Saturday, January 2, 2010

Spoorloos[French] - അപ്രത്യക്ഷമായതിനെ കുറിച്ചുള്ള അന്വേഷണം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍ക്കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


അനന്തരം സന്ധ്യ മാഞ്ഞു ഉഷസ്സായി പുതിയൊരു വര്‍ഷമായി. ഏതു സിനിമയില്‍ തുടങ്ങണം എന്നറിയാതെ... വെടിയും പുകയും കൊലപാതകങ്ങളും യുദ്ധവും ഇല്ലാത്ത എന്തില്‍ നിന്നെങ്കിലും തുടങ്ങണം എന്നുണ്ടായിരുന്നു. എന്താണെന്ന് ഒന്നുമറിയാതെ 'must see' എന്നെവിടെയോ എഴുതിക്കണ്ടൊരു വാക്കില്‍ വിശ്വസിച്ചു കാണാനിരുന്നതാണീ ചിത്രം. പുതുവര്‍ഷത്തിലെ ആദ്യ സിനിമ. ധന്യനായി ഞാന്‍.

"ഞാന്‍ വീണ്ടുമാ സ്വപ്നം കണ്ടു. നീയൊരു സ്വര്‍ണ മുട്ടയ്ക്കകത്തു പെട്ട് പോയിരിക്കുന്നു. പുറത്തു കടക്കാനാവാതെ. പിന്നെ നീ അനന്തതയിലൂടെ ഏകനായി ഒഴുകി നടന്നു."

"
അതെ ഏകാന്തത അസഹനീയമായിരുന്നു.... അല്ല ഇത്തവണ മറ്റൊരു സ്വര്‍ണ മുട്ടയും അനന്തതയിലൂടെ ഒഴുകി നടപ്പുണ്ടായിരുന്നു. നാം തമ്മില്‍ കൂട്ടി മുട്ടിയാല്‍ അനന്തമായ ഈ ഏകാന്തത അവസാനിച്ചേനെ..."

Tim Krabbé യുടെ 'The golden egg' എന്നാ നോവലിനെ ആധാരമാക്കി George Sluizer സംവിധാനം ചെയ്ത ചിത്രം. 'Vanishing' എന്നാ
പേരില്‍ George Sluizer ഒരു ഇംഗ്ലീഷ് സിനിമയും സംവിധാനം ചെയ്തിരുന്നു. അന്വേഷിച്ചപ്പോള്‍ 'Avoid it' എന്നാണു ഗൂഗിള്‍ ഉപദേശിച്ചത്. അങ്ങിനെ sub title- കളെ ആശ്രയിച്ചു original തന്നെ കണ്ടു.

Rex, Saskia എന്ന രണ്ടു പ്രണയിതാക്കള്‍ ഒരു ഉല്ലാസ യാത്ര പോകുകയാണ്. ഒരു ഗ്യാസ് സ്റ്റേഷനില്‍ അവര്‍ വണ്ടി നിര്‍ത്തുന്നു. Saskia കുടിക്കുവാന്‍ എന്തെങ്കിലും വാങ്ങുവാനായി ഒരു കടയിലേയ്ക്ക് പോകുന്നു. പിന്നെ... അവള്‍ അപ്രത്യക്ഷയാകുന്നു. തെളിവുകള്‍ ഒന്നുമേ ശേഷിപ്പിക്കാതെ. Rex അന്വേഷിക്കുന്നു എല്ലാ രീതിയിലും. പക്ഷെ...

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം... ഇപ്പോള്‍ Rex നു പുതിയൊരു കൂട്ടുകാരിയുണ്ട്. പക്ഷെ ഇപ്പോളും അയാള്‍ അന്വേഷണം തുടരുകയാണ്. തന്റെ നഷ്ടത്തെ നികത്താനാവാതെ. നോട്ടീസുകളിലൂടെ, പത്ര പരസ്യങ്ങളിലൂടെ, ടീവി പ്രോഗ്രാമുകളിലൂടെ. അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. താന്‍ അന്വേഷിക്കുന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ.

ഇടയ്കിടയ്ക്ക് Saskia യെ കുറിച്ച് അറിയണമെങ്കില്‍ ഇവിടെ വരൂ അവിടെ വരൂ എന്നും പറഞ്ഞു കിട്ടുന്ന അജ്ഞാതമായ കത്തുകള്‍ അയാളെ നയിച്ച്‌ കൊണ്ടേയിരിക്കുന്നു. അയാളുടെ പുതിയ കൂട്ടുകാരിക്ക് ഈ അന്വേഷണം ഉള്‍ക്കൊള്ളാനാവുന്നില്ല. അവള്‍ അയാളെ വിട്ടു പോകാനൊരുങ്ങുകയാണ്.

അയാള്‍: Saskiya ഇല്ലായിരുന്നുവെങ്കില്‍...
അവള്‍: അതെ Saskia ഇല്ലായിരുന്നുവെങ്കില്‍. പക്ഷെ Saskia ഉണ്ടായിരുന്നു. ഉണ്ടായിരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് നോക്കുംപോള്‍ വെറുതെ താഴേയ്ക്ക് ചാടാന്‍ ഒരു തോന്നല്‍ ഉണ്ടാവാറുണ്ടോ? എല്ലാവര്‍ക്കും അങ്ങിനെ തോന്നാറുണ്ട്. പക്ഷെ അധികം ആരുമങ്ങിനെ ചെയ്യാറില്ല. പക്ഷെ ഒരാള്‍ തന്റെ 16 -ആമത്തെ വയസ്സില്‍ അത് ചെയ്തു. വെറുതെ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെ തീരൂ എന്ന് ഭ്രാന്തമായ ആഗ്രഹമുള്ള ഒരാള്‍. സമൂഹത്തില്‍ അങ്ങേയറ്റം മാന്യമായ ജീവിതം നയിക്കുംപോലും ഒരു പൂര്‍ണ്ണമായ തിന്മ ചെയ്യണമെന്നു അടങ്ങാത്ത ആഗ്രഹമുള്ള അയാള്‍. എന്താണ് ചെയ്യേണ്ടതെന്ന് വളരെ വിശദമായി അയാള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കാലം ഒരിരയെ മുന്‍പില്‍ കൊണ്ടെത്തിക്കുക എന്നത് മാത്രം. ഒടുവില്‍ അയാള്‍ തന്റെ ഇരയെകണ്ടെത്തുന്നു.

ഒടുവില്‍, തന്റെ നീണ്ട അന്വേഷണത്തിനൊടുവില്‍ Rex നു മുന്‍പില്‍ അയാള്‍ തന്റെ ഒളി ജീവിതം മതിയാക്കി വെളിച്ചപ്പെടുന്നു. Rex നു അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു. Saskia ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ?
ഉത്തരം: "എന്റെ ഒപ്പം വരൂ Saskia യ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ കാട്ടിത്തരാം."
അപകടം ആണെന്നറിഞ്ഞിട്ടും ആ ക്ഷണത്തിന്റെ പ്രലോഭനം തടുക്കാനാവാതെ Rex അയാള്‍ക്കൊപ്പം പോകുന്നു.പിന്നീട്...

കുറ്റവാളിയെ കണ്ടു പിടിക്കുന്നതിന്റെ മാര്‍ഗങ്ങളോ അജ്ഞാതനായ കുറ്റവാളിയോ ഒന്നുമല്ല ഈ ചിത്രത്തിലെ ആകാംക്ഷ നിലനിര്‍ത്തുന്ന സൂത്രം. കുറ്റം എന്തെന്നും അയാള്‍ എന്തിനതു ചെയ്തു എന്നതുമാണ്‌. കുറ്റവാളിയെ നമുക്കറിയാം. അയാളുടെ മനോവ്യാപാരങ്ങളെയും.

മോഹിപ്പിക്കുന്ന വിധം മനോഹരമായ ചില ക്യാമറ മൂവ്മെന്റുകള്‍ ഉണ്ടീ ചിത്രത്തില്‍. ഒരു കഥാ പാത്രത്തിന്റെ മുഖത്ത് നിന്നും ആരംഭിച്ചു തറയിലേയ്ക്ക് ഇറങ്ങി നിലം പറ്റെ സഞ്ചരിച്ചു കാറിന്റെ വശങ്ങളിലൂടെ പുറകിലെയ്കു പോയി മുകളിലേയ്ക്ക് നീങ്ങി കാറിന്റെ പിന്നില്‍ വച്ചിരിക്കുന്ന ഒരു പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ അവസാനിക്കുന്ന ഒരു ഒറ്റ ഷോട്ട്. Hats off George Hats off. അങ്ങിനെ പലഷോട്ടുകള്‍.

ഒരാളുടെ മനസ്സിനെ എങ്ങിനെ അമ്മാനമാടാമെന്നു അതി മനോഹരമായി നമ്മെ കാണിച്ചു തരുന്നു വില്ലന്റെ ഓരോ ചെയ്തിയും. പ്രത്യേകിച്ചു ഒരു സിനിമ വിഭാഗത്തിലും പെടുത്താന്‍ ആവാത്ത എന്നാല്‍ എല്ലാ വിഭാഗങ്ങളിലും പെടുന്ന സിനിമയുടെ വ്യാകരണങ്ങളെ കണക്കിലെടുക്കാതെ നീങ്ങുന്നൊരു ചിത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0096163/








നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

No comments:

Post a Comment

LinkWithin

Related Posts with Thumbnails