Sunday, December 20, 2009

Babel - ഒരു ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഒറ്റ കാഴ്ചയില്‍ വളരെ ആകര്‍ഷകമായ ഒന്നും തന്നെ ബാബേലിന്റെ പോസ്റ്ററില്‍ ഇല്ല. IMDB - യിലെ കഥാ സംഗ്രഹവും അത്ര രസകരമായി തോന്നിയില്ല. അതൊക്കെ കൊണ്ട് തന്നെ ഒരുപാട് കാലം ആയി ഇതിന്റെ DVD കയ്യില്‍ ഉണ്ടെങ്കിലും കാണാന്‍ താല്പര്യം തോന്നിയില്ല. കഴിഞ്ഞൊരു ദിവസം മറ്റൊന്നും കയ്യില്‍ കിട്ടാത്തത് കൊണ്ട് ഒരു 10 മിനിറ്റ് കണ്ടേക്കാം എന്ന് കരുതി ഇരുന്നതാണ്. മുഴുവനും കണ്ടു തീര്‍ത്തിട്ടെ എണീക്കാന്‍ ആയുള്ളൂ. ഇനിയും അത് പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ചിത്രം തുടങ്ങുന്നത് മുതല്‍ ഒരു ഒഴുക്കാണ്. ഒരു നിമിഷം പോലും നാം ചിത്രത്തില്‍ നിന്നും അകന്നു പോകാത്ത വിധം വേഗതയിലാണ് സംഭവങ്ങളുടെ പോക്ക്. അതും യാതൊരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ.

ഒരു നിമിഷത്തെ ഒരു അബദ്ധം, അല്ലെങ്കില്‍ ഒരു കുട്ടിക്കളി ഒരുപാട് ജീവിതങ്ങളുടെ പ്രയാണത്തെ കീഴ്മേല്‍ മറിക്കാറുണ്ട്. ഒരു തോക്ക്, അതില്‍ നിന്നും പുറപ്പെട്ട ഒരു വെടിയുണ്ട 3 രാജ്യങ്ങളിലെ 4 കുടുംബങ്ങളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ് ബാബേലിന്റെ കഥ. ഇതൊരു ഇംഗ്ലീഷ് സിനിമ ആണെന്ന് പറയാന്‍ വയ്യ. ഇംഗ്ലീഷും സംസാര ഭാഷയായി വരുന്നുണ്ട് എന്ന് മാത്രം. മിക്ക സീനുകളും സബ് ടൈറ്റിലിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്‌. കാരണം ഒരു പാട് ഭാഷകള്‍ സംസാരിക്കപ്പെടുന്നുട്ചിത്രത്തില്‍.

സംവിധായകന്‍ അലെജാന്ദ്രോ ഗോന്സാല്വേസ് ഇനിരിട്ടു വിന്റെ ചലച്ചിത്ര ത്രയത്തിലെ മൂനാമത്തെ ചിത്രം. അമോരെസ് പെരോസ്, 21 ഗ്രാംസ് എന്നിവയായിരുന്നു ബാബേലിന്റെ മുന്‍ഗാമികള്‍. ഈ മൂന്ന് ചിത്രങ്ങളും ആധുനിക ലോകത്തിലെ കുടുംബ ബന്ധങ്ങളെ പറ്റി പറയുന്നവയാണ്. മറ്റു 2 ചിത്രങ്ങളിലും നാം കണ്ട, എന്നാല്‍ പിന്നെയും പിന്നെയും വിസ്മയിപ്പിക്കുന്ന അതെ അവതരണ ശൈലിയാണ് ബാബെലും പിന്തുടരുന്നത്.

ഒരേ മേല്കൂരയ്ക്ക് കീഴില്‍ കഴിയുമ്പോളും, വിവര സാങ്കേതിക വിദ്യ പ്രകാശ വേഗത്തില്‍ പുരോഗമിക്കുംപോളും മനസ്സുകളുടെ ആശയ വിനിമയം തീര്‍ത്തും സാധ്യമാകാതെ പോകുന്ന കാഴ്ച അതി മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. സംവിധായകന്‍ ഇനിരിട്ടുവിനെ അറിയാത്തവര്‍ പോലും അമോരെസ് പെരോസ് എന്ന് കേട്ടിട്ടുണ്ടാവും. മണി രത്നത്തിന്റെ 'ആയുത്ത എഴുത്ത് ' ഇറങ്ങിയപ്പോള്‍. അത് അമോരെസ് പെരോസിന്റെ കോപ്പി ആണെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. രണ്ടിന്റെയും കഥ, ഒരു അപകടവും അത് ബന്ധിപ്പിക്കുന്ന കുറെ ജീവിതങ്ങളും ആയിരുന്നു. പക്ഷെ ആയുത്ത എഴുത്തിലെ ജീവിതങ്ങള്‍ക്കും അമോരെസ് പെരോസിലെ ജീവിതഗള്‍ക്കും അജ ഗജാന്തരം ഉണ്ടായിരുന്നു.

രാഷ്ട്രീയമോ സാമൂഹിക പരമോ ആയ ഒന്നും സംവിധായകന്‍ നേരിട്ട് പറയുന്നില്ല. എന്നാല്‍ ചികഞ്ഞു നോക്കിയാല്‍ എല്ലാം കണ്ടെത്തുകയും ചെയ്യാം. വാചാടോപങ്ങളില്‍ അല്ല കാഴ്ചയിലും യഥാര്‍ത്ഥ ജീവിതത്തിലും ആണ് സംവിധായകന്റെ വിശ്വാസം. യാതൊരു ഗിമ്മിക്കുകളും കൂടാതെ സംഭവങ്ങളിലൂടെ നമ്മെ കൊണ്ട് പോകുകയാണ് സംവിധായകന്‍. അത് തന്നെയാണ് ചിത്രതിന്റെ മേന്മയും.

എല്ലാ അഭിനേതാക്കളും, കൊച്ചു കുട്ടികള്‍ വരെ തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു. ഒരു കഥാപാത്രം പോലും അഭിനയിക്കുകയാണ് എന്നൊരു തോന്നലെ ഉണ്ടാകുന്നില്ല. എന്നാല്‍ kate blanchet, Gael García Bernal തുടങ്ങിയ വമ്പന്‍ അഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നതൊരു പോരായ്മയായി തോന്നി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ആണ്. അതി മനോഹരം ആയി സംഗീതത്തെയും ദൃശ്യങ്ങളെയും എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം. പശ്ചാത്തല സംഗീതം എന്നാല്‍ ഓരോ സീനിലും നിര്‍ത്താതെ കേള്‍പ്പികേണ്ട എന്തോ ആണെന്ന ധാരണയാണ് ബാബേല്‍ തകര്‍ക്കുന്നത്. മൌനത്തെ, അതിന്റെ വാചാലതയെ എങ്ങനെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാം എന്ന് കാട്ടിതരികയാണ് ബാബേല്‍. വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലെ നാമൊരു ഉപകരണ സംഗീതം കേള്‍ക്കുന്നുള്ളു, അതാകട്ടെ ചിത്രം തീരുമ്പോഴും നമ്മുടെ കാതുകളില്‍ മന്ദമായി മുഴങ്ങികൊണ്ടേ ഇരിക്കുന്നു. ഒറിജിനല്‍ സ്കോറിനുള്ള ഓസ്കാര്‍ അടക്കം പല പുരസ്കാരങ്ങളും ഇതിന്റെ പശ്ചാത്തല സംഗീതത്തിനു ലഭിക്കുകയുണ്ടായി.

ചിത്രത്തില്‍ മനോഹരമായ ഹൃദയ സ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്.

മരുഭൂമിയിലെ വീശിയടിക്കുന്ന കാറ്റില്‍ ആട്ടിടയന്മാരായ സഹോദരങ്ങള്‍ കൈകള്‍ വിരിച്ചു പിടിച്ചു പറക്കുന്നത് പോലെ നില്‍ക്കുന്ന സീനും അത് അവതരിപിചിരിക്കുന്ന സന്ദര്‍ഭവും.

ബധിരയും മൂകയും ആയ ജപ്പാന്കാരി പെണ്‍കുട്ടി കാമാര്തയായി സമീപിക്കുമ്പോള്‍ പോലീസുകാരന്‍ തന്റെ പുറം കുപ്പായം ഊരി പുതപ്പിച്ചു സംസാരിക്കുന്ന രംഗം.

ഹെലികോപ്ടറില്‍ കയറും മുന്‍പ് ഗൈഡിനു എണ്ണി നോക്കാതെ കുറെ ഡോളറുകള്‍ കൊടുക്കുമ്പോള്‍ അയാളത് വേണ്ടെന്നു പറയുന്ന സീന്‍.

അടക്കി വയ്ക്കപ്പെട്ട കാമം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വഴി തെറ്റിച്ചേക്കാം എന്ന് കാണിക്കുന്ന പല സീനുകളും.

പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആവാതെ വിഷമിക്കുന്ന ഭാര്യയെ ബ്രാഡ് പിറ്റിന്റെ കഥാപാത്രം സഹായിക്കുന്ന സീന്‍.

ഈ ഓരോ സീനിലും പശ്ചാത്തല സംഗീതം സീനുകളുമായി ചേര്‍ന്ന് ഓരോ കവിതകള്‍ ആണ് കുറിക്കുന്നത്.

Non chronological order-ല്‍ ആണ് കഥ പറഞ്ഞു പോകുന്നത്. അതായത് സംഭവങ്ങള്‍ അത് നടക്കുന്ന അതെ order-ല്‍ അല്ലാതെ അവിടെ നിന്നും ഇവിടെ നിന്നുമായി അങ്ങിനെ കാണിച്ചു പോകയാണ്. ചലച്ചിത്രം പൂര്‍ത്തിയാകുമ്പോള്‍ കണ്ണികളെല്ലാം കാണികളുടെ കൈവശം ആകുന്നു. അവയെ കൂട്ടി ഇണക്കേണ്ട ബൌദ്ധിക വ്യായാമം ചലച്ചിത്രം ആവശ്യപ്പെടുന്നു.

ചിത്രത്തിന്റെ പോസ്ടറിനെ കുറിച്ച് , കാഴ്ചയ്ക്ക് ശേഷം. ഉറപ്പില്ലാത്ത ഒരു ഗോപുരം പോലെ, എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാവുന്ന ഒരു ഗോപുരം പോലെ മുകളില്‍ മുകളിലായി അടുക്കി വയ്ക്കപെട്ടിരിക്കുന്ന അക്ഷരങ്ങള്‍. അതാകുന്നു, അത് തന്നെയാകുന്നു ബാബേല്‍. നമ്മുടെയൊക്കെ സാമൂഹിക ജീവിതവും ബന്ധങ്ങളും പോലെ.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/name/nm0305558/


നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

7 comments:

 1. Nalla review. Kooduthal pratheekshikkunnu.

  ReplyDelete
 2. Nice review....! The film is too good!

  ReplyDelete
 3. ബാബേലിനെപ്പറ്റി ഒരു റിവ്യൂ ഇടണമെന്ന്‌ തോന്നിയപ്പോള്‍ വെറുതെ തെരഞ്ഞു. അങ്ങനെയാണ്‌ ഇവിടെയെത്തിയത്‌. ബാബേല്‍ വെറും "കുടുംബ ബന്ധങ്ങളെ' പറ്റി പറയുന്ന സിനിമയാണോ?. ഭരണകൂടങ്ങളും ജനജീവിതവും തമ്മിലുള്ള വലിയ വിടവ്‌ അത്‌ എടുത്തു കാണിക്കുന്നില്ലേ?. നായക കഥാപാത്രം പറയുന്ന Fucking politics...

  ReplyDelete
 4. പ്രിയ ഷാഫി,

  "രാഷ്ട്രീയമോ സാമൂഹിക പരമോ ആയ ഒന്നും സംവിധായകന്‍ നേരിട്ട് പറയുന്നില്ല. എന്നാല്‍ ചികഞ്ഞു നോക്കിയാല്‍ എല്ലാം കണ്ടെത്തുകയും ചെയ്യാം. "
  ഞാനിതു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞു ഒരു പ്രാധാന്യം ഈ ലേഖനത്തിനു കൊടുക്കേണ്ടതില്ല. വായിക്കുന്നവരെ നല്ലൊരു ചലച്ചിത്രത്തിലെയ്ക്ക് നയിക്കാനുള്ള ഒരു pointer എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. അല്ലാതെ തല നാരിഴ കീറി വിശധീകരിക്കാന്‍ എനിക്ക്താല്പര്യമില്ല.

  ReplyDelete
 5. നന്ദി റിഷി.
  ഞാന്‍ ഈ റിവ്യൂ പ്രിന്റ്‌ ചെയ്‌ത്‌ പബ്ലിഷ്‌ ചെയ്യുന്നതില്‍ വിരോധമില്ലെന്നു വിചാരിക്കുന്നു.

  ReplyDelete
 6. പ്രിയ ഷാഫി,
  പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷം മാത്രം. പ്രസിദ്ധീകരിക്കുന്ന സ്ഥലവും സമയവും ദയവായി അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

  ReplyDelete
 7. മാഷെ ഇന്നത്തെ (27/02/2010 ശനി) ചന്ദ്രിക വാരാന്തപ്പതിപ്പില്‍
  അച്ചടിച്ച് വന്നിട്ടുണ്ട്..... :)

  ReplyDelete

LinkWithin

Related Posts with Thumbnails