Saturday, December 19, 2009

നമ്മുടെയൊക്കെ ജീവിതങ്ങള്‍

എന്തൊരു തരം ജീവിതമാണ് സുഹൃത്തേ നമ്മുടേത്‌? നാം അവസാനമായി ഒരു ഉദയ സൂര്യനെ കണ്ടത് എന്നാണ്? കഴിഞ്ഞ ഏതോ ദിവസം പതിവ് തെറ്റി പാതിരാവില്‍ ഒരു കാക്ക കരഞ്ഞപ്പോള്‍ ആണ് നാളുകള്‍ക്കു ശേഷം ഞാനൊരു കാക്കയെ കുറിച്ച് ചിന്തിച്ചത്. നാം ആര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്? പണ്ട് നാം നമ്മെ അടിമകള്‍ ആക്കിയവര്‍ക്ക് എതിരെ പൊരുതി. നാം സ്വാതന്ത്ര്യം എന്ന് വിശ്വസിച്ച എന്തോ ഒന്ന് നേടി എടുക്കാനായി. ഇന്നോ... ശരീരവും മനസ്സും ബുദ്ധിയും ജീവിതം തന്നെയും അടിമകള്‍ ആക്കപ്പെട്ടിട്ടും അത് തിരിച്ചറിയാനുള്ള ശേഷി പോലും നഷ്ടപ്പെട്ടു നാം എങ്ങോട്ടാണീ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്?

ജീവിതം നാനാ ഭാഗത്ത്‌ നിന്നും തിരക്ക് കൂട്ടുകയാണ്.. നാമും ആ തിരക്കില്‍ സ്വയമറിയാതെ താന് പോകയാണ്. എപ്പോഴെങ്കിലും ഒരിക്കല്‍ ശരീരത്തിന്റെ താള പിഴകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ അവതില്ലാതെ എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമ്പോള്‍ നാം അറിയുകയാണ് ഒന്ന് ഓര്‍ത്തു വയ്ക്കുവാന്‍ പോലും ഒരു രസവും നമ്മുടെ ജീവിതത്തില്‍ ഇല്ലാതെ ആയിരിക്കുന്നുവെന്നു.

പകലിരവുകളിലെ കത്തുന്ന തലച്ചോറുമായി ക്ഷീണം അകറ്റാന്‍ നാം കിടക്കുംപോലും നമുക്ക് പറയാനുള്ളത് ചിന്തിക്കാനുള്ളത് client- ന്റെ ക്രൂര കൃത്യങ്ങളും, coding- ലെ നൂലാ മാലകളും ഓഫീസിലെ തൊഴുത്തില്‍ കുത്തുകളും മാത്രമാണ്. എത്രയൊക്കെ സമ്പാധിച്ചിട്ടും മാസം തീരുമ്പോള്‍ ഒരു 100 രൂപയ്കായി നാം പരസ്പരം കൈ നീട്ടേണ്ടി വരുന്നത് എന്തേ?

ഇതായിരുന്നുവോ നാം സ്വപ്നം കണ്ടിരുന്ന സുഖ ജീവിതം? നമുക്ക് ആരുമാരും ഇല്ലാതെ ആയിരിക്കുന്നുവല്ലോ സുഹൃത്തേ... ബന്ധങ്ങള്‍ ഇടയ്ക് വല്ലപ്പോളും ഫോണുകളില്‍ കേള്‍ക്കുന്നൊരു ശബ്ദം മാത്രമായി പോയിരിക്കുന്നതെന്തേ?

എന്തേ നാം നമ്മുടെ ജീവിതത്തെ എങ്ങോ ഇരുന്നു നിയന്ത്രിക്കുന്ന ആര്‍ക്കോ വേണ്ടി തീറെഴുതി കൊടുക്കുവാന്‍?

ഒരു ദിവസ കൂലിക്കാരനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പോലും ചെളി പുരളാത്ത കുപായങ്ങളുമായി നടക്കുന്ന നമുക്കില്ലാതെ പോയതെന്തേ? നാമാകുന്നു ഗുദത്തില്‍ മാത്രം ബുദ്ധി ജീവിയായ വൈറ്റ് കോളര്‍ വര്‍ഗം. എന്താണ് നാമീ ചെയ്തു കൂട്ടുന്നത്‌? എന്താണ് നമുക്ക് ബാകിയാവുന്നത്?

വരും തലമുറയ്ക്ക് നാം എന്ത് മൂല്യങ്ങള്‍ കൈമാറും? കൈമാറുവാന്‍ ബാങ്ക് ബാലന്‍സുകള്‍ അല്ലാതെ കാണിച്ചു കൊടുക്കുവാന്‍ നമുക്കൊരു ജീവിതം പോലുമില്ലല്ലോ സുഹൃത്തേ.....

കോടികള്‍ മറിയുന്ന പ്രോജെച്ടുകളുടെ തീന്‍ മേശകളില്‍ നിന്നും വീണു കിട്ടുന്ന എല്ലിന്‍ കഷണങ്ങള്‍ക്ക് ആയി നാം പകരം കൊടുക്കുന്നത് നമ്മുടെ ജീവിതമാകുന്നു.

ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌ തോന്നുന്ന തിങ്കളാഴ്ചകള്‍ വരുന്നു. നാം വേഷ ഭൂഷാധികള്‍ അണിഞ്ഞു ഓട്ടം തുടങ്ങുന്നു. പിന്നെ ശനിയാഴ്ച ഇരവിലാണ് നാം അറിയുന്നത് ആഴ്ച ഒന്ന് കടന്നു പോയത്. ആഴച്ചകള്‍ മാസങ്ങളിലെയ്ക്കും മാസങ്ങള്‍ വര്‍ഷങ്ങളിലെയ്ക്കും വളര്‍ന്നു കൊണ്ടെയ്രിക്കുന്നു. നാമോ മറ്റാരക്കൊക്കെയോ വേണ്ടി ജീവിച്ചുകൊണ്ടും.

ശരീരത്തിന് ഒരു തളര്‍ച്ച തോന്നിയാല്‍, ബുദ്ധി ഒന്ന് മന്ധീഭവിച്ചാല്‍ നമ്മുടെ സ്ഥാനം പടിക്ക് പുറത്താകുന്നു. നാം വിപ്ലവങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല, അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നില്ല. നിലനില്പിന്റെ സ്ഥിരതയെ കുറിച്ച് പോലും ചിന്തിക്കുന്നില്ല. നാം ഒന്നുമേ അറിയുന്നില്ല. ഇല്ലെങ്കില്‍ എല്ലാം അറിഞ്ഞും ഒന്നുമേ അറിയാതിരിക്കാന്‍ ശ്രമിയ്ക്കുന്നു.

കണ്ണാടിയില്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ സുഹൃത്തേ...നാം തന്നെ നമുക്കെത്ര അന്യര്‍ ആയിരിക്കുന്നു. നമ്മുടെ കണ്‍ തടങ്ങളില്‍ ക്ഷീണത്തിന്റെ കറുപ്പന്‍ ചുളിവുകളില്‍, നമ്മുടെ ചിരികളില്‍ കാപട്യതിന്റെയും നിസ്സങ്ങതയുടെയും മുഷിപ്പുകള്‍. നാം എങ്ങോട്ട് എന്തിനു വേണ്ടിയാണീ ഓടിക്കൊണ്ടിരിക്കുന്നത്?

അയ്യയ്യോ.... പ്രോജെച്ടിന്റെ വീണു കിട്ടിയ ഇടവേളയില്‍ മനസ്സില്‍ വന്ന എന്തൊക്കെയോ ഞാനും കുനു കുനെ കുറിച്ച് വയ്ക്കുന്നു. സമയം പോയി. ചെയ്തു തീര്‍ക്കുവാന്‍ എനിക്കും ഒരുപാട് ജോലികളുണ്ട്. അതിനിടയില്‍ സമയം മേനക്കെടുതുവാനായി മനസ്സിന്റെ ഓരോരോ മണ്ടന്‍ ചിന്തകളെ....ചുമ്മാ..
Share/Bookmark

3 comments:

  1. You said it man. Keep poting best of luck.

    ReplyDelete
  2. Still am in dobubtful "is this life ?"....
    only profit and loss..? ...
    nobody wants to share...all are calculating in money ..., if i attend i loss this much,and time..etc...
    wheres our relationship?

    ReplyDelete

LinkWithin

Related Posts with Thumbnails