Tuesday, February 9, 2010

മോക്ഷവാതില്‍

ആശുപത്രി വരാന്തയിലെ പ്ലാസ്റ്റിക് കസേരയില്‍ ചാരിയിരുന്നു അവള്‍ എതിര്‍ വശത്തെ ഭിത്തിയിലേയ്ക്ക്‌ നോക്കി. വലിയ ശിരസ്സും ചെറിയ ഉടലും വയറ്റില്‍ നിന്നും തൂങ്ങുന്ന പൊക്കിള്‍ കോടികളുമായി നൂറ്റുക്കണക്കിന് ഭ്രൂണങ്ങള്‍ ബക്കറ്റില്‍ നിന്നും നിറഞ്ഞു കവിഞ്ഞു തലകുത്തി താഴെ കിടക്കുന്ന ചിത്രം. അടിക്കുറിപ്പ് അവള്‍ കൂട്ടി വായിച്ചു:"ഭ്രൂണഹത്യ മഹാ പാതകം" അത് വായിച്ചപ്പോള്‍ അവള്‍ വിതുംപി. ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയാതെ. ഏതൊക്കെയോ മാതാപിതാക്കളുടെ മക്കള്‍ ഒന്നിച്ചു കിടക്കുന്നു. ജനിക്കും മുന്‍പേ ശവങ്ങളായി. തങ്ങളുടെ മതമോ വര്‍ഗമോ വര്‍ണമോ അറിയാതെ. നൈമിഷിക സുഖങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഒരായിരം ശവങ്ങള്‍. തന്റെ കുഞ്ഞും ഇതുപോലൊരു ബക്കറ്റില്‍ അകത്തു കിടക്കുന്നു. പക്ഷെ അതോര്‍ത്തപ്പോള്‍ അവള്‍ക്കു ആനന്ദമാണ് തോന്നിയത്. ക്രൂരമായ ആനന്ദം. ഒരു ജീവനെയെങ്കിലും രക്ഷിക്കാനായല്ലോ. വരാനിരിക്കുന്ന മഹാ പീഡനങ്ങളില്‍ നിന്നും. എന്തുകൊണ്ട് അവളിങ്ങനെ ചിന്തിച്ചു എന്നോര്‍ത്ത് നിങ്ങള്ക്ക് ദേഷ്യം വരുന്നുണ്ടാകാം. പക്ഷെ അവളെപ്പോലുള്ളവരുടെ കഥകള്‍ എന്നും വ്യത്യസ്തമായിരുന്നു.

ഭ്രൂണഹത്യയുടെ മഹാപാപത്തില്‍ നിന്നും രക്ഷനേടാന്‍ അവളുടെ അമ്മ പത്തു മാസം ഗര്‍ഭത്തില്‍ അവള്‍ക്കു അഭയം നല്‍കി. കാലം അന്നേ അവളുടെ ഗതി നിര്‍ണ്ണയിച്ചിരിക്കണം . അതറിഞ്ഞിട്ടല്ലെങ്കിലും ഭ്രൂണാസനത്തിലിരുന്ന അവളുടെ കണ്ണീരു വീണു ഗര്‍ഭപാത്ര ഭിത്തികള്‍ പ്രകംബിച്ചു. ഭ്രൂണഹത്യയുടെ മഹാപാതകത്തില്‍ നിന്നും രക്ഷനേടിയ അവളുടെ സൃഷ്ടാക്കള്‍ ഏതോ വഴിവക്കില്‍ അവളെയുപെക്ഷിച്ചു തങ്ങളുടെ പാപങ്ങളില്‍ നിന്നും എന്നേയ്ക്കുമായി രക്ഷ നേടി.

പട്ടികള്‍ ആര്‍ത്തിയോടെ ചുറ്റും കൂടി വച്ച ബഹളം കേട്ട് അവള്‍ ഏതോ മനുഷ്യ കരങ്ങളിലെയ്ക്ക് യാത്രയായി. കാലത്തിന്റെ ഗതിയില്‍ അവള്‍ ചോര വാര്‍ന്നൊഴുകുന്ന ഇരുട്ടറകളുടെ സുരക്ഷയിലെത്തി. ഇരുട്ടറകളുടെ ഉടമസ്ഥര്‍ക്ക് അവള്‍ ഭാവിയുടെ മുതല്‍ക്കൂട്ടായിരുന്നു. അവള്‍ക്കു സ്വപ്നങ്ങളില്ലായിരുന്നു, പ്രതീക്ഷകള്‍ ഇല്ലായിരുന്നു. അവയെന്തെന്നു അവള്‍ ഒരിക്കലും അറിഞ്ഞതേയില്ല.

ഒന്‍പതാം വയസ്സില്‍ അവള്‍ ഉടമസ്ഥര്‍ക്ക് സംബാധ്യങ്ങള്‍ നല്‍കിത്തുടങ്ങി. തന്‍റെ ചുറ്റും തന്റെ അതെ കഥകളുമായി ഒരുപാട് മനുഷ്യ ജന്മങ്ങള്‍ ഇരുട്ടറകളില്‍ ചോര വാര്‍ന്നു കിടന്നു നുരയ്ക്കുന്നതു അവളറിഞ്ഞു. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിക്കില്ല എന്ന മഹാസത്യം അറിയാവുന്ന അവളുടെ ആവശ്യക്കാര്‍ പെരുകി. തുണകളില്ലാത്തവരും , തുണകള്‍ അടുത്തില്ലാത്തവരും, എതിര്‍ വര്‍ഗത്തെ കണ്ടു വികാരം പൂണ്ടവരും എല്ലാം തങ്ങളുടെ സ്വപ്നങ്ങളുടെ പ്രതിരൂപങ്ങളെ അവളില്‍ കണ്ടെത്തി തളര്‍ന്നു വീണു. അവരുടെ തളര്ച്ചകളുടെ ഭാരമേറ്റുവാങ്ങി അവളുടെ സ്വപ്‌നങ്ങള്‍ സുതാര്യങ്ങളായി. ആ സുതാര്യതയിലൂടെ അവള്‍ കാലത്തിന്റെ ഇരുട്ടിനെ കണ്ടെത്തി.

തങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമായി ഒരുക്കി വച്ചിരുന്ന മധുര വാചകങ്ങള്‍ അവരുടെ നാവുകളില്‍ നിന്നും പിടിവിട്ടൊഴുകിയപ്പോള്‍ അവളുടെ മറുചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഒന്നുമേ ഉണ്ടായില്ല. പകല്‍ വെളിച്ചത്തില്‍ മാന്യതയുടെ കടുത്ത ചിഹ്നങ്ങള്‍ക്ക് വൃത്തികെടുകളുടെ അഗ്നി പര്‍വതം ഒളിപ്പിച്ചു സമൂഹം വെളുക്കെ ചിരിച്ചു. ഒരുപാട് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പരോക്ഷയായി രക്ഷകയായിരുന്നിട്ടും രക്ഷകരില്ലാതെ അവശേഷിച്ച അവളെ അവര്‍ വേശ്യയെന്നു വിളിച്ചു. കഥകള്‍ മെനഞ്ഞു വികാരം കൊണ്ടു.

ഉടമസ്ഥര്‍ ആരെന്നറിയാത്ത ജീവന്റെ ആദ്യ തുടിപ്പ് തന്റെ ഉള്ളില്‍ ഉരുവായതറിഞ്ഞു അവള്‍ വിറ പൂണ്ടു.സാമൂഹ്യ വിരുദ്ധന്‍, കൊലപാതകി, വേശ്യ - ലിംഗ ഭേദമില്ലാതെ അവളുടെയുള്ളിലെ ജീവന്റെ അനന്ത സാധ്യതകള്‍ അവള്‍ക്കു മുന്നില്‍ ഇന്ന് പല്ലിളിച്ചു. അവളുടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ മുറവിളി കൂട്ടി. എന്നാല്‍ ജീവിക്കാന്‍ അനുവദിച്ചതുമില്ല. സമൂഹത്തിന്റെ എല്ലാ വിപരീത ചിഹ്നങ്ങളും അവളുടെ ഇനിയും ജനിക്കാത്ത മക്കള്‍ക്കായി കാത്തു കിടന്നു. വിപരീതമായ അനന്ത സാധ്യതകളുടെ കറുത്ത യാധാര്‍ത്യത്തില്‍ നിന്നും ഒരു ജീവനെയെങ്കിലും രക്ഷിക്കണം. പ്രതിരോധങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന സുഖത്തില്‍ നിന്നും ആര്‍ക്കും വേണ്ടാതെ ഉരുവായ സന്തതി അതറിയാതെ തന്റെ ഉറക്കം തുടര്‍ന്നു. കടന്നു വന്ന വഴികളില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ പോകുന്ന ഇഴ ജന്തുക്കളോട് അവള്‍ക്കസൂയ തോന്നി. ആ ഭാഗ്യവും നഷ്ട്ടപ്പെട്ട ഒച്ചുകളെ കുളിമുറിയുടെ പാതിയിരുട്ടില്‍ ഞെരിച്ചു കൊന്നു അവയുടെ ആത്മാക്കള്‍ക്ക് അവള്‍ മോക്ഷം നല്‍കി.

തന്റെ അജ്ഞാത സന്തതിയെയും വായ പിളര്‍ന്ന ബക്കറ്റിന്റെ മോക്ഷം നല്‍കിയതിന്റെ ആലസ്യതയില്‍ അവള്‍ തളര്‍ന്നിരുന്നു. അവളെയും അവളെപ്പോലുള്ളവരുടെയും ഉദരത്തിലെ ശിശുക്കള്‍ക്ക് ഗര്‍ഭപാത്രങ്ങള്‍ ശവപറമ്പുകള്‍ ആയിരുന്നില്ല, മോക്ഷ വാതിലുകള്‍ ആയിരുന്നു. മഹാരോഗത്തിന്റെ കീടങ്ങള്‍ അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങി. അതറിഞ്ഞിട്ടും പ്രശ്നമാക്കാതെ അവളുടെ ആലസ്യം മാറുവാന്‍ കാത്തിരുന്ന മനുഷ്യനായ്ക്കള്‍ വെള്ളമൊലിപ്പിച്ചു ആശുപത്രിക്ക് ചുറ്റും കറങ്ങി നടന്നു.
Share/Bookmark

No comments:

Post a Comment

LinkWithin

Related Posts with Thumbnails