Tuesday, December 29, 2009

One hour photo - ഏകാന്തതയുടെ ബാക്കിപത്രങ്ങള്‍

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഏകാന്തരായ, ഏകാന്തത ഒരു ശാപം ആയി കൊണ്ട് നടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥകള്‍ എന്നും എന്നെ മോഹിപ്പിചിട്ടുണ്ട്. കഥാപാത്രങ്ങളും അവരുടെ അവസ്ഥകളും ആയി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നത്‌ കൊണ്ട് കൂടിയാവാം. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ചെയ്തു കൂട്ടുന്ന ഓരോ പ്രവൃത്തിയും ആത്യന്തികം ആയി അവന്റെ ഏകാന്തതയെ തരണം ചെയ്യുവാനുള്ള പരിശ്രമങ്ങള്‍ ആണ്.

Robil Williams ഒരു ഹാസ്യ നടന്‍ ആയാണ് അറിയപ്പെടുന്നത്. പക്ഷെ ഞാന്‍ അദ്ദേഹത്തിന്റേത് ആയി കണ്ട സിനിമകളില്‍ ഒന്നുമേ ഹാസ്യം ഇല്ലായിരുന്നു. Good Will hunting- ലെ പ്രോഫെസ്സരും Insomnia - യിലെ വില്ലനും, ഇതാ One hour photo - യിലെ ഏകാന്ത പധികനും.

നാം ദിവസേന കാണുന്ന, എന്നാല്‍ നമുക്ക് ഒന്നുമേ അറിഞ്ഞു കൂടാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ട്. ദിവസവും യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടറുടെ, ചായക്കടക്കാരന്റെ, പലചരക്ക് കടയിലെ എടുത്തു കൊടുപ്പുകാരന്റെ അങ്ങിനെയങ്ങിനെ. നാം ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല, ഒരു പാതി മറയ്ക് അപ്പുറം നിന്ന് ദിവസേന നമ്മളെ കാണുന്ന അവര്‍ നമ്മെ കുറിച്ച് എന്തൊക്കെയാവും ചിന്തിച്ചിരിക്കുക എന്ന്.

ഇതൊരു ഷോപ്പിംഗ്‌ മാളിലെ photo processing കടയില്‍ ജോലി ചെയ്യുന്ന ഒരു മനുഷ്യന്റെ കഥ ആണ്. Seymour Parrish അഥവാ Sy യുടെ കഥ. യന്ത്രം പോലെ പണിയെടുക്കുന്ന സമൂഹവും ആയി പ്രത്യേകിച്ച് ഒരു ബന്ധവും സൂക്ഷിക്കാത്ത, പുറമേ നിന്നും നോക്കിയാല്‍ വികാര വിചാരങ്ങള്‍ എതുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. പതിയെ നാം അയാളുടെ ഏകാന്തത അറിയുകയാണ്. പ്രത്യേകിച്ച് ഒന്നുമേ ചെയ്യുവാന്‍ ഇല്ലാത്ത വൈകുന്നേരങ്ങള്‍. രാത്രിയില്‍ ടിവിയിലെ ചാവലുകള്‍ മാറ്റി മാറ്റി അയാള്‍ ഉറക്കത്തിലേയ്ക്കു പോകുന്നു. തനിയാവര്തനത്തിന്റെ രാപകലുകള്‍. അയാള്‍ തന്നെ പറയുന്നുണ്ട് അയാളുടെ ഏക സന്തോഷം വല്ലപ്പോളും process ചെയ്യാന്‍ കിട്ടുന്ന ഒരു നല്ല ഫോട്ടോ ആണ്. അതും കാമറ കയ്യിലുള്ളവന്‍ എല്ലാം ഫോട്ടോഗ്രാഫര്‍ ആകുന്ന ഈ കാലത്ത്.

ഇനി മറ്റൊരു കാഴ്ചയാണ്, അയാള്‍ക്ക് ഇല്ലാതെ പോയ ജീവിതത്തിന്റെ മറുവശം പോലെ ഒരു സന്തുഷ്ട കുടുംബം. അച്ഛന്‍ അമ്മ ഒരു മകന്‍. Sy - യും ഇവരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഫോട്ടോകള്‍ ആണ്. അവരുടെ കുടുംബത്തിലെ ഓരോ വിശേഷത്തിനും എടുക്കുന്ന ഫോട്ടോകള്‍ process ചെയ്യുന്നത് Sy ആണ്. കുടുംബം സൌഹൃദങ്ങള്‍ ഇവയൊന്നും ഇല്ലാത്ത അയാള്‍ സ്വയം ആ കുടുംബത്തിലെ അംഗം ആയി സ്വയം സങ്കല്പിക്കുക ആണ്.

പക്ഷെ ഒരു ദിനം അയാള്‍ അറിയുകയാണ്. ആ കുടുംബത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു അപകടം. സന്തുഷ്ട കുടുംബത്തിലെ അച്ഛന് ഒരു പരസ്ത്രീ ബന്ധം. അയാള്‍ അത് അറിയുന്നതും process ചെയ്യുവാന്‍ കൊണ്ടുവരുന്ന ഒരു റോള്‍ ഫിലിമില്‍ നിന്നുമാണ്. തുടര്‍ന്ന് അയാളുടെ ജീവിതം കീഴ്മേല്‍ മറിയുകയാണ്. അതിനിടയില്‍ ഞെട്ടിക്കുന്നൊരു കാഴ്ച നാം കാണുന്നുണ്ട്. മുറിയിലെ ഭിത്തിയില്‍ നിറയെ പല കാലങ്ങളില്‍ ആയി ആ കുടുംബം എടുത്ത ഫോട്ടോകള്‍. അയാളുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ആ കുടുംബമാണ്. പിന്നെ അയാളുടെ ജീവിതം ആ കുടുംബത്തിനു മുകളിലെ കരി നിഴല്‍ അകറ്റുവാന്‍ ആയി വിനിയോഗിക്കുകയാണ്‌.

അത് വരെ മന്ദ ഗതിയില്‍ പോയിരുന്ന കഥ മറ്റൊരു മാനം സ്വീകരിക്കുകയാണ്. കഥാപാത്രതോടു ഒപ്പം വളരുന്ന കഥയും സന്ദര്‍ഭങ്ങളും. നായകന്‍റെ ഭ്രാന്തു നമ്മുടേത്‌ കൂടി ആവുകയാണ്. അയാള്‍ക്ക്‌ ജോലി നഷ്ടപ്പെടുന്നു. അയാള്‍ പ്രവചന അതീതന്‍ ആയി മാറുകയാണ്. അതിനു മുന്‍പ് അയാളുടെ മണിക്കൂറുകളെ ആര്‍ക്കു വേണമെങ്കിലും പ്രവചിക്കാമായിരുന്നു. എന്നാല്‍...

പ്രതികാരത്തിന്റെയും ആശ്വാസത്തിന്റെയും കണ്ടെത്തലിന്റെയും അതിജീവനത്തിന്റെയും മാധ്യമവും ഉപകരണവും അയാള്‍ക്ക്‌ ഒന്ന് തന്നെയാണ്- photography. ക്യാമറ തന്നെ ഉപകരണം ആക്കിയാണ് അയാള്‍ തന്റെ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നത്.

മറക്കാന്‍ ആവാത്ത ചില കാഴ്ചകള്‍:
zoom ചെയ്തു കൊണ്ട് തുടരെ എടുക്കുന്ന ഫോട്ടോകള്‍.

ഒരു പ്രിന്റ്‌ എടുത്താല്‍ disposable camera free എന്നും പറഞ്ഞു കുട്ടിക്ക് Sy ക്യാമറ സമ്മാനിക്കുമ്പോള്‍ നാമറിയുന്നു സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ഉള്ള മനസ്സിന്റെ ആര്‍ദ്രത. ആ കുടുംബത്തിലെ അംഗമാണ് താന്‍ എന്ന് സ്വയം കരുതുമ്പോളും താന്‍ ആരുമല്ല എന്നയാള്‍ അറിയുന്നുണ്ട്. നമ്മുടെയൊക്കെ ചില ബന്ധങ്ങള്‍ പോലെ.

താന്‍ പുറത്താക്കപ്പെട്ട കടയില്‍ ഒരു റോള്‍ ഫിലുമുമായി അയാള്‍ തിരിച്ചു ചെല്ലുന്നത്.

താന്‍ സമ്മാനിച്ച ക്യാമറയില്‍ out of focus ആയി ആ കുട്ടി എടുത്ത ഫോട്ടോകളില്‍ നോക്കി കരയുന്ന Sy -യെ.

അങ്ങിനെയങ്ങിനെ ഒരുപാട്.

നമ്മള്‍ നിത്യ ജീവിതത്തില്‍ മറന്നു പോകുന്ന എനാല്‍ അവയില്ലാതെ ജീവിക്കാന്‍ ആകാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ജീവിതത്തില്‍. തിരക്കുന്ന ലോകത്തില്‍ നാം അറിയാതെ പോകുന്ന, കാണാതെ പോകുന്ന മുഖങ്ങളില്‍ ഒന്നിനെ , പലപ്പോഴും അത് നാം തന്നെ ആകുന്നുമുണ്ട്, കാട്ടി തരുന്നു എന്നതാണ് ഈ സിനിമയുടെ മേന്മ.

Robin Williams - ന്റെ പ്രകടനത്തിന് മുന്‍പില്‍ മറ്റെല്ലാം നിഷ്പ്രഭമാകുകയാണ്. പലപ്പോഴും അമിത അഭിനയത്തിലേക്ക് വഴുതി വീണേക്കാവുന്ന മുഹൂര്‍ത്തങ്ങളെ എത്ര അനായാസമായാണ് അയാള്‍ കൊണ്ട് പോകുന്നത്. Sy -യുടെ ബോസ്സ് ആയി അഭിനയിക്കുന്ന Gary Cole-നു Office Space-ലെ തന്റെ വേഷത്തിന്റെ തനിയാവര്‍ത്തനം മാത്രംആണിത്.

ഇത് രക്ത ചൊരിചിലും, തുടരന്‍ കൊലകളും ആണ് ഒരു psychological thriller- നു വേണ്ടത് എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ചിത്രമല്ല. പതിയെ, സ്വാഭാവികമായി വളരുന്ന, നമ്മെ കഥാപാത്രങ്ങളുടെ മനസ്സുകളിലേക്ക് കൊണ്ട് പോകുന്ന ഒരു തകര്‍പ്പന്‍ ചിത്രം ആണ്. യാഥാര്‍ത്യങ്ങള്‍ പഞ്ചസാരയില്‍ പൊതിഞ്ഞു അവതരിപ്പിക്കാത്ത നന്മ മാത്രം ചെയ്യുന്ന നായകനും തിന്മയുടെ ആള്‍ രൂപമായ വില്ലനും അല്ലാത്ത ഒരു വ്യത്യസ്ത ചിത്രം.

ഷോപ്പിംഗ്‌ മാളുകളിലെ നമുക്കറിയാത്ത ജീവിതവും രാഷ്ട്രീയവും, കുടുംബ ബന്ധങ്ങളുടെയും എല്ലാതരം ബന്ധങ്ങളുടെയും തീക്ഷ്ണതയും, ഏകാന്തതയുടെ ആഴങ്ങളും നമ്മെ കാണിച്ചു തരുന്നുണ്ട് ചിത്രം. ഏകാന്തതയുടെ തണുത്ത മൂകമായ അന്തരീക്ഷം ഡയലോഗുകളുടെ അമിത ആശ്രയം കൂടാതെ തന്നെ കാണിച്ചു തരാന്‍ സംവിധായകന്‍ Mark Romanek -നു ആയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്.

ചിത്രത്തിന്റെ പശ്ശ്ചാതല സംഗീതവും ക്യാമറയും വേണ്ടത് വേണ്ടത് പോലെ മാത്രം ഉപയോഗിക്കാന്‍ ആയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0265459/



നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

1 comment:

  1. njan vaayichu.. film down load cheiyaan pokunnu.. kanditu abhiparayam parayaam...
    tnks a lot..
    -prave.itm@gmail.com

    ReplyDelete

LinkWithin

Related Posts with Thumbnails