Saturday, June 12, 2010

വഴികള്‍ നഷ്ടമാകുന്ന വഴികള്‍

രാത്രിയുടെ ഏതോ യാമത്തില്‍ മനസ്സ് സ്വപ്നങ്ങളുടെ തീരത്ത് കൂടി അലഞ്ഞു നടക്കുകയായിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തില്‍ വാതിലില്‍ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഞരങ്ങുന്ന കട്ടിലില്‍ ചെവിയോര്‍ത്തു കിടന്നു. ഇല്ല അനക്കം ഒന്നുമില്ല. ക്ലോക്കിന്റെ ശബ്ദം മാത്രം. പുറത്തെ ഇരുട്ടില്‍ എന്ത് അജ്ഞാത ശബ്ദം ആണാവോ എന്നെ ഉണര്‍ത്തിയത്? അങ്ങിനെ ഓര്‍ത്ത്‌ കിടന്നപ്പോള്‍ വീണ്ടും വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടു. ഞാന്‍ പതുക്കെ എഴുന്നേറ്റു. ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയതിന്റെ പരാതി പോലെ കട്ടില്‍ കിടന്നു ഞരങ്ങി. ഞാന്‍ വാതില്‍ തുറന്നു. വാതിക്കല്‍ ജൊസഫ്. ആ തണുപ്പിലും അയാള്‍ നിന്ന് വിയര്‍ത്തു. ആകാശത്തിലെ പോലെ ഭൂമിയിലും നക്ഷത്ത്രങ്ങള്‍ പിറക്കുന്ന കാലമായിരുന്നു അത്.

വീടിനു മുന്‍പിലെ പച്ച നക്ഷത്രത്തിന്റെ വെളിച്ചം വിയര്‍പ്പു ചാലുകള്‍ക്കൊപ്പം ജോസഫിന്റെ കഴുത്തില്‍ കൂടി താഴേയ്ക്ക് ഒലിച്ചിറങ്ങി. ആകെ തകര്‍ന്നു, നിരാശയുടെ നരകത്തില്‍ വീണു പോയവനെ പോലെ അയാള്‍ നിന്നു.
"നീയെന്താ ഈ പാതിരാത്രിയില്‍? "

ഒന്നുമേ മിണ്ടാതെ അയാള്‍ നിന്നു കരഞ്ഞു. അപ്പോളാണ് മഞ്ഞു പെയ്യുന്ന രാത്രിയിലാണ് അയാള്‍ നില്‍ക്കുന്നത് എന്നാ ബോധം എനിക്കുണ്ടായത്. ഞാന്‍ അയാളെയും കൂട്ടി അകത്തേയ്ക്ക് നടന്നു. കസേരയില്‍ ചാരിയിരുന്നു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ മുഖം പൊത്തി കരഞ്ഞു.
"എന്ത് പറ്റി? കരയാതെ കാര്യം പറ"

കണ്ണീരടക്കാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു അയാള്‍ പറഞ്ഞു:
"എന്റെ വീടും അങ്ങോട്ടുള്ള വഴിയും ഒന്നും കാണാനില്ല. ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ അന്വേഷിക്കുന്നതാണ്. അന്വേഷിക്കുന്നവ ഒഴികെ ബാക്കിയെല്ലാം അത് പോലുണ്ട്. പക്ഷെ അവിടുത്തെ ആളുകള്‍ എല്ലാം മാറിയിരിക്കുന്നു. രാവിലെ ഞാന്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരൊന്നും അവിടെയില്ല. ഇപ്പോള്‍ ഉള്ളവരെ ഒന്നും ഞാന്‍ അറിയില്ല. അവര്‍ക്ക് എന്നെയും. ഞാന്‍ വഴി ചോദിച്ചവര്‍ എല്ലാം ഒരു ഭ്രാന്തനെ പോലെ എന്നെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോയി. എനിക്ക് വയ്യ. "
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആകാതെ അയാള്‍ വിതുമ്പി.

എല്ലാം കേട്ട് ഞാന്‍ ചോദിച്ചു:
"ജൊസഫ്, നീ കുടിച്ചിട്ടുണ്ടോ? വഴിയോ വീടോ ആളുകളോ ഒന്നും കാണാതെ ആയതായിരിക്കില്ല. നീ അന്വേഷിച്ചത് മറ്റെവിടെയെങ്കിലും ആയിരിക്കും. എല്ലാം ആ പഴയ സ്ഥലത്ത് തന്നെ കാണും. വേറെ എവിടെങ്കിലും അന്വേഷിച്ചിട്ട് വെറുതെ... "
"നീയും എന്നെ വിശ്വസിക്കുന്നില്ലേ?" ആകെ തകര്‍ന്നു അയാള്‍ പറഞ്ഞു. "നീയും വാ നമുക്കിപ്പോള്‍ തന്നെ പോയി അന്വേഷിക്കാം അപ്പോള്‍ നിനക്ക് വിശ്വാസമാകും"

ഓരോരോ ശല്യങ്ങള്‍. അവന്റെ നിര്‍ബന്ധം സഹിക്കാതെ ഉടുപ്പെടുത്തിട്ടു മഞ്ഞു നിറഞ്ഞ തണുത്ത രാത്രിയിലൂടെ ഞാന്‍ അയാള്‍ക്കൊപ്പം ഇറങ്ങി നടന്നു. രണ്ടു പേരും ഒന്നും മിണ്ടിയില്ല.

വഴി വിളക്കുകളുടെ മഞ്ഞ വെളിച്ചത്തില്‍ ആരെയോ കാത്തെന്നെ പോലെ വഴികള്‍ അവസാനമില്ലാതെ കിടന്നു. വഴിക്കിരുപുറത്തെയും മരങ്ങളും കെട്ടിടങ്ങളും ഉറക്കം തൂങ്ങി നിന്നു. കെട്ടിടങ്ങള്‍ക്ക് മുന്നിലെ കൃത്രിമ നക്ഷത്രങ്ങള്‍ എന്തിന്റെയോ സ്മരണയും പേറി കാലത്തെ പോലെ കണ്മിഴിച്ചു നിന്നു.

എന്റെ മനസ്സ് അപ്പോള്‍ മറെതോ വഴിയിലൂടെ നടക്കുകയായിരുന്നു. ഞാനിങ്ങനെ ജീവിതം മുഴുക്കെ എന്തോ തിരഞ്ഞു നടക്കുയായിരുന്നു. ഇപ്പോഴിതാ കാണാതെ പോയി എന്ന് പറയപ്പെടുന്ന ഒരു വഴിയും വീടുമാന്വേഷിച്ചു ഈ രാത്രിയിലുംതെരച്ചില്‍ തുടരുന്നു. എല്ലാവരും അന്വേഷണങ്ങള്‍ താല്‍കാലികമായി നിര്‍ത്തി ഉറങ്ങുംപോളും പലരും നടന്ന ഇനിയും നടക്കാനുള്ള വഴികളിലൂടെ ഞാന്‍ എന്റെ അന്വേഷണം തുടരുന്നു. മനുഷ്യര്‍ മുഴുക്കെ ഒരു വലിയ യാത്രയിലാനെന്നെനിക്ക് തോന്നി. ഭൂരിപക്ഷവും ആരോ സൃഷ്ടിച്ച, പലരും നടന്നു ഉറച്ചു പോയ വഴികളിലൂടെ യാത്ര ചെയ്യുന്നു. എന്നാല്‍ ചിലര്‍ പുതിയ വഴികളുണ്ടാക്കി അവയിലൂടെ നടക്കുന്നു. അവരെയും പിന്തുടര്‍ന്ന് ആരൊക്കെയോ. വഴികളും കാലവും ഒരുപോലാണ്. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ. മനുഷ്യന്‍ ആദ്യമേ കണ്ടെത്തുന്നത് വഴികളാണ്. മനസ്സിന്റെ, ശരീരത്തിന്റെ, യുക്തിയുടെ അങ്ങിനെ പലതിന്റെയും വഴികള്‍. പിന്നെ ആ വഴികളിലൂടെ മുന്നോട്ടു പോകാനുള്ള പരാക്രമങ്ങള്‍. ലക്‌ഷ്യം അറിയാതെ എങ്ങോട്ടോ ഉള്ള യാത്രകള്‍. യാത്ര തുടരുമ്പോള്‍ കണ്മുന്നില്‍ വന്നു പെടുന്നവ എല്ലാം തടസ്സങ്ങളാണ്. ഒപ്പം നടക്കുന്നവരെ മുന്‍പേ പോയവരെ ഒന്നുമറിയാതെ ഓര്‍ക്കാന്‍ സമയമില്ലാതെ അലച്ചിലുകള്‍. വ്യക്തിയുടെ നിലനില്‍പ്പിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന സമൂഹങ്ങള്‍. താല്‍കാലിക ഒത്തു തീര്‍പ്പുകള്‍.

ചിന്തകള്‍ അങ്ങിനെ പിടിവിട്ടു പറക്കുമ്പോള്‍ ആണ് എന്നെ യാഥാര്ത്യത്തിലേക്ക് ഉണര്‍ത്തി ഒരു ലോറി ഇരുട്ടിനെയും നിശ്ശബ്ധതയെയും കീറിമുറിച്ചു കടന്നു പോയത്. നടക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഒപ്പം നടന്നിരുന്ന ജോസഫിനെ ഞാന്‍ തിരിഞ്ഞു നോക്കി. ഞെട്ടിപ്പോയി, അയാളെ കാണാനില്ല. എവിടെ വെച്ചാണ് അയാള്‍ എന്നെ പിരിഞ്ഞത്? അതോ അയാള്‍ കൂടെയുണ്ടായിരുന്നു എന്നത് ഒരു തോന്നല്‍ മാത്രം ആയിരുന്നുവോ? ഞാന്‍ വഴിയരികിലെ ഒരു വിലക്ക് കാലിന്‍ ചുവട്ടില്‍ നിന്നു.

എന്തിനായിരുന്നു മരം കോച്ചുന്ന ഈ തണുപ്പത്ത്, ഈ രാത്രിയില്‍ ഞാന്‍ ഇറങ്ങി നടന്നത്? ഇറങ്ങിയത്‌ ജോസഫിന്റെ ഒപ്പം ആയിരുന്നു. അല്ലെങ്കില്‍ അവനാണ് എന്നെ ഇറക്കിയത്. അവന്റെ കാണാതെ പോയ വീടും വഴിയും കണ്ടു പിടിക്കാന്‍. എന്നിട്ട് അയാളെ തന്നെയും കാണാതെ പോയിരിക്കുന്നു. അതോ എല്ലാമെന്റെ തോന്നലുകള്‍ മാത്രമോ?
എന്തായാലും ജോസഫിന്റെ വീടന്വേഷിച്ച്‌ പോകുക തന്നെ. നടന്നു നടന്നു അയാളുടെ വീടിലെയ്ക്കുള്ള വഴി അടുക്കാറായി. രണ്ടു വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു അത്. കെട്ടിടങ്ങള്‍ മരവിച്ചു നില്‍ക്കുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു. പക്ഷെ അവിടെ എത്തിയപ്പോളാണ് ഞാന്‍ കണ്ടത്, ആ വഴിയിലേയ്ക്കുള്ള തിരിവ് അവിടെയില്ല. ആ കെട്ടിടങ്ങള്‍ക്ക് തമ്മില്‍ ഇടയെയില്ല. ജോസഫിന്റെ വീട്ടിലേയ്ക്കുള്ള വഴിയും അതിനപ്പുറവും ഒന്നുമില്ല. ഞാന്‍ അന്വേഷിച്ചു വന്നവ ഒഴികെ ബാക്കിയെല്ലാം അങ്ങിനെ തന്നെയുണ്ട്. ഞാന്‍ ഞെട്ടി തരിച്ചു നിന്നു. അയാള്‍ പറഞ്ഞത് സത്യമാണ്. ചോദിക്കുവാന്‍ ആണെങ്കില്‍ ആരെയും കാണുവാനുമില്ല, കെട്ടിടങ്ങള്‍ ഉപേക്ഷിച്ച ചവറു കൂനകള്‍ക്കിടയില്‍ പരതുന്ന തെരുവ് നായകള്‍ ഒഴികെ.

ഒന്നിനുമാകാതെ തളര്‍ന്നു നിന്ന ഞാന്‍ എങ്ങു നിന്നോ സംഭരിച്ച ഊര്‍ജ്ജവുമായി തിരിച്ചു നടന്നു. വേഗത്തില്‍ നീട്ടി വെച്ച കാല്‍ വയ്പ്പുകളോടെ. ചുറ്റും ഉള്ളവയെ ഞാന്‍ അറിഞ്ഞില്ല. എന്റെ ഇന്ദ്രിയങ്ങള്‍ മരവിച്ചു പോയിരിക്കുന്നു. കാലുകള്‍ മാത്രം വേഗത്തില്‍ ചലിച്ചു. നടത്തം ഓട്ടമായി. ഒരു ഭ്രാന്തനെ പോലെ ഞാന്‍ ഓടി. നഷ്ട്ടപെട്ടതെന്തോ തിരിച്ചെടുക്കാന്‍ എന്ന പോലെ. വേഗം എത്തിയില്ലെങ്കില്‍ അത് എന്നേയ്ക്കുമായി നഷ്ടമാകും എന്ന പോലെ.

ഞാന്‍ വൈകിപ്പോയിരുന്നു. വഴിയില്‍ എങ്ങും ഞാന്‍ ജോസഫിനെ കണ്ടില്ല. ഓടിയോടെ ഞാന്‍ വീടിലെയ്ക്കുള്ള തിരിവില്‍ എത്തി. കുറച്ചു മുന്‍പ് ഞാന്‍ കടന്നു പോയ വഴി ശൂന്യതയില്‍ എന്ന പോലെ അപ്രത്യക്ഷം ആയിരിക്കുന്നു. അവിടെ നിറയെ കെട്ടിടങ്ങള്‍. വഴിയുമില്ല വീടുമില്ല. ഞാന്‍ തളര്‍ന്നു വഴിയരികില്‍ കുത്തിയിരുന്നു, ജോസഫിനെ ശപിച്ചു കൊണ്ട്. ഞാന്‍ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നു മറ്റൊരു സ്വപ്നത്തിലേയ്ക്കു നടക്കുകയായിരുന്നു.പക്ഷെ തിരിച്ചു വരാനാകാത്ത വിധം യാധാര്ത്യത്തില്‍ അലിഞ്ഞു സ്വപ്നം ഇല്ലാതെ ആയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ അവിടെ ഇരുന്നു ഞാന്‍ തളര്‍ന്നു ഉറങ്ങിപ്പോയി, ഉറങ്ങരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും.

വിളക്ക് കാലുകളിലെയും നക്ഷത്ര വിളക്കുകളിലെയും വെളിച്ചം അണഞ്ഞു. ഞാന്‍ ഞെട്ടിയുണര്‍ന്നു. വഴിയിലൂടെ ആളുകളും വാഹനങ്ങളും തങ്ങളുടെ ഭ്രാന്തന്‍ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു. അതിലെ നടന്നു വന്ന ഒരാളോട് ഞാന്‍ ഇന്നലെ രാത്രിയില്‍ അവിടെ ഉണ്ടായിരുന്ന ഒരു വഴിയും അതിലെ പോയാല്‍ എത്തുമായിരുന്ന എന്റെ വീടിനെയും കുറിച്ച് അന്വേഷിച്ചു. അയാള്‍ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട്‌ കടന്നു പോയി. ഞാന്‍ മുന്നില്‍ കണ്ടവരോടൊക്കെ ചോദ്യം ആവര്‍ത്തിച്ചു, ചിലര്‍ ചിരിച്ചു കൊണ്ടും പലരും എന്നെ സംശയത്തോടെ നോക്കിക്കൊണ്ടും കടന്നു പോയി. അവരില്‍ ഒരാള്‍ എന്നോട് ചോദിച്ചു:
"ആരാണ് ഹേ നിങ്ങള്‍? നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ?"

ഞാന്‍ ഞെട്ടി തരിച്ചു ഒന്നും മിണ്ടാന്‍ ആകാതെ നിന്നു. അയാളും കടന്നു പോയി. പലതരം ഐഡന്റിറ്റികള്‍ ഉണ്ടായിരുന്ന അവയില്‍ ചിലതിനെ ഊട്ടിയുറപ്പിക്കാനും മറ്റു ചിലതിനെ ഒഴിവാക്കാനും കഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ ആരാണ്? എനിക്ക് പുതിയൊരു ഐഡന്റിറ്റി ലഭിക്കാന്‍ പോകുന്നു. ഒരര്‍ത്ഥത്തില്‍ അത് കിട്ടി കഴിഞ്ഞിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ അവശേഷിക്കുക അത് മാത്രമാകാന്‍ പോകുന്നു. അതൊഴിവാക്കാന്‍ മറ്റെല്ലാം മറന്നു ഒരാളോടും ഒന്നും മിണ്ടാതെ, ഒരു ലക്ഷ്യവും ഇല്ലാതെ മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
Share/Bookmark

4 comments:

 1. എല്ലാം ആപേക്ഷികമാണ്...
  കഴിഞ്ഞ നിമിഷം... പിന്നെ ഈ നിമിഷം...
  code ചെയ്യുംപോലെ past-ലേക്കൊന്നു loop-ചെയ്യ്‌തിരുന്നെങ്കില്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവരാമായിരുന്നു...
  ...അങ്ങിനെ പറയാതിരിക്കാമായിരുന്നു...
  ...ഒന്നു നോക്കാമായിരുന്നു...

  ReplyDelete
 2. ജീവിതം ഒരു സ്ലെയ്ട് പോലെ എല്ലാം മായിച്ചു കളഞ്ഞു വീണ്ടും തുടങ്ങാമായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഷോജി പറഞ്ഞത് പോലെ ഒരു GOTO statement കൊടുത്തു നമുക്ക് ഇഷ്ടമുള്ളഒരിടത്തു നിന്നും വീണ്ടും തുടങ്ങാന്‍ ആയിരുന്നെകില്‍?

  ReplyDelete
 3. ശരിയാ, അങ്ങനെ ഒരു ലൂപ് ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ...

  ReplyDelete
 4. ഹലോ കുറച്ചുനാളായി ഇവിടം ആളനക്കം ഇല്ലാതെ കിടക്കുന്നല്ലോ ?

  ReplyDelete

LinkWithin

Related Posts with Thumbnails