Saturday, March 27, 2010

പുറമേ ശാന്തമായൊഴുകുന്നവ


ജീവിതത്തെ എന്നും എല്ലാം കണ്ട്, ഒന്നിലും ഇടപെടാനാകാതെ കടന്നു പോകുന്നൊരു സഞ്ചാരിയെപ്പോലെ, കടലിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നൊരു കുഞ്ഞിനെ പോലെ, കണ്ട് പോകുന്ന ഒരുവനാണ് ഞാന്‍.

ഒഴുക്കില്‍ പെട്ട ഒരില പോലെ കാലം എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നു. ഏതോ തീരങ്ങളില്‍ ചെന്നടിഞ്ഞെക്കാം എന്ന പ്രതീക്ഷ ജീവിക്കുവാന്‍ കാരണവുമാകുന്നു.

ഇതുപോലൊരു മാര്‍ച്ച് മാസത്തില്‍ ഓഫീസിലെ തണുപ്പിലിരുന്നു ചെഗുവേരയുടെ ചൂടന്‍ ജീവിതം വായിക്കുകയായിരുന്നു ഞാന്‍. പുതിയ സ്ഥലം, പരിചയം ഇല്ലാത്ത ആളുകള്‍. ചുറ്റും തിരക്ക്, പുകയുന്ന തലകള്‍. പിന്നില്‍ ഒരു മുഴങ്ങുന്ന ശബ്ദം:
"What are you reading man?"
"About Che"
"Do you like Che?"
"I am a communist, I like Che. But I hate the dirty politics happening in the name of Communism"
"Give a hand buddy"

അതൊരു പരിചയത്തിന്റെ തുടക്കം ആയിരുന്നു. വംശി. ആന്ധ്രാക്കാരന്‍. നക്സലിസത്തെ ഇപ്പോളും ആരധിക്കുന്നവന്‍, ചെഗുവേരയെ പൂജിക്കുന്നവന്‍. സിസ്ടെത്തിന്റെയും മോബൈലിന്റെയും വാള്‍പേപ്പര്‍ ചെ. ഇഷ്ട സിനിമ, 'Motorcycle diaries', Che part 1 & 2. ഇഷ്ട വെബ്‌ സൈറ്റ് teambhp.com ഞാന്‍ ആയിരുന്നു Soderberg ന്റെ Che അയാള്‍ക്ക്‌ കൊടുത്തത്. ഒരു ദിനം രാത്രി 1:30 നു, ഞാന്‍ ഉറങ്ങിയിരുന്നില്ല, ഒരു ഫോണ്‍ വിളി.
"എഡോ, Che part 2 വിന്റെ subtitles sync ആകുന്നില്ല. തപ്പീട്ടു കിട്ടുന്നുമില്ല. ഒന്ന് തപ്പിയ്ക്കെ."
അയാളുടെ ആവേശം എനിക്കറിയാം. കണ്ട് പിടിച്ചു കൊടുത്തു.
ഒരു ദിനം, On site Singapore പോയി വന്ന ബാലാജി വംശിയ്ക്ക് ഒരു സമ്മാനം കൊണ്ട് കൊടുത്തു. ചെയുടെ പോസ്ടറും, ചെയുടെ പടം ഉള്ളൊരു ടി ഷര്‍ട്ടും. ആ പോസ്റ്റര്‍ ഇപ്പോളും അയാളുടെ ബോര്‍ഡില്‍ പിന്‍ ചെയ്തിരിപ്പുണ്ട്. കാണുന്നവര്‍ ചോദിച്ചിരുന്നു. ഇതെന്തോന്ന് പാര്‍ടി ഓഫീസോ? പോടേ കെഴങ്ങന്മാരെ, നിങ്ങള്ക്ക് എന്തറിയാം എന്ന ഭാവം, പരമ പുച്ഛം. ചോദിക്കുന്നവര്‍ മടുത്തു പരിപാടി നിര്‍ത്തി.

അങ്ങിനെയൊരു കാലത്ത്, ഒരു നാള്‍ ലിഫ്റ്റില്‍ വെച്ചൊരു ഞെട്ടിക്കുന്ന രഹസ്യം വംശി വെളിപ്പെടുത്തി. ഞാനൊരു കല്യാണം കഴിച്ചേക്കാം എന്ന് വെച്ചു.

ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെയൊക്കെയാണ് മാറി മറിയുക എന്ന് ഞാന്‍ അറിയാതെ നോക്കി കാണുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകളില്‍ ഞങ്ങള്‍ സ്ഥിരമായി ഒരു പഞ്ജാബി ധാബയില്‍ പോകാറുണ്ട്. അങ്ങിനെ ഒരു വെള്ളിയാഴ്ചയാണ് വംശി താനൊരു അച്ഛനാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങള്‍ എന്താണെന്ന് ഞാന്‍ അറിയുകയായിരുന്നു.പിന്നെ ഒരുക്കങ്ങളുടെ കാലം. ചെക്കപ്പുകളുടെ കാലം. പുതിയൊരു കാര്‍ വാങ്ങി. കുഞ്ഞിനേയും കൊണ്ട് സഞ്ചരിക്കാന്‍.

ഒരു വെള്ളിയാഴ്ച. "വംശി, നാളെയൊന്നു വരണം. കുറച്ചു പണിയുണ്ട്. "
"നാളെയാണ് അവര്‍ ഡേറ്റ് പറയുക. ചെക്കപ്പ് കഴിഞ്ഞു ഞാനൊരു 11 ആകുമ്പോള്‍ എത്തിക്കോളാം."

ശനിയാഴ്ച:
11 മണിക്കൊരു ഫോണ്‍ വന്നു. ശബ്ദം തളര്‍ന്നിരിക്കുന്നു.
"എന്താണ് വംശി?"
"അത്... കുഞ്ഞിന്റെ ഹൃദയത്തിനു എന്തോ പ്രശ്നമുണ്ട്, രക്ഷപ്പെടാന്‍ പ്രയാസം ആണ് എന്നാണു പറയുന്നത്. ഞാന്‍ ഇപ്പൊ എന്താ ചെയ്യുക?"

ജീവിതം മുന്നില്‍ നിന്നിങ്ങനെ നമുക്ക് മനസ്സിലാകാത്ത വേലകള്‍ കാട്ടുംപോള്‍, എന്ത് പറയും?
"ധൈര്യമായിരിക്കൂ..എല്ലാം ശരിയാകും"
"എനിക്കവനെ വേണം. ഞാന്‍ മോഹിച്ചു പോയതാണ്..."

കുഞ്ഞിനു Ebstein's Anomaly ആണത്രേ.
" എന്ത് വന്നാലും സാരമില്ല, ഞാന്‍ അവനെ വളര്‍ത്താന്‍ പോകയാണ്. മറ്റു കുഞ്ഞുങ്ങളെ പോലെ അല്ലായിരിക്കാം അവന്‍. അവനെ എനിക്ക് വേണം" വാശിയായിരുന്നു അയാള്‍ക്ക്‌.

അന്നൊരിക്കല്‍ ധാബയുടെ മൂലയില്‍, ഞങ്ങളുടെ സ്ഥിരം മേശയില്‍, നീണ്ട താടിയും, ഉറക്കൊഴിഞ്ഞ കണ്ണുകളും ആയി ആശുപത്രിക്കും, വീടിനും, ഓഫീസിനും ഇടയിലെ ഒട്ടങ്ങള്‍ക്ക് ഇടയില്‍ തളര്‍ന്ന അയാള്‍ പറഞ്ഞു:
"വീട്ടില്‍ എല്ലാവരും കരയുന്നു. ദൈവത്തോട് പരാതി പറയുന്നു. എല്ലായിടത്തും കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ സന്തോഷമാണ്. എനിക്കെന്തോ ഇങ്ങനെ...ഞാന്‍ എന്റെ മകനെ കണ്ടത് ഉണ്ടായി നാലാം പക്കമാണ്. അതുവരെ അവന്‍ ഇന്കുബെട്ടറില്‍ ആയിരുന്നു. എനിക്കൊന്നു കരയാന്‍ പോലും ആകുന്നില്ല. സഹിക്കാന്‍ പറ്റാതെ ആകുമ്പോള്‍ ബാത്രൂമിലെ ടാപ്പ് ഓണ്‍ ചെയ്തിട്ട് ആരുമറിയാതെ ഞാന്‍ കരഞ്ഞു തീര്‍ക്കുന്നു."

"നമുക്കൊരു കാര്യം ചെയ്യാം. ഒരു യാത്ര പോകാം. ഒരുപാട് ദൂരെയ്കൊന്നും വേണ്ട. വെളുപ്പിനെ പോയി വൈകുന്നേരത്തിനു മുന്പ് തിരിച്ചെത്തുന്ന ഒരു സ്ഥലം."

അങ്ങിനെ ദീപാവലി പിറ്റേന്ന് വെളുപ്പിന് ഞങ്ങള്‍ ഒരു യാത്ര പോയി. ഹോഗേനക്കല്‍. വഴി നീളെ വംശി കുഞ്ഞിന്റെ അസുഖത്തെക്കുറിച്ച് അതിന്റെ പല പല വശങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു ഒപറെഷനുകള്‍ വേണം. അത് കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകു. വഴിയരികിലെ ഏതോ ഒരു ഓല മേഞ്ഞ കടയില്‍ നിന്നും വയറു നിറയെ ഞങ്ങള്‍ ഇഡ്ഡലിയും ദോശയും കഴിച്ചു. ഒരു വെട്ടു ഗ്ലാസ് നിറയെ ചായ കുടിച്ചു. നല്ല രുചി.

ഹോഗേനക്കല്‍`: വെള്ളച്ചാട്ടം, തിരക്ക്, തിരുമ്മല് കാരുടെയും, പരിസല്‍ എന്ന് തമിഴന്മാര്‍ വിളിക്കുന്ന വട്ടത്തിലുള്ള വള്ളങ്ങളുടെയും സ്ഥലം. മീന്‍ പിടിച്ചു വറുത്തു വില്‍ക്കുന്നവരുണ്ട്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒരു പാറയിടുക്കില്‍ ഞങ്ങള്‍ പോയി വെയില്‍ മൂക്കുന്നത് വരെ സംസാരിച്ചിരുന്നു.

തിരിച്ചു പോകുമ്പോള്‍ അയാളുടെ മടുപ്പിനൊരു കുറവ് വന്ന പോലെ തോന്നി. അന്ന് വൈകിട്ടാണ് വംശി, ഞാന്‍ നിന്റെ മകനെ കണ്ടത്. അവനെന്നെ നോക്കി മോണ കാട്ടി ചിരിച്ചു. വംശി പറഞ്ഞു : "അവന്‍ അറിയുന്നുണ്ടോ, അപ്പനേം അമ്മേനേം ഇട്ടു അവന്‍ എന്തുമാത്രം കഷ്ടപെടുത്തുന്നുന്ടെന്നു?"

പിന്നെ ഓപറേഷനുകള്‍‍, കാശുണ്ടാക്കാനായുള്ള നെട്ടോട്ടങ്ങള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വീട്ടില്‍ പോകാന്‍ സമയം ഇല്ലാതെ അയാള്‍ പല ദിവസവും കാറില്‍ കിടന്നാണ് ഉറങ്ങിയിരുന്നത് എന്ന് വൈകിയാണ് അറിഞ്ഞത്. കുഞ്ഞിനൊപ്പം അമ്മയെ മാത്രമേ അനുവദിക്കുകയുള്ളുവത്രേ.

ഒരു ദിനം കുഞ്ഞിനു വേണ്ടി ചോര കൊടുക്കാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു:
"എനിക്കിപ്പോള്‍ ഒരു വിഷമവും തോന്നുന്നില്ല. നമ്മുടെ കഷ്ടപ്പാടുകള്‍ ഒന്നുമല്ല. ദേ.. ആ വാര്‍ഡില്‍ പന്ത്രണ്ടോളം കുഞ്ഞുങ്ങളുണ്ട്, പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരെ. ഒരു ഗതിയും ഇല്ലാത്തവര്‍, ചെലവാക്കാന്‍ ഒറ്റ പൈസ പോലും ഇല്ലാത്തവര്‍. കൂട്ടത്തില്‍ റോഡ്‌ പണിക്കാരും, പാനിപൂരി വില്‍ക്കുന്നവരുടെയും മക്കള്‍ വരെയുണ്ട്. അതും വളരെ മോശം അവസ്ഥയില്‍ ഉള്ള കുഞ്ഞുങ്ങളും ആയി. ഞാന്‍ ദൈവത്തെ ചീത്ത പറഞ്ഞിട്ടുണ്ട്. എന്തിനു എനിക്ക് മാത്രമീ അവസ്ഥ തന്നു എന്ന്. ഇപ്പോളെനിക്ക് മനസ്സിലാകുന്നു നമ്മള്‍ ഒന്നും അറിയുന്നില്ല,ഒന്നുമൊന്നും"

ഇന്ന്, ആറു മാസങ്ങള്‍ക്ക് ശേഷം, കുഞ്ഞു ആരോഗ്യവാനായിരിക്കുന്നു. ദിവസം രണ്ടു പായ്കറ്റ് സിഗരറ്റ് വലിച്ചിരുന്ന ഒരാള്‍ സിഗരറ്റ് വലി പാടെ ഉപേക്ഷിച്ചു. ഒരു കോഴിയെ മുഴുവനെ വിഴുങ്ങിയിരുന്ന ഒരാള്‍ വെജിടെറിയാനായിരിക്കുന്നു. എല്ലാം ആ കുഞ്ഞിനു വേണ്ടി. ലോകത്തെങ്ങുമുള്ള Ebstein's Anomaly ബാധിച്ച കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ ചേര്‍ന്ന് ഒരു online community site ഉണ്ടാക്കിയിട്ടുണ്ട്. http://www.ebsteins.org/ അതിലെ ഓരോരുത്തരുടെയും അനുഭവ കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ഒരു താങ്ങും ആശ്വാസവും ആകുന്നു.

"വംശി, നാളെ എങ്ങോട്ട് എങ്കിലും പോയാലോ?"
"ഇല്ലില്ല, തിരക്കാണ് "
"എന്ത് തിരക്ക്? "
"എനിക്ക് മോന്റെ കൂടെ കളിക്കണം. You nonsense bachelors won't understand that"
ശരിയാണ് വംശി. എനിക്കെന്തു മനസ്സിലാകാന്‍?

ജനിക്കും മുന്‍പേ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ ഉള്ള ഈ ലോകത്ത് എനിക്കവനെ വേണം എന്ന് വാശി പിടിച്ചു ജീവിതത്തിലേയ്ക്ക് അവനെ കൊണ്ട് വന്ന വംശി, ജ്യോത്സ്ന നിങ്ങളെ ഞാന്‍ നമിക്കുന്നു. നിങ്ങള്‍ക്കിത് വായിക്കാന്‍ ആവില്ല. എങ്കിലും ഞാന്‍ ഇത് എന്തിനെഴുതി എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

[ഇവനാണാ പുലിക്കുട്ടി. പേര് ചിരന്തന്‍. ഈ ഫോട്ടോ വംശി തന്റെ മൊബൈലില്‍ എടുത്തതാണ്. ഇത് ഈ ബ്ലോഗില്‍ ഇട്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സന്തോഷത്തോടെ എനിക്ക് തന്നു.]

ഈ പോസ്റ്റ്‌ ആരെങ്കിലും ഒക്കെ കണ്ടാല്‍ ഇവന് വേണ്ടി ഒന്ന് പ്രാര്‍ഥിക്കുക, ചിലപ്പോള്‍ നമ്മുടെയൊക്കെ പ്രാര്‍ത്ഥനകളാകാം ഈ ഭൂമിയില്‍ ഇനിയും അവശേഷിക്കുന്ന നന്മകള്‍ക്ക് കാരണം.

സമര്‍പ്പണം:
സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവനവന്റെ സുഖങ്ങളും ജീവിതങ്ങളും ബലിയര്‍പ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്ക്കും.
Share/Bookmark

വെടിവട്ടങ്ങളുടെ സന്ധ്യകള്‍



എത്രയോ കാലം അകലെയാണവ...

രണ്ടു രൂപയുടെ നാരങ്ങ വെള്ളത്തിനു ബെറ്റു വെച്ച് നമ്മള്‍ തകര്‍പ്പന്‍ വോളിബോളും, ബാഡ്മിന്റനും, ക്രിക്കറ്റും, കബഡിയും കളിച്ചിരുന്ന, സന്ധ്യ മയങ്ങുമ്ബോള്‍ വെടിവട്ടങ്ങളും പരദൂഷണങ്ങളും തമാശകളും കൊണ്ട് ഉത്സവമാക്കിയിരുന്ന സന്ധ്യകള്‍. നാരകത്തരയുടെ പറംബിലെ വോളിബാള്‍ കോര്‍ട്ടും, മൂട്ടില്‍ കുഞ്ഞിരാമന്റെ പറംബിലെ ക്രിക്കെറ്റ് പിച്ചും, നംബീശന്റെ പറംബിലെ ബാഡ്മിന്റൊന്‍ കോര്‍ട്ടും, നംബീശന്റെയും ജോയിചെട്ടന്റെയും കോട്ടയം ബാബുവിന്റെയും കടകളും ശശിയുടെ മാടക്കടയും, സഹൃദയ വായനശാലയും ഒക്കെ ഓര്‍മ്മകള്‍. അന്നൊക്കെ നമുക്ക് എന്ത് മാത്രം വിഷയങ്ങളായിരുന്നു, രസങ്ങളായിരുന്നു.

പിന്നെ അനന്തം അജ്ഞാതം അവര്‍ണ്ണനീയമായ യാത്രകള്‍. വിശപ്പറിയാതെ, ദാഹമറിയാതെ, കയ്യില്‍ ഒറ്റ പൈസ പോലുമില്ലാതെ കാതങ്ങള്‍ നടന്നു താണ്ടിയിരുന്ന കാലങ്ങള്‍. വെയിലും മഴയും ഒക്കെ നമുക്ക് കൂട്ടായിരുന്നു. കടലു കാണാന്‍, മുക്കുവരുടെ വെളുപ്പാന്‍ കാലങ്ങളെ കണ്ടറിയാന്‍, വെളുപ്പിന് നമ്മള്‍ കടപ്പുറങ്ങളില്‍ പോയിരുന്നിട്ടുണ്ട്. വെറുതെ. പിന്നെ പാതിരാവു വരെ ഫിലിം സൊസൈറ്റിയിലെ സിനിമകള്‍ കണ്ടിരുന്നു കൊടും മഴയത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ നിറം ആവാഹിച്ചു പെയ്യുന്ന മഴ നൂലിഴകളിലൂടെ കുളിരണിഞ്ഞു നാം നടന്നിട്ടുണ്ട്.

അന്ന് ബേക്കല്‍ കോട്ടയും അതിന്റെ രഹസ്യ വഴികളും ഉള്ളം കൈ പോലെ നമുക്കറിയാമായിരുന്നു. എത്രയെത്ര സന്ധ്യകള്‍ ആരോരുമില്ലാത്ത അന്നത്തെ കോട്ടയില്‍ പിരിവിട്ടു വാങ്ങിയ കള്ളും ബീറുമായി നമ്മള്‍ സന്ധ്യ മയങ്ങുന്നത്‌ കണ്ടവിടെ ഇരുന്നിട്ടുണ്ട്. എനിക്കെന്നും വീട്ടില്‍ എത്തണമായിരുന്നു. അമ്മയുടെ ചോറും അച്ഛന്റെ സ്നേഹവും വയറു നിറച്ചു ഉണ്ണാതെ എനിക്കുറങ്ങാനാവില്ലായിരുന്നു. നിങ്ങള്‍ അവിടെ കടലലകളുടെ താരാട്ടും, നിലാവിന്റെയും നക്ഷത്രങ്ങളുടെയും മായാജാലവും കണ്ടിരിക്കുന്നതോര്‍ക്കുമ്പോള്‍ എനിക്കസൂയയായിരുന്നു. അന്നെത്ര കവിതകള്‍, കഥകള്‍, സിനിമകള്‍, സംഗീതം, വിപ്ലവങ്ങള്‍, ജീവിതം, യാത്രകള്‍. ഉച്ചതിരിഞ്ഞ് ക്ലാസില്‍ ഇരുന്നതിലും കൂടുതല്‍ നാമാ കോട്ടയില്‍ ഇരുന്നിട്ടുണ്ട്. കോട്ട മതിലിനു മുകളിലൂടെ മത്സരിചോടിയിട്ടുണ്ട്. താഴെ നിന്നും ആരോ വിളിച്ചു പറഞ്ഞു: "മക്കളെ, അഡ്രസ്‌ എഴുതി പോക്കറ്റില്‍ ഇട്ടോണ്ടോടിക്കോ, വീട്ടില്‍ അറിയിച്ചേക്കാം"

സന്ധ്യ, എന്നുമെന്നും മോഹിപ്പിക്കുന്ന സന്ധ്യ. വിരഹവും ദുഖവും നിറയ്ക്കുന്ന സന്ധ്യ.

ഇപ്പോള്‍ സന്ധ്യകള്‍ ഉണ്ടോ? വെടിവട്ടങ്ങള്‍ ഉണ്ടോ?

ഉണ്ട്. ഞാനീ പറഞ്ഞ ഇടങ്ങളോക്കെയും പുതിയ കെട്ടിടങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. ഇപ്പോളത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ സമയമില്ല പോലും. പിന്നെ അവര്‍ക്ക് വീഡിയോ ഗൈമുകളും ഇന്റര്‍നെറ്റും ഒക്കെയാണത്രെ ഇഷ്ടം.

EMI, tax savings, loan, planning, hike, client call, dead line, shopping mall അങ്ങനെ എന്തൊക്കെയോ എന്റെ സന്ധ്യാ വെടിവട്ടങ്ങളെ തിന്നു തീര്‍ക്കുന്നു. അപ്പോള്‍ ഒക്കെയും ഞാന്‍ മനസ്സില്‍ ഓര്‍ക്കും, ഈ കൊപ്പോക്കെയും ഇട്ടെറിഞ്ഞു പോകണം. ഒരു ലക്ഷ്യവും ഇല്ലാതെ കറങ്ങി നടക്കണം. ഒരു ശല്യവുമില്ലാതെ ഒരു ദുഖവും അലട്ടാതെ ഒരു സന്ധ്യ മയങ്ങുന്നത്‌ കാണണം. ഒരിക്കലും നടക്കാത്ത സ്വപ്നം. തിരിച്ചു വിളിക്കുന്ന സ്നേഹങ്ങള്‍, പറിചെറിയാനാവാത്ത കടപ്പാടുകള്‍, ഉത്തരവാദിത്തങ്ങള്‍. എങ്കിലും സന്ധ്യകള്‍ ഉണ്ട്. ആര്‍ക്കും വേണ്ടെങ്കിലും, ആര്‍ക്കൊക്കെ തിരക്കാണെങ്കിലും ആരെയോ കാത്തെന്ന പോലെ ദിനവും ഓരോ ചമയങ്ങള്‍ അണിഞ്ഞു അവള്‍ വന്നു പോകുന്നു.
Share/Bookmark

Friday, March 26, 2010

പ്രതീക്ഷകളുടെ നിറം

വെന്തെരിയുന്ന വേനലും ഈയൊരു നിറപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കയാവാം. [ പഴയൊരു പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ ചിത്രം.]
Share/Bookmark

Wednesday, March 24, 2010

ഹ, വെറുപ്പിക്കാണ്ട് പോ കൂവേ


Share/Bookmark

Monday, March 22, 2010

വെയില്‍ പടരുന്ന ഇടങ്ങള്‍


ഇരുണ്ട ചെറിയ കോണുകളില്‍ എന്തോ ഒന്നുള്ളത് പോലെ. ഉണ്ണിക്കു ആ കോണുകളില്‍ പോയി ഇരിക്കാന്‍ തോന്നും. ഒരു ഉറുംബിനെ പോലെ കുഞ്ഞായിട്ടു ആ കോണുകളുടെയും കോണില്‍ പോയിരിക്കണം. ആ ഇരുണ്ട രഹസ്യം നിറഞ്ഞ കോണുകളെ എനിക്കറിയാം. നന്നായിട്ടറിയാം. എന്റെ ആ മനസ്സില്‍ കോണുകളും മൂലകളും ഉള്ളത് പോലെ. അവിടെ പോയിരിക്കാന്‍ പറ്റുന്നില്ല. - സക്കറിയയുടെ ആദ്യ കഥയായ 'ഉണ്ണി എന്ന കുട്ടി' യില്‍നിന്നും.
Share/Bookmark

Saturday, March 20, 2010

എങ്ങോട്ടെന്നറിയാതെ...

വഴിയറിയാതെ, ചോദിക്കുവാന്‍ ആരുമേ ഇല്ലാതെ, മുന്‍പില്‍ തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെ, എവിടെ എത്തുമെന്ന് യാതൊരു അറിവുമില്ലാതെ നടത്തിയ ഒരു കുടജാദ്രി യാത്രയുടെ ഓര്‍മ്മയ്ക്ക്‌...
Share/Bookmark

Thursday, March 18, 2010

ജീവിക്കുവാന്‍ കാരണമാകുന്നവയില്‍ ചിലവ | Some reasons for being alive


Share/Bookmark

Tuesday, March 16, 2010

തീ കൊണ്ട് വരയ്കപ്പെടുന്നവ



Fire is bright,
Fire can light,
Rule the world in eternal flame.

Fire is destructive,
Fire is legendary,
Fire is the worlds worst sorrow.

Fire is love,
Fire is hate,
Fire is within everything.

Brandon Cole
Share/Bookmark

Monday, March 15, 2010

വരൂ എന്ന് മാടി വിളിച്ചോരാ പൂക്കളെത്ര ദൂരെയായ്...


Share/Bookmark

Saturday, March 13, 2010

കുളിപ്പാനായ്‌ കുളം വേണം...

പ്രവാസിയെ കൊതിപ്പിക്കുന്ന മോഹങ്ങളില്‍ ഒന്ന്....

ടൈറ്റിലിന് കടപ്പാട്: കാവാലം നാരായണപണിക്കരുടെ 'ആലായാല്‍ തറ വേണം' എന്ന കവിത.
Share/Bookmark

Friday, March 12, 2010

വെളിച്ചം പൂക്കുവാനുള്ള മരങ്ങള്‍


Share/Bookmark

Wednesday, March 10, 2010

സൂര്യനെ വിഴുങ്ങുന്ന ഷിബു



അന്നേ പറഞ്ഞതാണ് വേണ്ട വേണ്ട എന്ന്. കേട്ടില്ല. അന്ന് തുടങ്ങിയതാണ്‌ ഷിബുവിന്റെ നെഞ്ച് എരിച്ചിലും പരവേശവും. എന്ത് ചെയ്യാനാ? ഷിബു നീ ഇതൊന്നും കാണരുത് കേള്‍ക്കരുത്. എല്ലാവര്‍ക്കും തിരക്കാണല്ലോ...
Share/Bookmark

Monday, March 8, 2010

ഒരു കുഞ്ഞു സൂര്യനെ


ഒരു കുഞ്ഞു സൂര്യനെ നിറുകയില്‍ ചാര്‍ത്തുന്ന
വെറുമൊരു ഹിമ ബിന്ദു ഞാന്‍ ഒരു ഹിമ ബിന്ദു
നിറുകയിലാ സൂര്യന്‍ എരിയുംബോള്‍
താനേ ഉരുകുന്ന ഹിമ ബിന്ദു
അതിലുരുകുന്ന ഹിമ ബിന്ദു

എന്നോ മാഞ്ഞ നിലാവിന്റെ ഓര്‍മ്മകള്‍
ഇന്നീ മുല്ലയില്‍ പൂവിട്ടു
പൂവിതള്‍ തുംബിലെ കണ്ണുനീരൊപ്പുവാന്‍
കൈ വിരല്‍ നീളുന്നു
വെറുതെ…….. വെറുതെ……..വെറുതെ……

എന്നോ കണ്ട കിനാവിന്റെ ഓര്‍മ്മകള്‍
ഇന്നീ മൌനത്തില്‍ മൊട്ടിട്ടു
കാലത്തുണര്‍ന്നൊരു പൂക്കളീ
പാട്ടിനായ് കാവിലെ മൈനയും
കാത്തിരുന്നു….വെറുതെ…….
വെറുതെ…….വെറുതെ…….



കേള്‍ക്കുംബോള്‍ ഒക്കെയും ഒരു നോവായി നിറയുന്ന വേണു നാഗവള്ളിയുടെ സുഖമോ ദേവിയിലെ ONV യും രവീന്ദ്രനും ചേര്‍ന്ന് സൃഷ്ടിച്ച ഒരു മധുര ഗാനം.
Share/Bookmark

Saturday, March 6, 2010

ദൂരെ ദൂരെ...


ദൂരെ ദൂരെ.... ഇരുള്‍ വെളിച്ചത്തോടും, കര കടലിനോടും, ജീവിതം മരണത്തോടും കൂട്ടി മുട്ടുന്നൊരു ബിന്ദുവുണ്ട് . എല്ലാവര്‍ക്കും അറിയുന്ന എന്നാല്‍ ആര്‍ക്കും പറയാനാവാത്ത ഒരുബിന്ദു.
Share/Bookmark

Monday, March 1, 2010

എന്റെ ലൈറ്റ് ട്രെയില്‍ പരീക്ഷണങ്ങള്‍ | My experiments on light trail






ഞാന്‍ ഇതെങ്ങിനെ ഒപ്പിച്ചു:
റോഡില്‍ നല്ല തെരക്കുള്ള സന്ധ്യയ്ക്ക് ഒരു camera[ ബള്‍ബ്‌ മോഡ് ഉള്ളത്] tripod ല്‍ ഉറപ്പിച്ചു ഷട്ടര്‍ കുറേനേരം തുറന്നു പിടിച്ചു നില്‍ക്കുക. ചിത്രങ്ങള്‍ താനേ പതിഞ്ഞു കൊളളും. ബാക്കിയൊക്കെ മനോധര്‍മം പോലെ.

ഈ ചിത്രങ്ങള്‍ നന്നായിട്ടില്ല എന്നെനിക്കറിയാം. ബംഗ്ലൂരിലെ മുടിഞ്ഞ ട്രാഫിക്‌ ബ്ലോക്കില്‍ നേര്‍ത്ത പ്രകാശ രേഖകള്‍ പ്രതീക്ഷിക്കുന്നത് തന്നെ ഒരു കുറ്റമാണ്. അത്ര വേഗതയിലാണല്ലോ ഇവിടെ വാഹനങ്ങള്‍ നീങ്ങുന്നത്‌. ടോര്‍ച്ചും പിടിച്ചു ആളുകളോട് നടന്നു പോകാന്‍ പറഞ്ഞാല്‍ ഇതിലും നല്ല ചിത്രം ഒരു പക്ഷെ കിട്ടിയേനെ. എങ്കിലും എന്റെ ആദ്യ പരീക്ഷണം എന്ന നിലയില്‍ ഇവ ഞാന്‍ ചേര്‍ക്കുന്നു.


സമര്‍പണം: എന്നെ വണ്ടി ഇടിക്കാതെയും പോലീസ് പിടിക്കാതെയും കാത്ത രമേഷിന്, ഞങ്ങള്‍ തമ്മില്‍ സ്ഥിരം ഒടക്കിലാണെങ്കിലും എന്നോട് ദയ കാട്ടുന്ന ദൈവത്തിനും.
Share/Bookmark

LinkWithin

Related Posts with Thumbnails