Thursday, December 31, 2009

ജാലകത്തിനിപ്പുറം

ഒരു മഴക്കാറ്റ് വന്നെന്‍ ജനവാതില്‍ ചാരിയപ്പോള്‍ നീയാണ് വന്നത് തുറന്നിട്ടത്...... പിന്നെ കാലമൊരുപാട് നമ്മള്‍ ജനാലയിലൂടെ പുറം കാഴ്ചകള്‍ കണ്ടു. തീവണ്ടിയുടെ ചൂളം വിളിക്കിടയില്‍ രാത്രി കനക്കുകയായിരുന്നു. പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങള്‍ ആ രാവില്‍ പൂക്കുകയായിരുന്നു. എന്റെ അര്‍ദ്ധ മയക്കത്തില്‍ എങ്ങോ വെച്ച് നീ വണ്ടിയില്‍ നിന്നും അപ്രത്യക്ഷനായി. പിന്നെ മഴചാറല്‍ ഉള്ള പുലരിയില്‍ നനഞ്ഞു ഞാനും എങ്ങോ...

പിന്നെ വ്യഥകളില്‍ സ്വപ്നങ്ങളില്‍ സന്തോഷങ്ങളില്‍ കാലം നിശ്ശബ്ധമായോഴുകുന്നു... ഓര്‍മ്മചെപ്പിലെ കുന്നി മണികള്‍ പെരുകുന്നു.. പിന്നെയും ഒരു ജാലകത്തിനപ്പുറം നാമൊന്നിക്കുന്നു. അകലെ മന്ദം നടന്നകലുന്ന കൊലുസിന്റെ കൊഞ്ചലില്‍ എന്തോ ഒന്ന് നീ കണ്ടെത്തുന്നു. പ്രണയം പോലെ എന്തോ ഒന്ന്....നിന്റെ പരതുന്ന മിഴികളില്‍ കാത്തിരിപ്പിന്റെ വേദന....കണ്‍കോണിലെ തിളക്കത്തില്‍ കണ്ടെത്തലിന്റെ ആനന്ദം....ആരോടും പറയാതെ... ആരും അറിയാതെ....എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഒന്ന് മാത്രമായിരുന്നു നിനക്കെന്നും..."സ്നേഹം ഒരു ശീലമാണെടാ... അത് തിരിച്ചു കിട്ടണമെന്ന് പ്രതീക്ഷിക്കരുത്...ജീവിക്കാനൊരു രസം വേണ്ടേ?"

പിന്നെ കവിതയുടെ നാളുകള്‍.. പിയാനോയുടെ നാളുകള്‍. ലൂയിസ് ബാങ്ക്സ് ഒരു ലഹരിയായിരുന്നു നിനക്ക്. ഒത്തിരി ദൂരം നീ മുന്നോട്ടു പോകുന്നു. സ്വപ്നങ്ങളില്‍. പക്ഷെ സ്വപ്നങ്ങളിലും യാഥാര്‍ത്യത്തെ നീ കൈവിട്ടില്ല. അതിജീവനത്തിന്റെ ആനന്ദം.

ജാലകത്തിലൂടെ നാം പിന്നെയും പലതും....സ്വപ്‌നങ്ങള്‍ കൈവെള്ളയിലൂടെ ഒഴുകി മാറുന്നതും...വേനല്‍കാറ്റില്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു പറന്ന് എങ്ങോ.....

വീണ്ടും ജനുവരിയുടെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കൈവീശി നീയകലുമ്പോള്‍ ബാക്കിയാവുന്നതെന്താണ്?

എവിടെയോ കാലത്തിന്റെ കൈവഴിയില്‍ നാം കാണുമ്പോള്‍ കാലം എന്തെന്തു മാറ്റങ്ങള്‍ നമ്മില്‍ വരുത്തിയിരിക്കും? അന്ന് നമ്മള്‍ എന്ത് പറഞ്ഞാവും ചിരിക്കുക? അന്ന് നാം ചിരിക്കാന്‍ മറന്നിരിക്കുമോ? ഏതു അലയൊലിയാവും പശ്ചാത്തലമാകുക? അപ്പോള്‍ ആലിലകള്‍ കാറ്റത്ത്‌ വിറയ്ക്കുകയായിരിക്കാം... ബോധി വൃക്ഷത്തിന്റെ ഇലകള്‍.....
Share/Bookmark

1 comment:

  1. സുഖമുള്ള എഴുത്ത്........, അക്ഷരങ്ങളുടെ വലിപ്പം ഇത്തിരികൂട്ടിയാല്‍ വായിക്കാന്‍ അല്‍പം കൂടി എളുപ്പമുണ്ടാകും.

    ReplyDelete

LinkWithin

Related Posts with Thumbnails