Sunday, February 28, 2010

മുഖാമുഖം | Face to Faceഇത് മറ്റൊരു ലൈറ്റ് പെയിന്റിംഗ് പരീക്ഷണം. പൊട്ടക്കണ്ണന്റെ മാവേട്ടേറു പോലെ ഒത്താല്‍ ഒത്തു എന്ന് നടത്തിയ ഒന്നാണ്. അല്ലാതെ എനിക്കിതേ പറ്റി ഒരു വിവരവും ഇല്ല കേട്ടോ.

ഇതെങ്ങനെ ഒപ്പിച്ചു:

കുറെ നാളായി ഒരു LED ലൈറ്റ്(ഒറ്റ LED ഉള്ളത്) അന്വേഷിച്ചു നടക്കുന്നു. ഒരാവശ്യവും ഇല്ലാത്ത കാലത്ത് വഴിയരികിലും ട്രാഫിക് ബ്ലോക്കുകളിലും ഒക്കെ വഴിവാണിഭക്കാര്‍ കീ ചെയിനിലും മറ്റുമായി ഇത് കൊണ്ട് എന്റെ മുന്‍പില്‍ കൂടി നടന്നു പോകുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഒരാവശ്യത്തിന് അന്വേഷിച്ചപ്പോള്‍ ഇത് ലോകത്ത് നിന്നേ അപ്രത്യക്ഷമായിരിക്കുന്നു. കുറെ വഴികളിലും മാര്‍കേറ്റ്കളിലും ഒക്കെ അന്വേഷിച്ചു. രക്ഷയില്ല. ആള് പോകേണ്ട ദേശങ്ങളില്‍ ആളുകളെയും ഓല പോകേണ്ട ദേശങ്ങളില്‍ ഓലയും അയച്ചു. നഹി നഹി. എന്നാല്‍ പിന്നെ ഒരു circuit assemble ചെയ്തു നമുക്ക് തന്നെ ഒന്നുണ്ടാക്കി കളയാം എന്ന് വിചാരിച്ചിരിക്കുംപോളാണ് സുന്ദര്‍ വിളിച്ചു പറഞ്ഞത്.. ദോ... അവിടെയുണ്ടെന്ന്. അണ്ടര്‍ ഗ്രൌണ്ടിലെ സബ് വേയിലെ വഴിവാണിഭക്കാരുടെ കയ്യില്‍. അവിടെ ചെന്നപ്പോളാണ് രസം, ആടും ഇല്ല ആടു കിടന്നെടത്തു പൂട പോലും ഇല്ല. ഏതോ MLA പുംഗവന്‍ ആ വഴി പോകുന്നത് കൊണ്ട്, എല്ലാവരെയും ഓടിച്ചു വിട്ടു കുറെ പോലീസുകാര്‍ നില്‍പ്പുണ്ട്. നമ്മുടെ നാട്ടില്‍ വഴിവാണിഭാകാരെ ഇല്ലല്ലോ MLA വന്നു നോക്കുമ്പോള്‍. നമ്മുടെ നാട്ടുകാര്‍ എല്ലാം പ്രബുദ്ധരും കൊടീശ്വരന്മാരും ആയിപ്പോയില്ലേ . ഈ നാറിയ പോലീസുകാര്‍ ഈ പാവങ്ങളുടെ കീശയില്‍ കയ്യിട്ടു, പിച്ച കാശ് പിടിച്ചു പറിച്ചു കൊണ്ട് പോകുന്നത് ആ പാവങ്ങളും ഞാനും പലവട്ടം കണ്ടിട്ടുണ്ട്. സകല പോലീസുകാരെയും രാഷ്ടീയക്കാരെയും മനസ്സാ തെറി വിളിച്ചു കൊണ്ട് നടക്കുമ്പോള്‍ ഒരു ഇട വഴിയില്‍ ഒരു നുറുങ്ങു വെട്ടം. ദൈവം, ചപ്ര തലമുടിയും, മുഷിഞ്ഞ വസ്ത്രങ്ങളും ഉള്ളൊരു കൊച്ചു മാലാഖയുടെ കയ്യില്‍ അത് കൊടുത്ത് വിട്ടിരിക്കുന്നു. അവനതു പോക്കറ്റിലും കയ്യിലും ഒക്കെ പിടിച്ചു പോലീസിനെ ഭയന്ന് ഒളിച്ചു നില്‍ക്കയാണ്‌. വാച്ച് പോലെ കയ്യില്‍ കെട്ടാവുന്ന രണ്ടു നിറങ്ങളില്‍ മിന്നുന്ന LED ലൈറ്റ്. ഞാന്‍ അവനെ നോക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ അവന്‍ പ്രതീക്ഷയോടെ ഓടി എന്റെ അരികത്തു വന്നു. "ബച്ചോം കോ കേല്നെ കേലിയെ ബഹുത് അച്ഛാ ഹേ ഭയ്യാ" എന്നും പറഞ്ഞ്. രണ്ടെണ്ണം ഞാന്‍ വാങ്ങാന്‍ കയ്യില്‍ എടുത്തു. അപ്പോള്‍ ഒരു മധ്യവയസ്കന്‍ കച്ചവടക്കാരന്‍ വന്നിരിക്കുന്നു. അയാള്‍ക്കും ഇതേ ബിസിനസ്‌ ആണ്. അത് അയാളുടെ സ്ഥലം ആണത്രേ. അവനെ അയാള്‍ ചീത്ത വിളിക്കുകയാണ്‌. ഞാനാ കൊച്ചനെയും കൂട്ടി അപ്പുറത്തേയ്ക്ക് പോയി അവന്‍ ചോദിച്ച കാശിനു അത് വാങ്ങി. അവനോടു വല്ലപ്പോളുമാവും വില പേശാതെ ഒരാള്‍ സാധനം വാങ്ങുന്നത്. ഇതേ സാധനം വല്ല ഷോപ്പിംഗ്‌ മാളിലും ആണെങ്കില്‍ അതില്‍ എഴുതി വച്ച വില പഞ്ച പുച്ചമടക്കി credit card ല്‍ കൊടുത്ത് നമ്മള്‍ വാങ്ങും. അര്‍ദ്ധ പട്ടിണിക്കാരനായ വഴിവക്കിലെ കുരുന്നുകളോട് നമ്മള്‍ ഒരു രൂപയ്ക്ക് വില പേശും. നമ്മുടെ ഓരോരോ കാര്യങ്ങളെ. എന്തായാലും സാധനം കിട്ടി. ഇനി പരീക്ഷണ ശാലയിലെയ്ക്ക്.

ഞാനിതില്‍ ഒന്നെടുത്ത് ഒരു നൂലില്‍ കെട്ടി ഫാനില്‍ നിന്നും താഴേയ്ക്ക് തൂക്കിയിട്ടു. LED താഴെയ്കായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ട് ക്യാമറ ഒരു മൂലയില്‍ കൊണ്ട് പോയി manul ഫോക്കസ് f/8 ചെയ്തു വച്ചു. പരീക്ഷണ ശാലയില്‍ ഞാന്‍ ഒറ്റയ്കായത് കൊണ്ടും, ക്യാമറ ഒരിടത്തും ഫാനിന്റെ സ്വിച്ച് മറ്റൊരിടത്തും ആയതു കൊണ്ട് പതിവ് Bulb mode നു പകരം Aperture priority mode ല്‍ ആണ് സെറ്റ് ചെയ്തത്. LED ഓണ്‍ ആക്കി, ലൈറ്റ് ഓഫാക്കി ഓടിപ്പോയി ക്യാമറ ഓണ്‍ ചെയ്തു. തിരിച്ചു ഓടി വന്നു ഫാന്‍ തീരെ ചെറിയ സ്പീഡില്‍ ഓണ്‍ ആക്കി. LED ലൈറ്റ് കറങ്ങി കറങ്ങി വൃത്തം വരച്ചു കൊളളും. വൃത്തം പൂര്‍ത്തിയാകുംപോള്‍ ഫാന്‍ ഓഫാക്കുക. അപ്പോള്‍ വൃത്തം തിരിച്ചു വരയ്ക്കപ്പെടുന്നു. LED രണ്ടു നിറങ്ങളില്‍ മിന്നുന്നത് കൊണ്ടാണ് ഇടവിട്ട്‌ രണ്ടു കളറുകള്‍ വരയ്ക്കപ്പെടുന്നത്. അങ്ങിനെ ഒരു 25 ഓളം സ്നാപ്സ്‌ ഞാന്‍ എടുത്തു. RAW picture ആണ് ഉപയോഗിച്ചത്. പിന്നെ പോസ്റ്റ്‌ പ്രോസിസ്സിങ്ങില്‍ brightness, contrast എന്നിവ കുറച്ചു അഡ്ജസ്റ്റ് ചെയ്തു. ഫോട്ടോയ്ക്ക് ഒരു ബാലന്‍സിംഗ് കിട്ടാനായി anti clockwise 90 degree rotate chethu, oru mirror copy കൂടി ഉണ്ടാക്കി. പിന്നെ resizing, water mark തുടങ്ങിയ പതിവ് കിടുപിടികളും. Thats all your owner.

പരീക്ഷിക്കാന്‍ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:
മുറിയില്‍ ഒരല്പം വെളിച്ചം ഉണ്ടായിരുന്നാല്‍ കൊള്ളാം. അല്ലെങ്കില്‍ ഓട്ടത്തിനിടയില്‍ മൂക്കും കുത്തി വീഴാന്‍ സാധ്യതയുണ്ട്. ക്ഷ, ത്ര, ജ്ഞ ഒക്കെ വരയ്ക്കുന്ന മൂക്കായത് കൊണ്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ക്യാമറയുടെ കാര്യം അങ്ങനെ ആവണം എന്നില്ല. ഇപ്പോളാണ് ഈ ക്യാമറ റിമോട്ടിന്റെ ആവശ്യം മനസ്സിലാകുന്നത്‌. ഇനി അതിനു കാശ് മുടക്കണം. ചെലവു വരുന്ന ഓരോരോ വഴികളെ?

സമര്‍പ്പണം: LED ലൈറ്റ് കിട്ടുന്ന "രഹസ്യ കേന്ദ്രം" കണ്ടെത്തി അറിയിച്ച സുന്ദറിനു. ഒപ്പം ഇപ്പോളും എന്റെ കണ്ണില്‍ നിന്നും മായാത്ത, ദയനീയ മുഖമുള്ള ആ പാവം കുഞ്ഞുമാലാഖയ്ക്കും.
Share/Bookmark

ഒരു കൊച്ചു സന്തോഷ വാര്‍ത്തപ്രിയപ്പെട്ടവരേ. ഈ ബ്ലോഗിലെ ഒരു പോസ്റ്റ്‌, Babel - ഒരു ചലച്ചിത്ര ആസ്വാദനം ഇന്നലത്തെ[27-Feb-2010] ചന്ദ്രിക ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകൃതം ആയി. ചന്ദ്രികയ്ക്കും ഈ പോസ്റ്റ്‌ കണ്ടെത്തി പ്രസിദ്ധീകരിക്കുകയും,ചോദിച്ച ഉടനെ പത്രത്തിന്റെ Scaned copy അയച്ചു തരികയും ചെയ്ത ഷാഫിക്കും പ്രത്യേകം നന്ദി, ഒപ്പം ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും അറിയിക്കുന്ന ഓരോരുത്തര്‍ക്കും. ഭാവിയിലും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
Share/Bookmark

Saturday, February 27, 2010

രഹസ്യ കത്തുകളിലെയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം


സ്നേഹം നിറഞ്ഞ ചില രഹസ്യ കത്തുകള്‍ ഇങ്ങനെ തുടങ്ങുന്നു...


ആദ്യമായി എന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് വരുന്നതിനു നന്ദി. പലവട്ടം പറഞ്ഞു കഴിഞ്ഞതാണീ കാര്യങ്ങള്‍. എന്നിട്ടും പുതിയ രീതികളില്‍ നീയിതു പറഞ്ഞു കൊണ്ടേയിരിക്കുന്നു. നല്ലത്. ഒരു വേദനാ ജനകമായ ജീവിതമാണ് നീ എന്റെകൂടെ നയിക്കുന്നത് എന്ന് നീ പറയുന്നു. എപ്പോഴെങ്കിലും ഞാന്‍ എങ്ങിനെയാണ് നിന്റെ കൂടെ ജീവിക്കുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? നേര് പറയട്ടെ, ഞാന്‍ നിന്റെ കൂടെയുള്ള ജീവിതത്തില്‍ ഒട്ടും സന്തുഷ്ടനല്ല. ഒരുപാട് കാരണങ്ങള്‍ ഉണ്ടതിന്.

നമുക്ക് അതിലേയ്ക്ക് വരാം.

1 ) അടിസ്ഥാന പരമായി നീ ഹോസ്ടലില്‍ ആയിരുന്നതിനാല്‍പാചകം ചെയ്യേണ്ട യാതൊരു ആവശ്യവും നിനക്കുണ്ടായിട്ടില്ല. കൈ കഴുകിയിരുന്നാല്‍ മുന്‍പില്‍ ഭക്ഷണം. അതായിരുന്നു നിന്റെ ശീലം. കുറെ ദിവസത്തേയ്ക്ക് ഞാന്‍ ചിലതൊക്കെ ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, നമ്മള്‍ 'ലക്ഷ്മീ നാരായണ' എന്നാ ഈ വീട്ടിലേയ്ക്ക് മാറിക്കഴിയുമ്പോള്‍ രുചികരമായ നല്ല ഭക്ഷണം നമുക്ക് കഴിക്കാനായെക്കുമെന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നു നീ എനിക്ക് വേണ്ടി പാചകം ചെയ്യുമെന്ന്. നീ എന്നോട് പലവട്ടം പറഞ്ഞിരുന്നു, പുതിയ വീട്ടിലേയ്ക്ക് മാറിയാല്‍ നീ പാചകം ഏറ്റെടുത്തോളാമെന്നു . സമ്മതിച്ചു. ഇനി പറയൂ, പുതിയ വീട്ടില്‍ നീ എനിക്ക് വേണ്ടി എത്ര ദിവസം പാചകം ചെയ്തു?

ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയില്‍ നിന്നും നല്ല ഭക്ഷണം പ്രതീക്ഷിക്കുന്നത് ഒരു കുറ്റമാണോ? നിനക്കറിയാമല്ലോ ഞാനൊരു ഭക്ഷണ പ്രിയനാണെന്ന്. അപ്പോള്‍ എന്റെ ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ അത് സന്തോഷകരമായി സ്വീകരിക്കും? പോട്ടെ, ഇപ്പോള്‍ സമയത്തിനു കുറച്ചു കാലത്തേയ്ക്ക് ഞാന്‍ നിന്നെ പാചകത്തില്‍ സഹായിക്കാം. പക്ഷെ എത്രകാലം? പറയൂ. ഞാനീ പാചകം ഏറ്റെടുത്താല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ അടുക്കളയില്‍ കിടക്കേണ്ടി വരും. നീയാ ഭാഗത്തേയ്ക്ക് വരില്ല എന്നെനിക്കറിയാം.

നിന്റെ മനസ്സിലെ ഏതെങ്കിലും ഒരു കോണില്‍, എന്നാല്‍ പാചകം പഠിച്ചു കളയാം എന്നൊരു ചിന്തയുണ്ടോ? എനിക്ക് പ്രതീക്ഷയില്ല.

2 ) നിനക്കറിയാമോ മുരളി എന്നോട് പല തവണ ഒരു കട്ടില്‍ വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കൊരു അയ്യായിരമോ പതിനായിരമോ അതിനു വേണ്ടി ചെലവു ചെയ്യാന്‍ കഴിയില്ല എന്നാണോ വിചാരിച്ചത്? അതല്ല കാരണം. ആദ്യ രാത്രിയില്‍ തരാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട ആ കട്ടില്‍ വരുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. എന്നിട്ടാ കട്ടില്‍ എവിടെ? ഇന്നും ഞാന്‍ പട്ടിയെ പോലെ നിലത്തു കിടക്കുന്നു. ഇനി പറയൂ ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ എത്ര കാലം കാത്തിരിക്കണം?

3) നിനക്കറിയാം എത്രമാത്രം കഷ്ട്ടപ്പെട്ടു എന്തുമാത്രം സ്നേഹത്തോടെയാണ് നിനക്കൊരു മോതിരം ഞാന്‍ വാങ്ങിയതെന്ന്. കളയാന വീട്ടില്‍ ഞാനും എന്റെ വീട്ടുകാരും ഓടിനടന്നു കഷ്ട്ടപ്പെടുമ്പോള്‍ നീയും നിന്റെ വീട്ടുകാരും പുറത്തു കസേരയും എടുത്തിട്ടു വേദി പറഞ്ഞു രസിക്കയായിരുന്നു. പോട്ടെ, ഞാന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമല്ലേ നിങ്ങള്‍ എനിക്ക് പതിനഞ്ചു ലക്ഷം രൂപ തന്നത്. അല്ലെങ്കില്‍ പത്തോ അഞ്ചോ നക്കാപിച്ച കൊണ്ട് നിങ്ങള്‍ അത് ഒതുക്കിയേനെ. നിന്റെ അച്ഛനോ അമ്മയോ ഇന്നുവരെ എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ?

4 ) ഒക്കെ പോട്ടെ, അതെല്ലാം വിട്ടേക്കു. നീയെന്റെ ഭാര്യയല്ലേ? എനിക്ക് സെക്സ് ഒരുപാടിഷ്ടമാനെന്നു നിനക്കറിയാം എന്ന് വിചാരിക്കുന്നു. ആദ്യരാത്രി മുതല്‍ ഇന്ന് വരെ ഒരിക്കലെങ്കിലും നമുക്ക് മതിയാവോളം അതൊന്നു ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നീയെന്നോടിത് തിരിച്ചു ചോദിച്ചാല്‍... എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി പറയൂ ഞാന്‍ എന്തൊക്കെ സഹിക്കണം?

5 ) നീയെപ്പോലും പറയുന്നുനിനക്കെന്നെ ഒരുപാടിഷ്ടമാണെന്നു. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്ന്. നീ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌ ഇഷ്ടമുള്ളത് നിനക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ സ്നേഹം കൊണ്ട് എന്ത് കാര്യം?

ഇനി ഞാന്‍ തുറന്നു പറയാം.
1) നീയെന്റെ കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കണം.
2) എല്ലാ ദിവസവും എല്ലാ നേരത്തെയും ഭക്ഷണം നീയെനിക്ക് വെച്ച് വിളംബി തരണം.
3) എന്റെ വസ്ത്രങ്ങള്‍ നീ അലക്കി തേച്ചു തരണം.
4) എന്നോടോ എന്റെ മാതാപിതാക്കളോടോ നീ വഴക്കുണ്ടാക്കരുത്.(നീയവരോട് കുറച്ചു കൂടി സൌമ്യമായി സംസാരിക്കണം. )

നിനക്ക് ഞാന്‍ നിന്റെ മാതാപിതാക്കളെ ശ്രദ്ധിക്കണം അല്ലെ? തീര്‍ച്ചയായും ഞാന്‍ ചെയ്യാം. പക്ഷെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നീ ചെയ്‌താല്‍ മാത്രം.അല്ലെങ്കില്‍ നിന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു ഒന്നും പ്രതീക്ഷിക്കരുത്. (ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ തന്നെ. ) എനിക്ക് നിന്നോട് സംസാരികാനെ തോന്നുന്നില്ല. ഇന്ന് രാവിലെ അമ്മ എന്നോട് ചോധിച്ചതെയുല്ല് നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. തീരുമാനം നിനക്ക് ഞാന്‍ വിഇടു തന്നിരിക്കുന്നു. എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാം എങ്കില്‍ എല്ലാം നല്ലതിന്. അല്ലെങ്കില്‍ എനിക്ക് നിന്റെ മുഖം പോലും കാണേണ്ട. (കാരണം എന്റെ ഭാര്യ എന്നെ അനുസരിക്കുന്നില്ല.)

ഇനിയും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. മുകളില്‍ പറഞ്ഞവ അനുസരിക്കാം എങ്കില്‍ നമുക്ക് മുന്‍പോട്ടു പോകാം. അല്ലെങ്കില്‍ നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാം.

സ്നേഹപൂര്‍വമുള്ള ചില രഹസ്യ മറുപടികള്‍ ഇങ്ങനെ തുടരുന്നു.

ഞാന്‍ നിങ്ങളോട് ഒരു മറുപടി ആവശ്യപ്പെട്ടോ? ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. നിങ്ങള്‍ ഒരായിരം തവണയായി പറയുന്നു ഞാന്‍ പാചകം ചെയ്യുന്നില്ല എന്ന്. അതെ. ഞാന്‍ ഇങ്ങനെയാണ്. അത്രതന്നെ. ശനിയാഴ്ചത്തെ ഉദാഹരണം എടുക്കൂ. ഞാന്‍ അടുക്കളയിലേയ്ക്ക് വന്നതാണ്. അപ്പോള്‍ നിങ്ങളാണ് ഇങ്ങോട്ട് കേറിപ്പോയെക്കരുത് എന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങള്‍ തന്നെ പറയുന്നു ഞാന്‍ അടുക്കളയില്‍ കയറുന്നില്ല എന്ന്. എന്തെങ്കിലും ചെയ്യാം എന്ന് കരുതി വരുംപോള്‍ നിങ്ങളെന്നെ തല്ലാന്‍ വരുന്നു. നിങ്ങള്‍ എന്താണ് നിങ്ങളെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്?

അടുത്തത്‌ കട്ടില്‍. അവര്‍ നിങ്ങളുടെ അച്ഛനോട് ചോദിച്ചതാണ്, കട്ടില്‍ അശാരിയെക്കൊണ്ട് പണിയിക്കണോ അതോ വാങ്ങിയാല്‍ മതിയോ എന്ന്. അപ്പോള്‍ നിങ്ങളുടെ അച്ഛനാണ് പറഞ്ഞത് ഇതൊക്കെ എന്തിനാണ് കെട്ടിപ്പെറുക്കി കൊണ്ട് പോകുന്നത്, അത് അവര്‍ അവിടെ നിന്നും വാങ്ങിചോളുമെന്നു. ഇത് വരെ എന്നോടീ കാര്യം സംസാരിച്ചിട്ടില്ല. എന്നിട്ട് നിങ്ങള്‍ നാട് നീളെ എന്റെ വീട്ടുകാര്‍ കട്ടില്‍ തന്നില്ല എന്ന് പറഞ്ഞു നടക്കുന്നു. നിങ്ങള്ക്ക് കട്ടിലല്ലേ വേണ്ടത്. ഞാനത് വാങ്ങിച്ചിട്ടോളാം. എന്റെ വീട്ടുകാര്‍ കാരണം നിങ്ങള്‍ പട്ടിയെ പോലെ ആകേണ്ട.

ഇനി പണത്തിന്റെ കാര്യം. നിങ്ങള്‍ പറഞ്ഞു വരുന്നത് ഞാനും എന്റെ ഒന്ന് തന്നില്ല എന്നോ തന്നത് പോര എന്നോ അല്ലെ? നിങ്ങള്‍ക്കറിയാമോ പുതിയ വീടിന്റെ അഡ്വാന്‍സും വാടകയും അടക്കം പതിനഞ്ചു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ ഞാനും എന്റെ വീട്ടുകാരും നിങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പണിയില്ലാതെ എന്റെ പുറകെ നടന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് തന്നതും ചെയ്തതുമൊന്നും ഇതില്‍ പെടുന്നില്ല. നമുക്ക് ഒന്നിച്ചു ജീവിക്കണം എന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാനിതോക്കെയും സഹിച്ചത്. നിങ്ങള്‍ പണിയില്ലാതെ ഇവിടെ ആദ്യമായി വന്നപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടകയും ചെലവും, എന്തിനു വണ്ടിക്കൂലി പോലും എന്റെ വക ആയിരുന്നു. നിങ്ങള്‍ക്ക് ജോലി കിട്ടിയതിന്റെ പേരില്‍ നിങ്ങള്‍ പുന്നാര സുഹൃത്ത് മുരളിക്കും പിന്നെ മറ്റുള്ളവര്‍ക്കും പാര്‍ട്ടി എന്ന പേരില്‍ കുടിച്ചു കൂത്താടാന്‍ ആയിരങ്ങള്‍ തന്നതും ഞാനായിരുന്നു. നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മ കാണില്ല. പോയത് എന്റെ പണമായിരുന്നല്ലോ. എനിക്കൊന്നും ചെയ്യാനാവില്ല.

എനിക്കും നിങ്ങള്‍ക്കുമാരിയാം, എന്റെ അച്ചനാല്‍ കഴിയുന്നതിനും അപ്പുറം അദ്ദേഹം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് അതൊന്നും അറിയേണ്ടല്ലോ. നിങ്ങള്‍ ചോദിച്ച മുഴുവന്‍ തുകയും ഞങ്ങള്‍ തന്നിട്ടുണ്ട്. അതിനു ഞങ്ങള്‍ സഹിച്ച കഷ്ട്ടപാടുകള്‍ നിങ്ങള്‍ക്ക് അറിയേണ്ട. ഈ പരാതി പറച്ചില്‍ മാത്രം നിര്‍ത്തരുത്.

ഇനി നാലാമത്തെ പോയിന്റ്‌. നിങ്ങളുമായി അക്കാര്യത്തില്‍ എനിക്ക് താല്പര്യമില്ല. നിങ്ങളുടെ പെരുമാറ്റം അങ്ങിനെയാണ്.

ഇനി അവസാനത്തെ പോയിന്റ്‌. നിങ്ങള്‍ പറയുന്നു, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നു, പക്ഷെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഒന്നുമേ ചെയ്യുന്നില്ല എന്ന്. ഒരു കൈ മാത്രം വീശിയാല്‍ ശബ്ധമുണ്ടാവില്ല. രണ്ടു കൈകളും കൂട്ടി മുട്ടണം. മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ക്ക് എപ്പോളും മറ്റുള്ളവര്‍ പറയുന്നതും നിങ്ങളുടെ പുന്നാര സുഹൃത്തുക്കളും ഒക്കെയാണ് കാര്യം. ഞാനും എന്റെ വികാരങ്ങളും ഒന്നും നിങ്ങള്‍ക്ക് കാര്യമല്ല. അതാണ്‌ ഞാന്‍ ഒക്കെയും മതിയാക്കുന്നത്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

1) അവസാനത്തെ പോയിന്റ്‌ തന്നെ.

2) ഇതിനു ഞാന്‍ മറുപടി പരില്ല. കഴിഞ്ഞ ശനിയാഴ്ച നിങ്ങള്‍ എന്നെ വല്ലാതെ നോവിച്ചു.

3) തുണിയെക്കുറിച്ച്, നിങ്ങളോട് പല തവണ ഞാന്‍ പറഞ്ഞതാണ് ലോണ്ട്രിയില്‍ കൊടുത്ത് പണം കളയെണ്ടെന്നു. പുതിയ വീട്ടില്‍ വന്ന ശേഷം എന്നാല്‍ കഴിയുന്നത്ര തുണികള്‍ ഞാന്‍ തേച്ചു വയ്ക്കാറുണ്ട്. നിങ്ങള്‍ക്കറിയാം ഞാന്‍ ഒരു ദിവസം വയ്യാണ്ട് ലീവ് എടുത്തിരുന്നു. എന്നിട്ടും ഉച്ച കഴിഞ്ഞു ഉറക്കം വരാത്തതിനാല്‍ സമയം കളയാതെ നിങ്ങളുടെ തുണികള്‍ ഞാന്‍ തേച്ചു വച്ച്. എന്നിട്ട് കഴിഞ്ഞൊരു ദിവസം തീരെ സമയം ഇല്ലാഞ്ഞു എന്റൊരു ഡ്രസ്സ്‌ തേച്ചു തരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒന്നുമേ കേള്‍ക്കാത്തത് പോലെ ഇരുന്നു. ഞാന്‍ ആരോട് പറയണം? അതുകൊണ്ടാണ് ഞാനും അങ്ങിനെ തന്നെ പെരുമാറാന്‍ തീരുമാനിച്ചത്. മുകളില്‍ പറഞ്ഞ കൈകൊട്ടലിന്റെ ഉദാഹരണം ഇവിടെയും ബാധകം.

4) വഴക്ക്? ഞാന്‍ നിങ്ങളോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, ആ തിരു മോന്ത എപ്പോളും അങ്ങിനെ വീര്‍പ്പിച്ചു വചോണ്ടിരിക്കരുതെന്നു. അത് കണ്ടാല്‍ ആര്‍ക്കാണ് നിങ്ങളോട് സംസാരിക്കാന്‍ തോന്നുക? നിങ്ങളുടെ അച്ഛനും അമ്മയുമായുള്ള വഴക്ക്...അതിനുള്ള കാരണവും അവകാശവും എനിക്കുണ്ട് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

5) ഉറക്കത്തെക്കുറിച്, എന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ദയവു ചെയ്തു മറുപടി അയക്കരുത്. എനിക്കൊന്നും ചര്‍ച്ച ചെയ്യാനില്ല. എനിക്ക് ഓഫീസില്‍ പിടിപ്പതു പണിയുണ്ട്.


ഗുണപാഠം:

1) ഓഫീസില്‍ പോയാല്‍ മര്യാദയ്ക്കിരുന്നു ജോലി ചെയ്യുക.
2) സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓഫിസിലെ മെയില്‍ ഐഡി ഉപയോഗിക്കാതിരിക്കുക.
3) ഓഫീസില്‍ നിന്നും സ്ഥലം/ജോലി വിട്ടു പോകുംബോള്‍, ഓഫീസ് ഐഡിയിലെ inbox, sent items എന്നിവ ഡിലീറ്റ് ചെയ്തിട്ട് പോകുക.അല്ലെങ്കില്‍ വല്ലവനും കേറി എല്ലാം വായിച്ചു കഥ എഴുതിക്കളയും.
Share/Bookmark

Thursday, February 25, 2010

നഗരപ്രാന്തം - ഒരു പനോരമിക് കാഴ്ചClick on the photo to get a bigger picture.

ഇത് നഗര പ്രാന്തം, ദിവസ കൂലിക്കാരും, ഉന്തു വണ്ടിക്കാരും, ചന്തയിലെ കച്ചവടക്കാരും, വേശ്യകളും, കൂട്ടിക്കൊടുപ്പുകാരും, ഡ്രൈവര്‍മാരും, വിദ്യാര്‍ഥികളും, മദ്ധ്യ വര്‍ഗക്കാരും, കള്ളക്കടത്തുകാരും, പുത്തന്‍ പണക്കാരും, IT തൊഴിലാളികളും അങ്ങിനെയങ്ങിനെ പലരും കൂടിക്കുഴഞ്ഞു ജീവിക്കുന്നിടം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത നഗരം. നീങ്ങാത്ത വാഹനങ്ങളുടെ നീണ്ടുപോകുന്ന ജാഥകളുള്ള നഗരം. വീണു പോയാല്‍ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത നഗരം. റോഡിലെ ഇടവഴികളില്‍, വണ്ടികള്‍ പോകാത്ത ഇടവേളകളില്‍ കുട്ടികള്‍ കളിക്കുന്നു. വഴിയിലെ ഓരോരോ മൂലകളിലും വയസ്സന്മാരും യുവാക്കളും സംഘം ചേര്‍ന്നിരുന്നു പുക പറത്തിക്കൊണ്ടു വെടി പറയുന്നു. മസാല പൂരി കടകളിലും ഹോട്ടലുകളിലും പബ്ബുകളിലും ഷോപ്പിംഗ്‌ മാളുകളിലും തിരക്ക് കൂടുന്നു. മട്ടുപ്പവുകളിലും വഴികളും മഞ്ഞ വെളിച്ചം നിറയുന്നു. വീട്ടമ്മമാര്‍ക്ക് തിരക്കേറുന്നു. ആകെ തിരക്ക് ആകെ ബഹളം.

വേനല്‍ തുടങ്ങുന്നതെയുള്ളൂ, എന്നിട്ടും ദിവസവും 4 മണിക്കൂര്‍ കറന്റ്‌ പോകുന്നു. ഓരോരോ സ്ട്രീടിലുമായി മാറി മാറി. ഒരു ഗുണം മാത്രം, പഴയ, മെഴുകുതിരി വെട്ടത്തില്‍ പുസ്തകം വായിച്ചിരുന്ന, ഓര്‍മ്മകളില്‍ എങ്ങോ നഷ്ട്ടപ്പെട്ടു പോയിരുന്ന ആ നാട്ടിന്‍പുറ സന്ധ്യകളെ, അവ ആര്‍ക്കെങ്കിലുമൊക്കെ അല്‍പ നേരത്തേയ്ക്ക് തിരികെ കൊടുക്കുന്നുണ്ടാവാം. വെന്തെരിയുന്ന പകലുകള്‍, ഫാനുകള്‍ ചുടുകാറ്റ് പരത്തുന്ന ഇരവുകള്‍, എന്നിട്ടും ഓരോരോ മരമായി വെട്ടി വീഴ്ത്തപ്പെടുന്നു. അകാലത്തില്‍ മരിച്ച മരങ്ങളുടെ ശാപമാകാം ഈ ചുട്ടു പൊള്ളുന്ന കാലം. വയസ്സന്മാര്‍ സന്ധ്യയിലെ വെടിവട്ടങ്ങള്‍ക്കിടയില്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു: "ഹോ, ഇത് പോലൊരു ചൂട് എന്റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ കണ്ടിട്ടേയില്ല." ഓരോ വര്‍ഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്ന പതിവ് പല്ലവി.

ഒരുപാട് രസകരമായ പരീക്ഷണങ്ങള്‍ നടത്താവുന്ന ഒന്നാണ് പനോരമിക് ഫോട്ടോഗ്രഫി. ഇത് കറന്റ്‌ കട്ടിന്റെ സമയത്തെ ഒരു കൊച്ചു പരീക്ഷണം മാത്രമാണ്. പനോരമിക് ഫോട്ടോയ്ക്ക് പ്രത്യേകിച്ച് സ്കോപ് ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് നിന്നും നടത്തിയ ഒരുപരീക്ഷണം.Its a combination of 7 photos taken by setting the camera on a tripod and moving horizontally to take each photo. special care should be taken such that there should be a little bit of common area between each photo that to be combined. These images are combined to create a panoramic view using the 'Photo merge' option in photoshop.
Share/Bookmark

Tuesday, February 23, 2010

തലയുയര്‍ത്തി

ആകാശത്തോട് ഞാന്‍ ചോദിച്ചു: "നഷ്ട പ്രതാപങ്ങളുടെ വിഴുപ്പും പേറി, കാഴ്ച വസ്തുവായി, അനുകമ്പയുടെ നെടുവീര്‍പ്പുകളും കേട്ട്... മടുത്തു...ഒരിടിമിന്നലിന്റെ ദയയെന്നോട് കാട്ടൂ... "

ആകാശം ഗര്‍ജിച്ചു: "നടക്കുന്നവനായി വഴികളും, പ്രതീക്ഷിക്കുന്നവനായി ജീവിതവും കാത്തിരിക്കുന്നു. തല താഴ്ത്തരുത്, ദുര്‍ബലനാകരുത്, താഴ്ത്തിയ തലയില്‍ ചവിട്ടടികള്‍ കടന്നു പോകുന്നു. ലക്ഷ്യമല്ല, യാത്ര തന്നെയാണ് എന്നും അവശേഷിക്കുന്നത്. കാത്തിരിക്കുക കാലം വരും. അവര്‍ വരുന്നു...കുളംബടികളില്‍ ഭൂമി പ്രകംബിതമാകുന്നത് കേള്‍ക്കുന്നില്ലേ? മഴ വരുന്നു... മണ്ണില്‍ ഇനിയും മുള പൊട്ടാതെ വന്‍വൃക്ഷങ്ങള്‍ ഉറങ്ങിക്കിടപ്പുണ്ട്. കാലത്തിന്റെ കയ്യില്‍ തീരാതെ അത്ഭുതങ്ങള്‍ എന്നും ബാക്കിയുണ്ട്."


സമര്‍പ്പണം: ജീവിതത്തോടു പൊരുതി നേടുന്ന ഓരോ ജീവിക്കും. തളര്‍ന്നു പോകാതെ കാത്തിരിക്കുന്ന ഓരോ ജീവനും. എന്റെ പ്രിയ സുഹൃത്ത്‌ കുഞ്ചുവിനും.


Photo of the museum inside the Madikkery fort. It was a church long time back.
Share/Bookmark

Sunday, February 21, 2010

ഇരുട്ടിന്റെ കണ്ണുകള്‍


ഇരുട്ടില്‍ ഞാന്‍ ഒളിചിരിക്കുമ്പോള്‍ എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ കണ്ടു. ആരോരുമറിയാതെ വെളിച്ചം വരച്ച കണ്ണുകള്‍. പുകക്കണ്ണുകള്‍. പുകക്കണ്ണുകളിലൂടെ നോക്കുമ്പോള്‍ മറ്റാരും കാണാത്ത കാഴ്ചകള്‍ കാണാനാവുമെന്നു ആരാണെനിക്ക് പറഞ്ഞു തന്നത്?

LED light കളും പുകയും കൊണ്ട് വരച്ച ഒരു abstract photo.
Share/Bookmark

Saturday, February 20, 2010

അതിരുകളില്‍ കാവലിരിക്കുന്നവര്‍പണ്ട്, വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ്, സന്ധ്യയില്‍ മട്ടുപ്പാവില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ ഒരു മരമുണ്ടായിരുന്നു. ശിശിരത്തില്‍ ഇലകള്‍ പൊഴിച്ച് നഗ്നനായി എന്തിനോ തപസ്സു ചെയ്തൊരാ മരം. മരത്തുംപിന്മേല്‍ കാക്കകള്‍ സന്ധ്യ മയങ്ങുന്നതും കാത്തു ആകാശത്തിന്റെയും മരത്തിന്റെയും അതിരുകള്‍ക്ക് കാവലിരുന്നിരുന്നു.

ഇപ്പോള്‍ സന്ധ്യകളില്‍ മട്ടുപ്പാവില്‍ കയറി പടിഞ്ഞാറേയ്ക്ക് നോക്കിയാല്‍ ആകാശം മറച്ചൊരു ഭിത്തി കാണാം. അടച്ചിട്ട ജനാലകള്‍ കാണാം. ഒരു കീറാകാശം കാണാന്‍ ഞാന്‍ യാത്ര പോകുന്നു. ഇപ്പോഴും സന്ധ്യകളില്‍ കാക്കകള്‍ കാവലിരിക്കുന്നുണ്ടാവാം... ആര്‍ക്കറിയാം?
Share/Bookmark

Wednesday, February 17, 2010

എരിഞ്ഞു തീരും വരെ

ഞാന്‍ ഇല്ലാതെയാകും വരെ, ഇരുള്‍ മാത്രം എനിക്ക് കൂട്ടാകും വരെ എന്റെ കണ്ണീരില്‍ നീ പ്രകാശിച്ചു കൊള്‍ക. എന്റെ ആത്മാവിനെ ഞാന്‍ നിനക്കായി ഉരുക്കുന്നു. ഒരല്പ കാലം കൂടി, ഞാന്‍ വെറുതെ മോഹിക്കുന്നു, നീ എന്റേത് മാത്രമെന്ന്. ആര്‍ക്കും നിന്റെ വെളിച്ചത്തെ പകര്‍ന്നെടുക്കാം. പക്ഷെ ഉരുകിയുറഞ്ഞ നിമിഷങ്ങളെ, ഒന്നായി കത്തിയെരിഞ്ഞ കാലങ്ങളെ ആര്‍ക്കു ഞാന്‍ നല്‍കും? എന്തിനു പകരം വയ്ക്കും?

സമര്‍പ്പണം: ഒരല്പ കാലം കൂടി ജീവിക്കാന്‍ കാരണമാകുന്ന എല്ലാറ്റിനും, നിനക്കും.
Share/Bookmark

ആയിരം കൈകളാല്‍

ആയിരം കൈ നീട്ടി നിന്റെ ഓരോ അണുവിലും പടര്‍ന്നു കയറാന്‍ മോഹിക്കുന്ന, കാറ്റായി വന്നു തഴുകുന്ന, മഴ പെയ്തു തോരുമ്പോളും പെയ്തു കൊതി തീരാതെ നിന്നെ നനയ്ക്കുന്ന, പൊള്ളുന്ന വേനലില്‍ തണലായി നിന്നെ ചൂടുന്ന, നിലാവുള്ള ഇരവില്‍ നിഴല്‍ ചിത്രം വരയ്ക്കുന്ന, നിന്റെ സ്വപ്നങ്ങളിലും ഏകാന്തതയിലും എന്നും കൂട്ടുണ്ടായിരുന്ന യക്ഷി.
നീ തിരികെ വരുന്നതും കാത്തിരിക്കുന്നവള്‍, എന്നെങ്കിലും വീണ്ടും കാണാം എന്നൊരു പ്രതീക്ഷയില്‍ ജീവിതം തള്ളി നീക്കിയവള്‍. നീയോ യക്ഷിയെ പ്രണയിച്ച ഒരു പാവം യുവാവും. മരുഭൂവില്‍ കിടന്നു വേകുംപോളും യക്ഷിയെ കിനാവ്‌ കണ്ടു നിത്യ വസന്തത്തില്‍ ജീവിച്ചവന്‍.

സമര്‍പ്പണം: യക്ഷിയെ പ്രണയിച്ച എന്റെ കൂട്ടുകാരന്‍ ഷോജിക്ക്.
Share/Bookmark

Monday, February 15, 2010

പൂക്കള്‍ ശലഭങ്ങളോട് പറയുന്നത്


എന്റെ വര്‍ണ്ണങ്ങളും മധുരവും മുഴുക്കെ കവര്‍ന്നു നീ മറയുംപോളും എനിക്ക് തീരാത്ത പ്രതീക്ഷയുണ്ട്, നിന്റെ മൃദുസ്പര്‍ശം, നിന്റെ സാമീപ്യം, വസന്തത്തെ തിരികെ തരുമെന്ന്.

Share/Bookmark

Friday, February 12, 2010

പ്രതിബിംബങ്ങളില്‍ നഷ്ടമാകുന്നത്...


വീണ്ടുമൊരു സന്ധ്യ കൂടി സാങ്കി ടാങ്കിനു ചുറ്റിലും. തൊഴിലില്ലാതെ തെണ്ടിത്തിരിഞ്ഞ കാലത്തെ ഒരല്‍പം തണലായിരുന്നു നീ. ഒരുപാട് ഒരുങ്ങിയിരിക്കുന്നു. എങ്കിലും അലങ്കാരങ്ങളില്ലാത്ത നിന്റെ വന്യതയായിരുന്നു എനിക്കിഷ്ടം. ഇണപ്രാക്കള്‍ കൊക്കുരുമ്മുന്നുണ്ട് , വെടിവട്ടങ്ങളുണ്ട്, പൊങ്ങച്ച്ചങ്ങളുണ്ട് ചുറ്റിലും മതിലുണ്ട്, കാവലുമുണ്ട്. മുറ്റമില്ലാത്ത കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നുമുണ്ട് . ഇത് നഗരത്തിന്റെ ഒരു ആശ്വാസ തീരം. വിസില്‍ മുഴങ്ങുന്നു. ഇനി ഇരിക്കരുത്. പൊയ്ക്കോളൂ. ഞാനൊന്നു ഒറ്റയ്ക്കിരിക്കട്ടെ. വീണ്ടും കാണാം. ഞാനിവിടെത്തന്നെ ഉണ്ടാകും. എവിടെപ്പോകാന്‍?

രമേഷ്, നന്ദി, ഈയൊരു നടത്തത്തിനു കൂട്ട് വന്നതിന്.

Share/Bookmark

Wednesday, February 10, 2010

ചുവപ്പന്‍ ചക്രവാളം


ചുവന്ന ചക്രവാളങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ടു. ഞങ്ങളുടെ സൂര്യനെ അഴികള്‍ക്കുള്ളിലാക്കി വെളിച്ചമില്ലാത്ത വിളക്കുകള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നതെന്തേ?
മതിലുകളും അതിരുകളും അകലങ്ങളും കൊണ്ട് ഞങ്ങളെ വേര്‍തിരിക്കാം. പക്ഷെ, ഞങ്ങളിപ്പോളും കാണുന്നുണ്ട്, ഞങ്ങളിപ്പോളും അറിയുന്നുണ്ട്, പറയുന്നുണ്ട്, കേള്‍ക്കുന്നുമുണ്ട്. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അവസാനമില്ല. ഒരു സന്ധ്യയും അവസാനമല്ല. ഇരുളകലും, വെളിച്ചം വരും. എത്ര കാലം നിങ്ങള്‍ക്കീ സൂര്യനെ തടഞ്ഞു നിര്‍ത്താനാവും?


Share/Bookmark

Tuesday, February 9, 2010

മോക്ഷവാതില്‍

ആശുപത്രി വരാന്തയിലെ പ്ലാസ്റ്റിക് കസേരയില്‍ ചാരിയിരുന്നു അവള്‍ എതിര്‍ വശത്തെ ഭിത്തിയിലേയ്ക്ക്‌ നോക്കി. വലിയ ശിരസ്സും ചെറിയ ഉടലും വയറ്റില്‍ നിന്നും തൂങ്ങുന്ന പൊക്കിള്‍ കോടികളുമായി നൂറ്റുക്കണക്കിന് ഭ്രൂണങ്ങള്‍ ബക്കറ്റില്‍ നിന്നും നിറഞ്ഞു കവിഞ്ഞു തലകുത്തി താഴെ കിടക്കുന്ന ചിത്രം. അടിക്കുറിപ്പ് അവള്‍ കൂട്ടി വായിച്ചു:"ഭ്രൂണഹത്യ മഹാ പാതകം" അത് വായിച്ചപ്പോള്‍ അവള്‍ വിതുംപി. ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയാതെ. ഏതൊക്കെയോ മാതാപിതാക്കളുടെ മക്കള്‍ ഒന്നിച്ചു കിടക്കുന്നു. ജനിക്കും മുന്‍പേ ശവങ്ങളായി. തങ്ങളുടെ മതമോ വര്‍ഗമോ വര്‍ണമോ അറിയാതെ. നൈമിഷിക സുഖങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഒരായിരം ശവങ്ങള്‍. തന്റെ കുഞ്ഞും ഇതുപോലൊരു ബക്കറ്റില്‍ അകത്തു കിടക്കുന്നു. പക്ഷെ അതോര്‍ത്തപ്പോള്‍ അവള്‍ക്കു ആനന്ദമാണ് തോന്നിയത്. ക്രൂരമായ ആനന്ദം. ഒരു ജീവനെയെങ്കിലും രക്ഷിക്കാനായല്ലോ. വരാനിരിക്കുന്ന മഹാ പീഡനങ്ങളില്‍ നിന്നും. എന്തുകൊണ്ട് അവളിങ്ങനെ ചിന്തിച്ചു എന്നോര്‍ത്ത് നിങ്ങള്ക്ക് ദേഷ്യം വരുന്നുണ്ടാകാം. പക്ഷെ അവളെപ്പോലുള്ളവരുടെ കഥകള്‍ എന്നും വ്യത്യസ്തമായിരുന്നു.

ഭ്രൂണഹത്യയുടെ മഹാപാപത്തില്‍ നിന്നും രക്ഷനേടാന്‍ അവളുടെ അമ്മ പത്തു മാസം ഗര്‍ഭത്തില്‍ അവള്‍ക്കു അഭയം നല്‍കി. കാലം അന്നേ അവളുടെ ഗതി നിര്‍ണ്ണയിച്ചിരിക്കണം . അതറിഞ്ഞിട്ടല്ലെങ്കിലും ഭ്രൂണാസനത്തിലിരുന്ന അവളുടെ കണ്ണീരു വീണു ഗര്‍ഭപാത്ര ഭിത്തികള്‍ പ്രകംബിച്ചു. ഭ്രൂണഹത്യയുടെ മഹാപാതകത്തില്‍ നിന്നും രക്ഷനേടിയ അവളുടെ സൃഷ്ടാക്കള്‍ ഏതോ വഴിവക്കില്‍ അവളെയുപെക്ഷിച്ചു തങ്ങളുടെ പാപങ്ങളില്‍ നിന്നും എന്നേയ്ക്കുമായി രക്ഷ നേടി.

പട്ടികള്‍ ആര്‍ത്തിയോടെ ചുറ്റും കൂടി വച്ച ബഹളം കേട്ട് അവള്‍ ഏതോ മനുഷ്യ കരങ്ങളിലെയ്ക്ക് യാത്രയായി. കാലത്തിന്റെ ഗതിയില്‍ അവള്‍ ചോര വാര്‍ന്നൊഴുകുന്ന ഇരുട്ടറകളുടെ സുരക്ഷയിലെത്തി. ഇരുട്ടറകളുടെ ഉടമസ്ഥര്‍ക്ക് അവള്‍ ഭാവിയുടെ മുതല്‍ക്കൂട്ടായിരുന്നു. അവള്‍ക്കു സ്വപ്നങ്ങളില്ലായിരുന്നു, പ്രതീക്ഷകള്‍ ഇല്ലായിരുന്നു. അവയെന്തെന്നു അവള്‍ ഒരിക്കലും അറിഞ്ഞതേയില്ല.

ഒന്‍പതാം വയസ്സില്‍ അവള്‍ ഉടമസ്ഥര്‍ക്ക് സംബാധ്യങ്ങള്‍ നല്‍കിത്തുടങ്ങി. തന്‍റെ ചുറ്റും തന്റെ അതെ കഥകളുമായി ഒരുപാട് മനുഷ്യ ജന്മങ്ങള്‍ ഇരുട്ടറകളില്‍ ചോര വാര്‍ന്നു കിടന്നു നുരയ്ക്കുന്നതു അവളറിഞ്ഞു. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിക്കില്ല എന്ന മഹാസത്യം അറിയാവുന്ന അവളുടെ ആവശ്യക്കാര്‍ പെരുകി. തുണകളില്ലാത്തവരും , തുണകള്‍ അടുത്തില്ലാത്തവരും, എതിര്‍ വര്‍ഗത്തെ കണ്ടു വികാരം പൂണ്ടവരും എല്ലാം തങ്ങളുടെ സ്വപ്നങ്ങളുടെ പ്രതിരൂപങ്ങളെ അവളില്‍ കണ്ടെത്തി തളര്‍ന്നു വീണു. അവരുടെ തളര്ച്ചകളുടെ ഭാരമേറ്റുവാങ്ങി അവളുടെ സ്വപ്‌നങ്ങള്‍ സുതാര്യങ്ങളായി. ആ സുതാര്യതയിലൂടെ അവള്‍ കാലത്തിന്റെ ഇരുട്ടിനെ കണ്ടെത്തി.

തങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമായി ഒരുക്കി വച്ചിരുന്ന മധുര വാചകങ്ങള്‍ അവരുടെ നാവുകളില്‍ നിന്നും പിടിവിട്ടൊഴുകിയപ്പോള്‍ അവളുടെ മറുചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഒന്നുമേ ഉണ്ടായില്ല. പകല്‍ വെളിച്ചത്തില്‍ മാന്യതയുടെ കടുത്ത ചിഹ്നങ്ങള്‍ക്ക് വൃത്തികെടുകളുടെ അഗ്നി പര്‍വതം ഒളിപ്പിച്ചു സമൂഹം വെളുക്കെ ചിരിച്ചു. ഒരുപാട് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പരോക്ഷയായി രക്ഷകയായിരുന്നിട്ടും രക്ഷകരില്ലാതെ അവശേഷിച്ച അവളെ അവര്‍ വേശ്യയെന്നു വിളിച്ചു. കഥകള്‍ മെനഞ്ഞു വികാരം കൊണ്ടു.

ഉടമസ്ഥര്‍ ആരെന്നറിയാത്ത ജീവന്റെ ആദ്യ തുടിപ്പ് തന്റെ ഉള്ളില്‍ ഉരുവായതറിഞ്ഞു അവള്‍ വിറ പൂണ്ടു.സാമൂഹ്യ വിരുദ്ധന്‍, കൊലപാതകി, വേശ്യ - ലിംഗ ഭേദമില്ലാതെ അവളുടെയുള്ളിലെ ജീവന്റെ അനന്ത സാധ്യതകള്‍ അവള്‍ക്കു മുന്നില്‍ ഇന്ന് പല്ലിളിച്ചു. അവളുടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ മുറവിളി കൂട്ടി. എന്നാല്‍ ജീവിക്കാന്‍ അനുവദിച്ചതുമില്ല. സമൂഹത്തിന്റെ എല്ലാ വിപരീത ചിഹ്നങ്ങളും അവളുടെ ഇനിയും ജനിക്കാത്ത മക്കള്‍ക്കായി കാത്തു കിടന്നു. വിപരീതമായ അനന്ത സാധ്യതകളുടെ കറുത്ത യാധാര്‍ത്യത്തില്‍ നിന്നും ഒരു ജീവനെയെങ്കിലും രക്ഷിക്കണം. പ്രതിരോധങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന സുഖത്തില്‍ നിന്നും ആര്‍ക്കും വേണ്ടാതെ ഉരുവായ സന്തതി അതറിയാതെ തന്റെ ഉറക്കം തുടര്‍ന്നു. കടന്നു വന്ന വഴികളില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ പോകുന്ന ഇഴ ജന്തുക്കളോട് അവള്‍ക്കസൂയ തോന്നി. ആ ഭാഗ്യവും നഷ്ട്ടപ്പെട്ട ഒച്ചുകളെ കുളിമുറിയുടെ പാതിയിരുട്ടില്‍ ഞെരിച്ചു കൊന്നു അവയുടെ ആത്മാക്കള്‍ക്ക് അവള്‍ മോക്ഷം നല്‍കി.

തന്റെ അജ്ഞാത സന്തതിയെയും വായ പിളര്‍ന്ന ബക്കറ്റിന്റെ മോക്ഷം നല്‍കിയതിന്റെ ആലസ്യതയില്‍ അവള്‍ തളര്‍ന്നിരുന്നു. അവളെയും അവളെപ്പോലുള്ളവരുടെയും ഉദരത്തിലെ ശിശുക്കള്‍ക്ക് ഗര്‍ഭപാത്രങ്ങള്‍ ശവപറമ്പുകള്‍ ആയിരുന്നില്ല, മോക്ഷ വാതിലുകള്‍ ആയിരുന്നു. മഹാരോഗത്തിന്റെ കീടങ്ങള്‍ അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങി. അതറിഞ്ഞിട്ടും പ്രശ്നമാക്കാതെ അവളുടെ ആലസ്യം മാറുവാന്‍ കാത്തിരുന്ന മനുഷ്യനായ്ക്കള്‍ വെള്ളമൊലിപ്പിച്ചു ആശുപത്രിക്ക് ചുറ്റും കറങ്ങി നടന്നു.
Share/Bookmark

Sunday, February 7, 2010

വിളക്കു മരം
ആര്‍ക്കും വെളിച്ചം വേണ്ടാത്തൊരു ലോകത്ത്
ഇരുട്ട് കുരങ്ങു കളിക്കുന്നൊരു കാലത്ത്
നിന്റെയീ ഇത്തിരിവെട്ടം...
വഴി കാണിക്കുവാന്‍ മാത്രമായി..

Share/Bookmark

Saturday, February 6, 2010

PI [1998]ഞാനടക്കമുള്ള ഒട്ടു മിക്ക ആളുകളും ഈ സിനിമയില്‍ എത്തി ചേരുക 'Requiem for a dream' കണ്ടതിന്റെ ആവേശത്തിലാവും. വെറും $60,000 കൊണ്ട് ഇങ്ങനെയൊരു സിനിമ നിര്‍മ്മിച്ച്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് Darren Arnofsky സിനിമ ലോകത്തേയ്ക്ക് രംഗപ്രവേശനം ചെയ്തത്.

കാണുന്ന ഒട്ടു മിക്ക സിനിമകള്‍ക്കും നമുക്ക് മുന്‍ഗാമികളെയോ സാധൃശ്യങ്ങളെയോ കണ്ടെത്താനാവും. പക്ഷെ ഇതൊരു സമാനതകള്‍ ഇല്ലാത്ത ചിത്രമാണ്. തന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും $100 വീതം പിരിച്ചെടുത്തു സ്വരൂപിച്ച $60,000 കൊണ്ടാണ് അദ്ദേഹമീ ചിത്രം ചെയ്തത്. സിനിമ വിജയിച്ച ശേഷം സംഭാവന നല്‍കിയ ഓരോരുത്തര്‍ക്കും $150 വീതം Arnofsky തിരികെ നല്‍കുകയുണ്ടായി. [ നമ്മുടെ കൊച്ചു കേരളത്തിലും ഇങ്ങനെ പരീക്ഷണം നടന്നിരുന്നു. ജോണ്‍ അബ്രഹാം തന്റെ 'അമ്മ അറിയാന്‍ ' എന്ന ചിത്രം ഇങ്ങനെ ജനങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒക്കെയായി പിരിച്ചെടുത്ത ചില്ലറ തുകകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷം ഈയിടെ എനിക്കാ ചിത്രത്തിന്റെ കോപ്പി ലഭിച്ചു. ഇതുവരെയും കണ്ടിട്ടില്ല. 'ജോണ്‍ എബ്രഹാം' എന്ന KN ഷാജി സംഗ്രഹിച്ച തകര്‍പ്പന്‍ പുസ്തകം എന്റെ നാട്ടിന്‍ പുറത്തെ വായന ശാലയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ട് പോയ സാമദ്രോഹി നീയൊന്നും...ഞാനൊന്നും പറയുന്നില്ല. അവനെ തെറി വിളിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു സുഹൃത്തുക്കളെ. ആ പുസ്തകം ഇപ്പോള്‍ അച്ചടി നിര്‍ത്തിപ്പോയെന്നെ. ]

Location permit ഇല്ലാതെയാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്. ഓരോ location- ലും പോലിസ് വരുന്നുണ്ടോ എന്ന് നോക്കാന്‍ ആളുകളെ നിര്‍ത്തിയിരുന്നു. പോലിസ് വരുന്നു എന്ന് കണ്ടാല്‍ 'Darren കുട്ടീ വിട്ടോടാ..' എന്നും പറഞ്ഞു സംവിധായകനും technician സും എല്ലാം കൂടി ഒരു മുങ്ങല്‍. കൊള്ളാമല്ലേ പരിപാടി. Arnofsky യുടെ അമ്മയാണ് എല്ലാവര്ക്കും ഭക്ഷണം പാകം ചെയ്തു വിളംബിയത്. ഇങ്ങനെയൊക്കെയും ഒരു സിനിമ നിര്‍മ്മിക്കാനാവും സുഹൃത്തുക്കളെ. എത്ര പണം മുടക്കുന്നു എന്നതല്ല. എന്ത് പറയുന്നു എന്നതും അത് എങ്ങനെ പറയുന്നു എന്നതുമാണ്‌ കാര്യം.

പാത്ര സൃഷ്ടി, അന്തരീക്ഷ സൃഷ്ടി എന്നിവയില്‍ സംവിധായകന്‍ പുലര്‍ത്തുന്ന ശ്രദ്ധ, അതും തന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് കൊണ്ട്, അതിനദ്ധേഹം സ്വീകരിച്ച മാര്‍ഗങ്ങള്‍, ഒക്കെയും നമ്മെ വിസ്മയിപ്പിക്കുന്നു.

ഇത് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ ആവുന്നൊരു ചിത്രമല്ല. ഇതുവരെ കണ്ടിട്ടില്ലാത്തൊരു സിനിമ രീതി. സിനിമയില്‍ നിറയെ ചിന്തകളും, ഗണിത ശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളും. എങ്കിലും ഇതൊരു ത്രില്ലെര്‍ സിനിമയാണ്. ഇതൊരു സംഖ്യാ ശാസ്ത്രജ്ഞന്റെ അന്വേഷണങ്ങളുടെയും ജീവിതത്തിന്റെയും കഥയാണ്. പണ്ട് സ്ഫടികത്തിലെ ചാക്കോ മാഷ്‌ പറഞ്ഞത് പോലെ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന് വിശ്വസിക്കുന്നൊരു അര വട്ടനാണ് നായകന്‍. Maximillian Cohen. അയാള്‍ ഇടയ്ക്കിടയ്ക്ക് migraine കൊണ്ട് അസഹനീയമായി ബുദ്ധിമുട്ടുന്നും ഉണ്ട്.

1 ) പ്രകൃതിയുടെ ഭാഷയാണ്‌ ഗണിതം.
2 ) ഈ ലോകത്തുള്ള എല്ലാ വസ്തുക്കളെയും സംഖ്യകള്‍ കൊണ്ട് രേഖപ്പെടുത്തുകയും മനസ്സിലാക്കുകയും ചെയ്യാം.
3 ) ഈ സംഖ്യകളെ ഗ്രാഫുകള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ പാറ്റെണുകള്‍ ഉരുവാകുന്നു. അതുകൊണ്ട് ലോകത്തില്‍ എല്ലായിടത്തും പാറ്റെണുകള്‍ ഉണ്ട്.

മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കി Stock market ലെ സംഖ്യകളെ പ്രവചിക്കനാവുന്നൊരു തിയറി രൂപീകരിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. എകാന്തനും സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടവനുമാണ് അയാള്‍. അയാളുടെ ഏക സുഹൃത്ത്‌ ഒരു റിട്ടയേര്‍ഡു പ്രൊഫസര്‍ ആണ്. അയാള്‍ Max ന്റെ ഒരു പഴയ പതിപ്പാണ്‌. Max ന്റെ ഈ കണ്ടുപിടുത്തത്തെ ഭൌതികമായും മത പരമായും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന രണ്ടു കൂട്ടര്‍.

ഒരു കൂട്ടര്‍ക്ക് ഈ കണ്ടു പിടുത്തത്തെ Stock market ല്‍ ഉപയോഗപ്പെടുത്തി പണം സംബാതിക്കണം. മറ്റൊരു കൂട്ടര്‍ ജൂത റബ്ബിമാരും അവരിലേയ്ക്ക് Max നെ എത്തിക്കുന്നൊരു ജൂതനുമാണ്. അവര്‍ വിശ്വസിക്കുന്നത് Max ന്റെ ഈ number series ദൈവത്തിന്റെ താക്കൊലാനെന്നാണ്. അതുപയോഗിച്ചു ധൈവതിനം മനുഷ്യര്‍ക്കും ഇടയിലുള്ള രഹസ്യ വാതില്‍ തുറക്കാനാവുമെന്നും. തന്റെ എങ്ങുമെത്താതെ പോകുന്നൊരു കണ്ടു പിടുത്തതിന്റെയും പ്രലോഭനങ്ങളുടെയും തലവേദനയുടെയും, പീടകല്‍ക്കിടയിലൂടെ Max സഞ്ചരിക്കുന്നു. അയാള്‍ക്ക്‌ തന്നെ പിടുത്തമില്ലാത്ത വഴികളിലൂടെ.

84 മിനുട്ട് ദൈര്‍ഖ്യമേയുള്ളൂ ചിത്രത്തിന്. ഈ ചുരുങ്ങിയ സമയത്തില്‍ സംഖ്യ ശാസ്ത്രതിലെയും മതത്തിലേയും പ്രധാന വസ്തുതകളില്‍ ഒക്കെയും സ്പര്‍ശിച്ചു പോകുന്നുണ്ട് ചിത്രം. എന്നാല്‍ അതൊരിക്കലും ഒരു ബോറന്‍ വാചകക്കസര്‍ത്തോ പ്രഭാഷണമോ ആയി മാറുന്നുമില്ല. പിന്നീടു നാം Requiem for a dream ല്‍ കണ്ട, നമ്മെ ഞെട്ടിച്ച editing, sound mixing, cinematography technique കളുടെ മൂല രൂപങ്ങളെ ഇതില്‍ ദര്‍ശിക്കാം. Grained black& white ല്‍ ആണ് ചിത്രം. Tight close up shots, editing ലെ fast cuts, snorricam cinematography അങ്ങനെ പല സങ്കേതങ്ങളും ഉപയോഗിച്ചാണ് കഥ പറയുന്നത്. ഇതേ ടീമിലെ മിക്ക അംഗങ്ങളെയും Arnofsky തന്റെ രണ്ടാമത് ചിത്രത്തിലും നിലനിര്‍തുകയുണ്ടായി. ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ അഭിനേതാക്കളെ പ്രത്യേകിച്ചും Max Cohen നെ അവതരിപ്പിച്ച Sean Gullette യെ അഭിനന്ദിക്കാതെ വയ്യ.

ആരു ബോറനായിരിക്കും number theory കൈകാര്യം ചെയ്യുന്നൊരു ചിത്രം. പക്ഷെ അതിനെ തന്റേതു മാത്രമായ സിനിമ സങ്കേതങ്ങള്‍ കൊണ്ട് ഒരു thriller ആക്കി മാറ്റുന്നിടത്താണ് Arnofsky യുടെ ജീനിയസ്. സാംപത്തിക പരാധീനത കൊണ്ട് ചുരുക്കേണ്ടി വന്ന പല കാര്യങ്ങളുടെയും കേടു തീര്‍ത്ത്‌ കൊണ്ടാണ് Arnofsky തന്റെ രണ്ടാമത് ചിത്രമായ Requiem for a dream ഇറക്കിയത്.

ഞാന്‍ എന്നും ആകാംക്ഷയോടെ ശ്രദ്ധിക്കാരുള്ളതാണ് Inde film കള്‍. വംപന്‍ സ്റ്റുഡിയോകളുടെയും production house കളുടെയും ബാനറുകള്‍ ഒന്നുമെയില്ലാതെ പുറത്തുവരുന്ന ചിത്രങ്ങള്‍. അവ ഒരുതരം സമരങ്ങളാണ്. സിനിമ വിപ്ലവങ്ങളാണ്।ഇത് അങ്ങിനെയൊരു സിനിമയാണ്. ഒന്ന് പോ കൂവേ... നിങ്ങളുടെ ഓശാരം ഇല്ലേലും ഞങ്ങള്‍ പടം പിടിക്കും. നല്ല സ്വയമ്പന്‍ പടം. ഇച്ചിരെ കളര്‍ കുറവാരിക്കും എന്നാലും... എന്നാ ആ പ്രഖ്യാപനം.

1999 ലെ Sundance film festival ലെ best director, grand jury പുരസ്കാരങ്ങള്‍ Arnofsky ക്ക് ഈ ചിത്രത്തിന് ലഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

http://www.imdb.com/title/tt0138704/Darren Arnofskyനിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കുക. രണ്ടു തെറിയെങ്കിലും പറഞ്ഞേച്ചും പോകുക [അത് ഞാന്‍ delete ചെയ്യും. എന്നാലും. ഇതൊന്നും കേട്ടില്ലേല്‍ ഒരു സമാധാനം കിട്ടുന്നില്ല.]
Share/Bookmark

Thursday, February 4, 2010

Old age


Perhaps it is God's will I shall grow old
And none may read beneath my quietness . . .
Gardens in May, or any memory
Of you! And yet for very shame to-night
I change my prayer, and ask for strength to live.

Share/Bookmark

Tuesday, February 2, 2010

Steps


Our future is hidden
Among the vast forests of our soul.
Our future is waiting
Among the depths of our own ocean.
-Istiqur Rahman

Share/Bookmark

LinkWithin

Related Posts with Thumbnails