Friday, December 18, 2009

ഒപ്പം നടക്കാന്‍ ഇല്ലാതെ പോയൊരാള്‍


ഇന്ന് രാവിലെ പതിവില്ലാതെ മഴ പെയ്തു. ഒരു വല്ലാത്ത അനുഭവം. ഇതിനു മുന്‍പ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പല തവണ അവിടെ പോയപ്പോളും മഴ പെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.ഇന്ന് എന്റെ മനസ്സ് പോലെ ആകാശവും പ്രകൃതിയും മൂടിക്കെട്ടി നിന്നു. നനുത്ത മഴ ഓര്‍മ്മകള്‍ക്ക് കൂട്ട് പിടിക്കുന്നത്‌ പോലെ പെയ്തു കൊണ്ടേയിരുന്നു. ഞാന്‍ തിരിചെത്തുവോളം. ഇപ്പോള്‍ ഈ ജനാലയ്കലിരുന്നു പുറത്തേയ്ക്ക് നോക്കിയാല്‍ മഴയുടെ ലാഞ്ചന പോലുമില്ല.

ഒന്നിനും മാറ്റമില്ലായിരുന്നു, അതെ വഴികള്‍, അതെ പള്ളി, അതെ കുര്‍ബാന. ഇന്നലെ കഴിഞ്ഞത് പോലെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് ഇരച്ചു വന്നു. ഒന്ന് മാത്രമില്ലായിരുന്നു. മുന്‍പ് ഞാന്‍ അവിടെ പോയപ്പോള്‍ ഒക്കെയും ഒപ്പം നടന്നോരാള്‍. ഒരുപാട് പുതിയ കുട്ടികള്‍ കലപില കൂട്ടുന്നുണ്ടായിരുന്നു . അവര്‍ക്ക് അപരിചിതനായ ഏതോ സന്ദര്‍ശകനെ കണ്ട് ആരെങ്കിലുമൊക്കെ തുറിച്ചു നോക്കിയിരിക്കാം പതിവ് പോലെ ഞാന്‍ ആരെയും നോക്കിയില്ല. ഒരു മുഖത്തേയ്ക്ക് പോലും.


ഞാന്‍ ഓര്‍മ്മകളിലൂടെ നടക്കാന്‍ ഇറങ്ങിയ ഒരു യാത്രികന്‍ ആണ്. യാത്രയിലൂടെ, നഷ്ടപ്പെട്ടു പോയൊരു കാലത്തെ തിരിച്ചു പിടിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആരെയും കാത്തു നില്കെണ്ടാതില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സിലെവിടെയോ വേദന. ഞാനാ വഴിയില്‍ ഏകനായി... ഒരുപാട് ദിവസങ്ങളില്‍ ഒന്നും പറയാതെ എന്തൊക്കെയോ പറഞ്ഞു നാം നടന്ന വഴിയിലൂടെ ആദ്യമായി ഞാന്‍ ഒറ്റയ്ക്ക് നടന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഴ ചാറുന്നത് കൊണ്ട് വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല.

പിയാത്തയുടെ പുറകിലുണ്ടായിരുന്ന വന്മരം മുറിച്ചു കളഞ്ഞിരിക്കുന്നു. സ്ഥലത്തിന്റെ ഭംഗിയും വന്യതയും പോയിരിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. വഴിയില്‍ ഒരു കറുമ്പന്‍ തവള കുഞ്ഞു ചാടി പോകുന്നുണ്ടായിരുന്നു. ആരും ഇല്ലാത്തതു കൊണ്ട് കുറച്ച് നേരം അവനെ നോക്കി നിന്നു. അപ്പോളാ പുല്ലുകള്‍ക്കിടയില്‍ വീടും താങ്ങി കഷട്ടപ്പെട്ടു നീങ്ങുന്നൊരു ഒച്ചിനെ കണ്ടു. നീ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ പറയുമായിരുന്ന കമന്റുകള്‍ ഓര്‍ത്തു. വെറുതെ. മുള്‍ വെലികള്‍ക്ക് അപ്പുറത്തെ സപ്പോട്ടകളില്‍ നിറയെ കായകള്‍. ഇതിനു മുന്‍പ് ഞാനവ കണ്ടതായി ഓര്‍ക്കുന്നില്ല. വയസ്സന്‍ അച്ഛന്‍ 'എന്താ ഇവിടെ നില്‍ക്കുന്നെ? ' എന്ന് ചോദിച്ച തെങ്ങും, പൊളിഞ്ഞു വീണ, മണ്‍ കട്ടകള്‍ കൊണ്ട് പണിത കെട്ടിടവും ഒക്കെ കാലത്തിനു അതീതമായി എതേതോ ഓര്‍മ്മ പെടുത്തലുകളും ആയി നില്‍ക്കുന്നു. നമ്മുടെ വഴിക്കിരുവശവും തെരുവകള്‍ ആളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. ആരും മുറിക്കാറില്ലേ ആവൊ?

'എന്താന്നേ ഒന്നും പറയാത്തെ? ഇങ്ങനെ മിണ്ടാതെ നടക്കാനാണോ വന്നെ? ' എന്നെന്നോട് ആരെങ്കിലും പറഞ്ഞുവോ? നീ അറിയുന്നുവോ? ഞാന്‍ നിനക്കും എനിക്കും ഏറെ ഇഷ്ടമുള്ള ഈ വഴിയിലൂടെ ഈ വെളുപ്പാന്‍ കാലത്ത് സ്വപ്നത്തില്‍ എന്നോണം നടക്കുകയാണെന്ന്. ഇല്ല ഒരിക്കലും നീ വിചാരിച്ചിട്ടുണ്ടാവില്ല. നീ ഒരിക്കല്‍ പറഞ്ഞിരുന്നു. ഒറ്റയ്ക്ക് വരരുതെന്ന്. ചുമ്മാ
സങ്കടം വരും എന്ന്. ഈ നനുത്ത സങ്കടം ഒരു സുഖമാണ്.

മഴ ഉണ്ടായിരുന്നത് കൊണ്ട് മുകളിലേയ്ക്ക് നടന്നില്ല. മെയിന്‍ റോഡില്‍ നാം നില്‍ക്കാറുള്ള ആ മരച്ചുവട്ടില്‍ ആരെയോ
കാത്തിട്ടെന്ന പോലെ വെറുതെ നിന്നു. ഒരല്‍പ്പനേരം. ആരോ വരുന്നത് കണ്ടപ്പോള്‍ പതിയെ നടന്നു.കുറച്ചങ്ങു നടന്നപ്പോള്‍ വഴിയുടെ മുകളിലേയ്ക്കും താഴേയ്ക്കും വെറുതെ നോക്കി. ആരുമില്ലാതെ, വിജനമായ നനഞ്ഞു കറുത്ത ടാര്‍ റോഡ്‌ എന്തൊക്കെയോ വീണ്ടും ഓര്‍മ്മിപ്പിച്ചു. നാം ചാരി നില്‍ക്കാറുള്ള ആ ഗെയ്ടിനപ്പുറം, ആ മരച്ചുവട്ടിലെ വേലിക്കപ്പുറം ഒരുപാട് ജമന്തികള്‍ പൂത്തു നില്‍ക്കുന്നു. മഞ്ഞയും ഓറഞ്ച് ഉം നിറങ്ങളില്‍. ഭംഗിയായി.

നിന്റെ പഴയ ഹോസ്റ്റെലിനു മുകളിലേയ്ക്ക് പുതിയ നിലകള്‍ പണിതു കൊണ്ടിരിക്കുന്നു. ഇതിനു മുന്‍പ് അതിലെ കടന്നു പോയപ്പോള്‍ ഉണ്ടായിരുന്ന താമസക്കാരില്‍ ഒരുപാട് പേര്‍ കടലില്‍ ലയിച്ച നദി പോലെ ഇനിയൊരിക്കലും തിരിച്ചെടുക്കാന്‍ ആവാത്ത വണ്ണം ആള്‍ക്കൂട്ടങ്ങളില്‍ പെട്ട് എങ്ങോട്ടൊക്കെയോ പോയിരിക്കുന്നു. കുറെ ഓട്ടോഗ്രാഫുകള്‍ മാത്രം ബാക്കി.

വഴിയരികിലെ വലതു വശത്തെ മരത്തില്‍ കുറെ കരിയിലക്കിളികള്‍ നനഞ്ഞൊട്ടി ഇരിപ്പുണ്ടായിരുന്നു. വെറുതെ ഒരു രസത്തിനു എണ്ണി. 19 എണ്ണം.ശേ, ഒന്ന് കൂടി ഉണ്ടായിരുന്നെങ്കില്‍ 20 തികഞ്ഞെനെ. അതാ അപ്പുറത്ത് മറ്റൊരു കൂട്ടര്‍. അവര്‍ 14 പേര്‍.

എനിക്ക് നിങ്ങളുടെ ബാച്ചിലെ ആരുമായും അടുത്ത പരിചയം ഒന്നുമില്ല. എങ്കിലും നിങ്ങള്‍ ഒന്നാകെ അവിടം വിട്ടു പോയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ ഒരു വല്ലായ്മ തോന്നി. ഒരു പക്ഷെ നിങ്ങളെക്കാളും ഓര്‍മ്മകള്‍ ഒരുപ്പാട്‌ കാലം സൂക്ഷിയ്ക്കുക പുറമേ നിന്നു മാത്രം കണ്ട ഞാന്‍ ആയിരിക്കാം. അങ്ങിനെ പതിയെ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു, ഈ 5 വര്‍ഷത്തെ നഗര ജീവിതത്തില്‍ ജീവിച്ചു എന്ന് സ്വയം തോന്നിയതും, ഓര്‍മ്മകള്‍ തന്നതും ഈ വഴിയും നീയും ആണല്ലോ എന്ന്. അതും വല്ലപ്പോളും ഉള്ള ഓര്‍മ്മകള്‍ മാത്രം ആയിരിക്കുന്നു. നശിച്ച ഈ തിരക്കിനിടയില്‍.

നമ്മള്‍ കൈകൊടുത്തു, വിളിക്കാം എന്ന് പറഞ്ഞു പിരിയാറുള്ള വഴി. റോഡു കടന്നു. വെറുതെ ഒരിക്കല്‍ കൂടി അപ്പുറം നോക്കി നിന്നു. ഇനിയൊരിക്കലും തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ട് പതുക്കെ പതുക്കെ, നിവര്‍ന്നു നടന്നോരാള്‍ ആ വഴി പോവില്ലല്ലോ എന്നോര്‍ത്ത് നിന്നപ്പോള്‍....

നീയുണ്ടായിരുന്നെങ്കില്‍ എന്നെ ഒരിക്കലും ആ സമയത്ത് പോകാന്‍ വിടില്ലായിരുന്നു.
'എനിക്ക് കുറച്ചു പണിയുണ്ട് ... എന്നാല്‍ പോട്ടെ? '

'പൊക്കോ ഇത്ര വേഷമിചെന്തിനാ വന്നെ?'

'ഓ എന്നാല്‍ പോകുന്നില്ല.. ഒരു 10 മിനിറ്റ് കഴിഞ്ഞേ പോകുന്നുള്ളൂ '

'വെഷമിച്ചു നിക്കണ്ട, പോക്കൊന്നെ. ദെ ചെറുക്കാ കുനിച്ചു നിര്‍ത്തി ഇടിക്കും കേട്ടോ പറഞ്ഞേക്കാം'

Share/Bookmark

2 comments:

LinkWithin

Related Posts with Thumbnails