Monday, December 21, 2009

Trainspotting - ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.



ജീവിക്കാന്‍ ഒരു കാരണം ഉണ്ടായിരിക്കണം. ചെയ്യുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരെങ്കിലും ഉണ്ടായിരിക്കുക. പ്രതീക്ഷിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക.

ഇവയോന്നുമേ ഇല്ലായെങ്കില്‍.... അല്ലെങ്കില്‍ ഇവയോന്നുമേ കണ്ടെത്താന്‍ ആകുന്നില്ല എങ്കില്‍ ..... ഇടപ്പള്ളി ആത്മഹത്യ ചെയ്തു, മറ്റു പലരും പല കാലങ്ങളില്‍ പലതിലും അഭയം തേടി.

ഇതേ പ്രശ്നത്തെ നേരിടുന്ന 80 കളുടെ അവസാനത്തെ സ്കോട്ടിഷ് യുവത്വത്തിന്റെ കഥയാണ് സംവിധായകന്‍ ഡാനി ബോയേല്‍ പറയുന്നത്. ഇതേ പേരിലുള്ള ഇര്‍വിന്‍ വെല്‍ഷിന്റെ പ്രസിദ്ധ നോവലിന്റെ ചലച്ചിത്ര ആവിഷ്കരണം. ഡാനി ബോയെലിന്റെ ബെസ്റ്റ് വര്‍ക്ക്‌ എന്ന് ഞാന്‍ പറയും. ഇതിന്റെ പോസ്റ്റര്‍ ആയിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ഫിലിം ഇന്സ്ടിടുറ്റ് കാലഘട്ടത്തില്‍ ഹോസ്റ്റല്‍ മുറിയുടെ ഭിത്തിയില്‍ ഉണ്ടായിരുന്നത്. നന്ദി റസൂല്‍. ഈ ചിത്രത്തെ കുറിച്ച ആദ്യം ഞാന്‍ കേട്ടത് താങ്കളുടെ ഏതോ അഭിമുഖത്തില്‍ നിന്നുമാണ്.

സന്മാര്‍ഗതിന്റെ മുഷിപ്പന്‍ കണ്ണട കൊണ്ട് നോക്കിയാല്‍ ഇതൊരു വൃത്തികെട്ട പടം ആണ്. മയക്കു മരുന്നുകളിലും ലൈംഗികവും സാമൂഹികവും ആയ സകല വിധ ആരാജകത്വതിലും അഭയം തേടുന്ന, വൃത്തികെട്ട ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം യുവത്വത്തിന്റെ കഥ. അത് നോവലിനോട് അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ട് അവതരിപ്പിക്കാന്‍ ആയി എന്നിടത്താണ് സംവിധായകന്റെ വിജയം. സാഹിത്യവും സിനിമയും രണ്ടു വ്യത്യസ്ത കലാ രൂപങ്ങളാണ്. ഒരു നോവലിനെ അതും psychedelic ചിന്തകളും കാഴ്ചകളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്നൊരു നോവലിനെ അഭ്ര പാളിയിലെയ്ക്ക് പറിച്ചു നടുക എന്നത് ഒരു വമ്പന്‍ വെല്ലുവിളിയാണ്

നായകനായ മാര്‍ക്ക്‌ രേന്റോന്‍ ആണ് കഥ പറയുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണ പാച്ചില്‍ നടത്തുന്ന നായകന്റെയും കൂട്ടുകാരന്റെയും ഓട്ടത്തില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. ഓട്ടത്തിനിടയില്‍ കഥ പറഞ്ഞു തുടങ്ങുകയാണ്.

Choose Life. Choose a job. Choose a career. Choose a family. Choose a f**king big television, choose washing machines, cars, compact disc players and electrical tin openers. Choose good health, low cholesterol, and dental insurance. Choose fixed interest mortgage repayments. Choose a starter home. Choose your friends. Choose leisurewear and matching luggage. Choose a three-piece suit on hire purchase in a range of f**king fabrics. Choose DIY and wondering who the fuck you are on Sunday morning. Choose sitting on that couch watching mind-numbing, spirit-crushing game shows, stuffing f**king junk food into your mouth. Choose rotting away at the end of it all, pissing your last in a miserable home, nothing more than an embarrassment to the selfish, f**ked up brats you spawned to replace yourselves. Choose your future. Choose life... But why would I want to do a thing like that? I chose not to choose life. I chose somethin' else. And the reasons? There are no reasons. Who needs reasons when you've got heroin?

ജീവിതം തെരഞ്ഞെടുക്കുക. ജോലി തെരഞ്ഞെടുക്കുക, കുടുംബം തെരഞ്ഞെടുക്കുക, ഭാവി തെരഞ്ഞെടുക്കുക... ജീവിതം മുഴുവന്‍ തെരഞ്ഞെടുപ്പുകളുടെതാണ്. എന്തുകൊണ്ട് ഞാനത് ചെയ്യണം? ഞാന്‍ മറ്റു ചിലത് തെരഞ്ഞെടുത്തു. ഞാന്‍ ഒന്നുമേ തെരഞ്ഞെടുക്കേണ്ട എന്നത് തെരഞ്ഞെടുത്തു. കാരണം? കാരണം ഒന്നുമില്ല. ഹെറോയിന്‍ കിട്ടിക്കഴിഞ്ഞാല്‍ ആര്‍ക്കാണ് അതിനു കാരണം വേണ്ടത്?

എല്ലാ കാലത്തെയും യുവത്വത്തിന്റെ പ്രശ്നങ്ങളെ, അവരുടെ വഴിവിട്ടതെന്നു സമൂഹം കാണുന്ന ചിന്തകളെ ഒരുപാട് മോനോലോഗുകളിലൂടെ നാം കേള്‍ക്കുന്നുണ്ട് ചിത്രത്തില്‍ ഉട നീളം.

അവരുടെ ജീവിത ശൈലി, പലതരം കാഴ്ചകളിലൂടെ നാം കാണുകയാണ്. സാമൂഹികമോ കുടുംബ പരമോ ആയ ബന്ധങ്ങളില്‍ നിന്നും തീര്‍ത്തും പിന്‍ വലിഞ്ഞു, മയക്കു മരുന്നുകളുടെ മാത്രമായൊരു സ്വപ്ന ലോകത്തില്‍ ജീവിക്കുന്നൊരു കൂട്ടം. അവര്‍ക്ക് അവരുടെതായ കാരണങ്ങള്‍ ഉണ്ടതിന്. പല ഘട്ടങ്ങളിലും നമുക്ക് തന്നെ നിഷേധിക്കാന്‍ ആവാത്ത കാരണങ്ങള്‍.

നായകന്‍ ഒരു ഘട്ടത്തില്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തുന്നു. എന്നാല്‍ അങ്ങനെ ഒരു ജീവിതത്തിന്റെ സമ്മര്‍ദം താങ്ങാന്‍ ആവാതെ മായ ലോകത്തിന്റെ മാളത്തിലേയ്ക്ക് അയാള്‍ തിരിച്ചു പോകുന്നു. അവരുടെ മാളത്തില്‍ മുട്ടിലിഴയുന്നൊരു പിഞ്ചു കുഞ്ഞ്, തികഞ്ഞ അവഗണന മൂലം മരണപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ധവും നൈരാശ്യവും മൂലം ഒരു പലതിലും അഭയം തേടുന്ന അയാള്‍ മയക്കു മരുന്നുകളില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിക്കയും പരാജയപ്പെടുകയും ആണ്. അയാള്‍ മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലം മരണത്തില്‍ നിന്നുംകഷ്ടിച്ചു രക്ഷപ്പെട്ടു വീട്ടില്‍ എത്തുന്നു. തുടര്‍ന്ന് അയാള്‍ കാണുന്ന hallucination ഉണ്ട്. ചിത്രത്തിലെ ഏറ്റവും haunting ആയ സീന്‍ ആണത്.

കഥാപാത്രങ്ങള്‍ ഓരോരുത്തരായി നശിക്കുകയാണ്. മയക്കു മരുന്നുകളുടെ ലോകത്തില്‍ നിന്നും പതിയെ രക്ഷപ്പെടുന്ന നായകന്‍റെ മുന്‍പില്‍ വല്ലാത്തൊരു ചോദ്യം: ഇനിയെന്ത്?
അയാള്‍ ലണ്ടനില്‍ പോയി ഒരു സാധാരണ ജീവിതം ആരംഭിക്കുന്നു. അയാള്‍ അപ്പോളും അസ്വസ്ഥനാണ്. ഭൂത കാലം അയാളെ സുഹൃത്തുക്കളുടെ രൂപത്തില്‍ പിന്തുടരുകയാണ്. അയാള്‍ക്ക് അവരെ ഒഴിവാകാന്‍ ആവുന്നില്ല. ഒടുവില്‍ ഒരു ഹെറോയിന്‍ കച്ചവടത്തിലെ തുകയുമായി കൂട്ടുകാരില്‍ നിന്നും രക്ഷപ്പെട്ടു ആദ്യ സീനില്‍ നിഷേധിക്കുന്ന ഒരു ജീവിതം തന്നെ തെരഞ്ഞെടുക്കാന്‍ അയാള്‍ പോകുകയാണ്.

കഥ പറയുന്നതാണ് സിനിമ ആസ്വാദനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുകളില്‍ പറഞ്ഞതൊരു സംഗ്രഹം മാത്രമാണ്. 'Trainspotting' കാഴ്ചയുടെ സിനിമ ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ്, സിനെമൊടോഗ്രഫി എന്നിവ മികച്ചതാണ്. Evan McGrigar കഥാപാത്രം ആയങ്ങു ജീവിക്കുകയാണ്. മൊണ്ടാഷ്കളുടെ സമര്‍ത്ഥമായ ഉപയോഗം ആണ് ചിത്രത്തില്‍ ഉടനീളം. വന്യമായ ക്യാമറ angle-കളും നിറക്കൂടുകളും ആണ് ചിത്രത്തിന്. ഒരിക്കലും ഊഹിക്കാന്‍ കഴിയാത്തതോക്കെയാണ് കഥാപാത്രങ്ങളുടെ ജീവിതവും.

പോപ്‌ കള്‍ച്ചറിന്റെ ആരാധകനും, യഥാര്‍ത്ഥ സാമൂഹിക പരിവര്‍ത്തനം പോപ്‌ കള്ച്ചരിലൂടെയാണ് സാധ്യം ആകുക എന്നും വിശ്വസിക്കുന്ന ബോയലിന്റെ പശ്ചാത്തല സംഗീതം പോപ്‌ സംഗീതമാണ്. അല്ലെങ്കിലും ഈ കഥാപാത്രങ്ങളുടെ ജീവിതവുമായി മറ്റേതു സംഗീതത്തിനു ഒപ്പം നില്‍ക്കാനാവും?

ഓരോ യുവാവിനും, അല്ലെങ്കില്‍ യുവത്വം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ മനുഷ്യനും ഈ കഥാ പാത്രങ്ങളെ മനസ്സിലാകും. ഒരു സിനിമ ഇങ്ങനെ ആകണം മയക്കു മരുന്നുകള്‍ക്ക് എതിരായ സന്ദേശം വേണം എന്നിങ്ങനെയുള്ള എല്ലാ ധാരണകളെയും ചുമ്മാതെ അങ്ങ് പൊളിച്ചു കളയുന്നുണ്ട് ചിത്രം. സുഖകരമായി കണ്ടിരിക്കാവുന്നൊരു ചിത്രം അല്ല ഇത്. പലപ്പോഴും അത് നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതിറങ്ങിയ കാലത്ത് ഹോസ്റ്റല്‍ മുറികളിലെ അവശ്യ വസ്തു ആയിരുന്നു ഇതിന്റെ പോസ്റ്റര്‍. അന്ന് മാധ്യമങ്ങള്‍, ചിത്രം മയക്കു മരുന്നുകളെയും അരാജക ജീവിതത്തെയും വല്ലാതെ ഗ്ലാമരൈസ് ചെയ്യുന്നു എന്ന് നിലവിളിക്കുകയുണ്ടായി.

ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ John Hodge ഒരു മനോരോഗ ചികിത്സകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പല ചികിത്സാ അനുഭവങ്ങളും തിരകഥ രൂപീകരണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

വ്യത്യസ്തം ആയ പോസ്റ്ററുകള്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോള്ളിവുഡിനെ ഭയപ്പെടുത്തുന്ന ബ്രിട്ടീഷ്‌ മൂവി എന്നാണു എംപെയര്‍ മാഗസിന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്‌.

ഡാനി ബോയല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുക ആണത്രേ. നോവലിന്റെ രണ്ടാം ഭാഗം ആയ 'Porno' എന്ന നോവല്‍ ആയിരിക്കും ചിത്രത്തിന് ആധാരം. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ക്ക് പ്രായം ആകാന്‍ കാത്തിരിക്കുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ലോകത്തെങ്ങും ഉള്ള യുവാക്കളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികം ആയി കടന്നു പോകുന്നൊരു കാലത്തെ കൈകാര്യം ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രം പ്രസക്തം ആകുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0117951/

Trainspotting trailer:






നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

1 comment:

LinkWithin

Related Posts with Thumbnails