Thursday, December 31, 2009

ജാലകത്തിനിപ്പുറം

ഒരു മഴക്കാറ്റ് വന്നെന്‍ ജനവാതില്‍ ചാരിയപ്പോള്‍ നീയാണ് വന്നത് തുറന്നിട്ടത്...... പിന്നെ കാലമൊരുപാട് നമ്മള്‍ ജനാലയിലൂടെ പുറം കാഴ്ചകള്‍ കണ്ടു. തീവണ്ടിയുടെ ചൂളം വിളിക്കിടയില്‍ രാത്രി കനക്കുകയായിരുന്നു. പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങള്‍ ആ രാവില്‍ പൂക്കുകയായിരുന്നു. എന്റെ അര്‍ദ്ധ മയക്കത്തില്‍ എങ്ങോ വെച്ച് നീ വണ്ടിയില്‍ നിന്നും അപ്രത്യക്ഷനായി. പിന്നെ മഴചാറല്‍ ഉള്ള പുലരിയില്‍ നനഞ്ഞു ഞാനും എങ്ങോ...

പിന്നെ വ്യഥകളില്‍ സ്വപ്നങ്ങളില്‍ സന്തോഷങ്ങളില്‍ കാലം നിശ്ശബ്ധമായോഴുകുന്നു... ഓര്‍മ്മചെപ്പിലെ കുന്നി മണികള്‍ പെരുകുന്നു.. പിന്നെയും ഒരു ജാലകത്തിനപ്പുറം നാമൊന്നിക്കുന്നു. അകലെ മന്ദം നടന്നകലുന്ന കൊലുസിന്റെ കൊഞ്ചലില്‍ എന്തോ ഒന്ന് നീ കണ്ടെത്തുന്നു. പ്രണയം പോലെ എന്തോ ഒന്ന്....നിന്റെ പരതുന്ന മിഴികളില്‍ കാത്തിരിപ്പിന്റെ വേദന....കണ്‍കോണിലെ തിളക്കത്തില്‍ കണ്ടെത്തലിന്റെ ആനന്ദം....ആരോടും പറയാതെ... ആരും അറിയാതെ....എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഒന്ന് മാത്രമായിരുന്നു നിനക്കെന്നും..."സ്നേഹം ഒരു ശീലമാണെടാ... അത് തിരിച്ചു കിട്ടണമെന്ന് പ്രതീക്ഷിക്കരുത്...ജീവിക്കാനൊരു രസം വേണ്ടേ?"

പിന്നെ കവിതയുടെ നാളുകള്‍.. പിയാനോയുടെ നാളുകള്‍. ലൂയിസ് ബാങ്ക്സ് ഒരു ലഹരിയായിരുന്നു നിനക്ക്. ഒത്തിരി ദൂരം നീ മുന്നോട്ടു പോകുന്നു. സ്വപ്നങ്ങളില്‍. പക്ഷെ സ്വപ്നങ്ങളിലും യാഥാര്‍ത്യത്തെ നീ കൈവിട്ടില്ല. അതിജീവനത്തിന്റെ ആനന്ദം.

ജാലകത്തിലൂടെ നാം പിന്നെയും പലതും....സ്വപ്‌നങ്ങള്‍ കൈവെള്ളയിലൂടെ ഒഴുകി മാറുന്നതും...വേനല്‍കാറ്റില്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു പറന്ന് എങ്ങോ.....

വീണ്ടും ജനുവരിയുടെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കൈവീശി നീയകലുമ്പോള്‍ ബാക്കിയാവുന്നതെന്താണ്?

എവിടെയോ കാലത്തിന്റെ കൈവഴിയില്‍ നാം കാണുമ്പോള്‍ കാലം എന്തെന്തു മാറ്റങ്ങള്‍ നമ്മില്‍ വരുത്തിയിരിക്കും? അന്ന് നമ്മള്‍ എന്ത് പറഞ്ഞാവും ചിരിക്കുക? അന്ന് നാം ചിരിക്കാന്‍ മറന്നിരിക്കുമോ? ഏതു അലയൊലിയാവും പശ്ചാത്തലമാകുക? അപ്പോള്‍ ആലിലകള്‍ കാറ്റത്ത്‌ വിറയ്ക്കുകയായിരിക്കാം... ബോധി വൃക്ഷത്തിന്റെ ഇലകള്‍.....
Share/Bookmark

Wednesday, December 30, 2009

ഞാനും നീയും

ഞാന്‍ / നീ

സ്വപ്നങ്ങളും സ്വര്‍ണ മന്ദാരങ്ങളും പൂക്കുന്ന പച്ചപ്പ്‌ നിറഞ്ഞ താഴ്വരകളിലെയ്ക്ക് നമുക്ക് നടക്കാന്‍ ഇറങ്ങാം. അവിടെ ആകാശം നമുക്ക് കുട പിടിക്കും. നമ്മുടെ സ്വപ്നങ്ങളില്‍ തേനിന്റെ മധുരവും ഡിസംബറിന്റെ കുളിരുമുണ്ടാകും. നമ്മുടെ ദാഹം അകറ്റാന്‍ തെളിനീരരുവി ഉണ്ടാകും. വിശപ്പകറ്റാന്‍ തുടുത്ത മുന്തിരികള്‍ ഉണ്ടാകും. അതിന്റെ ലഹരിയില്‍ നമുക്ക് സ്വപ്നം കണ്ടു മയങ്ങാം. ഉറക്കമുണര്‍ന്നു നമുക്ക് കൈകോര്‍ത്തു ഏകാന്തതയിലൂടെ നടക്കാം. അപ്പോള്‍ നമുക്ക് സ്വപ്‌നങ്ങള്‍ കൈമാറാം. എനിക്ക് നീയും നിനക്ക് ഞാനും മാത്രമുള്ള ആ വിജനതയില്‍ നാം രണ്ടു പക്ഷികള്‍. വെള്ള ചിറകുകള്‍ വീശി സ്വപ്നങ്ങളുടെ ആകാശത്തേയ്ക്ക് നമുക്ക് ചിറകടിച്ചുയരാം. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ നിന്റെ ഹൃദയ ചഷകതിലെയ്ക്ക് ഞാനെന്റെ പ്രണയ പീയുഷം പകര്‍ന്നു തരും...
എന്റെ ചിറകുകള്‍ തളരുന്നത് ഞാനറിയുന്നു. താഴ്വരയിലെ ഊഷര ഭൂമിയില്‍ തളര്‍ന്നു തകര്‍ന്നു ഞാന്‍ ഉന്നതങ്ങളിലെയ്ക്ക് നോക്കി. എന്റെ ഹൃദയവും കവര്‍ന്നു എങ്ങാണ് നീ പോയ്‌മറഞ്ഞത്?

********************************************************************************************

നീ / ഞാന്‍

നിന്റെ സ്വപ്നങ്ങളിലേയ്ക്ക് നീയാണെന്നെ വലിച്ചിഴച്ചത്. എന്റെ മൌനത്തെ പ്രണയമായ് നീ തെറ്റിദ്ധരിച്ചത് എന്റെ കുറ്റമാണോ? പച്ച പുതച്ച താഴ്വരകളിലെയ്ക്ക് ഒറ്റയ്ക്ക് പോകാന്‍ എനിക്ക് ഭയമായിരുന്നു. അപ്പോള്‍ നീയെന്നെ അങ്ങോട്ട്‌ ക്ഷണിച്ചു. അവിടെ വെച്ച് ഞാന്‍ ആനന്ദിച്ചത് നിന്റെ സാമീപ്യതിലല്ല താഴ്‌വരയുടെ സൌന്ദര്യതിലാണ്. ആകാശത്തിന്റെ ഉന്നതിയിലേയ്ക്കു നീയെന്നെ കൊണ്ട് പോയി. ഒരു സഞ്ചാരിയാവാന്‍ കൊതിച്ച എനിക്ക് നീ വഴികാട്ടി ആയിരുന്നു. നിന്റെ സ്വപ്നങ്ങളില്‍ എന്നും നീ പ്രണയത്തിന്റെ മുഷിപ്പ് കലര്‍ത്തി. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ വെച്ച് നിന്റെ ചിറകുകള്‍ നീയെനിക്ക് മുറിച്ചു നല്‍കി. അത് ഞാന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും. താഴ്വരയിലെ ഊഷര ഭൂവില്‍ ചിറകറ്റു കിടക്കുന്നത് നിന്റെ തന്നെ വിഡ്ഢിത്തം കൊണ്ടാണ്. അതിനെന്നെ പഴിക്കുന്നതെന്തിനു? കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ എനിക്കിപ്പോള്‍ നിന്റെ ചിറകുകള്‍ കൂടിയുണ്ട്. നന്ദി. ഇനിയൊരിക്കലും നാം തമ്മില്‍ കാണാതിരിക്കട്ടെ. അല്ലെങ്കിലും പച്ച നിറഞ്ഞ താഴ്വരകളിലോ ആകാശ മേഘങ്ങള്‍ക്കിടയിലോ ഇനിയൊരിക്കലും നിനക്ക് വരാനാവില്ലഎന്നെനിക്കറിയാം.
Share/Bookmark

Tuesday, December 29, 2009

One hour photo - ഏകാന്തതയുടെ ബാക്കിപത്രങ്ങള്‍

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഏകാന്തരായ, ഏകാന്തത ഒരു ശാപം ആയി കൊണ്ട് നടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥകള്‍ എന്നും എന്നെ മോഹിപ്പിചിട്ടുണ്ട്. കഥാപാത്രങ്ങളും അവരുടെ അവസ്ഥകളും ആയി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നത്‌ കൊണ്ട് കൂടിയാവാം. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ചെയ്തു കൂട്ടുന്ന ഓരോ പ്രവൃത്തിയും ആത്യന്തികം ആയി അവന്റെ ഏകാന്തതയെ തരണം ചെയ്യുവാനുള്ള പരിശ്രമങ്ങള്‍ ആണ്.

Robil Williams ഒരു ഹാസ്യ നടന്‍ ആയാണ് അറിയപ്പെടുന്നത്. പക്ഷെ ഞാന്‍ അദ്ദേഹത്തിന്റേത് ആയി കണ്ട സിനിമകളില്‍ ഒന്നുമേ ഹാസ്യം ഇല്ലായിരുന്നു. Good Will hunting- ലെ പ്രോഫെസ്സരും Insomnia - യിലെ വില്ലനും, ഇതാ One hour photo - യിലെ ഏകാന്ത പധികനും.

നാം ദിവസേന കാണുന്ന, എന്നാല്‍ നമുക്ക് ഒന്നുമേ അറിഞ്ഞു കൂടാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ട്. ദിവസവും യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടറുടെ, ചായക്കടക്കാരന്റെ, പലചരക്ക് കടയിലെ എടുത്തു കൊടുപ്പുകാരന്റെ അങ്ങിനെയങ്ങിനെ. നാം ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല, ഒരു പാതി മറയ്ക് അപ്പുറം നിന്ന് ദിവസേന നമ്മളെ കാണുന്ന അവര്‍ നമ്മെ കുറിച്ച് എന്തൊക്കെയാവും ചിന്തിച്ചിരിക്കുക എന്ന്.

ഇതൊരു ഷോപ്പിംഗ്‌ മാളിലെ photo processing കടയില്‍ ജോലി ചെയ്യുന്ന ഒരു മനുഷ്യന്റെ കഥ ആണ്. Seymour Parrish അഥവാ Sy യുടെ കഥ. യന്ത്രം പോലെ പണിയെടുക്കുന്ന സമൂഹവും ആയി പ്രത്യേകിച്ച് ഒരു ബന്ധവും സൂക്ഷിക്കാത്ത, പുറമേ നിന്നും നോക്കിയാല്‍ വികാര വിചാരങ്ങള്‍ എതുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. പതിയെ നാം അയാളുടെ ഏകാന്തത അറിയുകയാണ്. പ്രത്യേകിച്ച് ഒന്നുമേ ചെയ്യുവാന്‍ ഇല്ലാത്ത വൈകുന്നേരങ്ങള്‍. രാത്രിയില്‍ ടിവിയിലെ ചാവലുകള്‍ മാറ്റി മാറ്റി അയാള്‍ ഉറക്കത്തിലേയ്ക്കു പോകുന്നു. തനിയാവര്തനത്തിന്റെ രാപകലുകള്‍. അയാള്‍ തന്നെ പറയുന്നുണ്ട് അയാളുടെ ഏക സന്തോഷം വല്ലപ്പോളും process ചെയ്യാന്‍ കിട്ടുന്ന ഒരു നല്ല ഫോട്ടോ ആണ്. അതും കാമറ കയ്യിലുള്ളവന്‍ എല്ലാം ഫോട്ടോഗ്രാഫര്‍ ആകുന്ന ഈ കാലത്ത്.

ഇനി മറ്റൊരു കാഴ്ചയാണ്, അയാള്‍ക്ക് ഇല്ലാതെ പോയ ജീവിതത്തിന്റെ മറുവശം പോലെ ഒരു സന്തുഷ്ട കുടുംബം. അച്ഛന്‍ അമ്മ ഒരു മകന്‍. Sy - യും ഇവരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഫോട്ടോകള്‍ ആണ്. അവരുടെ കുടുംബത്തിലെ ഓരോ വിശേഷത്തിനും എടുക്കുന്ന ഫോട്ടോകള്‍ process ചെയ്യുന്നത് Sy ആണ്. കുടുംബം സൌഹൃദങ്ങള്‍ ഇവയൊന്നും ഇല്ലാത്ത അയാള്‍ സ്വയം ആ കുടുംബത്തിലെ അംഗം ആയി സ്വയം സങ്കല്പിക്കുക ആണ്.

പക്ഷെ ഒരു ദിനം അയാള്‍ അറിയുകയാണ്. ആ കുടുംബത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു അപകടം. സന്തുഷ്ട കുടുംബത്തിലെ അച്ഛന് ഒരു പരസ്ത്രീ ബന്ധം. അയാള്‍ അത് അറിയുന്നതും process ചെയ്യുവാന്‍ കൊണ്ടുവരുന്ന ഒരു റോള്‍ ഫിലിമില്‍ നിന്നുമാണ്. തുടര്‍ന്ന് അയാളുടെ ജീവിതം കീഴ്മേല്‍ മറിയുകയാണ്. അതിനിടയില്‍ ഞെട്ടിക്കുന്നൊരു കാഴ്ച നാം കാണുന്നുണ്ട്. മുറിയിലെ ഭിത്തിയില്‍ നിറയെ പല കാലങ്ങളില്‍ ആയി ആ കുടുംബം എടുത്ത ഫോട്ടോകള്‍. അയാളുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ആ കുടുംബമാണ്. പിന്നെ അയാളുടെ ജീവിതം ആ കുടുംബത്തിനു മുകളിലെ കരി നിഴല്‍ അകറ്റുവാന്‍ ആയി വിനിയോഗിക്കുകയാണ്‌.

അത് വരെ മന്ദ ഗതിയില്‍ പോയിരുന്ന കഥ മറ്റൊരു മാനം സ്വീകരിക്കുകയാണ്. കഥാപാത്രതോടു ഒപ്പം വളരുന്ന കഥയും സന്ദര്‍ഭങ്ങളും. നായകന്‍റെ ഭ്രാന്തു നമ്മുടേത്‌ കൂടി ആവുകയാണ്. അയാള്‍ക്ക്‌ ജോലി നഷ്ടപ്പെടുന്നു. അയാള്‍ പ്രവചന അതീതന്‍ ആയി മാറുകയാണ്. അതിനു മുന്‍പ് അയാളുടെ മണിക്കൂറുകളെ ആര്‍ക്കു വേണമെങ്കിലും പ്രവചിക്കാമായിരുന്നു. എന്നാല്‍...

പ്രതികാരത്തിന്റെയും ആശ്വാസത്തിന്റെയും കണ്ടെത്തലിന്റെയും അതിജീവനത്തിന്റെയും മാധ്യമവും ഉപകരണവും അയാള്‍ക്ക്‌ ഒന്ന് തന്നെയാണ്- photography. ക്യാമറ തന്നെ ഉപകരണം ആക്കിയാണ് അയാള്‍ തന്റെ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നത്.

മറക്കാന്‍ ആവാത്ത ചില കാഴ്ചകള്‍:
zoom ചെയ്തു കൊണ്ട് തുടരെ എടുക്കുന്ന ഫോട്ടോകള്‍.

ഒരു പ്രിന്റ്‌ എടുത്താല്‍ disposable camera free എന്നും പറഞ്ഞു കുട്ടിക്ക് Sy ക്യാമറ സമ്മാനിക്കുമ്പോള്‍ നാമറിയുന്നു സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ഉള്ള മനസ്സിന്റെ ആര്‍ദ്രത. ആ കുടുംബത്തിലെ അംഗമാണ് താന്‍ എന്ന് സ്വയം കരുതുമ്പോളും താന്‍ ആരുമല്ല എന്നയാള്‍ അറിയുന്നുണ്ട്. നമ്മുടെയൊക്കെ ചില ബന്ധങ്ങള്‍ പോലെ.

താന്‍ പുറത്താക്കപ്പെട്ട കടയില്‍ ഒരു റോള്‍ ഫിലുമുമായി അയാള്‍ തിരിച്ചു ചെല്ലുന്നത്.

താന്‍ സമ്മാനിച്ച ക്യാമറയില്‍ out of focus ആയി ആ കുട്ടി എടുത്ത ഫോട്ടോകളില്‍ നോക്കി കരയുന്ന Sy -യെ.

അങ്ങിനെയങ്ങിനെ ഒരുപാട്.

നമ്മള്‍ നിത്യ ജീവിതത്തില്‍ മറന്നു പോകുന്ന എനാല്‍ അവയില്ലാതെ ജീവിക്കാന്‍ ആകാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ജീവിതത്തില്‍. തിരക്കുന്ന ലോകത്തില്‍ നാം അറിയാതെ പോകുന്ന, കാണാതെ പോകുന്ന മുഖങ്ങളില്‍ ഒന്നിനെ , പലപ്പോഴും അത് നാം തന്നെ ആകുന്നുമുണ്ട്, കാട്ടി തരുന്നു എന്നതാണ് ഈ സിനിമയുടെ മേന്മ.

Robin Williams - ന്റെ പ്രകടനത്തിന് മുന്‍പില്‍ മറ്റെല്ലാം നിഷ്പ്രഭമാകുകയാണ്. പലപ്പോഴും അമിത അഭിനയത്തിലേക്ക് വഴുതി വീണേക്കാവുന്ന മുഹൂര്‍ത്തങ്ങളെ എത്ര അനായാസമായാണ് അയാള്‍ കൊണ്ട് പോകുന്നത്. Sy -യുടെ ബോസ്സ് ആയി അഭിനയിക്കുന്ന Gary Cole-നു Office Space-ലെ തന്റെ വേഷത്തിന്റെ തനിയാവര്‍ത്തനം മാത്രംആണിത്.

ഇത് രക്ത ചൊരിചിലും, തുടരന്‍ കൊലകളും ആണ് ഒരു psychological thriller- നു വേണ്ടത് എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ചിത്രമല്ല. പതിയെ, സ്വാഭാവികമായി വളരുന്ന, നമ്മെ കഥാപാത്രങ്ങളുടെ മനസ്സുകളിലേക്ക് കൊണ്ട് പോകുന്ന ഒരു തകര്‍പ്പന്‍ ചിത്രം ആണ്. യാഥാര്‍ത്യങ്ങള്‍ പഞ്ചസാരയില്‍ പൊതിഞ്ഞു അവതരിപ്പിക്കാത്ത നന്മ മാത്രം ചെയ്യുന്ന നായകനും തിന്മയുടെ ആള്‍ രൂപമായ വില്ലനും അല്ലാത്ത ഒരു വ്യത്യസ്ത ചിത്രം.

ഷോപ്പിംഗ്‌ മാളുകളിലെ നമുക്കറിയാത്ത ജീവിതവും രാഷ്ട്രീയവും, കുടുംബ ബന്ധങ്ങളുടെയും എല്ലാതരം ബന്ധങ്ങളുടെയും തീക്ഷ്ണതയും, ഏകാന്തതയുടെ ആഴങ്ങളും നമ്മെ കാണിച്ചു തരുന്നുണ്ട് ചിത്രം. ഏകാന്തതയുടെ തണുത്ത മൂകമായ അന്തരീക്ഷം ഡയലോഗുകളുടെ അമിത ആശ്രയം കൂടാതെ തന്നെ കാണിച്ചു തരാന്‍ സംവിധായകന്‍ Mark Romanek -നു ആയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്.

ചിത്രത്തിന്റെ പശ്ശ്ചാതല സംഗീതവും ക്യാമറയും വേണ്ടത് വേണ്ടത് പോലെ മാത്രം ഉപയോഗിക്കാന്‍ ആയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0265459/നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

Tuesday, December 22, 2009

മനസ്സാക്ഷി

ഒരു കാലത്ത് അയാള്‍ക്ക്‌ കണ്ണുകളാല്‍ കാണുകയും കാതുകളാല്‍ കേള്‍ക്കുകയും നാവിനാല്‍ സംസാരിക്കയും ചെയ്യാമായിരുന്നു. അതുകൊണ്ട് ഇടതു നിന്നും വലതു നിന്നും പിന്നില്‍ നിന്നും മുന്നില്‍ നിന്നും അയാള്‍ കല്ലേറുകള്‍ ഏറ്റു വാങ്ങി. ഏറു കൊണ്ട് ശരീരവും മനസ്സും തളര്‍ന്നപ്പോള്‍ അയാള്‍ കണ്ണുകളും കാതുകളും കുത്തിപ്പൊട്ടിക്കുകയും നാവരിഞ്ഞു കളയുകയും ചെയ്തു. അപ്പോള്‍ അയാള്‍ക്ക്‌ ഏറെ സ്തുതിപാടകര്‍ ഉണ്ടായി. അയാളുടെ ശരീരം കൊഴുത്തു. അപ്പോള്‍ അയാളുടെ മനസ്സാക്ഷിയില്‍ പുഴുക്കള്‍ നുരയ്ക്കുകയായിരുന്നു.
Share/Bookmark

Monday, December 21, 2009

Trainspotting - ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.ജീവിക്കാന്‍ ഒരു കാരണം ഉണ്ടായിരിക്കണം. ചെയ്യുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരെങ്കിലും ഉണ്ടായിരിക്കുക. പ്രതീക്ഷിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക.

ഇവയോന്നുമേ ഇല്ലായെങ്കില്‍.... അല്ലെങ്കില്‍ ഇവയോന്നുമേ കണ്ടെത്താന്‍ ആകുന്നില്ല എങ്കില്‍ ..... ഇടപ്പള്ളി ആത്മഹത്യ ചെയ്തു, മറ്റു പലരും പല കാലങ്ങളില്‍ പലതിലും അഭയം തേടി.

ഇതേ പ്രശ്നത്തെ നേരിടുന്ന 80 കളുടെ അവസാനത്തെ സ്കോട്ടിഷ് യുവത്വത്തിന്റെ കഥയാണ് സംവിധായകന്‍ ഡാനി ബോയേല്‍ പറയുന്നത്. ഇതേ പേരിലുള്ള ഇര്‍വിന്‍ വെല്‍ഷിന്റെ പ്രസിദ്ധ നോവലിന്റെ ചലച്ചിത്ര ആവിഷ്കരണം. ഡാനി ബോയെലിന്റെ ബെസ്റ്റ് വര്‍ക്ക്‌ എന്ന് ഞാന്‍ പറയും. ഇതിന്റെ പോസ്റ്റര്‍ ആയിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ഫിലിം ഇന്സ്ടിടുറ്റ് കാലഘട്ടത്തില്‍ ഹോസ്റ്റല്‍ മുറിയുടെ ഭിത്തിയില്‍ ഉണ്ടായിരുന്നത്. നന്ദി റസൂല്‍. ഈ ചിത്രത്തെ കുറിച്ച ആദ്യം ഞാന്‍ കേട്ടത് താങ്കളുടെ ഏതോ അഭിമുഖത്തില്‍ നിന്നുമാണ്.

സന്മാര്‍ഗതിന്റെ മുഷിപ്പന്‍ കണ്ണട കൊണ്ട് നോക്കിയാല്‍ ഇതൊരു വൃത്തികെട്ട പടം ആണ്. മയക്കു മരുന്നുകളിലും ലൈംഗികവും സാമൂഹികവും ആയ സകല വിധ ആരാജകത്വതിലും അഭയം തേടുന്ന, വൃത്തികെട്ട ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം യുവത്വത്തിന്റെ കഥ. അത് നോവലിനോട് അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ട് അവതരിപ്പിക്കാന്‍ ആയി എന്നിടത്താണ് സംവിധായകന്റെ വിജയം. സാഹിത്യവും സിനിമയും രണ്ടു വ്യത്യസ്ത കലാ രൂപങ്ങളാണ്. ഒരു നോവലിനെ അതും psychedelic ചിന്തകളും കാഴ്ചകളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്നൊരു നോവലിനെ അഭ്ര പാളിയിലെയ്ക്ക് പറിച്ചു നടുക എന്നത് ഒരു വമ്പന്‍ വെല്ലുവിളിയാണ്

നായകനായ മാര്‍ക്ക്‌ രേന്റോന്‍ ആണ് കഥ പറയുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണ പാച്ചില്‍ നടത്തുന്ന നായകന്റെയും കൂട്ടുകാരന്റെയും ഓട്ടത്തില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. ഓട്ടത്തിനിടയില്‍ കഥ പറഞ്ഞു തുടങ്ങുകയാണ്.

Choose Life. Choose a job. Choose a career. Choose a family. Choose a f**king big television, choose washing machines, cars, compact disc players and electrical tin openers. Choose good health, low cholesterol, and dental insurance. Choose fixed interest mortgage repayments. Choose a starter home. Choose your friends. Choose leisurewear and matching luggage. Choose a three-piece suit on hire purchase in a range of f**king fabrics. Choose DIY and wondering who the fuck you are on Sunday morning. Choose sitting on that couch watching mind-numbing, spirit-crushing game shows, stuffing f**king junk food into your mouth. Choose rotting away at the end of it all, pissing your last in a miserable home, nothing more than an embarrassment to the selfish, f**ked up brats you spawned to replace yourselves. Choose your future. Choose life... But why would I want to do a thing like that? I chose not to choose life. I chose somethin' else. And the reasons? There are no reasons. Who needs reasons when you've got heroin?

ജീവിതം തെരഞ്ഞെടുക്കുക. ജോലി തെരഞ്ഞെടുക്കുക, കുടുംബം തെരഞ്ഞെടുക്കുക, ഭാവി തെരഞ്ഞെടുക്കുക... ജീവിതം മുഴുവന്‍ തെരഞ്ഞെടുപ്പുകളുടെതാണ്. എന്തുകൊണ്ട് ഞാനത് ചെയ്യണം? ഞാന്‍ മറ്റു ചിലത് തെരഞ്ഞെടുത്തു. ഞാന്‍ ഒന്നുമേ തെരഞ്ഞെടുക്കേണ്ട എന്നത് തെരഞ്ഞെടുത്തു. കാരണം? കാരണം ഒന്നുമില്ല. ഹെറോയിന്‍ കിട്ടിക്കഴിഞ്ഞാല്‍ ആര്‍ക്കാണ് അതിനു കാരണം വേണ്ടത്?

എല്ലാ കാലത്തെയും യുവത്വത്തിന്റെ പ്രശ്നങ്ങളെ, അവരുടെ വഴിവിട്ടതെന്നു സമൂഹം കാണുന്ന ചിന്തകളെ ഒരുപാട് മോനോലോഗുകളിലൂടെ നാം കേള്‍ക്കുന്നുണ്ട് ചിത്രത്തില്‍ ഉട നീളം.

അവരുടെ ജീവിത ശൈലി, പലതരം കാഴ്ചകളിലൂടെ നാം കാണുകയാണ്. സാമൂഹികമോ കുടുംബ പരമോ ആയ ബന്ധങ്ങളില്‍ നിന്നും തീര്‍ത്തും പിന്‍ വലിഞ്ഞു, മയക്കു മരുന്നുകളുടെ മാത്രമായൊരു സ്വപ്ന ലോകത്തില്‍ ജീവിക്കുന്നൊരു കൂട്ടം. അവര്‍ക്ക് അവരുടെതായ കാരണങ്ങള്‍ ഉണ്ടതിന്. പല ഘട്ടങ്ങളിലും നമുക്ക് തന്നെ നിഷേധിക്കാന്‍ ആവാത്ത കാരണങ്ങള്‍.

നായകന്‍ ഒരു ഘട്ടത്തില്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തുന്നു. എന്നാല്‍ അങ്ങനെ ഒരു ജീവിതത്തിന്റെ സമ്മര്‍ദം താങ്ങാന്‍ ആവാതെ മായ ലോകത്തിന്റെ മാളത്തിലേയ്ക്ക് അയാള്‍ തിരിച്ചു പോകുന്നു. അവരുടെ മാളത്തില്‍ മുട്ടിലിഴയുന്നൊരു പിഞ്ചു കുഞ്ഞ്, തികഞ്ഞ അവഗണന മൂലം മരണപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ധവും നൈരാശ്യവും മൂലം ഒരു പലതിലും അഭയം തേടുന്ന അയാള്‍ മയക്കു മരുന്നുകളില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിക്കയും പരാജയപ്പെടുകയും ആണ്. അയാള്‍ മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലം മരണത്തില്‍ നിന്നുംകഷ്ടിച്ചു രക്ഷപ്പെട്ടു വീട്ടില്‍ എത്തുന്നു. തുടര്‍ന്ന് അയാള്‍ കാണുന്ന hallucination ഉണ്ട്. ചിത്രത്തിലെ ഏറ്റവും haunting ആയ സീന്‍ ആണത്.

കഥാപാത്രങ്ങള്‍ ഓരോരുത്തരായി നശിക്കുകയാണ്. മയക്കു മരുന്നുകളുടെ ലോകത്തില്‍ നിന്നും പതിയെ രക്ഷപ്പെടുന്ന നായകന്‍റെ മുന്‍പില്‍ വല്ലാത്തൊരു ചോദ്യം: ഇനിയെന്ത്?
അയാള്‍ ലണ്ടനില്‍ പോയി ഒരു സാധാരണ ജീവിതം ആരംഭിക്കുന്നു. അയാള്‍ അപ്പോളും അസ്വസ്ഥനാണ്. ഭൂത കാലം അയാളെ സുഹൃത്തുക്കളുടെ രൂപത്തില്‍ പിന്തുടരുകയാണ്. അയാള്‍ക്ക് അവരെ ഒഴിവാകാന്‍ ആവുന്നില്ല. ഒടുവില്‍ ഒരു ഹെറോയിന്‍ കച്ചവടത്തിലെ തുകയുമായി കൂട്ടുകാരില്‍ നിന്നും രക്ഷപ്പെട്ടു ആദ്യ സീനില്‍ നിഷേധിക്കുന്ന ഒരു ജീവിതം തന്നെ തെരഞ്ഞെടുക്കാന്‍ അയാള്‍ പോകുകയാണ്.

കഥ പറയുന്നതാണ് സിനിമ ആസ്വാദനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുകളില്‍ പറഞ്ഞതൊരു സംഗ്രഹം മാത്രമാണ്. 'Trainspotting' കാഴ്ചയുടെ സിനിമ ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ്, സിനെമൊടോഗ്രഫി എന്നിവ മികച്ചതാണ്. Evan McGrigar കഥാപാത്രം ആയങ്ങു ജീവിക്കുകയാണ്. മൊണ്ടാഷ്കളുടെ സമര്‍ത്ഥമായ ഉപയോഗം ആണ് ചിത്രത്തില്‍ ഉടനീളം. വന്യമായ ക്യാമറ angle-കളും നിറക്കൂടുകളും ആണ് ചിത്രത്തിന്. ഒരിക്കലും ഊഹിക്കാന്‍ കഴിയാത്തതോക്കെയാണ് കഥാപാത്രങ്ങളുടെ ജീവിതവും.

പോപ്‌ കള്‍ച്ചറിന്റെ ആരാധകനും, യഥാര്‍ത്ഥ സാമൂഹിക പരിവര്‍ത്തനം പോപ്‌ കള്ച്ചരിലൂടെയാണ് സാധ്യം ആകുക എന്നും വിശ്വസിക്കുന്ന ബോയലിന്റെ പശ്ചാത്തല സംഗീതം പോപ്‌ സംഗീതമാണ്. അല്ലെങ്കിലും ഈ കഥാപാത്രങ്ങളുടെ ജീവിതവുമായി മറ്റേതു സംഗീതത്തിനു ഒപ്പം നില്‍ക്കാനാവും?

ഓരോ യുവാവിനും, അല്ലെങ്കില്‍ യുവത്വം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ മനുഷ്യനും ഈ കഥാ പാത്രങ്ങളെ മനസ്സിലാകും. ഒരു സിനിമ ഇങ്ങനെ ആകണം മയക്കു മരുന്നുകള്‍ക്ക് എതിരായ സന്ദേശം വേണം എന്നിങ്ങനെയുള്ള എല്ലാ ധാരണകളെയും ചുമ്മാതെ അങ്ങ് പൊളിച്ചു കളയുന്നുണ്ട് ചിത്രം. സുഖകരമായി കണ്ടിരിക്കാവുന്നൊരു ചിത്രം അല്ല ഇത്. പലപ്പോഴും അത് നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതിറങ്ങിയ കാലത്ത് ഹോസ്റ്റല്‍ മുറികളിലെ അവശ്യ വസ്തു ആയിരുന്നു ഇതിന്റെ പോസ്റ്റര്‍. അന്ന് മാധ്യമങ്ങള്‍, ചിത്രം മയക്കു മരുന്നുകളെയും അരാജക ജീവിതത്തെയും വല്ലാതെ ഗ്ലാമരൈസ് ചെയ്യുന്നു എന്ന് നിലവിളിക്കുകയുണ്ടായി.

ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ John Hodge ഒരു മനോരോഗ ചികിത്സകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പല ചികിത്സാ അനുഭവങ്ങളും തിരകഥ രൂപീകരണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

വ്യത്യസ്തം ആയ പോസ്റ്ററുകള്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോള്ളിവുഡിനെ ഭയപ്പെടുത്തുന്ന ബ്രിട്ടീഷ്‌ മൂവി എന്നാണു എംപെയര്‍ മാഗസിന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്‌.

ഡാനി ബോയല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുക ആണത്രേ. നോവലിന്റെ രണ്ടാം ഭാഗം ആയ 'Porno' എന്ന നോവല്‍ ആയിരിക്കും ചിത്രത്തിന് ആധാരം. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ക്ക് പ്രായം ആകാന്‍ കാത്തിരിക്കുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ലോകത്തെങ്ങും ഉള്ള യുവാക്കളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികം ആയി കടന്നു പോകുന്നൊരു കാലത്തെ കൈകാര്യം ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രം പ്രസക്തം ആകുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0117951/

Trainspotting trailer:


നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

Sunday, December 20, 2009

Babel - ഒരു ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഒറ്റ കാഴ്ചയില്‍ വളരെ ആകര്‍ഷകമായ ഒന്നും തന്നെ ബാബേലിന്റെ പോസ്റ്ററില്‍ ഇല്ല. IMDB - യിലെ കഥാ സംഗ്രഹവും അത്ര രസകരമായി തോന്നിയില്ല. അതൊക്കെ കൊണ്ട് തന്നെ ഒരുപാട് കാലം ആയി ഇതിന്റെ DVD കയ്യില്‍ ഉണ്ടെങ്കിലും കാണാന്‍ താല്പര്യം തോന്നിയില്ല. കഴിഞ്ഞൊരു ദിവസം മറ്റൊന്നും കയ്യില്‍ കിട്ടാത്തത് കൊണ്ട് ഒരു 10 മിനിറ്റ് കണ്ടേക്കാം എന്ന് കരുതി ഇരുന്നതാണ്. മുഴുവനും കണ്ടു തീര്‍ത്തിട്ടെ എണീക്കാന്‍ ആയുള്ളൂ. ഇനിയും അത് പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ചിത്രം തുടങ്ങുന്നത് മുതല്‍ ഒരു ഒഴുക്കാണ്. ഒരു നിമിഷം പോലും നാം ചിത്രത്തില്‍ നിന്നും അകന്നു പോകാത്ത വിധം വേഗതയിലാണ് സംഭവങ്ങളുടെ പോക്ക്. അതും യാതൊരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ.

ഒരു നിമിഷത്തെ ഒരു അബദ്ധം, അല്ലെങ്കില്‍ ഒരു കുട്ടിക്കളി ഒരുപാട് ജീവിതങ്ങളുടെ പ്രയാണത്തെ കീഴ്മേല്‍ മറിക്കാറുണ്ട്. ഒരു തോക്ക്, അതില്‍ നിന്നും പുറപ്പെട്ട ഒരു വെടിയുണ്ട 3 രാജ്യങ്ങളിലെ 4 കുടുംബങ്ങളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ് ബാബേലിന്റെ കഥ. ഇതൊരു ഇംഗ്ലീഷ് സിനിമ ആണെന്ന് പറയാന്‍ വയ്യ. ഇംഗ്ലീഷും സംസാര ഭാഷയായി വരുന്നുണ്ട് എന്ന് മാത്രം. മിക്ക സീനുകളും സബ് ടൈറ്റിലിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്‌. കാരണം ഒരു പാട് ഭാഷകള്‍ സംസാരിക്കപ്പെടുന്നുട്ചിത്രത്തില്‍.

സംവിധായകന്‍ അലെജാന്ദ്രോ ഗോന്സാല്വേസ് ഇനിരിട്ടു വിന്റെ ചലച്ചിത്ര ത്രയത്തിലെ മൂനാമത്തെ ചിത്രം. അമോരെസ് പെരോസ്, 21 ഗ്രാംസ് എന്നിവയായിരുന്നു ബാബേലിന്റെ മുന്‍ഗാമികള്‍. ഈ മൂന്ന് ചിത്രങ്ങളും ആധുനിക ലോകത്തിലെ കുടുംബ ബന്ധങ്ങളെ പറ്റി പറയുന്നവയാണ്. മറ്റു 2 ചിത്രങ്ങളിലും നാം കണ്ട, എന്നാല്‍ പിന്നെയും പിന്നെയും വിസ്മയിപ്പിക്കുന്ന അതെ അവതരണ ശൈലിയാണ് ബാബെലും പിന്തുടരുന്നത്.

ഒരേ മേല്കൂരയ്ക്ക് കീഴില്‍ കഴിയുമ്പോളും, വിവര സാങ്കേതിക വിദ്യ പ്രകാശ വേഗത്തില്‍ പുരോഗമിക്കുംപോളും മനസ്സുകളുടെ ആശയ വിനിമയം തീര്‍ത്തും സാധ്യമാകാതെ പോകുന്ന കാഴ്ച അതി മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. സംവിധായകന്‍ ഇനിരിട്ടുവിനെ അറിയാത്തവര്‍ പോലും അമോരെസ് പെരോസ് എന്ന് കേട്ടിട്ടുണ്ടാവും. മണി രത്നത്തിന്റെ 'ആയുത്ത എഴുത്ത് ' ഇറങ്ങിയപ്പോള്‍. അത് അമോരെസ് പെരോസിന്റെ കോപ്പി ആണെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. രണ്ടിന്റെയും കഥ, ഒരു അപകടവും അത് ബന്ധിപ്പിക്കുന്ന കുറെ ജീവിതങ്ങളും ആയിരുന്നു. പക്ഷെ ആയുത്ത എഴുത്തിലെ ജീവിതങ്ങള്‍ക്കും അമോരെസ് പെരോസിലെ ജീവിതഗള്‍ക്കും അജ ഗജാന്തരം ഉണ്ടായിരുന്നു.

രാഷ്ട്രീയമോ സാമൂഹിക പരമോ ആയ ഒന്നും സംവിധായകന്‍ നേരിട്ട് പറയുന്നില്ല. എന്നാല്‍ ചികഞ്ഞു നോക്കിയാല്‍ എല്ലാം കണ്ടെത്തുകയും ചെയ്യാം. വാചാടോപങ്ങളില്‍ അല്ല കാഴ്ചയിലും യഥാര്‍ത്ഥ ജീവിതത്തിലും ആണ് സംവിധായകന്റെ വിശ്വാസം. യാതൊരു ഗിമ്മിക്കുകളും കൂടാതെ സംഭവങ്ങളിലൂടെ നമ്മെ കൊണ്ട് പോകുകയാണ് സംവിധായകന്‍. അത് തന്നെയാണ് ചിത്രതിന്റെ മേന്മയും.

എല്ലാ അഭിനേതാക്കളും, കൊച്ചു കുട്ടികള്‍ വരെ തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു. ഒരു കഥാപാത്രം പോലും അഭിനയിക്കുകയാണ് എന്നൊരു തോന്നലെ ഉണ്ടാകുന്നില്ല. എന്നാല്‍ kate blanchet, Gael García Bernal തുടങ്ങിയ വമ്പന്‍ അഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നതൊരു പോരായ്മയായി തോന്നി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ആണ്. അതി മനോഹരം ആയി സംഗീതത്തെയും ദൃശ്യങ്ങളെയും എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം. പശ്ചാത്തല സംഗീതം എന്നാല്‍ ഓരോ സീനിലും നിര്‍ത്താതെ കേള്‍പ്പികേണ്ട എന്തോ ആണെന്ന ധാരണയാണ് ബാബേല്‍ തകര്‍ക്കുന്നത്. മൌനത്തെ, അതിന്റെ വാചാലതയെ എങ്ങനെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാം എന്ന് കാട്ടിതരികയാണ് ബാബേല്‍. വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലെ നാമൊരു ഉപകരണ സംഗീതം കേള്‍ക്കുന്നുള്ളു, അതാകട്ടെ ചിത്രം തീരുമ്പോഴും നമ്മുടെ കാതുകളില്‍ മന്ദമായി മുഴങ്ങികൊണ്ടേ ഇരിക്കുന്നു. ഒറിജിനല്‍ സ്കോറിനുള്ള ഓസ്കാര്‍ അടക്കം പല പുരസ്കാരങ്ങളും ഇതിന്റെ പശ്ചാത്തല സംഗീതത്തിനു ലഭിക്കുകയുണ്ടായി.

ചിത്രത്തില്‍ മനോഹരമായ ഹൃദയ സ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്.

മരുഭൂമിയിലെ വീശിയടിക്കുന്ന കാറ്റില്‍ ആട്ടിടയന്മാരായ സഹോദരങ്ങള്‍ കൈകള്‍ വിരിച്ചു പിടിച്ചു പറക്കുന്നത് പോലെ നില്‍ക്കുന്ന സീനും അത് അവതരിപിചിരിക്കുന്ന സന്ദര്‍ഭവും.

ബധിരയും മൂകയും ആയ ജപ്പാന്കാരി പെണ്‍കുട്ടി കാമാര്തയായി സമീപിക്കുമ്പോള്‍ പോലീസുകാരന്‍ തന്റെ പുറം കുപ്പായം ഊരി പുതപ്പിച്ചു സംസാരിക്കുന്ന രംഗം.

ഹെലികോപ്ടറില്‍ കയറും മുന്‍പ് ഗൈഡിനു എണ്ണി നോക്കാതെ കുറെ ഡോളറുകള്‍ കൊടുക്കുമ്പോള്‍ അയാളത് വേണ്ടെന്നു പറയുന്ന സീന്‍.

അടക്കി വയ്ക്കപ്പെട്ട കാമം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വഴി തെറ്റിച്ചേക്കാം എന്ന് കാണിക്കുന്ന പല സീനുകളും.

പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആവാതെ വിഷമിക്കുന്ന ഭാര്യയെ ബ്രാഡ് പിറ്റിന്റെ കഥാപാത്രം സഹായിക്കുന്ന സീന്‍.

ഈ ഓരോ സീനിലും പശ്ചാത്തല സംഗീതം സീനുകളുമായി ചേര്‍ന്ന് ഓരോ കവിതകള്‍ ആണ് കുറിക്കുന്നത്.

Non chronological order-ല്‍ ആണ് കഥ പറഞ്ഞു പോകുന്നത്. അതായത് സംഭവങ്ങള്‍ അത് നടക്കുന്ന അതെ order-ല്‍ അല്ലാതെ അവിടെ നിന്നും ഇവിടെ നിന്നുമായി അങ്ങിനെ കാണിച്ചു പോകയാണ്. ചലച്ചിത്രം പൂര്‍ത്തിയാകുമ്പോള്‍ കണ്ണികളെല്ലാം കാണികളുടെ കൈവശം ആകുന്നു. അവയെ കൂട്ടി ഇണക്കേണ്ട ബൌദ്ധിക വ്യായാമം ചലച്ചിത്രം ആവശ്യപ്പെടുന്നു.

ചിത്രത്തിന്റെ പോസ്ടറിനെ കുറിച്ച് , കാഴ്ചയ്ക്ക് ശേഷം. ഉറപ്പില്ലാത്ത ഒരു ഗോപുരം പോലെ, എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാവുന്ന ഒരു ഗോപുരം പോലെ മുകളില്‍ മുകളിലായി അടുക്കി വയ്ക്കപെട്ടിരിക്കുന്ന അക്ഷരങ്ങള്‍. അതാകുന്നു, അത് തന്നെയാകുന്നു ബാബേല്‍. നമ്മുടെയൊക്കെ സാമൂഹിക ജീവിതവും ബന്ധങ്ങളും പോലെ.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/name/nm0305558/


നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

Saturday, December 19, 2009

Some Bangalore snaps

Madiwaala flyover in a rainy season
Asirvanam, near Mysore road

Share/Bookmark

Bangalore skies

Mysore RoadYeshwanthpur
Yeshwanthpur

Share/Bookmark

നമ്മുടെയൊക്കെ ജീവിതങ്ങള്‍

എന്തൊരു തരം ജീവിതമാണ് സുഹൃത്തേ നമ്മുടേത്‌? നാം അവസാനമായി ഒരു ഉദയ സൂര്യനെ കണ്ടത് എന്നാണ്? കഴിഞ്ഞ ഏതോ ദിവസം പതിവ് തെറ്റി പാതിരാവില്‍ ഒരു കാക്ക കരഞ്ഞപ്പോള്‍ ആണ് നാളുകള്‍ക്കു ശേഷം ഞാനൊരു കാക്കയെ കുറിച്ച് ചിന്തിച്ചത്. നാം ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്? പണ്ട് നാം നമ്മെ അടിമകള്‍ ആക്കിയവര്‍ക്ക് എതിരെ പൊരുതി. നാം സ്വാതന്ത്ര്യം എന്ന് വിശ്വസിച്ച എന്തോ ഒന്ന് നേടി എടുക്കാനായി. ഇന്നോ... ശരീരവും മനസ്സും ബുദ്ധിയും ജീവിതം തന്നെയും അടിമകള്‍ ആക്കപ്പെട്ടിട്ടും അത് തിരിച്ചറിയാനുള്ള ശേഷി പോലും നഷ്ടപ്പെട്ടു നാം എങ്ങോട്ടാണീ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്?

ജീവിതം നാനാ ഭാഗത്ത്‌ നിന്നും തിരക്ക് കൂട്ടുകയാണ്.. നാമും ആ തിരക്കില്‍ സ്വയമറിയാതെ താന് പോകയാണ്. എപ്പോഴെങ്കിലും ഒരിക്കല്‍ ശരീരത്തിന്റെ താള പിഴകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ അവതില്ലാതെ എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമ്പോള്‍ നാം അറിയുകയാണ് ഒന്ന് ഓര്‍ത്തു വയ്ക്കുവാന്‍ പോലും ഒരു രസവും നമ്മുടെ ജീവിതത്തില്‍ ഇല്ലാതെ ആയിരിക്കുന്നുവെന്നു.

പകലിരവുകളിലെ കത്തുന്ന തലച്ചോറുമായി ക്ഷീണം അകറ്റാന്‍ നാം കിടക്കുംപോലും നമുക്ക് പറയാനുള്ളത് ചിന്തിക്കാനുള്ളത് client- ന്റെ ക്രൂര കൃത്യങ്ങളും, coding- ലെ നൂലാ മാലകളും ഓഫീസിലെ തൊഴുത്തില്‍ കുത്തുകളും മാത്രമാണ്. എത്രയൊക്കെ സമ്പാധിച്ചിട്ടും മാസം തീരുമ്പോള്‍ ഒരു 100 രൂപയ്കായി നാം പരസ്പരം കൈ നീട്ടേണ്ടി വരുന്നത് എന്തേ?

ഇതായിരുന്നുവോ നാം സ്വപ്നം കണ്ടിരുന്ന സുഖ ജീവിതം? നമുക്ക് ആരുമാരും ഇല്ലാതെ ആയിരിക്കുന്നുവല്ലോ സുഹൃത്തേ... ബന്ധങ്ങള്‍ ഇടയ്ക് വല്ലപ്പോളും ഫോണുകളില്‍ കേള്‍ക്കുന്നൊരു ശബ്ദം മാത്രമായി പോയിരിക്കുന്നതെന്തേ?

എന്തേ നാം നമ്മുടെ ജീവിതത്തെ എങ്ങോ ഇരുന്നു നിയന്ത്രിക്കുന്ന ആര്‍ക്കോ വേണ്ടി തീറെഴുതി കൊടുക്കുവാന്‍?

ഒരു ദിവസ കൂലിക്കാരനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പോലും ചെളി പുരളാത്ത കുപായങ്ങളുമായി നടക്കുന്ന നമുക്കില്ലാതെ പോയതെന്തേ? നാമാകുന്നു ഗുദത്തില്‍ മാത്രം ബുദ്ധി ജീവിയായ വൈറ്റ് കോളര്‍ വര്‍ഗം. എന്താണ് നാമീ ചെയ്തു കൂട്ടുന്നത്‌? എന്താണ് നമുക്ക് ബാകിയാവുന്നത്?

വരും തലമുറയ്ക്ക് നാം എന്ത് മൂല്യങ്ങള്‍ കൈമാറും? കൈമാറുവാന്‍ ബാങ്ക് ബാലന്‍സുകള്‍ അല്ലാതെ കാണിച്ചു കൊടുക്കുവാന്‍ നമുക്കൊരു ജീവിതം പോലുമില്ലല്ലോ സുഹൃത്തേ.....

കോടികള്‍ മറിയുന്ന പ്രോജെച്ടുകളുടെ തീന്‍ മേശകളില്‍ നിന്നും വീണു കിട്ടുന്ന എല്ലിന്‍ കഷണങ്ങള്‍ക്ക് ആയി നാം പകരം കൊടുക്കുന്നത് നമ്മുടെ ജീവിതമാകുന്നു.

ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌ തോന്നുന്ന തിങ്കളാഴ്ചകള്‍ വരുന്നു. നാം വേഷ ഭൂഷാധികള്‍ അണിഞ്ഞു ഓട്ടം തുടങ്ങുന്നു. പിന്നെ ശനിയാഴ്ച ഇരവിലാണ് നാം അറിയുന്നത് ആഴ്ച ഒന്ന് കടന്നു പോയത്. ആഴച്ചകള്‍ മാസങ്ങളിലെയ്ക്കും മാസങ്ങള്‍ വര്‍ഷങ്ങളിലെയ്ക്കും വളര്‍ന്നു കൊണ്ടെയ്രിക്കുന്നു. നാമോ മറ്റാരക്കൊക്കെയോ വേണ്ടി ജീവിച്ചുകൊണ്ടും.

ശരീരത്തിന് ഒരു തളര്‍ച്ച തോന്നിയാല്‍, ബുദ്ധി ഒന്ന് മന്ധീഭവിച്ചാല്‍ നമ്മുടെ സ്ഥാനം പടിക്ക് പുറത്താകുന്നു. നാം വിപ്ലവങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല, അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നില്ല. നിലനില്പിന്റെ സ്ഥിരതയെ കുറിച്ച് പോലും ചിന്തിക്കുന്നില്ല. നാം ഒന്നുമേ അറിയുന്നില്ല. ഇല്ലെങ്കില്‍ എല്ലാം അറിഞ്ഞും ഒന്നുമേ അറിയാതിരിക്കാന്‍ ശ്രമിയ്ക്കുന്നു.

കണ്ണാടിയില്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ സുഹൃത്തേ...നാം തന്നെ നമുക്കെത്ര അന്യര്‍ ആയിരിക്കുന്നു. നമ്മുടെ കണ്‍ തടങ്ങളില്‍ ക്ഷീണത്തിന്റെ കറുപ്പന്‍ ചുളിവുകളില്‍, നമ്മുടെ ചിരികളില്‍ കാപട്യതിന്റെയും നിസ്സങ്ങതയുടെയും മുഷിപ്പുകള്‍. നാം എങ്ങോട്ട് എന്തിനു വേണ്ടിയാണീ ഓടിക്കൊണ്ടിരിക്കുന്നത്?

അയ്യയ്യോ.... പ്രോജെച്ടിന്റെ വീണു കിട്ടിയ ഇടവേളയില്‍ മനസ്സില്‍ വന്ന എന്തൊക്കെയോ ഞാനും കുനു കുനെ കുറിച്ച് വയ്ക്കുന്നു. സമയം പോയി. ചെയ്തു തീര്‍ക്കുവാന്‍ എനിക്കും ഒരുപാട് ജോലികളുണ്ട്. അതിനിടയില്‍ സമയം മേനക്കെടുതുവാനായി മനസ്സിന്റെ ഓരോരോ മണ്ടന്‍ ചിന്തകളെ....ചുമ്മാ..
Share/Bookmark

Friday, December 18, 2009

Kodachadri landscapes

Share/Bookmark

അന്വേഷണം അവനവനെക്കുറിച്ച്

അവനവനില്‍ നിന്നും തുടങ്ങി അവനവനില്‍ തന്നെ അവസാനിക്കുന്ന ഒരു പര്യടനം ആകുന്നു ജീവിതന്വേഷണം. എല്ലാ അന്വേഷണങ്ങളും, എല്ലാ അലച്ചിലുകളും, എല്ലാ യാത്രയും തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്നു. ഒരു സമ്പൂര്‍ണ വൃത്തം. എല്ലാ സാഹിത്യകാരന്മാരും, എല്ലാ കലാകാരന്മാരും അവസാനം സ്വന്തം പാരംപര്യത്തിന്റെ വേരുകള്‍ വല്ലാത്തൊരു രീതിയില്‍ അന്വേഷിച്ചു തുടങ്ങുന്നു. സവര്‍ണത്വതിലെക്കുള്ള അധമമായ തിരിച്ചു പോക്ക് എന്നൊക്കെ നമുക്ക് പറയാം., പ്രസമ്ഗിയ്കാം, പരിഹസിക്കയും പുചിക്കയും ചെയ്യാം. എന്നാല്‍ അങ്ങനെ തിരിച്ചു പോകാതെ ഒരു മനുഷ്യനും, പ്രത്യേകിച്ച് അവനൊരു കലാകാരന്‍ എങ്കില്‍, വൃത്തം പൂര്‍ത്തിയാക്കാന്‍ ആവില്ല. അതൊരു അനിവാര്യതയെക്കള്‍ ഉപരി എന്തോ ഒന്നാണ്.

ജീവിതം മുഴുവനും താങ്ങി നിന്ന, നിര്‍ത്തിയ, തൂണിന്റെ ബലത്തില്‍ സംശയം തോന്നാതെ ഒരു ചിന്തിയ്ക്കുന്ന മനുഷ്യ ജീവിയും ഇവിടെ നിന്നും കടന്നു പോകുന്നില്ല. അത് ദൈവമോ, തത്വ സംഹിതകലോ, നാസ്ഥികത്വമോ എന്തുമാകാം. എന്തും. സംപൂര്‍ണത എന്നൊരു അവസ്ഥ അസാധ്യമാണ്. പക്ഷെ സംപൂര്‍ണത എന്ന മരീചികയാണ് ലോകത്തെ ഇത്ര മാത്രം പുരോഗതിയിലേയ്ക്ക് [അത് മറിച്ചുമാകാം, എല്ലാം ആപേക്ഷികം ആണല്ലോ ] നയിച്ചത്. പൊളിക്കലും പണിയലും ആണ് മനുഷ്യ കുലത്തിന്റെ സംസ്കാരവും ചരിത്രവും അതിജീവനവും എല്ലാമെല്ലാം. മാറ്റത്തിന് വിധേയമല്ലാത്ത അഥവാ വിധേയമാകാന്‍ തയ്യാറല്ലാത്ത ഒന്നും പുരോഗമിക്കുന്നില്ല.
Share/Bookmark

ഒപ്പം നടക്കാന്‍ ഇല്ലാതെ പോയൊരാള്‍


ഇന്ന് രാവിലെ പതിവില്ലാതെ മഴ പെയ്തു. ഒരു വല്ലാത്ത അനുഭവം. ഇതിനു മുന്‍പ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പല തവണ അവിടെ പോയപ്പോളും മഴ പെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.ഇന്ന് എന്റെ മനസ്സ് പോലെ ആകാശവും പ്രകൃതിയും മൂടിക്കെട്ടി നിന്നു. നനുത്ത മഴ ഓര്‍മ്മകള്‍ക്ക് കൂട്ട് പിടിക്കുന്നത്‌ പോലെ പെയ്തു കൊണ്ടേയിരുന്നു. ഞാന്‍ തിരിചെത്തുവോളം. ഇപ്പോള്‍ ഈ ജനാലയ്കലിരുന്നു പുറത്തേയ്ക്ക് നോക്കിയാല്‍ മഴയുടെ ലാഞ്ചന പോലുമില്ല.

ഒന്നിനും മാറ്റമില്ലായിരുന്നു, അതെ വഴികള്‍, അതെ പള്ളി, അതെ കുര്‍ബാന. ഇന്നലെ കഴിഞ്ഞത് പോലെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് ഇരച്ചു വന്നു. ഒന്ന് മാത്രമില്ലായിരുന്നു. മുന്‍പ് ഞാന്‍ അവിടെ പോയപ്പോള്‍ ഒക്കെയും ഒപ്പം നടന്നോരാള്‍. ഒരുപാട് പുതിയ കുട്ടികള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു . അവര്‍ക്ക് അപരിചിതനായ ഏതോ സന്ദര്‍ശകനെ കണ്ട് ആരെങ്കിലുമൊക്കെ തുറിച്ചു നോക്കിയിരിക്കാം പതിവ് പോലെ ഞാന്‍ ആരെയും നോക്കിയില്ല. ഒരു മുഖത്തേയ്ക്ക് പോലും.


ഞാന്‍ ഓര്‍മ്മകളിലൂടെ നടക്കാന്‍ ഇറങ്ങിയ ഒരു യാത്രികന്‍ ആണ്. യാത്രയിലൂടെ, നഷ്ടപ്പെട്ടു പോയൊരു കാലത്തെ തിരിച്ചു പിടിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആരെയും കാത്തു നില്കെണ്ടാതില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സിലെവിടെയോ വേദന. ഞാനാ വഴിയില്‍ ഏകനായി... ഒരുപാട് ദിവസങ്ങളില്‍ ഒന്നും പറയാതെ എന്തൊക്കെയോ പറഞ്ഞു നാം നടന്ന വഴിയിലൂടെ ആദ്യമായി ഞാന്‍ ഒറ്റയ്ക്ക് നടന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഴ ചാറുന്നത് കൊണ്ട് വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല.

പിയാത്തയുടെ പുറകിലുണ്ടായിരുന്ന വന്മരം മുറിച്ചു കളഞ്ഞിരിക്കുന്നു. സ്ഥലത്തിന്റെ ഭംഗിയും വന്യതയും പോയിരിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. വഴിയില്‍ ഒരു കറുമ്പന്‍ തവള കുഞ്ഞു ചാടി പോകുന്നുണ്ടായിരുന്നു. ആരും ഇല്ലാത്തതു കൊണ്ട് കുറച്ച് നേരം അവനെ നോക്കി നിന്നു. അപ്പോളാ പുല്ലുകള്‍ക്കിടയില്‍ വീടും താങ്ങി കഷട്ടപ്പെട്ടു നീങ്ങുന്നൊരു ഒച്ചിനെ കണ്ടു. നീ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ പറയുമായിരുന്ന കമന്റുകള്‍ ഓര്‍ത്തു. വെറുതെ. മുള്‍ വെലികള്‍ക്ക് അപ്പുറത്തെ സപ്പോട്ടകളില്‍ നിറയെ കായകള്‍. ഇതിനു മുന്‍പ് ഞാനവ കണ്ടതായി ഓര്‍ക്കുന്നില്ല. വയസ്സന്‍ അച്ഛന്‍ 'എന്താ ഇവിടെ നില്‍ക്കുന്നെ? ' എന്ന് ചോദിച്ച തെങ്ങും, പൊളിഞ്ഞു വീണ, മണ്‍ കട്ടകള്‍ കൊണ്ട് പണിത കെട്ടിടവും ഒക്കെ കാലത്തിനു അതീതമായി എതേതോ ഓര്‍മ്മ പെടുത്തലുകളും ആയി നില്‍ക്കുന്നു. നമ്മുടെ വഴിക്കിരുവശവും തെരുവകള്‍ ആളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. ആരും മുറിക്കാറില്ലേ ആവൊ?

'എന്താന്നേ ഒന്നും പറയാത്തെ? ഇങ്ങനെ മിണ്ടാതെ നടക്കാനാണോ വന്നെ? ' എന്നെന്നോട് ആരെങ്കിലും പറഞ്ഞുവോ? നീ അറിയുന്നുവോ? ഞാന്‍ നിനക്കും എനിക്കും ഏറെ ഇഷ്ടമുള്ള ഈ വഴിയിലൂടെ ഈ വെളുപ്പാന്‍ കാലത്ത് സ്വപ്നത്തില്‍ എന്നോണം നടക്കുകയാണെന്ന്. ഇല്ല ഒരിക്കലും നീ വിചാരിച്ചിട്ടുണ്ടാവില്ല. നീ ഒരിക്കല്‍ പറഞ്ഞിരുന്നു. ഒറ്റയ്ക്ക് വരരുതെന്ന്. ചുമ്മാ
സങ്കടം വരും എന്ന്. ഈ നനുത്ത സങ്കടം ഒരു സുഖമാണ്.

മഴ ഉണ്ടായിരുന്നത് കൊണ്ട് മുകളിലേയ്ക്ക് നടന്നില്ല. മെയിന്‍ റോഡില്‍ നാം നില്‍ക്കാറുള്ള ആ മരച്ചുവട്ടില്‍ ആരെയോ
കാത്തിട്ടെന്ന പോലെ വെറുതെ നിന്നു. ഒരല്‍പ്പനേരം. ആരോ വരുന്നത് കണ്ടപ്പോള്‍ പതിയെ നടന്നു.കുറച്ചങ്ങു നടന്നപ്പോള്‍ വഴിയുടെ മുകളിലേയ്ക്കും താഴേയ്ക്കും വെറുതെ നോക്കി. ആരുമില്ലാതെ, വിജനമായ നനഞ്ഞു കറുത്ത ടാര്‍ റോഡ്‌ എന്തൊക്കെയോ വീണ്ടും ഓര്‍മ്മിപ്പിച്ചു. നാം ചാരി നില്‍ക്കാറുള്ള ആ ഗെയ്ടിനപ്പുറം, ആ മരച്ചുവട്ടിലെ വേലിക്കപ്പുറം ഒരുപാട് ജമന്തികള്‍ പൂത്തു നില്‍ക്കുന്നു. മഞ്ഞയും ഓറഞ്ച് ഉം നിറങ്ങളില്‍. ഭംഗിയായി.

നിന്റെ പഴയ ഹോസ്റ്റെലിനു മുകളിലേയ്ക്ക് പുതിയ നിലകള്‍ പണിതു കൊണ്ടിരിക്കുന്നു. ഇതിനു മുന്‍പ് അതിലെ കടന്നു പോയപ്പോള്‍ ഉണ്ടായിരുന്ന താമസക്കാരില്‍ ഒരുപാട് പേര്‍ കടലില്‍ ലയിച്ച നദി പോലെ ഇനിയൊരിക്കലും തിരിച്ചെടുക്കാന്‍ ആവാത്ത വണ്ണം ആള്‍ക്കൂട്ടങ്ങളില്‍ പെട്ട് എങ്ങോട്ടൊക്കെയോ പോയിരിക്കുന്നു. കുറെ ഓട്ടോഗ്രാഫുകള്‍ മാത്രം ബാക്കി.

വഴിയരികിലെ വലതു വശത്തെ മരത്തില്‍ കുറെ കരിയിലക്കിളികള്‍ നനഞ്ഞൊട്ടി ഇരിപ്പുണ്ടായിരുന്നു. വെറുതെ ഒരു രസത്തിനു എണ്ണി. 19 എണ്ണം.ശേ, ഒന്ന് കൂടി ഉണ്ടായിരുന്നെങ്കില്‍ 20 തികഞ്ഞെനെ. അതാ അപ്പുറത്ത് മറ്റൊരു കൂട്ടര്‍. അവര്‍ 14 പേര്‍.

എനിക്ക് നിങ്ങളുടെ ബാച്ചിലെ ആരുമായും അടുത്ത പരിചയം ഒന്നുമില്ല. എങ്കിലും നിങ്ങള്‍ ഒന്നാകെ അവിടം വിട്ടു പോയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ ഒരു വല്ലായ്മ തോന്നി. ഒരു പക്ഷെ നിങ്ങളെക്കാളും ഓര്‍മ്മകള്‍ ഒരുപ്പാട്‌ കാലം സൂക്ഷിയ്ക്കുക പുറമേ നിന്നു മാത്രം കണ്ട ഞാന്‍ ആയിരിക്കാം. അങ്ങിനെ പതിയെ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു, ഈ 5 വര്‍ഷത്തെ നഗര ജീവിതത്തില്‍ ജീവിച്ചു എന്ന് സ്വയം തോന്നിയതും, ഓര്‍മ്മകള്‍ തന്നതും ഈ വഴിയും നീയും ആണല്ലോ എന്ന്. അതും വല്ലപ്പോളും ഉള്ള ഓര്‍മ്മകള്‍ മാത്രം ആയിരിക്കുന്നു. നശിച്ച ഈ തിരക്കിനിടയില്‍.

നമ്മള്‍ കൈകൊടുത്തു, വിളിക്കാം എന്ന് പറഞ്ഞു പിരിയാറുള്ള വഴി. റോഡു കടന്നു. വെറുതെ ഒരിക്കല്‍ കൂടി അപ്പുറം നോക്കി നിന്നു. ഇനിയൊരിക്കലും തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ട് പതുക്കെ പതുക്കെ, നിവര്‍ന്നു നടന്നോരാള്‍ ആ വഴി പോവില്ലല്ലോ എന്നോര്‍ത്ത് നിന്നപ്പോള്‍....

നീയുണ്ടായിരുന്നെങ്കില്‍ എന്നെ ഒരിക്കലും ആ സമയത്ത് പോകാന്‍ വിടില്ലായിരുന്നു.
'എനിക്ക് കുറച്ചു പണിയുണ്ട് ... എന്നാല്‍ പോട്ടെ? '

'പൊക്കോ ഇത്ര വേഷമിചെന്തിനാ വന്നെ?'

'ഓ എന്നാല്‍ പോകുന്നില്ല.. ഒരു 10 മിനിറ്റ് കഴിഞ്ഞേ പോകുന്നുള്ളൂ '

'വെഷമിച്ചു നിക്കണ്ട, പോക്കൊന്നെ. ദെ ചെറുക്കാ കുനിച്ചു നിര്‍ത്തി ഇടിക്കും കേട്ടോ പറഞ്ഞേക്കാം'

Share/Bookmark

Thursday, December 17, 2009

വെറുതെ ...

കുട്ടിക്ക് രാവിലെ വെറുതെ സന്തോഷം തോന്നി. അവന്‍ ചിരിക്കാന്‍ തുടങ്ങി. അവന്റെ സന്തോഷം കൂടി കൂടി വന്നു. അവനു ചിരി നിര്‍ത്താനായില്ല. അവന്‍ പൊട്ടി പൊട്ടി ചിരിച്ചു. അമ്മ അവനോടു കാരണം തിരക്കി. അവനു ചിരിക്കാന്‍ കാരണം ഒന്നുമില്ലായിരുന്നല്ലോ? അമ്മയ്ക്ക് ഭയമായി. അമ്മ അകത്തു പോയി വടിയെടുത്തു കൊണ്ട് വന്നു അവനെ അടിച്ചു. കുട്ടി കരയാന്‍ തുടങ്ങി. അമ്മയ്ക്ക് സമാധാനമായി. അമ്മ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി സ്വന്തം പണികളില്‍ ഏര്‍പ്പെട്ടു. പ്രിയ വായനക്കാരാ, താങ്കള്‍ക്കും സമാധാനം ആയിരിക്കുമല്ലോ?
Share/Bookmark

Kodachadri forrest
Share/Bookmark

Wednesday, December 16, 2009

Kodachadri skies


Share/Bookmark

Tuesday, December 15, 2009

Karanji park lake, Mysore
Share/Bookmark

Hogenakkal


Share/Bookmark

Freedom's road...


Share/Bookmark

പുലര്‍ കാല സുന്ദര സ്വപ്നത്തില്‍


Share/Bookmark

Monday, December 14, 2009

Chamundi hills


Share/Bookmark

LinkWithin

Related Posts with Thumbnails