന്നു ആ കണ്ടുമുട്ടല്‍.

കപട സ്നേഹങ്ങളുടെയും, തൊഴുത്തില്‍ കുത്തുകളുടെയും, ആള്‍ ദൈവങ്ങളുടെയും ആ ഊഷര ഭൂവില്‍ ഒരു മരുപ്പച്ച പോലെ നീയെനിക്ക് ആശ്വാസമായിരുന്നു. എത്രയോ രാത്രികളില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട്, ചര്‍ച്ച ചെയ്തു കൊണ്ട് നാം ഒന്നിച്ചിരുന്നു. സംഗീതവും സിനിമയും നാട്ടു വര്‍ത്തമാനങ്ങളും അങ്ങിയങ്ങിനെ പലതും. അതിലൊരു രാത്രിയില്‍ സ്വപ്നം പോലെ ഒരു സംഭവം നീ എന്നോട് പറഞ്ഞു. എന്തിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ക്കുന്ന നീ അതും അങ്ങിനെയാണ് പറഞ്ഞു തുടങ്ങിയത്:

"കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ? നമ്മളീ ചെയ്യുന്ന പണിക്കെല്ലാം മറുപണി കിട്ടും ഋഷി."

പതിവുപോലെ അതും വെറുമൊരു സംഭവമായി കേട്ട് തുടങ്ങി. പിന്നെ പതിയെ ഞാനറിയുകയായിരുന്നു, അത് നിന്റെ ജീവിതമാണെന്ന്. നിന്റെ ജീവന്‍ തന്നെ ആയിരുന്നെന്നു. ആദ്യം എന്റെ തലയ്ക്കടിയേറ്റ പോലെ തോന്നി. പിന്നെ ഞാന്‍ ഒരു സ്വപ്നം കാണുകയാണെന്ന് തോന്നി. പക്ഷെ അത് നിനക്ക് മാത്രം ജീവിക്കാന്‍ കഴിഞ്ഞ, അതോ കഴിയാതെപോയ ജീവിതമായിരുന്നു. നിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവും അതില്‍ നിന്നിട്ടുന്ന ചോരയും ഞാന്‍ കണ്ടു. അതൊന്നു നേര്‍പ്പിക്കാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും എന്റെ കൈവശം ഇല്ലായിരുന്നു. ഒരു വാക്ക് പോലും എന്റെ വായില്‍ വന്നതുമില്ല. വാക്കുകള്‍ക്കും കണ്ണീരിനും ഇന്ദ്രിയങ്ങള്‍ക്കു തന്നെയും അപ്പുറമുള്ള ലോകമായിരുന്നു അത്. നിറെ കണ്ണുകളില്‍ ഏതോ ലോകത്തിന്റെ താളവട്ടങ്ങള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു. നമുക്കിടയില്‍ ആരോ കടന്നു വന്നു വള കിലുക്കുന്നോ? കൈകൊട്ടി ചിരിക്കുന്നോ? അതോ കണ്ണീര്‍ പൊഴിക്കുന്നോ? ഒന്നറിയാം നമുക്കിടയില്‍ മൂനാമത് ഒരാള്‍ ഉണ്ടായിരുന്നു. ഒരിക്കലും ഉത്തരം കിട്ടാതെ പോയ ഒരു മാനസികാവസ്ഥയെ ഞാന്‍ കണ്ടു. നിശ്ശബ്ദതയുടെ മഹാ പര്‍വങ്ങള്‍ നാമറിഞ്ഞു. നിശ്ശബ്ധത കനക്കുമ്പോള്‍ നീ:

"ഋഷി ഇത് ഒരു കഥയായോ മറ്റോ എഴുതിക്കോ. അതേയ് അച്ഛനൊക്കെ ഭയങ്കര സങ്കടായെ. കാരണം തെരക്ക് പിടിച്ചു അവിവേകം ഒന്നും കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞതാ. പക്ഷെ എന്നാ ചെയ്യാനാ. തെരക്ക് പിടിച്ചു ആരുമറിയാതെ ഞാനാ കൊച്ചിനെ രെജിസ്ടര്‍ കല്യാണം ചെയ്തു. കൊറച്ചു കാത്തിരുന്നാ അവര് തന്നെ നടത്തി തന്നേനേം. മുടിഞ്ഞ ടെന്‍ഷനാരുന്നു ആ കാലത്ത്. അവക്കും പെടിയാരുന്നു ഞാനെങ്ങാനും ഇട്ടേച്ചും പോയാലോന്ന്. ആ പേടി മാറ്റാനാ ഞാന്‍... ഒരു കാര്യമൊണ്ട് ഋഷി, നമ്മുടെതല്ലാത്തപ്പോ ഇതിനു ഭയങ്കര വെലയാന്നു തോന്നും. എപ്പളും ഒരു പേടീം ടെന്‍ഷനുമാ. പോയ്ക്കളയുവോന്നു.. പക്ഷെ ഒണ്ടല്ലോ കയ്യിലോട്ട് കിട്ടിയാപ്പിന്നെ... ഓ...എങ്ങോട്ടിനി പോവാനാന്നു ആകും. പക്ഷെ ഈ പെണ്‍പിള്ളേര് അങ്ങനല്ലാന്നു തോന്നണു. അത് കഴിഞ്ഞേപ്പിന്നെ ചുമ്മാ ചുമ്മാ ഒടക്കുവാരുന്നു. എന്നും..എന്തേലുമൊക്കെ പറഞ്ഞ്. നമ്മള് എപ്പളും വിളിചോണം അന്വേഷിചോണം... ഇതൊക്കെ നമ്മടെ സ്വഭാവത്തിന് ഒക്കുവോ? ഒരു ദെവസം ഫോണീ വിളിച്ചപ്പം എന്തോ പറഞ്ഞ് ഒടക്കി. എന്നോട് പറഞ്ഞ് ഇങ്ങനെ തൊടങ്ങിയാ ചത്തുകളയും കേട്ടോന്നു. ഞാമ്പറഞ്ഞു: ഓ എന്നലങ്ങോട്ടു പോയി ചാക്... "

നിന്റെ മിഴികളില്‍ നനവ്‌ പടരുന്നത്‌ ഞാന്‍ കണ്ടു.

"എന്റെ ഋഷി.. അവളതു ചെയ്തു കളഞ്ഞു. ഒരക്ഷരം എന്നോട് പറയാതെ. എന്നെയിങ്ങനെ കൊല്ലാക്കൊല കൊല്ലാന്‍. ആ വിവരം അറിഞ്ഞപ്പോ എന്റെ വെളിവ് പോയതാ. പിന്നൊരു എട്ടു മാസം എന്റെ ഓര്‍മ്മേലില്ല. "

നീ ചിരിച്ചു. ദുഖങ്ങള്‍ അസഹനീയങ്ങള്‍ ആകുംപോള്‍ മനുഷ്യര്‍ ചിരിച്ചു പോയേക്കാം.

"ഇതൊക്കേം ഓര്‍ക്കാനൊരു കാരണമുണ്ടായി. ഇന്നാ ആശ്രമത്തിന്റെ വാതുക്കെ വെച്ച് അന്നെന്നെ ചികിത്സിച്ച ഡോക്ടറിനേം വൈഫിനേം കണ്ടു. അവരെ കാണാണ്ട് മുങ്ങാന്‍ നോക്കീതാ, ഒത്തില്ല. അവരെന്തോക്കെയോ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ ഏതാണ്ടൊക്കെയോ പറഞ്ഞു. "

"അച്ഛനും അമ്മെമൊക്കെ കൊറേ സഹിച്ചു എന്നേം കൊണ്ട്. എന്നാ ചെയ്യാനാ? അവരെയോര്‍ത്ത ഞാനിങ്ങനെ... എന്നെയൊന്നു നേരെയാക്കാന്‍ അവരൊത്തിരി നോക്കി. എറണാകുളത്തെ ജോലിയൊക്കെ അങ്ങനെ മേടിച്ചു തന്നതാ. പക്ഷെ എന്നാ ചെയ്യാനാ. ഒന്നും ശരിയായില്ല. "

"അതേയ്, ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോ പൊറകീന്നു വിളിക്കണ പോലൊക്കെ തോന്നും. അതാ ഞാനിങ്ങനെ ഉറക്കമില്ലാണ്ട് നിന്റെ അടുത്തൊക്കെ വരണത്. അതീപ്പിന്നെ ഒറ്റ രാത്രി കരയാണ്ട് ഞാന്‍ ഉറങ്ങീട്ടില്ല. എന്റെ കഥ കേക്കണോരു ചോദിക്കണതു അവനിപ്പളും ജീവിച്ചിരിക്കുന്നോ എന്നാണു. അച്ഛനേം അമ്മേനേം ഓര്‍ത്താ.. കൊറേ കഴിയുമ്പോ എന്നെയങ്ങ് തട്ടി കളയണം. "

എന്തായിരുന്നു ആ തട്ടികളയളിലൂടെ നീ ഉദ്ദേശിച്ചത്? ആത്മഹത്യയോ? എനിക്കറിയില്ല. ഞാന്‍ ചോദിച്ചുമില്ല. കാരണം എനിക്കാ രാത്രിയില്‍ വാക്കുകളും ഭാഷയും നഷ്ട്ടപ്പെട്ടു പോയിരുന്നു. നിനക്കെങ്ങനെ കഴിയുന്നു സുഹൃത്തേ ചിരിച്ചു കൊണ്ടും ചിരിപ്പിച്ചു കൊണ്ടും നടക്കാന്‍?

നിന്റെ കയ്യില്‍ കുറെ ഓര്‍മ്മയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ആ നഖ ചിന്തുകളും, മുടിച്ചുരുളും, വളപ്പൊട്ടുകളും നിനക്ക് മറ്റേതോ ലോകത്തെ ഓര്‍മ്മ കുറിപ്പുകളാണ്. ലോകരതിനെ പ്രണയ ചപലത എന്ന് വിളിച്ചു. അവരെ നയിച്ചവരില്‍ ഒരാള്‍ ഞാനുമായിരുന്നു. പക്ഷെ അക്ഷരത്തെറ്റു പോലെ ഒരു മരണം എല്ലാ അര്‍ത്ഥ താളങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് ജീവിതത്തെ കൊണ്ട് ചെന്നെത്തിക്കുന്നു. ഓര്‍മ്മയില്ലയ്മയുടെ എട്ടു മാസങ്ങള്‍ക്കപ്പുറം ആ ജീവിതം മരണത്തിന്റെ തുടര്‍ച്ചയാകുന്നു. യവ്വന കോലാഹലങ്ങള്‍ നിറഞ്ഞ ഒരു ജീവിതോത്സവം ആയി ഞാനുമതിനെ കണ്ടു തുടങ്ങുന്നു. പക്ഷെ ഞാനിപ്പോളറിയുന്നു, ദുക്കങ്ങള്‍ മറച്ചു വയ്ക്കാനുള്ള ഒരു സാഗരത്തിന്റെ സൂത്ര പണികളായിരുന്നു അവയെന്ന്. ഇരുട്ടില്‍ തോരാത്ത കണ്ണീരിന്റെ അലയൊലികള്‍ ഞാന്‍ കേള്‍ക്കുന്നു.

ഇപ്പോളും ഏകാന്തതയില്‍ ആ ജീവിതം നിന്നോട് സംവദിക്കുന്നത് ഞാനറിയുന്നു. പിന്നീടു നാം അവസാനം കണ്ട നാള്‍ ഒരു ഫോട്ടോ നീ കാണിച്ചു തന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും മഞ്ഞയുടെയും ചുളിവുകള്‍ക്കിടയില്‍ അവ്യക്തമായൊരു മുഖം ഞാന്‍ കണ്ടു.ഒരു ഓര്‍മ്മതെറ്റിന്റെ അവസാന സാക്ഷ്യമോ? അപ്പോള്‍ നീ എന്തോ ആരോടോ പിറുപിറുക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുകയായിരിക്കാം, നിനക്കു മാത്രം സംവദിക്കാന്‍ കഴിയുന്ന ആ അദൃശ്യ സ്നേഹത്തോട്. നിന്റെ തന്നെ ഇരുള്‍ മൂടിയ പാതിയോട്. നിശ്ശബ്ദം ഞാനത് തിരിച്ചു നല്‍കി. വാക്കുകള്‍ ഒന്നിനും മതിയാകുന്നില്ല. മൌനം വലിയൊരു ആശ്വാസമാകുന്നു.ശ്വാസം മുട്ടിക്കുന്ന ഒരാശ്വാസം.

അവസാന രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി മട്ടുപ്പാവില്‍ നാം അടുത്തു കിടക്കവേ നീയെന്നോട്‌ പറഞ്ഞു:

"നമ്മുടെ ജീവിതത്തില്‍ അവസാനമായിരിക്കും നമ്മളിങ്ങനെ കെടക്കണത്. "

ഞാന്‍ പറഞ്ഞു, വെറുതെയായിരിക്കാം, എങ്കിലും ആശയോടെ:

"അല്ല, ജെഗന്‍, നമ്മളിനിയും കാണും, ഇനിയുമിങ്ങനെ ആകാശം നോക്കി കിടക്കും."

ആര്‍ക്കറിയാം. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ മനുഷ്യന്‍ എന്തറിയുന്നു?

പിന്നെ കെട്ടുകളുമായി നീ നടന്നകന്നു. ഏറെ ദൂരം ചെന്ന് നീ തിരിഞ്ഞു നോക്കി. ആ നോട്ടവും കാത്തു നിറയുന്ന കണ്ണുകളുമായി ഞാന്‍ നിന്നിരുന്നു. നിറഞ്ഞ സ്നേഹത്തിന്റെ മധുരമേ വിട...

പിന്നെ നാം ഫോണില്‍ കേള്‍ക്കുന്ന ശബ്ദങ്ങളായി. വല്ലപ്പോളും ഫോര്‍വേഡ് ചെയ്യുന്ന മെയിലുകള്‍ മാത്രമായി. പിന്നെ തിരക്കുകളുടെ ഓളങ്ങളില്‍ പെട്ട് ഞാനും നീയും മറവികളുടെ രണ്ടു തീരങ്ങളില്‍ അടിയുന്നു. നിന്റെ വിവാഹം നീ ക്ഷണിച്ചിരുന്നു. പോയില്ല. വഴക്ക് കേള്‍ക്കാന്‍ ശക്തിയില്ലാത്തത് കൊണ്ട് വിളിച്ചുമില്ല. ആശംസകള്‍ ഒരു മെയിലില്‍ ഒതുക്കി. അത് നീ കണ്ടിരുന്നോ എന്നറിയില്ല. പിന്നെ സൌകര്യ പൂര്‍വ്വം ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ഞാനും നിന്നെ മറന്നു. എങ്കിലും ഈ യാന്ത്രികതയില്‍ നിന്റെ ഓര്‍മ്മകള്‍ എനിക്കാശ്വാസമാകുന്നു. എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. സ്നേഹിക്കാനല്ലാതെ. ആ ഓര്‍മ്മകളെ വെറുതെ സ്നേഹിക്കാനല്ലാതെ...
Share/Bookmark

No comments:

Post a Comment

LinkWithin

Related Posts with Thumbnails