"ഓ! വേണ്ടടാ പൈലീ കാശില്ലാണ്ട് ഗതി മുട്ടി നിക്കുവാ.
"കാശ് പിന്നെ മതിയെടെയ്. താന്‍ വാ "
പൈലിയോടൊപ്പം കോളജിനു പുറകിലെ, കെമിസ്ട്രി ലാബിനുമപ്പുറം അക്വേഷ്യ മരങ്ങള്‍ക്കിടയിലെയ്ക്ക്. ക്ലാസ്സുമുറികളേക്കാള്‍ എനിക്ക് പരിചയം ഇവിടമാണല്ലോ. നടന്നു പോകുമ്പോള്‍ ഏതൊക്കെയോ ക്ലാസ്സുകളില്‍ നിന്നും ആരൊക്കെയോ എന്തൊക്കെയോ പഠിപ്പിക്കുന്നതിന്റെ ശബ്ദം. എന്നാണെനിക്കു ഇതൊക്കെയും അന്യമായത്? അക്വേഷ്യ മരങ്ങള്‍ക്കിടയിലെ തണുത്ത കാറ്റത്ത് വെച്ച് അവന്‍ പൊതി തുറന്നു.കഞ്ചാവ് ബീഡികള്‍ പല്ലിളിച്ചു ചിരിക്കുന്നു. ഈ സാധനത്തിനു എന്തോക്കെയാകാന്‍ പറ്റും? ദൈവം, പിശാചു, മാലാഖ അങ്ങനെയങ്ങനെ എന്തെല്ലാം. പൈലിയും ഞാനും ഒന്നുമേ സംസാരിച്ചില്ല. വാക്കുകള്‍ക്കും അതീതമാണല്ലോ അനുഭവങ്ങള്‍. പുകച്ചുരുലുകള്‍ക്കിടയിലൂടെ നീലാകാശം കണ്ടു ഞാന്‍ മലര്‍ന്നു കിടന്നു.
ഞാനിതാ വെളിവുകെടിന്റെ ലോകത്തെയ്ക് പറന്നു പറന്നു. അതോ ഇതാണോ യഥാര്‍ത്ഥ ലോകം. അല്ലാതെ കാണുന്നതൊക്കെയും, സ്വപ്നം മാത്രമാകുമോ? ദുഖങ്ങളൊക്കെയും അലിഞ്ഞലിഞ്ഞു ഇല്ലാതെയാകുന്നു....
ഹരിപ്രസാദ് ചൌരാസ്യയുടെ പുല്ലാങ്കുഴല്‍ കേട്ട് തുടങ്ങുന്നു. ആത്മാവിന്റെ സംഗീതം. പിന്നെ ഗംഗയുടെ സംഗീതത്തിലേയ്ക്ക് വഴിമാറി. ഇപ്പോള്‍ ബിസ്മില്ലാഖാന്റെ ഷെഹനായി. ആത്മാവിന്റെ ദുഃഖം ഉരുകിയിറങ്ങുന്നു. വര്‍ണപ്രപഞ്ചം. വാനത്തെ മഴവില്ല് എനിക്ക് കുറുകെ നില്‍ക്കുന്നു. ഷെഹനായിയുടെ ദുഃഖം കൂടി വരുന്നു. അപ്പൂപ്പന്‍താടിയെ പോലെ ശരീരത്തിന്റെ കാണാം കുറഞ്ഞു വരുന്നു. ഇങ്ങനെ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പറന്നു നടക്കാന്‍. കാറ്റിന്റെ ഗതിക്കനുസരിച്ച് പറന്നു നീങ്ങാന്‍. ദേശ ദേശാന്ധരങ്ങളില്‍ സഞ്ചാരിയായലയാന്‍. സംഗീതത്തിന്റെ ഓരോ രാഗങ്ങളിലും അലിയാന്‍. പിന്നെ ഗ്വാളിയോറില്‍ മഴ പെയ്യുകയാണ്. മിയാ താന്‍സന്‍ മേഘമാല്‍ഹാറാല്‍ പെയ്യിച്ച കുളിര്‍ മഴ. ആത്മാവിലെയ്ക്ക് പൊഴിഞ്ഞു വീഴുന്ന അമൃത കണം. അമീര്‍ ഖുസ്രു തബലയില്‍ ഇടി മുഴക്കുന്നു. മേഘനാദം. തബലയുടെ കൈവഴികള്‍ അല്ലാ രഖയിലൂടെ സക്കീര്‍ ഹുസൈനിലൂടെ നീണ്ടിറങ്ങുകയാണ്.
ദ്രുതതാളം ഇതു നിമിഷവും മരണത്തിന്റെ മന്ദതാളത്തിലെയ്ക്ക് വഴുതി വീണേക്കാം. പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍. ആരോരുമറിയാതെ. ലക്‌ഷ്യം നഷ്ട്ടപ്പെട്ട ഒരു സഞ്ചാരിയ്ക്ക് കൂട്ട് മരണം മാത്രമാണ്. അതിനു മുന്‍പ് പോകാവുന്നത്ര ദൂരം പോകണം. ഇന്ന് സംഗീതം ഒഴുകുന്ന ദിനമാണ്. സരോദ് കരഞ്ഞു തുടങ്ങുന്നു. അംജദ് അലിഖാന്റെ വിരലുകളാല്‍.
കഴിഞ്ഞ തവണ ഈ സാധനം വലിച്ചു കേറ്റിയപ്പോള്‍ എല്ലാവരോടും ഭയങ്കര സ്നേഹം. സഹിക്കാന്‍ പറ്റാത്ത സ്നേഹം. എല്ലാവരെയും പരിചയപ്പെട്ടു കളയാം എന്ന് തോന്നി. പക്ഷെ കണ്ടവരോക്കെയും ഓടിയകന്നു. ആരുമേ മനസ്സിലാക്കുന്നില്ലല്ലോ. പതിവ് വഴികളൊക്കെയും എനിക്ക് അപരിചിതങ്ങള്‍ ആകുന്നു. അതോ അന്യമായതോ? ഈ വഴിമധ്യേ ധൂര്‍ത്തപുത്രന്റെ ചിരിയുമായി, എല്ലാം നശിച്ച ശേഷമുള്ള കണ്ണീരുമായി ഞാന്‍ വീണതെന്തേ? എണീറ്റ് നടന്നു. എന്നെ കാണുമ്പോള്‍ പിശാചിനെ കണ്ടത് പോലെ ആളുകള്‍ അകലുന്നതെന്ത്? ഞാനിപ്പോള്‍ നടക്കുന്നത് സംഗീതത്തിന്റെ വഴികളിലൂടെയാണ്. വഴിക്കിരുവശവും വീണയും, പുല്ലാങ്കുഴലും, സിതാറും, സരോധും നിരന്നു നില്‍ക്കുന്നു. കൂട്ടം കൂടുന്നു. എവിടെയാണീ അപസ്വരം. സംഗീത ചിഹ്നങ്ങള്‍ കൊറിയവഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്. നിറങ്ങളെല്ലാം മഴവില്ലാകുന്നു. കേള്‍ക്കുന്നതെല്ലാം സംഗീതമാകുന്നു. സംഗീത ചിഹ്നങ്ങളില്‍ ഞാന്‍ തട്ടി തടഞ്ഞു കടന്നു പോകുന്നു. വീണ്ടും അപസ്വരം ചിരി. സംഗീതം ഇങ്ങനെയും ആകുമോ? വയലിന്റെ തന്ത്രികള്‍ പൊട്ടിക്കുന്നതാര്? ഞാനിനി എങ്ങോട്ട് പോകാന്‍? ആരുമില്ലാത്തവന്‍ ഒന്നുമല്ലാത്തവന്‍.. ഭൂമിയോട് പോലും ബന്ധം മുറിയുന്നു. പൊക്കിള്‍ക്കൊടി അറ്റ് പോകുന്നതെന്തേ? ഗര്‍ഭാസനത്തിന്റെ സുഖം ഏത് ദൈവത്തിനാണ് അസഹനീയമായത്? ആ പറുദീസയില്‍ നിന്നും പുരന്തള്ളിയതെന്തേ? ആനന്ദ നിര്‍വൃതിയുടെ സംഗീത മഹാ സാഗരത്തിലെയ്ക്ക് എനിക്കിനി തിരിച്ചു പോകണം. ഗര്‍ഭാശയത്തിന്റെ പറുദീസയിലേയ്ക്കു തിരിച്ചു കയറണം. ചുരുണ്ട് കൂടിയിരുന്നു ഉറങ്ങണം. ആരോരുമറിയാതെ. ആരാലും ശല്യപ്പെടുത്തപ്പെടാതെ. പഴയ മുറിവുകള്‍ നക്കിയുണക്കാന്‍.
മുന്നില്‍ അനന്തമഹാസാഗരം ഓളം തല്ലുന്നു. വീണ്ടും ഷെഹനായി. ഗംഗ സമുദ്രത്തില്‍ എത്തിയിരിക്കുന്നു. അന്വേഷണം പൂര്‍ത്തിയായി. വിശ്വപ്രപഞ്ചവും ഒരു അണുവിലെയ്കൊതുങ്ങുന്നു . ജീവാത്മാവിന്റെ അന്വേഷണം പരമാത്മാവിലെയ്ക്കെതുന്നു. ഗംഗയുടെ തിരച്ചില്‍ പൂര്‍ത്തിയാകുന്നു. ഇനി ഞാനില്ല. ആനന്ദത്തിന്റെ പടവുകളിലെയ്ക്ക് എന്നെ ആരാണ് കൊണ്ട് പോകുന്നത്? സ്വപ്നം തുടങ്ങുന്നു. ആരോ എന്നെ വിളിച്ചുവോ? ആരുമില്ലത്തവനെ ആര് വിളിക്കാന്‍. സ്വപ്നത്തിന്റെ ചിപ്പിയ്ക്കുള്ളില്‍ ഞാനിതാ. സാഗര നീലിമ. സംഗീത നീലിമ. എല്ലാത്തിനും നീല നിറം. ആ നിറം എന്നെ പൊതിയുന്നു. മറ്റു വര്‍ണങ്ങള്‍ എല്ലാം അകലുന്നതെന്ത്? സ്വപ്നം തീരുകയാണോ? അന്തകാരം എന്നെ പോതിയുകയാണോ? ഗംഗ സമുദ്രത്തില്‍ അലിഞ്ഞില്ലാതായി. ഷെഹനായി വാദനം നിലച്ചു. ആനന്ദത്തിന്റെ സന്തൂര്‍ വാദനം കാശ്മീരി ഹിമകണമായി പൊഴിയുന്നു. പിന്നെ സമുദ്രത്തിലലിയുന്നു.
പിന്നെ മൂന്നാംപക്കം പൈലി സമുദ്രതീരത്ത് നിന്നും എന്നെ കണ്ടെത്തുന്നു. ഒപ്പം പൂര്‍വാശ്രമത്തിലെ എന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അപ്പോള്‍ സംഗീതം അനാദിയായ മൌനത്തിനു വഴിമാറുകയായിരുന്നു...

ഗര്‍ഭാശയത്തിന്റെ പറുദീസയിലേയ്ക്കു തിരിച്ചു കയറണം. ചുരുണ്ട് കൂടിയിരുന്നു ഉറങ്ങണം. ആരോരുമറിയാതെ. ആരാലും ശല്യപ്പെടുത്തപ്പെടാതെ. പഴയ മുറിവുകള്‍ നക്കിയുണക്കാന്‍.....
ReplyDeleteഉണങ്ങാത്ത മുറിവുകള്‍ക്കല്ലേ മധുരവും നൊന്പരവും സൗന്ദര്യവും കൂടുന്നത്?